UPDATES

കേസുകൊടുക്കുമെന്ന് എംപി, വിരട്ടേണ്ടെന്ന് കലക്ടര്‍ ‘ബ്രോ’

Avatar

അഴിമുഖം പ്രതിനിധി

മാസങ്ങളായി കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തും എംപി എം. കെ. രാഘവനും തമ്മില്‍ തുടരുന്ന ശീതയുദ്ധം തുറന്ന പോരിലേക്ക്. ഇരുവരും വ്യക്തിപരമായ അക്രമങ്ങളിലേക്ക് നീങ്ങിയതോടെ എംപി കലക്ടര്‍ക്കെതിരെ നിയമയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കലക്ടര്‍ എന്‍. പ്രശാന്ത് തനിക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിരുപാധികം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് എം.കെ രാഘവന്‍ എംപി കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലക്ടര്‍ ഫേസ്ബുക്കില്‍ ജീവിക്കുമ്പോള്‍ താന്‍ ജീവിക്കുന്നത് ജനങ്ങള്‍ക്കിടയിലാണെന്നും എംപി ആഞ്ഞടിച്ചു. ഇതിന് കലക്ടര്‍ മറുപടി പറഞ്ഞത് വ്യക്തിപരമായ വിരട്ടലും ചീത്തപറയലും വേണ്ടെന്നാണ്. ചുരുങ്ങിയ കാലം കൊണ്ട് ജനകീയനെന്ന് പേരെടുത്ത കോണ്‍ഗ്രസ് എംപി എം. കെ.രാഘവനും സോഷ്യല്‍മീഡിയയിലൂടെ യുവാക്കളുടെ ‘ബ്രോ’ ആയ കലക്ടറും ഏറ്റുമുട്ടുമ്പോള്‍ കണ്ടുനില്‍ക്കുന്ന ജനങ്ങളും മീഡിയയും ആശയകുഴപ്പത്തിലാണ്.

എം. കെ. രാഘവന്‍ എംപിയുടെ ഫണ്ട് വിനിയോഗപ്രവൃത്തികളുടെ ബില്ല് വൈകിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഏറ്റവും ഒടുവില്‍ ഇവര്‍ തമ്മില്‍ മാസങ്ങളായി തുടരുന്ന പിണക്കത്തെ പൊട്ടിത്തെറിയിലേക്കെത്തിച്ചത്. കോഴിക്കോട്ടെ രണ്ട് എംപിമാര്‍ക്കില്ലാത്ത പ്രശ്‌നം തന്റെ പദ്ധതികളില്‍ മാത്രം ആരോപിക്കുന്നതിന് പിന്നില്‍ വ്യക്തിപരമായി തന്നെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എംപി പറയുമ്പോള്‍ താനില്ലാത്ത യോഗത്തില്‍ എംപി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കരാറുകാര്‍ക്ക് വേണ്ടിയാണ് എംപി സംസാരിക്കുന്നതെന്നും കലക്ടര്‍ തിരിച്ചടിച്ചു.

വികരാധീനനായാണ് പ്രസ്സ് ക്ലബിലെ വാര്‍ത്താ സമ്മേളനത്തില്‍ എംപി സംസാരിച്ചത്. തന്റെ ജനസമ്മിതി തകര്‍ക്കാന്‍ കലക്ടര്‍ ശ്രമിക്കുകയാണെന്നും എം പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ താന്‍ ഉദ്യോഗസ്ഥരെ  ഭീഷണിപ്പെടുത്തിയതായുള്ള ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും എം പി അറിയിച്ചു. കലക്ടര്‍ പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനപടിയുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രശാന്തിനെ വെല്ലുവിളിക്കുന്നതായും എം പി പറഞ്ഞു.  കോഴിക്കോട് കലക്ടര്‍ പണിചെയ്യുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഞാന്‍ ജനങ്ങള്‍ക്കിടയിലും. ഫേസ്ബുക്കിലും ട്വിറ്ററിലുമൊന്നും വരുന്ന ലൈക്കുകളുടേയും കമന്റുകളുടേയും എണ്ണംകൊണ്ടല്ല രണ്ടു തവണയും കോഴിക്കോട്ടുകാര്‍ തന്നെ തെരഞ്ഞെടുത്തത്. അവര്‍ക്ക് എന്നിലുള്ള വിശ്വാസം കൊണ്ടാണ്. ഫേസ്ബുക്കില്‍ ഉറങ്ങുന്ന കലക്ടര്‍ എന്‍.പ്രശാന്ത് അത് ഓര്‍ക്കുന്നത് നല്ലതാണെന്നും എംപി പറഞ്ഞു. പ്രഗല്‍ഭരായ നിരവധി കലക്ടര്‍മാര്‍ ഇരുന്ന സീറ്റിലാണ് ഇപ്പോള്‍ പ്രശാന്തിരിക്കുന്നത്. നാല്‍പത്തിയഞ്ചോളം സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലായി 113ഓളം ഓഫിസുകള്‍ കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ തന്നെ ഉണ്ടെങ്കിലും കലക്ടറെന്ന നിലയില്‍ ജനക്ഷേമത്തിന് ഈ ഡിപ്പാര്‍ട്ടുമെന്റുകളുടെ യാതൊരു ഏകോപനവും നാളിതുവരെ നടത്തിയിട്ടില്ല എന്നും എം കെ രാഘവന്‍ എം പി ചൂണ്ടിക്കാട്ടി.

അതേസമയം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് മറുപടിപറയാനില്ലെന്നാണ് കലക്ടര്‍ പ്രതികരിച്ചത്. താന്‍ ഉയര്‍ത്തിയ വിഷയങ്ങളിലെല്ലാം ഉറച്ച് നില്‍ക്കുന്നെന്നും കലക്ടര്‍ പറഞ്ഞു. ഞാന്‍ പ്രവര്‍ത്തിക്കുന്നത് നിയമ വിധേയമായിട്ടാണ്. നടപടിക്രമങ്ങളെല്ലാം കൃത്യമായി പാലിച്ച് സമാധാനപരമായിട്ടാണ് ജോലി ചെയ്യുന്നത്. എംപി ഫണ്ടില്‍ നിന്നുള്ള ഒരു പദ്ധതിക്കും ഇതുവരെ ഭരണാനുമതി നല്‍കാതിരുന്നിട്ടില്ല. പദ്ധതികളുടെ ബില്ല് നല്‍കലാണ് വൈകുന്നത്. അത് പരിശോധനക്ക് വിധേയമായി ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാലത് കരാറുകാരെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. എംപി കേസുമായി മുന്നോട്ടുപോകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളോടൊന്നും കലക്ടര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍