UPDATES

ദൂരദര്‍ശന്റെ ഈ ലൈംഗിക വിദ്യാഭ്യാസ പരിപാടി ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതല്ല

40 കോടിയിലധികം പ്രേക്ഷകരാണ് ഈ പരിപാടിക്കുള്ളത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ കാണുന്ന ടെലിവിഷന്‍ പരിപാടി ഇതാണെന്നാണ് പറയുന്നത്.

ഗര്‍ഭിണിയായ രത്‌ന അമിത മദ്യപാനിയായ ഭര്‍ത്താവിന്റെ വരവ് കാത്തിരിക്കുകയാണ്. രത്‌ന വ്രതത്തിലുമാണ്. അവിടേയ്ക്ക് കടന്നുവരുന്ന ഡോക്ടര്‍ തുടര്‍ച്ചയായ ഗര്‍ഭധാരണം രത്‌നയുടെ ആരോഗ്യം മോശമാക്കിയതിനെ കുറിച്ച് പറയുന്നു. ഗര്‍ഭിണിയായിരിക്കെ ഉപവാസം നടത്തിയതിന് ഡോക്ടര്‍ രത്‌നയെ ശാസിക്കുന്നു. മേ കുച്ഛ് ഭി കര്‍ സക്തി ഹൂം എന്ന ദൂരദര്‍ശന്റെ ലൈംഗിക വിദ്യാഭ്യാസ പരിപാടിയുടെ ആദ്യ എപ്പിസോഡാണിത്. 40 കോടിയിലധികം പ്രേക്ഷകരാണ് ഈ പരിപാടിക്കുള്ളത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ കാണുന്ന ടെലിവിഷന്‍ പരിപാടി ഇതാണെന്നാണ് പറയുന്നത്. പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാണ് ഇത്തരമൊരു പരിപാടി മുന്നോട്ട് വച്ചത്. ലൈംഗികാരോഗ്യം, അവകാശങ്ങള്‍ തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്ന പരിപാടി 11 ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഓള്‍ ഇന്ത്യ റേഡിയോയിലും ഇത് പ്രക്ഷേപണം ചെയ്യുന്നുണ്ട്.

ഗാന്ധി മൈ ഫാദര്‍ എന്ന ചിത്രം സംവിധാനം ചെയ്ത ഫിറോസ് അബ്ബാസ് ഖാനാണ് ഈ ബോധവത്കരണ സീരിയല്‍ ഒരുക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ടിവി പരമ്പരയായ സോള്‍ സിറ്റി, പെറുവില്‍ നിന്നുള്ള ടെലി നൊവേല സിംപിള്‍മെന്റെ മരിയ തുടങ്ങിയവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മേ കുച്ഛ് ഭി കര്‍ സക്തി ഹൂം ഒരുക്കിയിരിക്കുന്നത്. പ്രതാപ്പൂര്‍ എന്ന സാങ്കല്‍പ്പിക സ്ഥലത്താണ് കഥ നടക്കുന്നത്. മുംബൈയിലെ ജോലി വിട്ട് നാട്ടില്‍ പ്രവര്‍ത്തിക്കാനായി എത്തുകയാണ് ഗൈനക്കോളജിസ്റ്റായ ഡോ. സ്‌നേഹ മാഥുര്‍. അവരുടെ കുടുംബത്തിന്റെ കഥയാണ് പറയുന്നത്. രത്‌ന എന്ന് പറയുന്നത് സ്‌നേഹയുടെ സഹോദരന്റെ ഭാര്യയാണ്.

അതിനാടകീയമാണ് കഥാഗതി. ഗര്‍ഭം, ഗര്‍ഭനിരോധനം, ഗാര്‍ഹികപീഡനം തുടങ്ങിയവയെ കുറിച്ചെല്ലാം സീരിയല്‍ സംസാരിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സാഥിയ പരിപാടിയും ഇതുമായി ബന്ധപ്പെട്ടാണ് വന്നത്. പ്രേക്ഷകരില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഈ പരമ്പരയ്ക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 30,000 വീടുകളില്‍ നടത്തിയ സര്‍വേ പ്രകാരം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ 35 ശതമാനം സ്ത്രീകളും നേരത്തെ വിമുഖരായിരുന്നു എന്നാണ് കണ്ടെത്തിയത്. എന്നാല്‍ ബോധവത്കരണ സീരിയല്‍ ഇത് 13 ശതമാനമാക്കി കുറച്ചു. നേരത്തെ 66 ശതമാനം സ്ത്രീകളും കരുതിയിരുന്നത് ഭര്‍ത്താവ് ഭാര്യയെ തല്ലുന്നതില്‍ തെറ്റില്ലെന്നാണ്, സീരിയല്‍ വന്നതോടെ ഇത് 44 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മധ്യപ്രദേശിലെ രത്‌ലമില്‍ ഭില്‍ ഗോത്രവിഭാഗത്തില്‍ പെട്ട സംഗീത ദാമര്‍ 12 സ്വയം സഹായ സംഘങ്ങളുമായും നാട്ടുകാരുമായും ബന്ധപ്പെടുകയും ബാലവിവാഹത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തു. തന്റെ പഠനം മാതാപിതാക്കള്‍ നിര്‍ത്തിച്ചപ്പോള്‍ ആറ് വയസുകാരിയായ പ്രിയ ഒരു എന്‍ജിഒയെ വിളിച്ച് സ്‌കൂളില്‍ പോകാന്‍ സഹായം ചോദിച്ചു. പ്രിയ ഇപ്പോള്‍ പഠനം തുടരുകയാണ്.

പ്ലേറ്റോയുടെ കാഴ്ചപ്പാടിലുള്ള ശൈലിയാണ് സീരിയല്‍ പിന്തുടരുന്നതെന്ന് ചലച്ചിത്ര പ്രവര്‍ത്തകയും ലൈംഗിക വിദ്യാഭ്യാസ പരിപാടിയായ ഏജന്റ്‌സ് ഓഫ് ഇഷ്ഖിന് നേതൃത്വം നല്‍കുന്നയാളുമായ പരോമിത വോഹ്‌റ അഭിപ്രായപ്പെട്ടു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും രസിപ്പിക്കുകയുമാണ് ഇത് ചെയ്യുന്നത്. നമ്മള്‍ ഈ ശൈലിയില്‍ നിന്ന് കുറച്ച് കാലമായി പുറകോട്ട് പോയിരുന്നു. സന്ദേശങ്ങള്‍ കുത്തിവയ്ക്കുന്നതിന് പകരം കഥ പറയുകയും ആളുകളെ അതുമായി അടുപ്പിക്കുകയും സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് മേ കുച്ഛ് ഭീ കര്‍ സക്തി ഹൂം ചെയ്യുന്നതെന്നും പരോമിത അഭിപ്രായപ്പെട്ടു. ഡിഡി ഇന്ത്യ ചാനലില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10.30നും ഡിഡി നാഷണലില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് ഏഴ് മണിക്കുമാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

വായനയ്ക്ക്:
https://goo.gl/hmjV7N

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍