UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാകണം ഒരു എംഎല്‍എ? ചെയ്യേണ്ടത് മരാമത്ത് പണിയല്ല, കല്യാണം കൂടലുമല്ല

Avatar

അഴിമുഖം പ്രതിനിധി

ആരാകണം എംഎല്‍എ? എന്താണ് ഒരു നിയമസഭാംഗത്തിന്റെ കര്‍ത്തവ്യം? ഈ രണ്ടു ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പൊതുവെ നാട്ടില്‍ പരന്നിരിക്കുന്ന ധാരണകളില്‍ നിന്നും ഏറെയകലെയാണ്. കല്യാണത്തിനും പാലുകാച്ചലിനും ചാവടിയന്തിരത്തിനും ഓടിയെത്തുന്നയാള്‍ എന്നതാണോ ഒരു എംഎല്‍എയ്ക്കു വേണ്ട വിശേഷണം? റോഡും പാലവും വെയിറ്റിംഗ് ഷെഡും പണിതതിന്റെ കണക്കെഴുതിവച്ച് അതെല്ലാം കൂടി ഫ്ലെക്സ് ബോര്‍ഡിലാക്കി കവലകള്‍ തോറും നിരത്തുന്നതാണോ ജനപ്രതിനിധിയുടെ ദൗത്യം? ഇതൊക്കെ ആയിരിക്കണമോ ഒരു എം എല്‍ എയുടെ ജനകീയതയുടെ അളവുകോല്‍. നിയമസഭ എന്നാല്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നയിടമാണ്. ആ പ്രക്രിയയില്‍ പങ്കാളിയായി അതിലൂടെ ജനകീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരവും സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യേണ്ട കര്‍ത്തവ്യമാണ് നമ്മുടെ എംഎല്‍എമാര്‍ നിര്‍വഹിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ വാക്ഔട്ടിലും ഒച്ചപ്പാടിലും തീരുകയാണ് പലപ്പോഴും ഇവിടുത്തെ എംഎല്‍എമാരുടെ ജനാധിപത്യ ഇടപെടലുകള്‍. ഇപ്പോള്‍ അതുംകടന്ന് സഭയുടെ നടുത്തളത്തില്‍ ഇറങ്ങി കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും കടന്നിരിക്കുന്നു. മാധ്യമശ്രദ്ധ കിട്ടുമെന്നതില്‍ കവിഞ്ഞ് ഇത്തരം പ്രവണതകള്‍ പിന്തുടരുന്നതിലൂടെ ഒരു ജനപ്രതിനിധിയും അവരില്‍ ജനം നിക്ഷിപ്തമാക്കിയ അധികാരത്തിന്റെ അന്തസ് പരിപാലിക്കുന്നില്ല. ഇത്തരം തെറ്റായ കീഴ് വഴക്കള്‍ ഒഴിവാക്കിയുള്ളൊരു ജനപ്രതിനിധികളാവേണ്ടേ ഇത്തവണയെങ്കിലും നിയമസഭയിലേക്ക് കടന്നു ചെല്ലേണ്ടത്. ഈ വിഷയത്തില്‍ പ്രമുഖര്‍ പ്രതികരിക്കുന്നു…

ബിനോയ് വിശ്വം
മുന്‍ മന്ത്രി, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം

എന്റെ അനുഭവത്തില്‍നിന്ന് പറയട്ടെ; ഒരു ജനപ്രതിനിധി ജനങ്ങളോട് കൂറുള്ളവന്‍ ആണെങ്കില്‍, കക്ഷി രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെങ്കില്‍ അപ്രകാരമൊരു എംഎല്‍ എയെ ജനങ്ങള്‍ തിരിച്ചും സ്‌നേഹിക്കും. അവിടെ പലപ്പോഴും രാഷ്ട്രീയവരകള്‍ മാഞ്ഞുപോകും. പുതിയ കാലം ആവശ്യപ്പെടുന്നത് അടിസ്ഥാന വിഷയങ്ങളില്‍ നിലപാടുള്ള എംഎല്‍എയെ ആണ്. എല്ലാ പ്രദേശങ്ങളിലും സമ്പന്നന്മാരും, സ്ഥാപിത താല്പര്യക്കാരും ജനപ്രതിനിധിയെ പാട്ടിലാക്കാന്‍ ശ്രമിക്കും. അത്തരക്കാരുടെ താളത്തിനു തുള്ളാന്‍ അല്ല; പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിത ദുരിതങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാകണം എംഎല്‍എ പ്രവര്‍ത്തിക്കേണ്ടത്.

വികസനം ഒരു ജനതയുടെ അവകാശമാണ്. അത് മനസിലാക്കി പ്രവര്‍ത്തിക്കുന്ന എംഎല്‍എയ്ക്ക് എന്താണ് വികസനം എന്നതിനെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് വേണം. അത് ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകാനുള്ള ഉള്‍ക്കാമ്പും കരുത്തും ഉണ്ടാകണം.

ഭാവിയിലെ വികസനത്തിന്റെ കേന്ദ്ര സ്ഥാനത്ത് ‘ജലം’ ആയിരിക്കും ഉണ്ടാകുക. പ്രകൃതിയുടെ നിലവിളി കേള്‍ക്കാത്ത വികസനമാതൃക ആഗോളതാപനത്തിന്റെ കാലത്ത് വിചാരണ ചെയ്യപ്പെടും. വിദ്യാഭ്യാസ മേഖലയില്‍ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ എംഎല്‍എയ്ക്ക് സാധിക്കണം. നന്മ നിറഞ്ഞ എന്തിന്റെയും കൂടെ കൂടാന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ തയ്യാറാണ്. അവരെ നേര്‍വഴി കാണിക്കുന്ന, അവരുടെ പ്രവര്‍ത്തനോര്‍ജം സര്‍ഗാത്മകമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പദ്ധതികള്‍ എംഎല്‍എ ആവിഷ്‌കരിക്കണം.

മണ്ഡലത്തിലെ ജൈവ വൈവിധ്യത്തിന്റെ സൂക്ഷിപ്പുകാരനാകണം എംഎല്‍എ. അതിനെ തകര്‍ക്കുന്ന കമ്പോള കേന്ദ്രീകൃത വികസനവാദികളോട് അരുത് എന്ന് പറയാനുള്ള ആര്‍ജ്ജവം ഒരു ജനപ്രതിനിധിക്ക് ഉണ്ടാകണം.

കല്യാണ വീടുകളിലും, മരണവീടുകളിലും പോകലാണ് എംഎല്‍എയുടെ പണി എന്ന സങ്കല്‍പ്പം മാറുക തന്നെ വേണം. ആ ശൈലി വളര്‍ത്തിയെടുത്ത പലരും പൊതുജീവിതത്തില്‍ നടത്തിയ അഴിമതി ഞെട്ടിപ്പിക്കുന്നതായിരുന്നു. അഭിനയിക്കുന്ന ഒരു എംഎല്‍എ താല്‍കാലികമായി കയ്യടി നേടിയേക്കാം. എന്നാല്‍ നിലപാടുകള്‍ മറച്ചുവെയ്ക്കാതെ ജനതയോട് പെരുമാറുന്ന എംഎല്‍എ ആയിരിക്കും കാലങ്ങളോളം അവരുടെ മനസ്സില്‍ സ്ഥാനം പിടിക്കുക.

നിയമ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇഷ്ടമുണ്ടെങ്കില്‍ പങ്കെടുത്താല്‍ മതി എന്ന ഒരവസ്ഥയിലേക്ക് ഇന്ന് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അതിനു മാറ്റമുണ്ടാക്കണം. നിയമങ്ങളെ നാടിന്റെ വളര്‍ച്ചയ്ക്ക് ഉപയുക്തമാകുന്ന തരത്തില്‍ രൂപീകരിച്ചെടുക്കാന്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ എല്ലാ എംഎല്‍എ മാര്‍ക്കും സാധിക്കും. പൊതുജീവിതത്തിന്റെ അനുഭവ സമ്പത്തുമായി എത്തുന്നവരാണ് അവരില്‍ പലരും. അത്തരത്തിലുള്ള പരിശീലനം അവര്‍ക്ക് ഉണ്ടാകണം.

എംഎല്‍എ ഒരുകാരണവശാലും അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും കൂട്ടാളിയാകരുത്. ദുര്‍ബലരോട് കാട്ടുന്ന കരുതലാകണം എംഎല്‍എയുടെ നീതിബോധത്തിന്റെ ഉരകല്ല്.

ആദിവാസികള്‍, സ്ത്രീകള്‍, പ്രകൃതി തുടങ്ങിയ ദുര്‍ബലമായ എല്ലാത്തിനോടും മുതലാളിത്തം അനീതി കാണിക്കുന്നു എന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു. അനീതി കാട്ടുന്നവര്‍ക്കൊപ്പമാണോ, അനീതിയാല്‍ ചവിട്ടി തേയ്ക്കപ്പെടുന്ന ദുര്‍ബലരോടൊപ്പം ആണോ താന്‍ നില്‍ക്കേണ്ടത് എന്ന് ഓരോ ജനപ്രതിനിധിയും സ്വയം ചോദിക്കേണ്ട കാലമെത്തിയിരിക്കുന്നു.

ഡോ. ജെ പ്രഭാഷ്
കേരള സര്‍വകലാശാല രാഷ്ട്രമീമാംസ വകുപ്പ് തലവന്‍

മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്നയാളായിരിക്കണം ഒരു എംഎല്‍എ. എന്നു പറയുമ്പോള്‍ ഞാന്‍ അര്‍ത്ഥമാകുന്നത് തനിക്കു മുന്നിലുള്ളവനെ ഹിന്ദുവെന്നും ക്രിസ്ത്യനെന്നും മുസ്ലിമെന്നും വേര്‍തിരിച്ചു കാണുന്നൊരാളായിരിക്കരുത് ജനപ്രതിനിധി എന്നതാണ്. ജനം എന്നത് സമ്മതിദായകര്‍ മാത്രമല്ല, അവര്‍ ഈ നാട്ടിലെ പൗരന്മാരാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം വികസനത്തെ കുറിച്ചും ചിന്തിക്കേണ്ടത്. ഒരു പൗരനെന്ന നിലയില്‍ അവരുടെ വ്യക്തിത്വത്തിന്റെ തനിമയും മഹത്വവും തിരിച്ചു നല്‍കുവാനും അതിനിണങ്ങുന്ന ഒരു വികസന പരിപ്രേക്ഷ്യം അവര്‍ക്കു മുന്നില്‍ വയ്ക്കാനും അതു മുന്നോട്ടു കൊണ്ടുപോകാനുമുള്ള കഴിവുള്ളയാളായിരിക്കണം ജനപ്രതിനിധി.

വികസനം എന്നു പറയുന്നത് റോഡും പാലവും മാത്രമല്ല. പാലമില്ലെങ്കിലും വികസനം വരും, മനുഷ്യന്റെ പട്ടിണി മാറ്റാന്‍ കഴിയുമെങ്കില്‍. പാലം പണിതല്ല, വിശക്കുന്ന ഒരു മനുഷ്യന് ഭക്ഷണം കൊടുക്കാന്‍ കഴിയുകയാണെങ്കില്‍ അതാണ് വികസനം. വിശപ്പു മാറിയാല്‍ മാത്രമാണ് ഒരുവന്‍ പാലത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ, വിദ്യാഭ്യാസത്തെക്കുറിച്ചുപോലും. ഇതുപോലെ മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്നയാളായിരിക്കണം ഒരു എംഎല്‍എ.

അഡ്വ. ജയശങ്കര്‍
രാഷ്ട്രീയ നിരീക്ഷന്‍

എം എല് എ എന്നാല്‍ നാട്ടില്‍ നടക്കുന്ന എല്ലാ കല്യാണങ്ങള്‍ക്കും അടിയന്തരങ്ങള്‍ക്കും ശ്രാദ്ധത്തിനും നൂലുകെട്ടലിനും തിരണ്ടുകുളിക്കും വീഴ്ച വരുത്താതെ പങ്കെടുക്കേണ്ടയാള്‍ എന്നതാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലെ ധാരണ. അല്ലെങ്കില്‍ റോഡുകള്‍ പാലങ്ങള്‍ ഇവയൊക്കെ ഉണ്ടാക്കുന്നയാള്‍. ഇങ്ങനെയുള്ള ഓരോ നേട്ടങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ മഞ്ഞ പെയിന്‍റില്‍ കറുത്ത മഷികൊണ്ട് എഴുതി പിടിപ്പിക്കുക. അതും പോരാഞ്ഞ് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വച്ചു കൂടി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തന്റെ വികസനനേട്ടത്തിന് അഭിനന്ദനം സ്വയം കുറിക്കുകയും ചെയ്യും.

വാസ്തവത്തില്‍ എംഎല്‍എ മാരുടെ ജോലി നിയമനിര്‍മാണമാണ്. സഭയില്‍ കൃത്യമായി പോവുക. അവിടെ നടക്കുന്ന നടപടികളില്‍ പങ്കെടുക്കുക. ചര്‍ച്ചകളില്‍ പങ്കാളിയാവുക, അടിയന്തിര പ്രമേയം, ഉപേക്ഷപങ്ങള്‍, ശ്രദ്ധ ക്ഷണിക്കല്‍ എന്നിങ്ങനെ നിയമനിര്‍മാണം പ്രക്രിയയില്‍ പങ്കെടുക്കുക എന്നതാണ് എംഎല്‍എയുടെ ജോലിയും ഉത്തരവാദിത്വവുമായി നിശ്ചയിച്ചിട്ടുള്ളത്. അതിനൊപ്പം നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുക, മന്ത്രിമാരുടെ മുന്നില്‍ അവതരിപ്പിക്കുക, അതിനു പരിഹാരം ഉണ്ടാക്കുക തുടങ്ങിയ ചുമതലകളുമുണ്ട്. എന്നാല്‍ ഇതിനുള്ള ശ്രമം ഒട്ടുമുക്കാല്‍ എംഎല്‍എമാരുടെ ഇടയില്‍ നിന്നും ഉണ്ടാകുന്നില്ല.

നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി കയ്യാങ്കളി കാണിക്കുന്നവര്‍ക്കാണ് മാധ്യമങ്ങളും വലിയ ശ്രദ്ധകൊടുക്കുന്നത്. ഗൗരവമേറിയ കാര്യങ്ങളില്‍ എംഎഎല്‍എമാരുടെ ശ്രദ്ധകിട്ടാതെ പോകാന്‍ ഇതുമൊരു കാരണമാണ്. വാര്‍ത്താ പ്രധാന്യം കിട്ടണമെങ്കില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യണമെന്നു എംഎല്‍എമാര്‍ക്കറിയാം. ഇങ്ങനെയെല്ലാം നമ്മുടെ എംഎല്‍എമാരുടെ നിലവാരം കുറഞ്ഞു വരികയാണ്. അതിനൊരു മാറ്റം വന്നാല്‍ നല്ലതായിരുന്നു.

അഡ്വ. ഹരീഷ് വാസുദേവന്‍
സാമൂഹ്യനിരീക്ഷകന്‍

എംഎല്‍എ എന്നാല്‍ ചുമട്ടുപണിക്കാരനല്ല, കോണ്‍ട്രാക്ടറുമല്ല. പണിത റോഡുകളുടെയും പാലങ്ങളുടെയും എണ്ണമല്ല മണ്ഡലത്തില്‍ ഫ്ലക്സ് അടിച്ചുവയ്‌ക്കേണ്ടത്. ഏത് എംഎല്‍എ ആണെങ്കിലും എംഎല്‍എ ഫണ്ടിലേക്ക് കിട്ടുന്ന തുക തുല്യമാണ്. അതെങ്ങനെ വിനിയോഗിക്കണമെന്ന് ഇപ്പോള്‍ തീരുമാനിക്കുന്നത് എംഎല്‍എമാരും അവരുടെ പാര്‍ട്ടിയുമാണ്. അതല്ലവേണ്ടത്. ഓരോ പ്രദേശത്തും ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് പഞ്ചായത്ത് രാജ് ആക്ടില്‍ പറയുന്ന ഗ്രാമസഭ തീരുമാനങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം എംഎല്‍എ ഫണ്ടിന്റെ മുന്‍ഗണന തീരുമാനിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ എംഎല്‍എമാരെ മരാമത്ത് പണിക്കാരെയെന്നപോലെ ഫ്ലക്‌സുകളില്‍ കാണേണ്ടി വരില്ല.

എന്തായിരിക്കണം ഒരു എംഎല്‍എയുടെ മുഖ്യപരിഗണന. നിയമനിര്‍മാണം തന്നെ. തന്റെ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നിയമഭേദഗതികള്‍ക്കായിരിക്കണം ഓരോ എംഎല്‍എയും തന്റെ പ്രവര്‍ത്തനത്തില്‍ മുന്‍തൂക്കം കൊടുക്കേണ്ടത്.

സ്ത്രീകളെ, ദളിതരെ, മുഖ്യധാര ഭരണത്തില്‍ നിന്നും അകലെ നില്‍ക്കുന്നവരെ അധികാരത്തോട് അടുപ്പിക്കാന്‍ അല്ലെങ്കില്‍ സമൂഹികപ്രക്രിയയുടെ ഭാഗമാക്കാന്‍ ഞാന്‍ എന്തു ചെയ്തു എന്നു ഒരു എംഎല്‍എയും പറഞ്ഞുകണ്ടില്ല. തോമസ് ഐസക്കിനെ പോലെ അപൂര്‍വം ചിലരാണ് മാലിന്യനിര്‍മാര്‍ജനം പോലുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതും ഒരുപരിധിവരെയെങ്കിലും പരിഹരിച്ചതും. ഇത്തരം ഇടപെടലുകള്‍ കൂടുതല്‍ എംഎല്‍എം മാരില്‍ നിന്നും ഉണ്ടാകണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍