UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെച്ചൂരി-കാരാട്ട്: തിയറി മാത്രം പോര; അനുഭവം മാത്രമായിട്ടും കാര്യമില്ല- അഭിമുഖം/എംഎം ലോറന്‍സ്

Avatar

എം എം ലോറന്‍സ്/ദില്‍ന മധു

‘അപ്പന് ആഗ്രഹം വക്കീൽ ആക്കണം എന്നായിരുന്നു , അല്ലെങ്കിൽ പത്രപ്രവര്‍ത്തകൻ .. ആ വഴിക്ക് പോകാൻ  കഴിഞ്ഞില്ല… പാർട്ടിക്ക്‌  വേണ്ടി ഡെഡിക്കേറ്റ് ചെയ്യാനായിരുന്നു  തീരുമാനം . അത് ശരിയെന്ന് ഇപ്പോൾ തോന്നുന്നു ‘; 86-ആം വയസിലും ഇത്  പറയുമ്പോൾ എം എം ലോറൻസിന്റെ കണ്ണുകളിൽ തിളക്കമാണ്. പാർട്ടിയിൽ എന്നും വേറിട്ട ശബ്ദമായിരുന്നു എം എം ലോറന്‍സിന്‍റേത്… വി എസ് അച്യുതാനന്ദനെതിരായ പരസ്യ വിമര്‍ശനങ്ങള്‍ തന്നെയാണ് ലോറന്‍സിനെ സമീപകാലത്ത് വാര്‍ത്തകളില്‍ സജീവമാക്കിയത്. കെ ആര്‍ ഗൗരിയമ്മ സിപിഐഎമ്മിലേക്ക് തിരിച്ചെത്താനൊരുങ്ങവേ അഴിമതി ആരോപണവുമായി എത്തി. കേസിൽ ഉറച്ചു നിന്നു. ക്രിസ്റ്റി ഫെർണാണ്ടസിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉൾപ്പെടെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയ അഭിപ്രായപ്രകടനങ്ങൾ . ‘ഞാന്‍ സ്വതന്ത്രനായി ചിന്തിക്കുന്ന ആളാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഈ നിലപാടുകള്‍ക്ക്  ഉത്തരം നല്‍കും.

1945-ല്‍ പാര്‍ട്ടിയില്‍ കാന്‍ഡിഡേറ്റ് മെമ്പറായി . 1946ല്‍ അംഗത്വം. തൊഴിലാളി സംഘടനാ പ്രവത്തനങ്ങളിലൂടെ സിഐടിയുവിന്റെ നേതൃത്വത്തില്‍. പത്ത്  വര്‍ഷത്തിലേറെ എല്‍ഡിഎഫ് കണ്‍വീനര്‍. കേന്ദ്രകമ്മിറ്റിയില്‍ നിന്ന്  അച്ചടക്ക നടപടി നേരിട്ട്  തരംതാഴ്ത്തപ്പെട്ടപ്പോഴും പാര്‍ട്ടിയ്ക്ക്  വിധേയനായി നിന്നു. ആലപ്പുഴ സമ്മേളനത്തോടെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഇപ്പോള്‍ സമിതിയിലെ ക്ഷണിതാവ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വി തന്നെയായിരുന്നു ഏറെയും. .1991-ല്‍ തൃപ്പൂണിത്തുറ, 2006-ല്‍ എറണാകുളം. പാലക്കാട് സമ്മേളനത്തില്‍ സംസ്ഥാന സമിതിയില്‍ നിന്ന് തോറ്റതാകും ഏറെ കയ്പ്പുള്ള ഓര്‍മ്മ. സംസ്ഥാനം മറ്റൊരു തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ എം എം ലോറന്‍സ് അഴിമുഖത്തോട് മനസ് തുറക്കുന്നു.

ദില്‍ന മധു: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കുന്നു. ഇത്രയേറെ വിവാദങ്ങളും അഴിമതി ആരോപണങ്ങളും നേരിട്ട സർക്കാരാണ്  കാലാവധി പൂർത്തിയാക്കുന്നത്. എൽ ഡി എഫിന്റെ സാധ്യതകളും പ്രതീക്ഷകളും എന്താണ്?

എം എം ലോറന്‍സ്: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല ഭൂരിപക്ഷം കിട്ടും. എന്തുകൊണ്ടെന്നുവെച്ചാല്‍ ഈ അഞ്ച്‌ കൊല്ലക്കാലം ഭരിച്ച യുഡിഎഫ് ഭരണത്തില്‍ ജനങ്ങള്‍ ആങ്ങേയറ്റം അസംതൃപ്തരാണ്. യുഡിഎഫിനെ പിന്താങ്ങിയ ജനങ്ങളുടെ ഇടയില്‍ പോലും ഒരു നല്ല ഇംപ്രഷന്‍ അവര്‍ ഉണ്ടാക്കിയിട്ടില്ല. ജനങ്ങള്‍ക്ക് നല്‍കിയ പ്രതീക്ഷകളൊക്കെ അസ്ഥാനത്ത് ആയിട്ടുണ്ട്. സ്വാഭാവികമായും ഇവരില്‍ പ്രതീക്ഷയര്‍പ്പിച്ച ആളുകള്‍ ഇവരിനി അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കില്ല. പിന്നെ യുഡിഎഫ് യോജിപ്പില്ലാത്ത മുന്നണിയായിട്ടാണ് ഇപ്പോള്‍ കാണുന്നത്. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിനകത്തും വലിയ അഭിപ്രായവ്യത്യാസമാണ്. യോജിച്ച് ഇലക്ഷനെ നേരിടണം എന്നാണ് നേതൃത്വത്തിന്റെ അഭിപ്രായമെന്നാണ് സുധീരന്‍ പറയുന്നത്. ഇതൊക്കെ പ്രതിഫലിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിന് അകത്ത് വലിയ അഭിപ്രായവ്യത്യാസങ്ങളാണ് എന്നു തന്നെയാണ്. അത് പറയാതെ പറയുകയാണ് അവര്‍ ചെയ്യുന്നത്. കോണ്‍ഗ്രസിലെ പ്രാദേശിക നേതൃത്വത്തിലും ശക്തമായ ഭിന്നത ദൃശ്യമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനിലും  ഇത് പ്രകടമായിരുന്നു. എല്‍ഡിഎഫ് ജയിച്ചത് അതിന്റെയൊക്കെ ഫലമായിട്ടാണ് എന്ന് പലരും പറയുകയുണ്ടായി. അതിന്റെ ഒന്നും ഫലമായിട്ടല്ല, അവരുടെ ഭരണത്തിന്റെ ‘നന്മ’ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നത് വേറൊരു കാര്യം.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമാണ് ഇത്. ഏതെങ്കിലും മന്ത്രി സംശുദ്ധനാണ്, അഴിമതി ഇല്ലാത്തവനാണ് എന്ന് ആരെയെങ്കിലും പറ്റി പറയാന്‍ ഉള്ളതായി ഞാന്‍ കാണുന്നില്ല. ഉമ്മന്‍ ചാണ്ടി അതില്‍ നമ്പര്‍ വണ്‍ ആണ്. അതിനു വേണ്ടി എന്തെല്ലാം വേലകള്‍ ഒപ്പിച്ചുവെന്ന്  ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. സരിതയുമായിട്ടുള്ള ബന്ധം എന്ത് അടിസ്ഥാനത്തിലായിരുന്നു? സ്വകാര്യം പറച്ചില്‍ എല്ലാ പത്രത്തിലും വന്നു, ചാനലിലും വന്നു. നേരത്തേ തന്നെ ഉമ്മന്‍ ചാണ്ടിക്കെതിരെ ചില ആക്ഷേപങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ധനമന്ത്രി ആയിരുന്നപ്പോഴും കഴിഞ്ഞ തവണ മുഖ്യമന്ത്രി ആയിരുന്നപ്പോഴും. അതില്‍ പല കേസുകളും തീര്‍ന്നിട്ടില്ല. ഇതാണ് മുഖ്യമന്ത്രിയുടെ സ്ഥിതി. ഭരണത്തിന്റെ മിടുക്ക് കൊണ്ട് ഇവര്‍തന്നെ വരണമെന്ന ചിന്ത ആര്‍ക്കും ഇല്ല.

ദി: അപ്പോഴും പ്രതിപക്ഷത്തിന്റെ പ്രകടനം പലപ്പോഴും വിമർശനവിധേയമാകുന്നുണ്ട്. യു ഡി എഫിന്റെ കോട്ടങ്ങൾ നേട്ടമാക്കുക എന്നതിനപ്പുറം സ്വന്തം നിലയ്ക്ക് ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ ഇടതുമുന്നണിക്ക് സാധിച്ചിട്ടുണ്ടോ?

ലോ: എല്‍ഡിഎഫിന് ഇതിനേക്കാള്‍ നന്നാകാം. വേണമെങ്കില്‍ എപ്പോഴും ആരെപ്പറ്റിയും പറയാവുന്ന കാര്യമാണിത്. ഇതിനേക്കാള്‍ നന്നാകാമായിരുന്നു, ചില കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്ന് തോന്നാം. എനിക്കും ഇങ്ങനെ ചില കാര്യങ്ങള്‍ ചില സമയത്ത് തോന്നിയിട്ടുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് എന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. പക്ഷേ പൊതുവേ എല്‍ഡിഎഫ് മോശമായിരുന്നില്ല. പ്രതിപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കേണ്ട മുന്നണി എന്ന നിലയ്ക്ക് അതിന്റെ പ്രതിനിധിയായിട്ടുള്ള എംഎല്‍എമാരൊക്കെ സാമാന്യം ഭേദപ്പെട്ട നിലയിലൊക്കെ അസംബ്ലിയില്‍ പെര്‍ഫോമന്‍സ് നടത്തി എന്നാണ് എന്റെ അഭിപ്രായം. വ്യക്തിപരമായി നോക്കിയാല്‍ ചിലര്‍ പോര എന്ന് തോന്നാം. ചില ആളുകള്‍ പോലും മെച്ചപ്പെട്ട ആളുകളായി വന്നിട്ടുണ്ട്. ഞാന്‍ പ്രതീക്ഷിക്കാത്ത വിധത്തിലാണ് ശിവന്‍കുട്ടിയുടെ ഒരു പ്രകടനം. സിപിഐയിലെ സുനില്‍കുമാര്‍ നല്ല മോഡലായിട്ടാണ് എനിക്ക് തോന്നിയത്. ഭരണത്തിലെ അഴിമതിയും വാഗ്ദാനങ്ങളുടെ ലംഘനവും ജനങ്ങളുടെ മുന്‍പില്‍ തുറന്നു കാട്ടുകയാണ് പ്രതിപക്ഷം ചെയ്തത്.

ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റി വന്നു. കാപ്പിക്കടയും ചായക്കടയും തുടങ്ങി എന്നാണ് കേട്ടത്. തമാശയായാണ് ഇത് പറയുന്നതെങ്കിലും കാര്യമായിട്ട് ഒന്നും ഇല്ല എന്നതാണ് സത്യം. ഇപ്പോള്‍ അയ്യായിരം പേര്‍ക്ക് തൊഴില്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. മുന്‍പ് ലക്ഷമാണ് പറഞ്ഞത്. അതുകൊണ്ട് പ്രതിപക്ഷം പോര എന്ന അഭിപ്രായം ഇല്ല. കുറേക്കൂടി ശക്തമായി ഇടപെടാമായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

ദി: യുഡിഎഫിലെ അനൈക്യത്തെ കുറിച്ച് പറഞ്ഞല്ലോ. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നാണോ കണക്കുകൂട്ടൽ?

ലോ: യുഡിഎഫില്‍ നിന്ന് പല കക്ഷികളും പിരിഞ്ഞ് പോകാന്‍ ഒരുങ്ങുകയാണ്. എപ്പോഴാണ് ചാടാന്‍പോകുന്നത് എന്നറിയില്ല. ജോസഫും മാണിയും തെറ്റിയിട്ടുണ്ട്. പിസി ജോർജ് നേരത്തെ തെറ്റിപ്പിരിഞ്ഞു. ഷിബു ബേബി ജോണിന് ആര്‍എസിപിയെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയില്ല. ലീഗിലാണ് താരതമ്യേന യോജിപ്പ് നില്‍ക്കുന്നത്. കുഞ്ഞാലിക്കുട്ടി എന്ത് പറയുന്നോ അതാണ് തങ്ങളുടെ അഭിപ്രായം, തങ്ങള്‍ എന്ത് പറയുന്നോ അതാണ് കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം എന്നും വ്യാഖ്യാനിക്കാം. അങ്ങനെ ഒരു സമ്പ്രദായം ലീഗിനുണ്ട്. സാമുദായികമായ ചില കാരണങ്ങളും ഈ ഐക്യത്തിന് പിന്നില്‍ ഉണ്ട്. സമുദായത്തെ കൂടെ നിര്‍ത്തുമ്പോഴും സെക്യുലറാണെന്ന് വരുത്താന്‍ ചില ശ്രമങ്ങള്‍ കുഞ്ഞാലിക്കുട്ടി നടത്തുന്നുണ്ട്.

ദി: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എൽ ഡി എഫിൽ തർക്കങ്ങൾ ഉയരുന്നത് കാണാറുണ്ട് . സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും ഒക്കെ. എന്നാൽ കോൺഗ്രസ് ആ ഘട്ടത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച് കാര്യങ്ങൾ അനുകൂലമാക്കുകയും ചെയ്യും. മറിച്ച് സംഭവിക്കും ഇത്തവണ എന്നാണോ?

ലോ: എല്‍ ഡി എഫിൽ അതൊന്നും ഇലക്ഷനിൽ സ്വാധീനിക്കുന്ന ഘടകമായി വരില്ല. കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന കാലമൊക്കെ പോയി. എല്‍ ഡി എഫില്‍ ആകട്ടെ മുന്‍പത്തെക്കാള്‍ കൂടുതല്‍ യോജിപ്പുണ്ട്. വിട്ടുപോയ കക്ഷികള്‍ പലതും തിരികെ വരാന്‍ ആഗ്രഹിക്കുന്നു. മറുഭാഗത്ത് നിന്നിട്ട് കാര്യമില്ല, ഗുണമില്ല എന്ന തോന്നല്‍ ചില കക്ഷികള്‍ക്കോ കക്ഷികളുടെ നേതാക്കള്‍ക്കോ ഒക്കെ ഉണ്ട്.

കാനം രാജേന്ദ്രന്‍ സിപിഐക്ക് കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. അത് എപ്പോഴും പറയുന്നതാണ്. അതിന് അവര്‍ക്ക് അവകാശവുമുണ്ട്. അവര്‍ ശക്തിയാര്‍ജ്ജിച്ചു എന്ന് അവര്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല. അവര്‍ ശക്തിയാര്‍ജ്ജിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഇപ്പുറത്തും കാണുന്നു. അതൊക്കെ തമ്മില്‍ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാന്‍ മാത്രമേ കഴിയൂ. ഇതൊക്കെ വല്യ കാര്യമായിട്ട് ചാനലുകള്‍ പലതും എടുത്ത് ഉയര്‍ത്തിയിട്ടുണ്ട്. വരാന്‍ പോകുന്ന കാലത്ത് ഉടലെടുക്കാന്‍ ഇടയുള്ള അഭിപ്രായഭിന്നതയുടെ തുടക്കമായിട്ടാണ് പലരും അത് കാണുന്നത്. അത് എത്രത്തോളം പോകുമെന്ന് പറയാന്‍ കഴിയില്ല. അവര്‍ക്ക് അങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല. മനപ്പൂര്‍വ്വം അവരെ തെറ്റിക്കുന്ന നിലപാട് സിപിഐഎമ്മിനും എടുക്കാന്‍ കഴിയില്ല.

ദി: എൽ ഡി എഫ് വിപുലീകരണം എന്ന് നേരത്തെ തന്നെ കേട്ടിരുന്നു. മുസ്ലീം ലീഗിനെ അടക്കം കൂടെ കൂട്ടണം എന്ന പരസ്യ പ്രസ്താവനകൾ വരെ വന്നു. ഇനി ഇത്ര വൈകി , തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ആരെങ്കിലും യു ഡി എഫ് വിട്ട് എത്തുമെന്നത് അസാധ്യമല്ലെ?

ലോ: എല്‍ ഡി എഫ് വിപുലീകരണം ലീഗിനെ കൂട്ടുപിടിച്ചേ ആകൂ എന്ന സ്ഥിതിയില്ല. ലീഗിനെ കൂട്ടു പിടിക്കണം എന്ന് പാര്‍ട്ടിയിലെ ചിലര്‍ പരസ്യമായി പറഞ്ഞിരുന്നു. ഇ പി ജയരാജനൊക്കെ. അയാള്‍ അയാളുടെ കാഴ്ചപ്പാട് പറഞ്ഞു. മുന്നണി ശക്തി വര്‍ധിപ്പിച്ച് അധികാരത്തില്‍ വരണമെന്നല്ല പാര്‍ട്ടി ചിന്തിക്കുന്നത്. എല്‍ഡിഎഫിന്റെ പരിപാടികള്‍ അംഗീകരിച്ച് വരാന്‍ തയ്യാറായി മറുഭാഗത്ത് നിന്ന് ആളുകള്‍ വന്നാല്‍ വിശ്വാസമുള്ളവരെ ചിലപ്പോള്‍ സ്വീകരിച്ചേക്കും.

ദി: ബിജെപി അക്കൌണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ്. വെള്ളാപ്പള്ളിയുടെ നിലപാടും എങ്ങനെ കാണുന്നു? 

ലോ: അവര്‍ അക്കൗണ്ട് തുറക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ബി ജെ പി കുറേക്കൂടി ശക്തിപ്പെട്ടിരിക്കുന്നു എന്ന തോന്നലാണ് ഉള്ളത്. വെള്ളാപ്പള്ളി ഘടകം അവര്‍ക്ക് ഒരു ബൂസ്റ്റായിട്ട് ആദ്യം കണക്കാക്കിയിരുന്നു. പക്ഷേ അതിപ്പോള്‍ അത്രത്തോളം ഇല്ല. വെള്ളാപ്പള്ളി ആണെങ്കില്‍ എല്‍ഡിഎഫില്‍ ചേരാനും തയ്യാറാണ്, യുഡിഎഫില്‍  ചേരാനും തയ്യാറാണ്. ഒരു പ്രിന്‍സിപ്പലുമില്ല അയാള്‍ക്ക് എന്നാണ് വ്യക്തമാകുന്നത്. എനിക്ക് അധികാരം കിട്ടണം അധികാരത്തില്‍ പങ്കാളിത്തം കിട്ടണം എന്നുമാത്രം. അച്ഛനും മകനും അഭിപ്രായ ഭിന്നതയിലാണ് എന്ന തോന്നലും വരുന്നുണ്ട്. ഇതൊക്കെ ഒത്തുകളിയാകാനും സാധ്യതയില്ലാതെയില്ല. അതൊക്കെ അയാളുടെ ഫാമിലിയുടെ കാര്യം. ഇയാളെ കൂടെക്കൂട്ടിയിട്ട് ഒരു ഗുണവും ഇല്ലെന്ന തോന്നല്‍ ബിജെപിക്കും ഉണ്ടായിട്ടുണ്ട്. എസ് എന്‍ ഡി പിയുടെ കീഴില്‍ വരുന്ന ഈഴവ സമുദായത്തില്‍പ്പെട്ട ബഹുഭൂരിപക്ഷം ആളുകളും വര്‍ക്കിംഗ് ക്ലാസില്‍ പെട്ടവരാണ്. പിന്നെ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനവും ഉണ്ട്. വെള്ളാപ്പള്ളിയുടെ കളി എൽ ഡി എഫിന് ദോഷമായി വരാന്‍ പോകുന്നില്ല. യുഡിഎഫിന് വല്യ അനുകൂലമായി വരാനും പോകുന്നില്ല. ബി ജെ പിക്കും അങ്ങനെ തന്നെ. പണ്ട് എസ് ആര്‍ പി ഒക്കെ ഉണ്ടാക്കിയതാണ്. അധികകാലം ഇത് നില്‍ക്കില്ല. പോരാത്തതിന് കേസിലും കുടുങ്ങിയിരിക്കുന്നു. മൈക്രോ ഫിനാന്‍സ് വലിയ തട്ടിപ്പാണ്. ഞാനിത് പണ്ടേ പറയുന്നതാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും അത് ബോധ്യമായി.

ദി: വി എസിന്റെ സ്ഥാനാർത്ഥിത്വം ആയിരുന്നു കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും സി പി ഐ എം നേരിട്ട പ്രതിസന്ധി. ഇത്തവണ അതെങ്ങനെ ബാധിക്കും? പാർലമെൻററി രാഷ്ടീയത്തിന് പ്രായപരിധി നിശ്ചയിക്കേണ്ടതുണ്ടോ?

ലോ: പ്രായപരിധിയൊന്നും കണക്കാക്കേണ്ട ആവശ്യമില്ല. പ്രായമൊക്കെ കൂടിയാലും നല്ല കഴിവുണ്ട്, ഓര്‍മ്മശക്തിയൊക്കെ ഉണ്ട് എന്നുവന്നുകഴിഞ്ഞാല്‍ ഇനിയും മത്സരിക്കാന്‍ സാധ്യതയുണ്ട്. വിഎസിനെ ചൊല്ലി പലവിധ തര്‍ക്കങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ ഏറെക്കുറെ കെട്ടടങ്ങി. വിഎസ് ഇപ്പോള്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്നുണ്ട്. മുന്‍പ് പാര്‍ട്ടി തീരുമാനത്തിനേക്കാള്‍ അതീതനായിട്ടുള്ള നിലപാട് സ്വീകരിച്ചിരുന്നു. പാര്‍ട്ടിയല്ല വലുത് ഞാനാണ് വലുത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പല നിലപാടുകളും എടുത്തിരുന്നു. ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് മാറിയിട്ടുണ്ട്. മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഗൗരവപൂര്‍വ്വം പരിഗണിക്കും എന്നാണ് വിഎസ് പറഞ്ഞത്. അംഗീകരിക്കുമെന്നല്ല. അതിനകത്ത് ഒരു ഈഗോയിസം ഉണ്ട്. അതെന്തുമാകട്ടെ, വിഎസിന് പഴയതുപോലെയൊന്നും നിലപാട്‌ സ്വീകരിച്ച് പോകാന്‍ സാധിക്കില്ല. വിഎസിനെ പിന്തുണച്ചിരുന്ന പാര്‍ട്ടിയുടെ അകത്തുണ്ടായിരുന്ന വലിയ പക്ഷം ആളുകള്‍ മാറി. ചുരുക്കം ചില ആളുകള്‍ ഉണ്ടായി എന്നുവരാം. കാര്യമായിട്ട് ഇല്ല.

ദി: നവകേരള മാർച്ച് നയിക്കാൻ പിണറായി വിജയനെ ചുമതലപ്പെടുത്തി പാർട്ടി അടുത്ത മുഖ്യമന്ത്രി ആര് എന്ന സൂചനയാണോ നൽകുന്നത്? അങ്ങനെ ഒരു ധാരണ പരക്കെ ഉണ്ട്. ഭാവി വികസന നായകൻ എന്നായിരുന്നു പലയിടത്തും മാർച്ചിന് മുന്നോടിയായുള്ള പ്രചാരണം. 

ലോ: കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ച് അതിന് സാധ്യത ഉണ്ട്. പി ജയരാജന്‍ ആഭ്യന്തരമന്ത്രി എന്നല്ലെ ചിലര്‍ അവിടെ എടുത്തു കാണിക്കുന്നത്. ശുദ്ധ ഭോഷ്‌ക്കാണ് അത്. അത് അയാള്‍ക്കും ദോഷം ചെയ്യുന്ന കാര്യമാണ്. പിണറായി വിജയന്‍ നല്ല നിലയ്ക്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ആളാണ്. പിബി മെമ്പറാണ്. ആ നിലയ്ക്ക് മാര്‍ച്ച് നയിക്കാനുള്ള അര്‍ഹത ഉണ്ട്. പിണറായി നയിക്കുന്നത് നന്നായിരിക്കും എന്ന് പാര്‍ട്ടി കമ്മിറ്റിക്ക് തോന്നിയത് കൊണ്ടാണല്ലോ ആക്കിയത്. അതില്‍ തെറ്റൊന്നും എനിക്ക് പറയാന്‍ കഴിയില്ല. മുഖ്യമന്ത്രി ആകുമെന്ന് ചിലര്‍ കരുതിയിട്ടുണ്ടാകാം. അത് സ്വാഭാവികമാണ്. ചിലര്‍ അത്യാവേശം കാണിക്കും, അത് സ്വാഭാവികമായി കണ്ടാല്‍ മതി. ആര് മുഖ്യമന്ത്രിയാകും എന്നത് ഇലക്ഷന് ശേഷം തീരുമാനിക്കേണ്ട കാര്യമാണ്. കാലേകൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിച്ച് ഇലക്ഷനെ നേരിടുന്ന സമ്പ്രദായം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് പോലും ഇപ്പോള്‍ പറയുന്നത് കൂട്ടായ നേതൃത്വത്തെ കുറിച്ചാണ്.

പിണറായി വിജയനും വിഎസ് അച്യുതാനന്ദനും ഒരുമിച്ച് മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. രണ്ട് പേരും മത്സരിച്ചില്ലെങ്കിലും കുഴപ്പമില്ല, മത്സരിച്ചാലും കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം.

ദി: യുവാക്കൾക്ക് മുൻഗണന നൽകുന്ന സ്ഥാനാർത്ഥി നിർണയമാകുമോ ഇത്തവണ? പല ജില്ലാ സെക്രട്ടറിമാരുടെ പേരും ഉയർന്നു കേൾക്കുന്നു. സെബാസ്റ്റ്യൻ പോളിനെപ്പോലെ ചിലർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്.

ലോ: അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ ഓരോ മണ്ഡലത്തിലും തീരുമാനിക്കും. അങ്ങനെ വരുമ്പോള്‍ യുവാക്കള്‍ക്ക് നല്ലൊരു പങ്കുണ്ടാകും. യുവാക്കള്‍ക്ക് വേണ്ടി മറ്റുള്ളവരെ മാറ്റുക എന്ന വിധത്തില്‍ ചിന്തിക്കേണ്ട കാര്യമില്ല. സെക്രട്ടറിമാര്‍ക്ക് ചില അനിവാര്യഘട്ടങ്ങളില്‍ മത്സരിക്കാം. പകരം പാര്‍ട്ടി ചുമതല മറ്റൊരാള്‍ക്ക് നല്‍കിയാല്‍ മതി. മത്സരിക്കാന്‍ താത്പര്യം കാണിക്കുന്നതിലും തെറ്റില്ല. പക്ഷേ പരസ്യപ്രസ്താവന നടത്തേണ്ടിയിരുന്നോ എന്നത് ആലോചിക്കേണ്ടതാണ്.

ദി: പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ചേർന്നു നിൽക്കണമോ എന്നതിൽ പാർട്ടി രണ്ട് തട്ടിലായിരുന്നു. കേരളത്തിൽ ഉൾപ്പെടെ ഇതെങ്ങനെ വിശദീകരിക്കും?

ലോ: ബംഗാളില്‍ പാര്‍ട്ടി എടുക്കേണ്ട നിലപാട് പാര്‍ട്ടി എടുത്തിട്ടുണ്ട്. അതിനെപ്പറ്റി ഞാന്‍ പറയാനില്ല. മനസിലാക്കേണ്ടത്, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ ശേഷം പാര്‍ട്ടിക്കെതിരെ നടക്കുന്ന ശാരീരീക ആക്രമണങ്ങള്‍ നിരവധിയാണ്. നിരവധി പേരെ കൊന്നു. എം എല്‍ എമാരെ ആക്രമിച്ചു. പാര്‍ട്ടി നേതാക്കന്മാരെ ആക്രമിച്ചു. ഓഫീസുകള്‍ ആക്രമിച്ചു. തീയിട്ടു. അതുകൊണ്ട് അവരെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്ന് ബംഗാളിലെ പാര്‍ട്ടി ഘടകം കണക്കാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതില്‍ ആരും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസ് ആണെങ്കില്‍ ക്ഷീണിച്ച് നില്‍ക്കുന്നു. തൃണമൂലുമായി അടുപ്പവുമില്ല. അവരുമായി ഒരു കൂട്ടുകെട്ട് ഉണ്ടാക്കുന്നത് നല്ലതാണെന്ന് ചിലര്‍ ചിന്തിച്ചിട്ടുണ്ടാകും. അത് എന്ത് ഇംപാക്ട് ആണ് മറ്റ് സംസ്ഥാനങ്ങളില്‍ അടക്കം ഉണ്ടാക്കുക എന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്തു. അതിനേക്കാള്‍ പ്രധാനമായി കോണ്‍ഗ്രസ് അംഗീകരിക്കുന്ന നയങ്ങള്‍ ശക്തിയായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി പി ഐ എം. ആ എതിര്‍പ്പ് ഇല്ലാതാക്കാന്‍ കഴിയില്ല. എന്ത് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനാണ്.

ദി: ബംഗാളിൽ പാർട്ടി അടിത്തറ നഷ്ടപ്പെട്ടു എന്ന തുറന്ന പറച്ചിൽ കൂടിയല്ലേ കോൺഗ്രസ് എങ്കിൽ കോൺഗ്രസ് എന്ന നീക്കം. 

ലോ: ബംഗാളില്‍ ചില തെറ്റായ കാര്യങ്ങള്‍ വന്നു പോയിട്ടുണ്ട്. നന്ദിഗ്രാം പോലുള്ള കാര്യങ്ങളൊക്കെ. ലക്ഷ്യം നന്നായിരുന്നു. അവിടെ വ്യവസായം വേണം. ബുദ്ധദേവ് അതിനായ് മുന്‍കൈ എടുത്തയാളാണ്. പക്ഷേ അതില്‍ പാളിപ്പോയി. അവിടത്തെ ജനങ്ങളുമായി ചര്‍ച്ച ചെയത്, ഇന്ന കാര്യത്തിന് വേണ്ടിയാണ്, അത് വന്നാല്‍ ഇന്ന ഗുണം ഉണ്ടാകും, ഗുണഭോക്താക്കളില്‍ നല്ലൊരു വിഭാഗം നിങ്ങള്‍ തന്നെയായിരിക്കും, കൃഷിക്ക് പകരം വ്യവസായത്തില്‍ തൊഴില്‍ കിട്ടാന്‍ സാധ്യതയുണ്ട്; അതൊക്കെ അവരെ കണ്‍വിന്‍സ് ചെയ്യിക്കണമായിരുന്നു. അതിന് പകരം ഒരു സ്റ്റീം റോളര്‍ പോലെ, എടുക്കുന്ന തീരുമാനങ്ങള്‍ അവര്‍ അക്‌സെപ്റ്റ് ചെയ്യുമെന്ന ധാരണയോടെ പ്രവര്‍ത്തിച്ചത് തെറ്റായിപ്പോയി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അക്കാര്യത്തില്‍ മാത്രമല്ല. എവിടേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ ഒരു ധാരണ നല്ലതല്ല. ഏതു നേതാവിനും.

ദി: നിലവിലെ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസുമായുള്ള ബദൽ നീക്കത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്?

ലോ: കോണ്‍ഗ്രസ് ആയാലും മറ്റ് പാര്‍ട്ടിയായാലും അതൊക്കെ ആശ്രയിച്ച് നില്‍ക്കുന്നത് ബിജെപി മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ നിലപാടും സാമ്പത്തികനിലപാടുമായി ബന്ധപ്പെട്ടാണ്. അതിനൊക്കെയപ്പുറം നില്‍ക്കുന്നത് അവരുടെ വര്‍ഗീയതയാണ്. ആര്‍എസ്എസ് ഒരു ഫാസിസ്റ്റ് സംഘടനയാണ്, വിചാരധാരയില്‍ പോലും ഹിറ്റ്‌ലറാണ് മോഡലെന്ന് പറയുന്നുണ്ട്. നാഷണല്‍ സോഷ്യലിസമാണ് ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ പറഞ്ഞത്. അധികാരത്തില്‍ എത്തിയപ്പോള്‍ അയാള്‍ സ്വേച്ഛാധിപതിയായി മാറി. ഇവിടെയും വ്യത്യസ്തമല്ല. 

ദി: ബംഗാളിലെ കോൺഗ്രസ് സഖ്യം തന്നെ എടുക്കുക. ദേശീയ നേതൃത്വത്തിൽ ഭിന്നത ഉണ്ടോ? യെച്ചൂരി യെന്നും കാരാട്ടെന്നും… 

ലോ: എന്റെ അറിവില്‍ പാര്‍ട്ടി ദേശീയ തലത്തില്‍ രണ്ട് ധാരകളില്ല. യെച്ചൂരിയും പ്രകാശ് കാരാട്ടും തമ്മില്‍ മത്സരമുള്ളതായും എനിക്ക് അറിയില്ല. ചില കാര്യങ്ങളില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. ഒന്നിച്ച്‌ നല്ല യോജിപ്പോടെതന്നെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.

ദി: സുർജിത്തിന് ശേഷം പ്രായോഗിക രാഷ്ട്രീയത്തിൽ നേതൃത്വ പരമായ വീഴ്ച ഉണ്ടായി എന്ന വിമർശനങ്ങളെ എങ്ങനെ കാണുന്നു?

ലോ: സി പി ഐ എം ഈസ് എ പാര്‍ട്ടി ഓഫ് വര്‍ക്കിംഗ് ക്ലാസ്, ഇതാണ് പഴയകാലം മുതലുള്ള ധാരണ. അത് ശരിയുമാണ്. കാരാട്ടായാലും യെച്ചൂരിയായാലും തിയറിയറിയാം; എക്‌സ്പീരിയന്‍സില്ല. അനുഭവം പ്രധാന കാര്യമാണ്. പക്ഷേ അനുഭവം ഉണ്ടായിട്ട് മാത്രം കാര്യമില്ല. അച്യുതാനന്ദന്‍ കുറേ അനുഭവം ഉള്ളയാളാണ്. പക്ഷേ അയാളുടെ നിലപാട് പലതും അതിന് അനുസൃതമായിട്ട് ഉള്ളതാണെന്ന് പറയാന്‍ സാധിക്കില്ല. അയാളാണ് ഏറ്റവും വലുത് എന്ന്  ചിന്തിക്കുന്ന ആളാണ്. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് അങ്ങനെ ചിന്തിക്കാന്‍ പാടില്ല. ഒരിക്കല്‍ അയാള്‍ പറഞ്ഞു ഞാനൊരു സ്റ്റാലിനിസ്റ്റാണ് എന്ന്. അതില്‍ അഭിമാനം കൊള്ളുന്നു. അപ്പോള്‍ എക്‌സ്പീരിയന്‍സ് ഉള്ള ആളുകള്‍ക്കും തെറ്റ് പറ്റാം. സിദ്ധാന്തം ഇല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവർത്തിക്കാന്‍ പറ്റില്ല. അത് നടപ്പിലാക്കാന്‍ പറ്റിയ സംഘടനയില്ലാതെ സിദ്ധാന്തം കൊണ്ട് മാത്രം കാര്യവും ഇല്ല.

ദി: ഏഴ് പതിറ്റാണ്ട് പിന്നിടുന്ന രാഷ്ട്രീയ ജീവിതം. ഉയർച്ചകളും താഴ്ചകളും ഒരു പോലെ ഉണ്ടായി. എന്നും പാർട്ടിക്ക് ഒപ്പം നിന്നു , വേറിട്ട ശബ്ദവുമായി. തിരിഞ്ഞു നോക്കുമ്പോള്‍ എന്തുതോന്നുന്നു?

ലോ: ‘അപ്പന് ആഗ്രഹം വക്കീൽ ആക്കണം എന്നായിരുന്നു, അല്ലെങ്കിൽ പത്രപ്രവര്‍ത്തകൻ. ആ വഴിക്ക് പോകാൻ  കഴിഞ്ഞില്ല… പാർട്ടിക്ക്‌  വേണ്ടി ഡെഡിക്കേറ്റ് ചെയ്യാനായിരുന്നു  തീരുമാനം. അത് ശരിയെന്ന്‍ ഇപ്പോൾ തോന്നുന്നു. കമ്യൂണിസ്റ്റായി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. അത് സാധിച്ചു. ജയിലിൽ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. അതും നടന്നു. അനുഭവിച്ച മർദ്ദനം നോക്കുമ്പോൾ ഇപ്പോൾ ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ദില്‍ന)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍