UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടതുപക്ഷത്തെ തകര്‍ക്കുന്ന ചില ‘ഗ്രാമീണ’ മണിമാര്‍

Avatar

ടീം അഴിമുഖം

ബി ജെ പി എം എല്‍ എ ഗ്യാന്‍ദേവ് അഹൂജയുടെ ‘3000 ഗര്‍ഭനിരോധന ഉറകളെ’കുറിച്ചുള്ള പ്രസ്താവനയോടെയാണ് സംഘ പരിവാറും മോദി സര്‍ക്കാരും ഉയര്‍ത്തിവിട്ട രാജ്യസ്നേഹം അതിന്റെ അപഹാസ്യമായ തലത്തില്‍ എത്തിയത്. കാവി ദേശീയത വാദികള്‍ വലിയ സദാചാര പോലീസുകാരും സ്ത്രീ വിരുദ്ധരും ആണെന്ന് ഇതിന് മുന്പും പലപ്പോഴും വെളിപ്പെട്ടിട്ടുള്ളതാണ്. രാജ്യമാകെ അലയടിച്ചുയരുന്ന ജെ എന്‍ യു പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന ഇടതുപക്ഷ സമരത്തിലാണ് മറ്റൊരു സ്ത്രീ വിരുദ്ധ പരാമര്‍ശം ഉണ്ടായിരിക്കുന്നത് എന്നതാണ്  ഇപ്പോഴത്തെ വിരോധാഭാസം. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം എം മണിയാണ് സ്ത്രീ വിരുദ്ധ പ്രസംഗവുമായി രംഗത്ത് വന്നിരിക്കുന്നത്.  ‘ക്ലാസ് മുറിയുടെ കതകടച്ചു പഠിപ്പിക്കുകയാണെന്ന് പറയുന്ന പോളിടെക്ക്നിക്ക് പ്രിന്‍സിപ്പാളിന് ഒരു മാതിരി സൂക്കേടാണ്’ എന്നാണ് മണിയാശാന്‍റെ പ്രസ്താവന. ജെ എന്‍ യു സംഭവത്തിന്റെ ഭാഗമായി എസ് എഫ് ഐ നടത്തിയ പഠിപ്പ്മുടക്ക് സമരം അനുവദിക്കാതെ പൈനാവിലെ ഐ എച്ച് ആര്‍ ഡി പോളിടെക്ക്നിക്കിലെ ഗേറ്റ് അടച്ചിട്ടതാണ് സഖാവിനെ ക്ഷുഭിതനാക്കിയത്.

“അടിച്ചാല്‍ തിരിച്ചു തല്ലണം. പറയുന്നത് ചങ്കൂറ്റത്തോടെ പറയണം. മീശ വച്ചാല്‍ മാത്രം ആണാകില്ല. ആണുങ്ങളാകണമെങ്കില്‍ വേറെയും ചില ഗുണങ്ങള്‍ വേണം. ആണുങ്ങളുടെ പാര്‍ട്ടിയാണ് സി.പി.എം. നമ്മളെ തൊട്ടാല്‍ ആരെയും വിടില്ല. കളി സി.പി.എമ്മിനോടു വേണ്ട. ആണായാല്‍ ചെയ്ത കാര്യം തുറന്നു പറയണം” എന്നു ഇടുക്കി ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തിലെ അതേ ആണ്‍മേധാവി തന്നെയാണ് മണിയാശാന്റെ ഉള്ളില്‍ നിന്നു ഇത്തവണയും സടകുടഞ്ഞെഴുന്നേറ്റത്.  നേരത്തെ മഹാശ്വേതാ ദേവിക്കുണ്ട് എന്നു എം എം മണി പ്രസംഗിച്ച അതേ ‘കഴപ്പ്’ തന്നെയാണ് ഇവിടെ ‘സൂക്കേട്’ ആയി പ്രത്യക്ഷപ്പെട്ടത്.

പൊതുവേ ആണ്‍ നേതാക്കളാല്‍ നയിക്കപ്പെടുന്ന നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെയൊക്കെ പൊതു സ്വഭാവം ആയിരിക്കുന്നു ഇത്തരം സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍. വര്‍ക്കല കഹാര്‍ എം എല്‍ എ മുതല്‍ ജനപക്ഷ നേതാവ് എന്ന് ഏവരും കരുതി പോരുന്ന വി എസ് അച്യുതാനന്ദന്‍ വരെ ഈ ആണ്‍നോട്ട രാഷ്ട്രീയത്തില്‍ നിന്നു മുക്തനല്ല എന്നതാണ് യാഥാര്‍ഥ്യം. പി സി ജോര്‍ജ്ജിനെ പോലുള്ളവര്‍ ചാനല്‍ ചര്‍ച്ചകളിലെ മുഖ്യ താരമായി മാറുന്നതും ഇത്തരം സ്ത്രീ വിരുദ്ധ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയാണ്. അത് കവല പ്രസംഗങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ‘പൊങ്കാല’യായി നിറയുന്ന തെറി കമന്റുകളിലേക്ക് വരെ നീളുന്നു. സ്ത്രീ പ്രവര്‍ത്തക പ്രീത ജി പിയും ഹൈദരബാദ് സര്‍വകലാശാല വിദ്യാര്‍ഥി അരുന്ധതിയും ചലച്ചിത്ര നടി റിമ കല്ലിങ്കലുമൊക്കെ പൊതുഇടത്തില്‍ പ്രതികരിക്കുന്ന സ്ത്രീകള്‍ നേരിടുന്ന അധിക്ഷേപത്തിന്റെ നവമാധ്യമ ഇരകളാണ്. 

പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ ദുര്‍ബലമായെങ്കിലും സമീപകാലത്ത് രാജ്യത്തുയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംവാദത്തെ നയിക്കുന്നതില്‍ മുഖ്യ സ്ഥാനത്ത് വീണ്ടും ഇടതുപക്ഷം പ്രതിഷ്ഠിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ വായില്‍ നിന്നു പുറത്തേക്ക് വരുന്നത് എന്നതാണ് ഏറ്റവും ദൌര്‍ഭാഗ്യകരം. ദാദ്രി ബീഫ് കൊല, രോഹിത് വെമൂലയുടെ വധാത്മഹത്യ, കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹ കുറ്റവും അറസ്റ്റും ഇന്ത്യയിലെ ഇടതു കക്ഷികളെയും മതേതര ജനാധിപത്യ കക്ഷികളെയും ആശയ ഭിന്നത മറന്നു ഫാസിസ്റ്റ് വിരുദ്ധ, തീവ്ര ദേശീയത വിരുദ്ധ പ്രസ്ഥാനത്തില്‍ ഒന്നിപ്പിച്ചിരിക്കുകയാണ്.  രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തിനകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മണിയുടെ പ്രസ്താവനയെ ഏത് തരത്തിലും ലഘൂകരിച്ചു കാണാനുള്ള ശ്രമം ഇടതു പക്ഷത്തെ സംഭവിച്ചിടത്തോളം നഷ്ടമേ ഉണ്ടാക്കുകയുള്ളൂ എന്ന കാര്യത്തില്‍ സംശയമില്ല. 

എം എം മണിയുടെ മുന്‍ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ഗ്രാമീണമായ ഒരു നേരേ വാ നേരേ പോ’ പ്രസ്ഥാവനയായി കണ്ടാല്‍ മതിയെന്നാണ് അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത്. മണിയുടെ പുതിയ പ്രസ്താവനയേയും ആ ഗണത്തില്‍ പെടുത്തിയാല്‍ ബി ജെ പി എം എല്‍ എ അഹൂജയെയും നാം അത്തരം ഒരു ഗ്രാമീണനായി കാണേണ്ടി വരും (മുന്‍പ് പി സി ജോര്‍ജ്ജും തന്‍റേത് ഗ്രാമ്യ ഭാഷയാണ് എന്നാണ് പറഞ്ഞത്). തികച്ചും പ്രാദേശികമായ ഒരു സംഭവം എന്നതിനപ്പുറം വലിയ മാനങ്ങള്‍ ഇതിനുണ്ട് എന്നു നവമാധ്യമങ്ങള്‍ ഇത്ര ശക്തമായി ജനതയെ സ്വാധീനിക്കുന്ന ഈ കാലത്ത് ഇടതുപക്ഷവും അതിന്റെ നേതാക്കളും തിരിച്ചറിയേണ്ടിയിരിക്കുന്നു. രാജ്യത്തു രൂപപ്പെട്ടു വരുന്ന ഫാസിസ്റ്റ് വിരുദ്ധ ഐക്യനിരയായിരിക്കും ഇതിന് വലിയ വില നല്‍കേണ്ടി വരുക. 

എന്തിന്റെയൊക്കെ പേരിലാണോ സംഘ പരിവാര്‍ എതിര്‍ക്കപ്പെടുന്നത് അതേ ഫാസിസത്തിന്റെ മറ്റൊരു മുഖമാണ് ഇടതുപക്ഷം എന്നു പറയിപ്പിക്കാന്‍ എം എം മണിയെ പോലുള്ള ഒരു സംസ്ഥാന നേതാവ് നടത്തുന്ന സ്ത്രീ വിരുദ്ധ ഫാസിസ്റ്റ് പരമര്‍ശങ്ങള്‍കൊണ്ട് സാധിക്കും. രാഷ്ട്രീയം ആണ്‍നോട്ടത്തിന്റെയും ഫാസിസ്റ്റ് അടിച്ചമര്‍ത്തലുകകളുടേയും പിടിയില്‍ നിന്ന് ജനാധിപത്യത്തിന്റെ ശുദ്ധവായുവിലേക്ക് കുതറാന്‍ ശ്രമിക്കുന്ന ഈ ചരിത്ര ഘട്ടം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്വയം തെറ്റ് തിരുത്താനും ശുദ്ധീകരിക്കാനും ഉള്ള അവസരം കൂടിയാണ്. ആ അവസരമാണ് ചില ‘ഗ്രാമീണന്‍മാര്‍’ ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്നു ഓര്‍ക്കുന്നത് നന്ന്.  

തീര്‍ച്ചയായും സി പി എമ്മിലെ വനിതാ നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെടുകയും എം എം മണിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യും എന്നും കരുതാം (അവരുടെ പാര്‍ട്ടിക്കകത്ത് എങ്കിലും). പക്ഷേ അതിലുപരിയായി ഇവിടത്തെ നിയമ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പോലീസ് എന്തു നടപടിയാണ് ഈ കാര്യത്തില്‍ സ്വീകരിക്കാന്‍ പോകുന്നത് എന്നതും പൊതു സമൂഹം ഉറ്റു നോക്കുന്നുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍