UPDATES

ട്രെന്‍ഡിങ്ങ്

എം.എം മണിക്കെതിരായ കേസ് എന്തുകൊണ്ട് നിലനില്‍ക്കില്ല; ഇതാണ് കാരണങ്ങള്‍

എന്തുകൊണ്ടായിരിക്കും എം.എം.മണിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതിക്ക് വെറുതേ വിടേണ്ടിവരിക?

അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ എന്തായിരിക്കും ബാക്കി നടപടികള്‍? മണിക്കെതിരെയുള്ള കേസ് നിലനില്‍ക്കുമോ? മണി ശിക്ഷ അനുഭവിക്കേണ്ടി വരുമോ? ഇത് സംബന്ധിച്ച് നിയമ വൃത്തങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നാല്‍ മണിക്കെതിരെയുള്ള കേസ് തള്ളിപ്പോകാനാണ് സാധ്യതയെന്ന് നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി അഡ്വ. കെഎന്‍ പ്രശാന്ത് വിശദീകരിക്കുന്നു. 

1.  1982, 1983, 2004 എന്നീ വര്‍ഷങ്ങളില്‍ നടന്ന മുള്ളച്ചേരി മത്തായി, മുട്ടുകാട് നാണപ്പന്‍, അഞ്ചേരി ബേബി, ബാലു എന്നിവരുടെ വധവുമായി ബന്ധപ്പെട്ടാണ് മണിയുടെ പ്രസ്താവന നടക്കുന്നത്. ഈ കേസുകളെല്ലാം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം സമര്‍പ്പിച്ച്, വിചാരണ നടത്തി, കോടതി തന്നെ പ്രതികളെ വെറുതേ വിട്ടതോ ശിക്ഷിച്ചതോ ആണ്.

2.  അതേ പ്രതികള്‍ക്കെതിരെ വീണ്ടും വിചാരണ നടത്താന്‍ സാധിക്കാത്തതും ആയത് ഭരണഘടനയുടെ Article 20(2) പ്രകാരവും CrPC section 300 പ്രകാരവും അനുവദനീയമല്ല.

3.  2012 മെയ് 25-ന് മണി നടത്തിയ മണക്കാട് പ്രസംഗത്തിലാണ് തൊടുപുഴ എസ്.ഐ ക്രൈം 1196/2012 നമ്പറായി IPC 302, 118, 109 വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത്. 1982, 1983, 2004 വര്‍ഷങ്ങളില്‍ offence വെളിപ്പെട്ടതില്‍ തന്നെ മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് cognizable offence reveal  ചെയ്താല്‍ നിര്‍ബന്ധമായും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ലളിതകുമാരി കേസിലെ വിധി ഇതില്‍ ബാധകമല്ല.
Lalitha kumari V. State of UP, 2014 AIR SC 187

4.  ഒരേ വിഷയത്തില്‍ രണ്ടാമത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിയമപരമല്ല. അങ്ങനെ ചെയ്യണമെങ്കില്‍ ഹൈക്കോടതിയുടേയോ സുപ്രീംകോടതിയുടേയോ ഉത്തരവ് വേണം. തൊടുപുഴ ക്രൈം 1196/2012 നമ്പര്‍ എഫ്ഐആര്‍ ഒരേ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്ഐആര്‍ ആണ്. ആയത് നിലനില്‍ക്കില്ല.

5.  Mani. M. M  V. State Of Kerala, 2012 KHC (3) 36 എന്ന എഫ്ഐആര്‍ റദ്ദാക്കാനുള്ള മണിയുടെ കേസില്‍ ഹര്‍ജി തള്ളി ഹൈക്കോടതി പറഞ്ഞത്, കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഈ അവസരത്തില്‍ (തുടക്കത്തില്‍) എഫ്ഐആര്‍ റദ്ദാക്കേണ്ടതില്ല എന്ന് മാത്രമാണ്.

6.  മണിക്കെതിരെ Cr.P.C 173(8) വകുപ്പുപ്രകാരം മുന്‍പുണ്ടായ കേസുകളില്‍ കോടതി അനുമതിയോടെയുള്ള തുടരന്വേഷണമായിരുന്നു വേണ്ടിയിരുന്നത്.

7.  മണി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ തന്നെ കുറ്റസമ്മതമൊഴിയായി എടുത്താണ് തൊടുപുഴ എസ്.ഐ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ‘Confession is a voluntary acknowledgement of a guilt by the accused’ ആണെന്നിരിക്കേ, കുറ്റത്തില്‍ സ്വന്തം ഇന്‍വോള്‍വ്‌മെന്റിനെ കുറിച്ച് പരാമര്‍ശിക്കാത്തതുകൊണ്ട് അതൊരു confession ആകുന്നില്ല. കൂടാതെ Palvinder Kaur V. Emperor എന്ന പ്രിവി കൗണ്‍സില്‍ വിധിപ്രകാരം മൊഴിയില്‍ culpatory part ഉണ്ടെങ്കിലേ അതൊരു confession ആയി പരിഗണിക്കാനാകൂ. ആ പ്രസംഗത്തിലെല്ലാം non culpatory part  മാത്രമാണുള്ളത്.

8. ‘Extra judicial confession is a very weak type of evidence..’ എന്ന തിയറി പ്രകാരവും കുറ്റസമ്മതമൊഴി ഒരു substantial evidence അല്ലാത്തതുകൊണ്ടും confession അടിസ്ഥാനമാക്കി മാത്രം ഒരു പ്രതിയെ ശിക്ഷിക്കുന്നത് Article 20 (3) Right against self incrimination ന്റെ ലംഘനം ആകുന്നതുമാണ്. ഈ കുറ്റസമ്മതമൊഴി പോലും Evidence act 25,26 വകുപ്പുകള്‍ പ്രകാരം inadmissible ആണ്. കൂടാതെ മറ്റു പ്രതികളുമായി മണിയെ joint trial നടത്താത്തതുകൊണ്ട് അവരുടെ കുറ്റസമ്മതമൊഴികള്‍ section 30 പ്രകാരം മണിക്കെതിരെ തെളിവില്‍ സ്വീകരിക്കാന്‍ സാധിക്കാത്തതാണ്.

9. നിലവില്‍ വന്നത് Cr.PC 227 വകുപ്പുപ്രകാരമുള്ള discharge application ലെ ഒരു പ്രാഥമിക ഉത്തരവ് മാത്രമാണ്. അന്തിമ വിധിക്ക് അത് ബാധകമേയല്ല.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ മുന്‍വിധികളില്ലാതെ വിചാരണ നടത്തിയാല്‍ കുറ്റക്കാരനല്ലെന്ന് കണ്ട് മണിയെ കോടതിക്ക് വെറുതെ വിടേണ്ടിവരും. പിന്നെയുള്ളത് വിചാരണ കാലയളവില്‍ മന്ത്രിസ്ഥാനം രാജിവെക്കണോ എന്ന ധാര്‍മികപ്രശ്‌നമാണ്. ‘രാഷ്ട്രീയമായും നിയമപരമായും നേരിടും’ എന്ന ഒറ്റവരി പ്രസ്താവന കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

(അഡ്വ. കെ എന്‍ പ്രശാന്ത് തൃശ്ശൂരില്‍ സിവില്‍ കേസുകളിലും ക്രിമിനല്‍ കേസുകളിലും സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

അഡ്വ. കെ എന്‍ പ്രശാന്ത്

തൃശൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍