UPDATES

എംഎം മണിക്ക് എതിരായ കേസ് എന്തുകൊണ്ട് നിലനില്‍ക്കും? ഒരു വിയോജനക്കുറിപ്പ്

‘എം.എം. മണിക്ക് എതിരായ കേസ് എന്ത് കൊണ്ട് നില നില്‍ക്കില്ല’ എന്ന വാദത്തിന് നിയമപരമായ സാംഗത്യം ഇല്ല

ഡിസംബര്‍ 27ന് അഴിമുഖം പ്രസിദ്ധീകരിച്ച അഡ്വ. കെ. എന്‍. പ്രശാന്തിന്റെ ‘എം.എം. മണിക്ക് എതിരായ കേസ്എന്തുകൊണ്ട് നിലനില്‍ക്കില്ല’ എന്ന ലേഖനത്തോട് വിയോജിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് നിയമപരമായ സാംഗത്യം ഇല്ല എന്ന് രേഖപ്പെടുത്തികൊള്ളട്ടെ. ലേഖനത്തില്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് ഖണ്ഡിക അനുസരിച്ച് മറുപടി നല്‍കുന്നു.

1. 1982, 1983, 2004 എന്നീ വര്‍ഷങ്ങളില്‍ നടന്ന മുള്ളച്ചേരി മത്തായി, മുട്ടുകാട് നാണപ്പന്‍, അഞ്ചേരി ബേബി, ബാലു എന്നിവരുടെ വധവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നടത്തി, വിചാരണ നടത്തി, കോടതി പ്രതികളെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്തു എന്ന് അഡ്വ. പ്രശാന്ത് പറയുന്നത് ശരി തന്നെ. പക്ഷെ, മണിയുടെ പ്രസംഗത്തിന്റെ വെളിച്ചത്തില്‍, അത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയുടെ ജില്ലാതല നേതൃത്വത്തിന്റെ ഗൂഡാലോചനയോ ആസൂത്രണമോ ഉണ്ടായിട്ടുണ്ടോ എന്നതാണ് നിലവിലുള്ള കേസിന്റെ അന്വേഷണ വിഷയം (subject matter). അതിനാല്‍ തന്നെ, മുന്‍പുള്ള കേസുകളില്‍ നിന്ന് ഇപ്പോഴത്തെ  കേസ് വ്യത്യസ്തമാണ്.

2. ഭരണഘടനയുടെ Article 20(2), CrPC Section 300 മുതലായവ ഇപ്പോഴത്തെ കേസില്‍ ബാധകമല്ല. ഒരിക്കല്‍ വിചാരണ നേരിട്ട്, ശിക്ഷിക്കപ്പെടുകയോ കുറ്റവിമുക്തരാക്കപ്പെടുകയോ ചെയ്തവരെ അതെ ക്രൈമില്‍ വീണ്ടും വിചാരണ ചെയ്യരുത് എന്നാണ് ഭരണഘടനയുടെ Article 20(2), CrPC Section 300 അനുശാസിക്കുന്നത്. എന്നാല്‍, എംഎം മണിയോ, ഇപ്പോള്‍ വിചാരണ നേരിടുന്ന മറ്റുള്ളവരോ ആരും തന്നെ നേരത്തെയുള്ള കേസുകളില്‍ പ്രതികള്‍ ആവുകയോ വിചാരണ നേരിടുകയോ ചെയ്തിട്ടില്ല.  അതിനാല്‍, ഈ പറഞ്ഞ വകുപ്പുകളുടെ ലംഘനം ഇവിടെ നടക്കുന്നില്ല.

3. ഒരു cognizable offence നടന്നു എന്ന വിവരം ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ CrPC സെക്ഷന്‍ 154 പോലിസിനെ നിര്‍ബന്ധിക്കുന്നുണ്ട്. ലളിതകുമാരി കേസിലെ വിധി വന്നത് മണിയുടെ വിവാദ പ്രസംഗത്തിന് ശേഷം ആണെന്നുള്ളത്‌ തികച്ചും അപ്രസക്തമാണ്. കാരണം, ലളിതകുമാരി കേസിലെ വിഷയം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പോലീസിനു പ്രാഥമിക അന്വേഷണം നടത്താന്‍ ഉള്ള അധികാരം ഉണ്ടോ എന്നതായിരുന്നു. Cognizable offence reveal ചെയ്‌താല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന നിര്‍ബന്ധം 1973ല്‍ നിലവില്‍ വന്ന Code of Criminal Procedure (CrPC)-ല്‍ ഉള്ളതാണ്. അതുകൊണ്ട് മൂന്നാം ഖണ്ഡികയിലെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ല.

4. ഇത് ഒരേ വിഷയത്തിലുള്ള രണ്ടാമത്തെ എഫ്ഐആര്‍ അല്ല. ആദ്യത്തെ പാരഗ്രാഫില്‍ സൂചിപിച്ച പോലെ, ഇപ്പോഴത്തെ കേസിന്റെയും മുന്‍പുള്ള കേസുകളിലെയും subject matter വ്യത്യസ്തമാണ്. പാര്‍ട്ടി തലത്തില്‍ ഉള്ള ഗൂഡാലോചനയും ആസൂത്രണവും മറച്ചുവെയ്ക്കലും നടന്നിട്ടുണ്ടോ എന്നതാണ് നിലവിലുള്ള കേസിന്റെ വിഷയം. അത് ആദ്യ കേസുകളില്‍ പരിഗണിച്ചിട്ടില്ല.

5. അഡ്വ. പ്രശാന്ത് തന്‍റെ ലേഖനത്തിലെ ഒന്ന് മുതല്‍ നാല് വരെയുള്ള പാരഗ്രാഫുകളില്‍ ഉന്നയിച്ച വാദങ്ങള്‍ ഒക്കെ, ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ എഫ്ഐആര്‍ റദ്ദു ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് എംഎം മണി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എംകെ. ദാമോദരന്‍ ഉന്നയിച്ചത് തന്നെയാണ്. എന്നാല്‍ M.M. Mani vs. State of Kerala 2012 KHC (3) 36 എന്ന ആ കേസില്‍ അത്തരം വാദങ്ങള്‍ ഒക്കെ തള്ളിക്കളഞ്ഞു കൊണ്ട് ഹൈക്കോടതി എഫ്ഐആര്‍ റദ്ദു ചെയ്യാന്‍ വിസ്സമ്മതിച്ചു. അതുകൊണ്ട് ആ വാദങ്ങള്‍ ഒക്കെ വീണ്ടും ഉയര്‍ത്തുന്നതില്‍ കാര്യമില്ല.

6. മണിക്ക് എതിരെയുള്ള കേസുകളില്‍ തുടരന്വേഷണം നടത്തുന്നതിന് CrPC Section 173(8) പ്രകാരം ഉള്ള കോടതി അനുമതി ലഭിച്ചിട്ടുണ്ട്. മേല്‍ പ്രസ്താവിച്ച ഹൈക്കോടതി കേസില്‍ അത്തരം അനുമതി നല്‍കിയ ഉത്തരവുകളും റദ്ദ് ചെയ്യാന്‍ കോടതി തയ്യാറായില്ല.

7. പതിമൂന്നു പേരെ കൊല്ലാന്‍ പാര്‍ട്ടി ഒരു ലിസ്റ്റ് തയ്യാറാക്കി എന്നും, അതില്‍ നാല് പേരെ കൊന്നു എന്നുമാണ് മണിയുടെ പ്രസംഗത്തിന്റെ ചുരുക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി മറ്റു തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മണി കുറ്റക്കാരന്‍ ആണെന്ന് കോടതി വിധിക്കുന്നത് അത്തരം തെളിവുകളുടെ ബലത്തിനെ ആശ്രയിച്ചിരിക്കും. അതിനെ സംബന്ധിച്ച് നിലവില്‍ ഒന്നും പറയുക സാധ്യമല്ല.

8. മണിയുടെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അല്ലല്ലോ വിചാരണ നടക്കുന്നത്. ബന്ധപ്പെട്ട തെളിവുകള്‍ വിശ്വാസയോഗ്യമാണോ എന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കോടതിയുടെ അന്തിമ വിധി. വിചാരണ ഇനിയും തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലും കോടതിയുടെ മുന്‍പില്‍ ഉള്ള തെളിവുകള്‍ നമ്മള്‍ ആരും തന്നെ കണ്ടിട്ടില്ലാത്തതിനാലും കോടതി വിധി എന്താകും എന്നതിനെ പറ്റി ഒരു പ്രവചനം നടത്തുക അസാധ്യമാണ്.

9. ഒന്‍പതാം ഖണ്ഡികയില്‍ അഡ്വ. പ്രശാന്ത് പറയുന്നതിനോട് യോജിക്കുന്നു. ഇതൊരു വിടുതല്‍ ഹര്‍ജിയിലെ വിധി മാത്രമാണ്. അന്തിമ വിധി വിചാരണയുടെയും തെളിവുകളുടെ തുലനത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും.

അതിനാല്‍, എംഎം മണിക്ക് എതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കും. അന്തിമമായി അദ്ദേഹം കുറ്റക്കാരന്‍ ആണോ അല്ലയോ എന്നതിനെ സംബന്ധിച്ച് വിചാരണയ്ക്ക് ശേഷം കോടതി വിധിക്കും. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം ആയതുകൊണ്ട് അതിനെ സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നത് ഔചിത്യമല്ല.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

Avatar

അഡ്വ. മനു സെബാസ്റ്റ്യന്‍

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍