UPDATES

വിഎസ് അരങ്ങൊരുക്കുകയാണ്; ലക്ഷ്യം മണിയല്ല; അത് പിണറായി തന്നെ

ലാവ്ലിൻ കേസിൽ സിബിഐ കുറ്റപത്രം റദ്ദാക്കിയ വിധിക്കെതിരെ ജനുവരി നാലിന് ഹൈക്കോടതിയിൽ വാദം തുടരാനിരിക്കെയാണ് മണിക്കെതിരെ വിഎസ് പ്രത്യക്ഷ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ക്രിമിനൽ കേസിൽ പ്രതിയായ എംഎം മണിയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കണമെന്ന്‍ ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ സിപിഎം കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് ലക്‌ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ. ലാവ്ലിൻ കേസിൽ സിബിഐ കുറ്റപത്രം റദ്ദാക്കിയ വിധിക്കെതിരെ ജനുവരി നാലിന് ഹൈക്കോടതിയിൽ വാദം തുടരാനിരിക്കെയാണ് മണിക്കെതിരെ വിഎസ് പ്രത്യക്ഷ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അഴിമതിയായാലും കൊലപാതകമായാലും ക്രിമിനൽ കേസിൽ പ്രതിയായാൽ മന്ത്രിസ്ഥാനത്തു തുടരുന്നത് ശരിയല്ല എന്നാണ് വിഎസ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ലാവ്ലിൻ കേസിൽ കുറ്റപത്രം റദ്ദാക്കിയതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിനു പുതുജീവൻ കൈവന്നിരിക്കുന്നത്. ക്രൈം നന്ദകുമാർ, കെഎം ഷാജഹാൻ എന്നിവരെ കോടതി ഒഴിവാക്കിയപ്പോൾ സ്വന്തം കുറ്റപത്രത്തെ ന്യായീകരിക്കാനും പ്രതിപ്പട്ടികയിൽ പിണറായി വിജയനെ പുന:സ്ഥാപിക്കാനുമുള്ള ചുമതല പൂർണമായും സിബിഐയുടെ ചുമലിലായി. ഇത്തരം കേസുകളിൽ മുൻവിധിന്യായങ്ങൾ അക്കമിട്ടു നിരത്തി സിബിഐ കോടതിയിൽ വാദിച്ചാൽ വിചാരണ നേരിടാൻ ഹൈക്കോടതി നിർദേശിക്കാന്‍ സാധ്യതയുണ്ട്. അതേസമയം പിണറായി വിജയനെ നോവിക്കാത്ത നിലപാടാണ് സിബിഐ സ്വീകരിക്കുന്നതെങ്കിൽ വിഎസിന്റെ ലക്‌ഷ്യം പിഴയ്ക്കും.

ദേശീയ ഗാനത്തിന്റെ പേരിൽ കർശന നടപടിയെടുത്തും മനുഷ്യാവകാശ പ്രവത്തകർക്കെതിരേ യുഎപിഎ ചുമത്തിയും കേന്ദ്രസർക്കാരിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് കഴിഞ്ഞ ഒരുമാസമായി പിണറായിയുടെ നേരിട്ട് കൈയാളുന്ന സംസ്ഥാന ആഭ്യന്തര വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതും കേന്ദ്രത്തിന്റെ ഗുഡ്ബുക്കിൽ ഇടം പിടിക്കുക എന്ന ലക്‌ഷ്യം വച്ചായിരുന്നു എന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതൊന്നും കേന്ദ്രസർക്കാർ മുഖവിലക്കെടുത്തില്ല എങ്കിൽ സിബിഐ കുരുക്ക് ഹൈക്കോടതിയിൽ മുറുകുകയായിരിക്കും ഫലം.

ജനുവരി നാലിന് ആരംഭിക്കുന്ന കോടതി നടപടി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. പരമാവധി ആറുദിവസം നീളുന്ന വാദത്തിനു ശേഷം ജഡ്ജ്‌മെന്റ് പറയാൻ തീയതി നിശ്ചയിക്കും. അങ്ങനെയെങ്കില്‍  രണ്ടാം വാരത്തിനുള്ളിൽ തന്നെ പിണറായിയുടെ വിധി അറിയാൻ കഴിയും.

ഇങ്ങനെ ഒരു സാഹചര്യം മുന്‍കൂട്ടിക്കണ്ടാണ് എംഎം മണിക്കെതിരെ വിഎസ് കരുക്കൾ നീക്കുന്നത്. വിഎസിന്റെ മുന്നിൽ മണി ലക്ഷ്യമല്ല വഴി മാത്രമാണ്. അതായത് വിഎസ് ഇപ്പോൾ അരങ്ങൊരുക്കുക മാത്രമാണ് ചെയ്യുന്നത്.

വിഎസിന്റെ അതേ കളരിയിൽ പഠിച്ച കോടിയേരി ബാലകൃഷ്ണൻ മണി വിഷയത്തില്‍ കച്ചമുറുക്കി ഇറങ്ങിയതും ശ്രദ്ധേയമാണ്. ഇപി ജയരാജൻ രാജിവച്ച പോലുള്ള സാഹചര്യമില്ലെന്നും എംഎം മാണി, മന്ത്രിപദവി ഒഴിയേണ്ട കാര്യമില്ലെന്നും കോടിയേരി വാദിക്കുന്നതിന്റെ കാര്യവും ഈ അടി എംഎം മണിക്കുള്ളതല്ല, മറിച്ച് പിണറായിയെ ലക്‌ഷ്യം വച്ചുള്ളതാണെന്ന്‍ അറിയാവുന്നതു കൊണ്ടു തന്നെയാണ്. ലാവ്‌ലിൻ കേസിൽ ഹൈക്കോടതിയിൽ നിന്നും വിധിവരുന്നത് വരെ ഈ കള്ളനും പോലീസും കളി തുടർന്നു കൊണ്ടേയിരിക്കും. വിഎസിന്റെ ശരിക്കുള്ള കളി പാർട്ടി ഇനി കാണാൻ ഇരിക്കുന്നതേയുള്ളു.

പിന്നിൽക്കുത്ത്: സംഘര്‍ഷങ്ങളും കാലുഷ്യങ്ങളുമില്ലാത്ത, ശാന്തിയുടേയും സമാധാനത്തിന്റേയും സാമൂഹ്യനീതിയുടേയും നാളുകള്‍ സാക്ഷാത്കരിക്കാന്‍ ക്രിസ്തുമസ്സും നവവത്സരവും ഇടയാകട്ടെ എന്ന് വിഎസ് ആശംസിച്ചു. (വി എസിന്റെ ആശംസാ സന്ദേശത്തിൽ നിന്ന് )

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍