UPDATES

ട്രെന്‍ഡിങ്ങ്

വിടുതല്‍ ഹര്‍ജി അഥവ വടികൊടുത്ത് അടിവാങ്ങല്‍; മണിയാശാന്‍ പെട്ടു

മണക്കാട് പ്രസംഗത്തെക്കാള്‍ വലിയ മണ്ടത്തരമായി പോയി വിടുതല്‍ ഹര്‍ജി

വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്റെ രാജിയാണ് എംഎം മണിക്ക് തികച്ചും അപ്രതീക്ഷിതമായി മന്ത്രിസഥാനം നേടിക്കൊടുത്തത്. സിപിഎം സെക്രട്ടേറിയേറ്റ് അംഗം, ഇടുക്കിയിലെ ഒന്നാം നിര കമ്യൂണിസ്റ്റ്, സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കന്മാരില്‍ ഒരാള്‍ എന്നൊക്കെയുള്ള വിശേഷണങ്ങളുണ്ടെങ്കിലും അതൊന്നും പിണറായി മന്ത്രിസഭയിലെ പേരുകാരനായി മണിയെ ഉയര്‍ത്തിക്കാട്ടിയിരുന്നതേയില്ല. വിഎസിന്റെ വിശ്വസ്തനും പിന്നീട് അദ്ദേഹത്തിന്റെ വിമര്‍ശകനും അതുവഴി പിണറായി എന്ന ശക്തികേന്ദ്രത്തിന്റെ ഉപഗ്രഹവലയത്തില്‍ സ്ഥാനം നേടുകയും ചെയ്ത മുണ്ടക്കല്‍ മാധവന്‍ മണിയെന്ന ഇടുക്കിയുടെ സ്വന്തം മണിയാശാന് ഒടുവില്‍ ജയരാജന്‍ വഴി ശുക്രന്‍ തെളിഞ്ഞപ്പോള്‍ ഒരുപാടുപേര്‍ അതില്‍ സന്തോഷിച്ചിരുന്നു. മണിക്കുപോലും അത്ഭുതമായി തോന്നിയ മന്ത്രിസ്ഥാനം ഇപ്പോള്‍ മണിയാശാന്‍ തന്നെ നഷ്ടപ്പെടുത്തുമോ എന്ന സംശയമാണ് ഉണ്ടായിരിക്കുന്നത്.

അഞ്ചേരി ബേബി വധക്കേസില്‍ നിന്നും വിടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ട് മണി നല്‍കിയ വിടുതല്‍ ഹര്‍ജി തൊടുപുഴ രണ്ടാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഇതോടെ തന്നെ തല്ലാന്‍ ഒരു വടി മണി തന്നെ പ്രതിപക്ഷത്തിന് എടുത്തു കൊടുത്തിരിക്കുകയാണ്. പ്രതിപക്ഷത്തിനു മാത്രമല്ല, ഹൈറേഞ്ച് രാഷ്ട്രീയത്തിന്റെ ചോരക്കഥകള്‍ ഒന്നുകൂടി പൊടിതട്ടിയെടുത്ത് പുതിയ ചേരുവകകള്‍ ചേര്‍ത്ത് വിളമ്പാന്‍ മാധ്യമങ്ങളെയും മണിയാശാന്‍ പ്രേരിപ്പിച്ചു കഴിഞ്ഞു. നാവുദോഷത്തിന്റെ ഫലം!

എവിടെയെങ്ങാണ്ട് തോടുണ്ടെന്നു കരുതി ഇവിടെവച്ചു മുണ്ടുപൊക്കിയേക്കാമെന്ന തീരുമാനമാണ് ഇപ്പോള്‍ മണിശായന്റെ കാര്യത്തില്‍ തെറ്റിയത്. സിപിഎം നേതാവ് മോഹന്‍ദാസ് വധക്കേസിലെ പ്രതിയും ഐഎന്‍ടിയുസി നേതാവുമായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ നിന്നും തന്നെ വിടുതല്‍ നല്‍കണമന്നാവശ്യപ്പെട്ടാണ് മന്ത്രിയായ മണി ഹര്‍ജി നല്‍കിയത്. ആരാണ് മണിക്ക് അങ്ങനെയൊരു ഉപദേശം നല്‍കിയെന്നത് തിരക്കിയറിയണം! പണ്ടു തട്ടില്‍ എസ്റ്റേറ്റ് കൊലപാതക കേസില്‍ കരുണാകാരനു കിട്ടിയ ഭാഗ്യം മണിയാശാനും കിട്ടുമെന്നു കരുതിയെങ്കില്‍ അതൊരു അതിമോഹമാണെന്നു പറഞ്ഞുകൊടുക്കാന്‍ കൂട്ടത്തില്‍ ആളില്ലാതായി പോയി ഇടുക്കിയിലെ നേതാവിന്.

കോഴി കട്ടതിന്റെ പൂട എന്റെ തലയില്‍ ഉണ്ടെന്ന്‍ ധീരതയോടെ വിളിച്ചു പറഞ്ഞ മണി തന്നെയാണ് ഒരിക്കല്‍ അടച്ചുപൂട്ടിയ കേസ് വീണ്ടും കെട്ടഴിച്ചെടുക്കാന്‍ പൊലീസിനു പ്രേരണയായത്. 1982 നവംബര്‍ 12-നു നടന്ന ബേബിയുടെ കൊലപാതകത്തില്‍ പ്രതികളായ മണിയുള്‍പ്പെടെ ഏഴുപേരെ 88-ല്‍ തന്നെ കോടതി വെറുതെ വിട്ടിരുന്നു. പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി നടപടി ഹൈക്കോടതിയും ശരിവയ്ക്കുകയുണ്ടായി. എന്നാല്‍ 2012 മേയ് 25 നു ഇടുക്കിയിലെ മണക്കാട് നടത്തിയ മണിയുടെ വിവാദ വണ്‍ ടു ത്രീ പ്രസംഗത്തോടെ കേസ് വീണ്ടും സജീവമായി.

ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി… വണ്‍, ടൂ, ത്രീ ഫോര്‍… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു… ഇതോടെ അടിപേടിച്ച് കോണ്‍ഗ്രസുകാര്‍ ഖദര്‍ വലിച്ചെറിഞ്ഞ് ഓടി. ഞങ്ങളിതെല്ലാം കുറെ കണ്ടതാണ്. മനസിലായില്ലേ, കണ്ടും കൈകാര്യം ചെയ്തും ശീലമുണ്ട്…

ഇങ്ങനെ പോകുന്നതായിരുന്നു മണിയുടെ മണക്കാട് പ്രസംഗം. വിഎസിനെയും സിപിഐക്കാരെയും കോണ്‍ഗ്രസ് നേതാക്കളെയുമെല്ലാം കണക്കിനു പറയുന്ന പ്രസംഗത്തില്‍ വെടിവച്ചും വെട്ടിയും കൊന്നതിന്റെ കണക്ക് അഹങ്കാരത്തോടെ വിളിച്ചു പറയുമ്പോള്‍ പാവം മണിയാശാന്‍ ഓര്‍ത്തില്ല, പിരിച്ചുകെട്ടി കൊടുത്തത് തന്റെ കഴുത്തില്‍ തന്നെയിടാനുള്ള കുരുക്കാണെന്ന്. ആ കരുക്കില്‍ നിന്നും തലയൂരാനുള്ള തത്രപ്പാടില്‍ ഒന്നാണ് ഇപ്പോള്‍ ചീറ്റിപ്പോയത്.

മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയതില്‍ ഒരത്ഭുതവും ഇല്ല. ഇത്തരം കേസുകളില്‍ ഒരു കോടതിയും വിടുതല്‍ കൊടുക്കുകയില്ല. കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റങ്ങളില്‍ നിന്നും കോടതി വിടുതല്‍ നല്‍കി ആരെയെങ്കിലും വിടുമെന്ന് കരുതാമോ? അതല്ലെങ്കില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നും പ്രഥമദഷ്ട്യ കേസ് തന്നെ നിലനില്‍ക്കില്ലെന്നു കോടതിക്കു തോന്നണം. ഇവിടെ അങ്ങനെയൊരു സാഹചര്യമല്ലല്ലോ!  കേസ് നിലനില്‍ക്കില്ലെന്നു കോടതിക്കു ബോധ്യപ്പെട്ടാലല്ലാതെ പ്രതിചേര്‍ക്കപ്പെട്ട ഒരാളെ കേസില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യമല്ലെന്ന സാമാന്യബോധ്യം ഇല്ലാതെ ഇത്തരമൊരു വിടുതല്‍ ഹര്‍ജി നല്‍കിയത് ആശാന്റെ മണക്കാട് പ്രസംഗത്തെക്കാള്‍ വലിയ മണ്ടത്തരമാണ്. ഇങ്ങനെയൊരു അബദ്ധം മണി കാണിക്കേണ്ടിയിരുന്നില്ല. വിജിലന്‍സ് കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ പോയ കെഎം മാണിയുടെ ഗതിയായിപ്പോയി ഇപ്പോള്‍ മണിയാശാനും.

മണിയാശന്റെ വശത്തു നിന്നു നോക്കിയാല്‍, നീലക്കുറുഞ്ഞി പൂത്തപോലെ കാത്തുകാത്തിരുന്നു കിട്ടിയ ഒരു മന്ത്രിസ്ഥാനമാണ്, മന്ത്രി ജീവിതത്തിനു വിഘ്‌നം വരുന്നതെല്ലാം ഒഴിവാക്കണം എന്നു തോന്നിയപ്പോഴാകണം കൊലപാതക കേസില്‍ നിന്നും വിടുതല്‍ വാങ്ങിച്ചേക്കാം എന്നു തോന്നിയത്. വാസ്തവത്തില്‍ കേസിനെ കേസിന്റെ വഴിക്കും മണിക്കു മണിയുടെ വഴിക്കും പോയാല്‍ മതിയായിരുന്നു. ഒന്നും മിണ്ടാതെ കോടതിയില്‍ പോയി വിചാരണ നേരിടുക. പുറത്തിറങ്ങി ഇതെല്ലാം തനിക്കെതിരേയുള്ള രാഷ്ട്രീയഗൂഢാലോചനയാണെന്നു വിളിച്ചു പറയുക, അതും സ്വതശൈലിയില്‍ തന്നെ ആയാലും കുഴപ്പമില്ലായിരുന്നു. ഏതായാലും ജനം ഇടുക്കിയുടെ മണിമുത്തിന്റെ രാജിയൊന്നും ആവശ്യപ്പെടില്ലായിരുന്നു. കോണ്‍ഗ്രസുകാര്‍ക്കും അതില്‍ അത്രകണ്ട് ഏനക്കേടും തോന്നില്ലായിരുന്നു. ഏതെങ്കിലും പത്രക്കാരനോ ചാനലുകാരനോ മണിയാശന്റെ ഒരു ബൈറ്റ് കിട്ടാന്‍ എന്തെങ്കിലും ചെയ്യുന്നതേ ഉണ്ടാകുമായിരുന്നുള്ളൂ.

കോടതി വിടുതല്‍ ഹര്‍ജി തള്ളിയ സ്ഥിതിക്ക് എംഎം മണി ഇപ്പോള്‍ ബേബി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ്. അവിടെയാണ് മണിയുടെ മുന്നിലുള്ള ധാര്‍മികത.

രാജിവയ്ക്കുന്നില്ലെന്നു മണി തീരുമാനിച്ചാല്‍ സാക്ഷാല്‍ പിണറായി വിജയനും മറിച്ചു ചിന്തിക്കുമെന്നു തോന്നുന്നില്ല. പക്ഷേ മാണി രാജിവച്ചതും ജയരാജനെ കൊണ്ടു രാജിവയ്പ്പിച്ചതുമൊക്കെ ധാര്‍മികതയുടെ പേരില്‍ ആയിരുന്നില്ലേ എന്നാരെങ്കിലും ചോദിച്ചാലോ? ഒരു കൊലപാതക കേസില്‍ രണ്ടാം പ്രതിയായ ഒരാള്‍ മന്ത്രിയായിരിക്കുകയെന്നു പറഞ്ഞാല്‍ ഇതു ബിഹാറും യുപിയൊന്നും അല്ലല്ലോ, കേരളമല്ലേ, കേരളം.

ഇനിയിപ്പം അഞ്ചേരി ബേബി വധക്കേസ് മറന്നു പോയ ഇടുക്കിക്കാര്‍ കോണ്‍ഗ്രസുകാര്‍ തൊട്ട് സുധീരന്‍, ചെന്നിത്തല, ഉമ്മന്‍ ചാണ്ടി ടീം വരെ മണിയുടെ ചരടഴിക്കാന്‍ ഇറങ്ങും. കുമ്മനവും സംഘവും ചിലപ്പോള്‍ ഹര്‍ത്താല്‍വരെ പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്. എന്തായാലും അന്തരീക്ഷം ബഹളമയമായിരിക്കും.

വിപ്ലവും വീര്യവും ഹൈറേഞ്ചില്‍ ഉള്ള ഒരാളായതുകൊണ്ട് മണിയാശനും ഈ ബഹളവും കരിങ്കൊടി കാണിക്കലുമെല്ലാം വെറും തമാശയായി തോന്നും. എന്നാലും ഇതെല്ലാം എന്തിനായിരുന്നൂവെന്നു ആരെങ്കിലും ചോദിച്ചാല്‍ ഒരു നാവുപിഴയെന്നു പറഞ്ഞൊഴിയാല്‍ എംഎം മണിക്ക് ആകുമോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍