UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്നൊരു നവംബറില്‍ വീട്ടുപടിക്കല്‍ പോലീസ്, ഈ നവംബര്‍ കാത്തുവച്ചത് മന്ത്രിക്കസേര

Avatar

അഴിമുഖം പ്രതിനിധി

നാല് വര്‍ഷം മുന്‍പ് നവംബര്‍ മാസത്തില്‍ പുലര്‍ച്ചെ 5.30-നാണ് ഡിഐജി കെ പദ്മകുമാറിന്റെ നേതൃത്വത്തിലെ പ്രത്യേകാന്വഷണ സംഘം എംഎം മണിയുടെ വാതിലില്‍ മുട്ടുന്നത്. ഹൈറേഞ്ചിലെ ശക്തനായ രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്യാനായി എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചായിരുന്നു വരവ്. വന്‍ പോലീസ് സംഘത്തെ ജില്ലാ അതിര്‍ത്തിയില്‍ വിളിപ്പുറത്തു കാത്തു നിര്‍ത്തിയായിരുന്നു മണിയെ അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കപ്പെട്ടതോടെ മണിയെ റിമാന്റ് ചെയ്തു. മണിയെ അറസ്റ്റ് ചെയ്ത പോലീസ് നീക്കത്തിന് പേരിട്ടത് ഓപ്പറേഷന്‍ റിങ് ടോണ്‍ എന്നായിരുന്നു.

 

വെട്ടിയും അടിച്ചും കുത്തിയും എതിരാളികളെ വകവരുത്തിയെന്ന പൊതുവേദിയിലെ വീരസ്യം പറച്ചിലാണ് മണിയെ ഇരുമ്പഴികള്‍ക്കുള്ളിലാക്കിയത്. അവസരം കാത്തിരുന്ന കോണ്‍ഗ്രസ് നേതാവ് പിടി തോമസ് നീക്കിയ കരുക്കളില്‍ തട്ടി മണി വീണു. അക്കാലത്ത് ചാനലുകളുടെ അന്തി ചര്‍ച്ചയിലൂടെ മണിയാശാന്‍ കേരളം നിറഞ്ഞു നിന്നു.

 

മുട്ടുകാട് നാണപ്പന്റെയും മുള്ളന്‍ചിറ മത്തായിയുടെയും അഞ്ചേരി ബേബിയുടെയും ആത്മാക്കളാണ് മണിയെ വീഴ്ത്തിയെന്നു പോലും വ്യാഖ്യാനമുണ്ടായി. യൂത്ത്‌ കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി 1982-നാണ് വെടിയേറ്റ് മരിക്കുന്നത്. അതും ഒരു നവംബര്‍ മാസത്തില്‍. തോട്ടം തൊഴിലാളികളുടെയും ഇടുക്കിയിലെ സിപിഎമ്മിന്റെയും നേതാവായിരുന്ന മണിയെ കേരളം ചര്‍ച്ച ചെയ്യുന്നത് വിഎസ് പക്ഷത്തു നിന്നുള്ള കൂറുമാറ്റത്തോടെ ആയിരുന്നു. ജി സുധാകരന്‍ മാറ്റിച്ചവിട്ടിയതോടെ സ്വന്തം ജില്ലയായ ആലപ്പുഴ പോലും കൈവിട്ട വിഎസിന് പിന്നില്‍ ഉറച്ച മലപോലെയാണ് മണിയുടെ നേതൃത്വത്തിലെ ഇടുക്കി പാര്‍ട്ടി നേരത്തെ നിലയുറപ്പിച്ചിരുന്നത്. കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കല്‍ വിഎസ് സര്‍ക്കാര്‍ നയമാക്കിയതോടെ സര്‍ക്കാര്‍ ഭൂമി വളച്ചു കെട്ടിയ മണിയുടെ സഹോദരന്‍ ലംബോദരന്‍ പ്രതിയായി. കൊടിയുടെ ചുവപ്പിനേക്കാള്‍ തീവ്രത മണി കണ്ടത് രക്തബന്ധത്തിലായിരുന്നു. മണി പിണറായി പക്ഷത്തേക്ക് മറിഞ്ഞതോടെ ഇടുക്കിയിലെ സിപിഎമ്മില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. മണിയാശാന്‍ വരച്ച വരയ്ക്കപ്പുറത്തേക്ക് പോകാന്‍ പല സഖാക്കളും മടിച്ചതോടെ ഇടുക്കിയും പിണറായി ഉള്ളം കൈയിലാക്കി.

 

ഇഎഎസ് നാക്കെടുത്താല്‍ എതിരാളികളെയാണ് കഷ്ടത്തിലാക്കിയിരുന്നത് എങ്കില്‍ മണി സ്വന്തം പാര്‍ട്ടിയെ ആയിരുന്നു. പിണറായിയോട് ചേര്‍ന്ന ശേഷം മണിയുടെ ഒന്നാം നമ്പര്‍ ശത്രു വിഎസ് ആയി. പോളിട്ട് ബ്യുറോ അംഗങ്ങള്‍ പോലും പലപ്പോഴും മണിക്കെതിരായി.

 

 

ബംഗാളില്‍ സിപിഎം പ്രവര്‍ത്തകരെ തൃണമൂല്‍ ആക്രമിക്കുന്നു എന്ന കാംപൈയിന്‍ പാര്‍ട്ടി ശക്തമാക്കിയപ്പോഴാണ് മണിയുടെ വാക്കുകള്‍ തിരിഞ്ഞു കൊത്തിയത്. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും കുറച്ചു കാലം മാറ്റി നിര്‍ത്തിയെങ്കിലും ഇടുക്കിയുടെ ആശാന്‍ മണിയാശാന്‍ ആയിരുന്നു. ഇത് തിരിച്ചറിഞ്ഞ പിണറായി അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാക്കി വാത്സല്യം അറിയിച്ചു

 

നിരന്തരം പിഴയ്ക്കുന്ന നാക്ക് മന്ത്രി പ്രഖ്യാപനത്തിലും പാര്‍ട്ടിയെ വെള്ളത്തിലാക്കി. മന്ത്രി ആക്കുന്നതില്‍ പാര്‍ട്ടിയോട് നന്ദിയുണ്ടെന്ന് പറഞ്ഞ മണി, വകുപ്പിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതൊക്കെ വൈദ്യുതി വകുപ്പിനെക്കുറിച്ച് പഠിച്ചിട്ടു പറയാം എന്നതായിരുന്നു മറുപടി. മണിയുടെ പ്രതികരണം വന്നുകഴിഞ്ഞ്  മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഔദ്യോഗികമായി മണിയെ മന്ത്രിസഭയിലേക്ക് തെരെഞ്ഞെടുത്ത വിവരം അറിയിക്കുന്നത്. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും എന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞതോടെ വെളിപാട് ഉണ്ടായ മണി, വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും എന്ന് ആവര്‍ത്തിച്ചു; ഇതോടെ മറ്റൊരു കുടുക്കില്‍ നിന്നും പാര്‍ട്ടി രക്ഷപെട്ടു. വിഎസ് മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി മുതല്‍ ഡ്രൈവറെ വരെ പാര്‍ട്ടി ആയിരുന്നു തീരുമാനിച്ചിരുന്നതെങ്കില്‍ മന്ത്രിയുടെ വകുപ്പ് വരെ പിണറായി വിജയന് തീരുമാനിക്കാം.

 

അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പകുതിക്കാലവും മാണി ജില്ലാ സെക്രട്ടറി ആയിരുന്നു. നിയമസഭയിലേക്ക് ആദ്യമായി ജയിച്ച ടേമില്‍ തന്നെ മന്ത്രി ആകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ടിപി ചന്ദ്രശേഖരന്‍ കൊലപാതകം പാര്‍ട്ടിയെ വെട്ടിലാക്കിയപ്പോഴാണ് വണ്‍, റ്റു, ത്രീ പ്രസംഗം പാര്‍ട്ടിയെ വെട്ടിലാക്കിയത്. തന്റെ ശൈലി മാറ്റില്ലെന്ന് മണി ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയില്‍ ചിലര്‍ക്കെങ്കിലും ഉള്ളില്‍ ഞെട്ടലുണ്ട്.

 

എന്നാല്‍ തനതായ ശൈലി ഉള്ളവര്‍ മന്ത്രിസ്ഥാനത്തെത്തുമ്പോള്‍ മികച്ച പ്രകടനം കാഴ്ച വച്ച ചരിത്രം ജസ്റ്റിസ് സി എസ് രാജന്‍ പങ്ക് വയ്ക്കുന്നുണ്ട്. ഇമ്പിച്ചിബാവ മന്ത്രിയായിരുന്ന കാലം. മറ്റുള്ള മന്ത്രിമാരെ താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ ആളായിരുന്നു ഇമ്പിച്ച ബാവ. ഇതൊന്നും പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നില്ല. 1968 കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്ന സമയത്ത് എ.ജി.എസ് ഓഫീസിനു മുന്നിലുള്ള ബസ് സ്‌റ്റോപ്പ് ആര്‍.ടി.ഒ മാറ്റിസ്ഥാപിച്ചു. പരാതിയുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഇമ്പിച്ചിബാവയെ സമീപിച്ചു. ബസ് സ്‌റ്റോപ്പ് മാറ്റി സ്ഥാപിച്ച പരിഷ്‌ക്കാരം പിന്‍വലിക്കണമെന്ന് ബാവ ആര്‍.ടി.ഒയോട് ആവശ്യപ്പെട്ടു. ചട്ടവും നിയമവും ഉദ്ധരിച്ച് നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ആര്‍.ടി.ഒ ശ്രമിച്ചപ്പോള്‍ മന്ത്രി ഒരു കാര്യം മാത്രം ഓര്‍മിപ്പിച്ചു. ഞാന്‍ ഇപ്പോള്‍ ഊണ് കഴിക്കാന്‍ പോകുന്നു. തിരിച്ചു വരുമ്പോള്‍ ബസ് സ്‌റ്റോപ്പ് പഴയ സ്ഥലത്തില്ലെങ്കില്‍ താന്‍ ഈ കസേരയില്‍ ഉണ്ടാകില്ല; ഭീഷണി ഏറ്റു, ബസ് സ്‌റ്റോപ്പ് തിരികെയെത്തി. മുന്‍പിന്‍ നോക്കാതെ തനിക്കു ശരിയെന്നു തോന്നുന്നത് ചെയ്യുന്ന മന്ത്രിമാര്‍ വിജയിച്ച ചരിത്രവുമുണ്ട്. അങ്ങനെ വിജയിച്ച ഒരാളായി മാറാന്‍ മണിക്ക് കഴിയുമെന്നാണ് ജസ്റ്റിസ് സിഎസ് രാജന്റെ പ്രതീക്ഷ, കേരളത്തിന്റെയും. മണിയെ വേദനിപ്പിച്ച നവംബര്‍, മന്ത്രിക്കസേരയുടെ സന്തോഷവുമായിട്ടാണ് ഇത്തവണ എത്തിയിരിക്കുന്നത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍