UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

സബ് കളക്ടര്‍ ചെറ്റ…വണ്‍, ടൂ, ത്രീ… വിവാദമൊഴിയാതെ മണിയുടെ നാക്ക്

ഒരു മന്ത്രിയാണെന്ന് പോലും ചിന്തിക്കാതെയുള്ള പരാമര്‍ശങ്ങളാണ് മണിയുടെ ഭാഗത്തു നിന്നും നിരന്തരമുണ്ടാകുന്നത്‌

ഗ്രാമീണ ഭാഷാ ശൈലിയിലെ പ്രയോഗങ്ങളും ഔപചാരികതകളില്ലാത്ത ഭാഷാ ശൈലിയും സ്വന്തമായുള്ള എം എം മണിയെന്ന മണിയാശാന്‍ മന്ത്രിയാകുന്നതിന് മുമ്പ് തന്നെ വിവാദങ്ങളെ ഒപ്പം കൂട്ടിയതാണ്. മന്ത്രിയായപ്പോള്‍ തുടക്കത്തില്‍ പക്വതയോടെ പെരുമാറിയെങ്കിലും മുന്‍പിന്‍ ചിന്തിക്കാതെയുള്ള പ്രസ്താവനകള്‍ അദ്ദേഹം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ഒരു മന്ത്രിയാണെന്ന് പോലും ചിന്തിക്കാതെയുള്ള പരാമര്‍ശങ്ങളാണ് പിന്നീടുണ്ടായത്.

ഏറ്റവും കൂടുതല്‍ കാലം സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കുകയും ഇടുക്കിക്കാരുടെ പ്രിയപ്പെട്ട മണിയാശാന്‍ ആയിരുന്നെങ്കിലും കേരള ജനതയ്ക്ക് എംഎം മണിയെന്ന പേര് ഏറെ സുപരിചിതമായത് തന്നെ ഒരു വിവാദ പ്രസംഗത്തിലൂടെയാണ്. മണി നടത്തിയ ഏറ്റവും വിവാദ പ്രസംഗവും ഇതുതന്നെയായിരുന്നു. പ്രശസ്തമായ വണ്‍, ടു, ത്രീ പ്രസംഗം തന്നെയാണ് അത്. ഇടുക്കിയിലെ പ്രാദേശിക സമ്മേളനത്തില്‍ വച്ച് ഒരു ക്യാമറയില്‍ പതിഞ്ഞ് ചാനലുകളില്‍ എത്തിയതോടെ പ്രസംഗം വിവാദമായി തീര്‍ന്നു. ഈ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹം കൊലക്കേസ് പ്രതിയാകുകയും ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.

ടിപി വധത്തെ തുടര്‍ന്ന് സിപിഎം രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ഏറെ പഴി കേട്ട കാലത്തായിരുന്നു മണിയാശാന്റെ വിവാദ പ്രസംഗവുമെന്നത് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. ‘ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കി കൈകാര്യം ചെയ്തു. ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍.. ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ തല്ലിക്കൊന്നു. മനസിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു’. എന്നതായിരുന്നു ആ പ്രസംഗത്തിലെ വിവാദമായ പരാമര്‍ശം. ഈ പ്രസംഗത്തിന്റെ പേരില്‍ ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് ആവശ്യപ്പെടുകയും ചെയ്തു. ഇടുക്കി ജില്ലയില്‍ പ്രവേശിക്കാന്‍ ഏറെക്കാലം ഇദ്ദേഹത്തിന് വിലക്കുമുണ്ടായിരുന്നു. ഇത്രയൊക്കെയായിട്ടും തന്റെ നാക്ക് നിയന്ത്രിക്കാന്‍ മണി ഒരുക്കമല്ലായിരുന്നു.

ഇത് തെളിയിക്കുന്നതായിരുന്ന കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയല്‍ ചെറുതോണിയില്‍ നടത്തിയ പ്രസംഗം. പൈനാവ് പോളിടെക്‌നിക് പ്രിന്‍സിപ്പലിനും ചെറുതോണി എസ്‌ഐ ഗോപിനാഥിനുമെതിരെ നടത്തിയ പ്രസംഗമായിരുന്നു ഇത്. ജെഎന്‍യുവിലെ സമരത്തില്‍ അനുഭാവം പ്രകടിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ എസ്എഫ്‌ഐ പഠിപ്പ് മുടക്കല്‍ പ്രഖ്യാപിച്ചപ്പോഴാണ് ഇത്. പൈനാവ് പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒഴികെ ആരും പഠിപ്പ് മുടക്കിയില്ല. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ചെറുതോണി എസ്‌ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇതില്‍ പ്രതിഷേധിച്ച് ചെറുതോണിയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് മണിയുടെ വിവാദ പ്രസംഗമുണ്ടായത്.

ക്ലാസ് മുറിയുടെ കതകടച്ച് പഠിപ്പിക്കുകയാണെന്ന് പറയുന്ന പോളിടെക്‌നിക്കിലെ വനിത പ്രിന്‍സിപ്പലിന് മറ്റെന്തിന്റെയോ സൂക്കേടാണെന്നും തന്തയ്ക്ക് പിറക്കാത്ത എന്ത് പ്രവര്‍ത്തിയും ചെയ്യുന്നവനാണ് എസ്‌ഐ എന്നുമായിരുന്നു മണിയുടെ ആക്ഷേപം. പോലീസുകാര്‍ വായിനോക്കികളാണെന്ന് പറഞ്ഞ മണി എസ്‌ഐയെയും പോലീസുകാരെയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം പ്രിന്‍സിപ്പലിനെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത് വിവാദമായതോടെ മണി മാപ്പ് പറഞ്ഞ് തടിയൂരി. പരാമര്‍ശത്തില്‍ പിശക് പറ്റിയെന്ന് മണി തുറന്ന് സമ്മതിക്കുകയും ചെയ്തു. അതേസമയം പോലീസിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയും ചെയ്തു. വിവാദ പ്രസംഗത്തിന്റെ പേരില്‍ എം എം മണി ഉള്‍പ്പെടെ നാല് നേതാക്കള്‍ക്കെതിരെ ഇടുക്കി പോലീസ് കേസെടുക്കുകയും ചെയ്തു.

അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ടാണ് മണിയുടെ മറ്റൊരു വിവാദ പ്രസ്താവനയുണ്ടായത്. പരിസ്ഥിതി സംരക്ഷണത്തിനായി അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യം ശക്തമായി ഉയരുമ്പോള്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മണി നിയമസഭയില്‍ നിലപാട് വ്യക്തമാക്കിയപ്പോള്‍ തന്നെ ഈ വിഷയത്തില്‍ വിവാദവും ആരംഭിച്ചു. പിന്നീട് വനം നഷ്ടപ്പെടുമെന്ന പരാതികള്‍ വലിയ ഗൗരവമുള്ളതല്ലെന്നും വൈദ്യുതിയാണ് പ്രധാനമെന്നും മണി പറഞ്ഞതോടെ വിവാദം കൊഴുത്തു. എന്നാല്‍ അതിരപ്പള്ളി പദ്ധതി വിഷയത്തില്‍ അറക്കുന്നതിന് മുമ്പ് പിടയ്ക്കുന്ന സമീപനമാണ് ഉണ്ടായതെന്ന് പറഞ്ഞതോടെ മണിയുടെ പ്രസ്താവനയ്ക്ക് മറ്റ് തലങ്ങള്‍ കൈവന്നു. പേരാവൂര്‍ നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചപ്പോഴാണ് ഈ പ്രസ്താവന നടത്തിയത്. അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് കര്‍ക്കശമായി താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും നിയമസഭയില്‍ പറഞ്ഞത് അഭിപ്രായ സമന്വയം ഉണ്ടെങ്കില്‍ നടപ്പാക്കുമെന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. അപ്പോഴേ പിടയ്ക്കാന്‍ തുടങ്ങി, അറക്കുമ്പോഴല്ലേ പിടയ്ക്കല്‍ ആവശ്യമുള്ളൂവെന്നും അദ്ദേഹം ചോദിച്ചു.

പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെയായിരുന്നു മണിയുടെ അടുത്ത ആക്രമണം. മഹിജ ആര്‍എസ്എസിന്റെയും യുഡിഎഫിന്റെയും നിയന്ത്രണത്തിലാണെന്ന് പറഞ്ഞാണ് ഇക്കഴിഞ്ഞ ആറാം തിയതി അദ്ദേഹം മഹിജയെ പരിഹസിച്ചത്. ജിഷ്ണുവിന്റെ അച്ഛന്‍ തിരികെ നല്‍കുമെന്ന് പറയുന്ന പത്ത് ലക്ഷം രൂപ രമേശ് ചെന്നിത്തലയാകും നല്‍കുന്നതെന്നും അന്ന് മണി പറഞ്ഞു. എന്നാല്‍ ഏറ്റവും ഗൗരവകരമായ പരാമര്‍ശം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. മുഖ്യമന്ത്രി കാണാന്‍ വരുമ്പോള്‍ അവര്‍ കതകടച്ചാല്‍ പ്രശ്‌നമാകുമെന്നാണ് മണി പറഞ്ഞത്. മകന്‍ മരിച്ച അമ്മയോട് യാതൊരു സഹാനുഭൂതിയും പ്രകടിപ്പിക്കാതെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശമായി ഇത് വിലയിരുത്തപ്പെട്ടു. എന്നാല്‍ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പിന്നീട് മണി രംഗത്തെത്തി. മഹിജയുടെ സമരം വഷളായ സാഹചര്യത്തില്‍ മുഖ്യമന്ത്രി അവരെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് താന്‍ പറഞ്ഞതെന്ന് മണി പറഞ്ഞു. പ്രതികളെ പിടികൂടിയ ശേഷം മുഖ്യമന്ത്രി തന്നെ സന്ദര്‍ശിച്ചാല്‍ മതിയെന്ന് മഹിജ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി എത്തുമ്പോള്‍ അകത്ത് കയറാന്‍ അനുവദിക്കാതെ വാതിലടയ്ക്കുന്ന സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് താന്‍ പറഞ്ഞതെന്നും മണി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പ്രസ്താവന നടത്തിയതും ഇതേ ദിവസങ്ങളിലാണ്. രാജ്യസേവനത്തിനായി ഭാര്യയെ പോലും ഉപേക്ഷിച്ചെന്ന മോദിയുടെ പ്രസ്താവനയെ മണി വിമര്‍ശിച്ചപ്പോള്‍ അതിന്റെ ഭാഷയാണ് ചോദ്യം ചെയ്യപ്പെട്ടത്. മോദിക്കെന്തോ കുഴപ്പമുണ്ടായിട്ടാണ് അദ്ദേഹം ഭാര്യയെ ഉപേക്ഷിച്ചതെന്ന് മണി ആരോപിച്ചു. നമ്മുടെ നാട്ടില്‍ ഭാര്യയെ ഉപേക്ഷിച്ചാല്‍ ജൈവശാസ്ത്രപരമായ എന്തോ കുഴപ്പമുണ്ടെന്നേ പറയൂവെന്ന് ഇടുക്കിയില്‍ സംഘടിപ്പിച്ച ഒരു കുടുംബയോഗത്തിലാണ് പറഞ്ഞത്. മോദി മക്കളെ സൃഷ്ടിച്ചിട്ടുണ്ടോയെന്നും മക്കളെ വളര്‍ത്തിയിട്ടുണ്ടോയെന്നും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും പിതാവാണോയെന്നുമെല്ലാമായിരുന്നു മറ്റ് ചോദ്യങ്ങള്‍. പ്രധാനമന്ത്രിക്കെതിരെയെന്നല്ല ഏതൊരു വ്യക്തിക്കെതിരെയും ഇത്തരത്തില്‍ ഒരു പ്രസ്താവന അതും ഒരു മന്ത്രി നടത്തിയെന്നതാണ് വിമര്‍ശിക്കപ്പെട്ടത്. ഒരു കുടുംബത്തില്‍ പോലും പ്രയോഗിക്കാന്‍ പാടില്ലാത്ത ഭാഷ പൊതുചടങ്ങില്‍ പ്രയോഗിച്ചെന്നതും വിവാദമായി.

ചാനലുകള്‍ക്കെതിരെ നടത്തിയ പരാമര്‍ശവും വിവാദമായി. ‘ഏതാനും ചാനലുകാരെ പിടിച്ച് ഞങ്ങളെയങ്ങ് ഒലത്തിക്കളയാമെന്ന് ആരും കരുതണ്ട. അങ്ങനെയാരും വ്യാമോഹിക്കണ്ട, ഇതൊക്കെ ഞങ്ങള്‍ കുറച്ച് കണ്ടതാണ്. കുറെ ചാനലുകാരുണ്ട്, ഞങ്ങളെ എങ്ങനെയെങ്കിലും നന്നാക്കിയെയൊള്ളെന്നാണ്. അതിലേ പോകുവല്ലേ, ക്യമാറയുണ്ട്, മറ്റേടത്തുണ്ട്. പാവം ആളുകള്‍ ഇത് കേട്ടോണ്ടിരിക്കുവാ. ക്യാമറാമാന്‍ എവിടുന്നാ കട്ടപ്പനേന്ന്. റിപ്പോര്‍ട്ടര്‍ വട്ടവടേന്നും’ ഇതായിരുന്നു ആ പ്രസ്താവന.

ഇതിനെല്ലാമൊടുവിലാണ് ദേവികുളം സബ്കളക്ടര്‍ക്കെതിരെ പ്രസ്താവനയിറക്കിയത്. ഇന്നലെ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്കയക്കണമെന്നും അദ്ദേഹം ആര്‍എസ്എസ് ചാരനാണെന്നും പറഞ്ഞ മണി ഗുരുതരമായ പരാമര്‍ശങ്ങളാണ് ഇന്ന് നടത്തിയത്. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീറാം ചെറ്റയാണെന്നും ഇടുക്കി കളക്ടര്‍ കഴിവുകെട്ടവനാണെന്നും മണി പറയുന്നു.

ഏതാനും നാളുകളായി ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന മൂന്നാര്‍ കയ്യൊഴിപ്പിക്കല്‍ ഇപ്പോള്‍ മണിയുടെ പ്രസ്താവനകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ.  മണിയുടെ നാക്കിനെ നിയന്ത്രിക്കാനുള്ള കഴിവ് പോലും മുഖ്യമന്ത്രിക്കില്ലേയെന്നാണ് പലരുടെയും ചോദ്യം. മണി മന്ത്രിയായപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ അതിനെ ആഘോഷമാക്കിയവര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നു. പാര്‍ട്ടി അനുഭാവിയോ പാര്‍ട്ടി നേതാവോ എംഎല്‍എയോ ആയിരിക്കുമ്പോള്‍ നടത്തുന്ന പരാമര്‍ശങ്ങളല്ല മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. മന്ത്രി കേരളത്തിലെ ജനങ്ങളോടെല്ലാം ബാധ്യതപ്പെട്ടവനാണ്. ആ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കാന്‍ സാധിക്കാത്തയാള്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. അതിനാല്‍ ഇനിയും മണിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് സിപിഎമ്മിനുള്ളില്‍ പോലും ആവശ്യം ഉയരുന്നുണ്ട്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍