UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്കാദമിക് രംഗത്തെ അപൂര്‍വതയായിരുന്നു പാണ്ഡ്യന്‍; ഒരോര്‍മ്മക്കുറിപ്പ്

Avatar

അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ മനസില്‍ മായാത്ത മുദ്രപതിപ്പിച്ചാണ് എംഎസ്എസ് പാണ്ട്യന്‍ കടന്നുപോകുന്നത്. അതൊകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം വിശ്വസിക്കാന്‍ പ്രയാസമാണ്. 

വിശാലവിജ്ഞാനമല്ലാതെ മറ്റൊന്നുകൊണ്ടും പാണ്ട്യന്‍ ഞങ്ങളെ ഭയപ്പെടുത്തിയില്ല. തന്റെ രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായ ഒരു അക്കാദമിക ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ അക്കാദമിക് ജീവിതം ആ രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒന്നായിരുന്നു. അതുകൊണ്ട് തന്നെ ഈ രംഗത്തെ ഒരു അപൂര്‍വതയായി പാണ്ട്യന്‍ നിറഞ്ഞുനിന്നു. തന്റെ രാഷ്ട്രീയത്തെ അദ്ദേഹം ക്ലാസ് മുറികളിലേക്ക് ആവാഹിച്ചു. അതുവഴി അദ്ദേഹത്തിന്റെ ക്ലാസുകള്‍ അന്യാദൃശ്യങ്ങളായി. 

ജാതി എല്ലായിപ്പോഴും മുഖം മൂടി ധരിക്കപ്പെട്ടതും അതെന്താണെന്നുള്ള നേരിട്ടുള്ള ചര്‍ച്ച ഒരിക്കലും നടക്കാത്തതുമായി ഒരു സമൂഹത്തിനെ (അക്കാദമിക് രംഗത്തെയും) സംബന്ധിച്ചിടത്തോളം, അദ്ദേഹം രാഷ്ട്രീയത്തെയും ചരിത്രത്തെയും നോക്കി കണ്ട രീതിയും തമിഴ് രാഷ്ട്രീയത്തിലെ ജാതി വ്യവസ്ഥയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനവും (Brahmin and Non-Brahmin: Genealogies of the Tamil Political) വിധ്വംസകങ്ങളായിരുന്നു. അതുപോലെയായിരുന്ന അദ്ദേഹത്തിന്റെ ദേശീയമല്ലാത്ത ലോകവീക്ഷണവും. ഇത് ചെയ്യാന്‍ അത്ര എളുപ്പമല്ല. തമിഴ് ഈഴം പോരാട്ടങ്ങളെ പിന്തുണച്ചിരുന്ന അദ്ദേഹം, ഈ അടുത്ത കാലത്ത്, കശ്മീരികളുടെ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണച്ചു. പാണ്ട്യന് ഇത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിച്ചു എന്ന് മാത്രമല്ല തന്റെ ചിന്തകള്‍ കുട്ടികളുമായി പങ്കുവയ്ക്കുന്ന കാര്യത്തിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. സാധാരണ അക്കാദമിക് ബുദ്ധിജീവികളെ പോലെ തന്റെ ‘ലാളിത്യം’ അദ്ദേഹത്തെ ഉതകണ്ഠാകുലനാക്കിയില്ല. ആശയങ്ങളിലെ സങ്കീര്‍ണത അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദോഷൈകദൃക്കാവാനുള്ള മാര്‍ഗമായിരുന്നില്ല. പ്രത്യേകിച്ചും, നീതിക്കും സമത്വത്തിനും വേണ്ടിയുള്ള സമരങ്ങളുടെ കാര്യത്തില്‍. എങ്കിലും അദ്ദേഹത്തിന്റെ പഠനങ്ങളൊന്നും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജല്‍പ്പനങ്ങളായി ചുരുങ്ങിയതുമില്ല. 

ജെഎന്‍യുവിലെ ബിരുദാനന്തരബിരുദ പഠനകാലത്താണ് അദ്ദേഹം എന്നെ പഠിപ്പിക്കുന്നത്. ആ വര്‍ഷം തന്നെയാണ് അദ്ദേഹവും ജെന്‍യുവില്‍ എത്തുന്നത്. ഫൂലെ, പെരിയാര്‍, അംബേദ്കര്‍ എന്നിവരുടെ ആശയങ്ങളെ ക്കുറിച്ചും ദേശീയതയെയും പ്രാദേശിക പ്രസ്ഥാനങ്ങളെയും കുറിച്ചുമുള്ള അദ്ദേഹത്തിന്റ ആദ്യത്തെ രണ്ട് ക്ലാസുകള്‍ തന്നെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അദ്ദേഹം ഞങ്ങളെ ചോദ്യം ചെയ്യാനും ആലോചിക്കാനും പ്രേരിപ്പിക്കുകയും അങ്ങനെ ചരിത്രത്തിന് മറ്റാരും നിര്‍വചിക്കാത്ത ഒരു അര്‍ത്ഥവ്യാപ്തി ഞങ്ങളുടെ മനസില്‍ ഉടലെടുക്കുകയും ചെയ്തു. എന്റെ ബിരുദാനന്തര പഠനകാലത്ത് ഞാന്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. പാണ്ട്യന്റെ ക്ലാസുകള്‍ എന്നെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചതോടൊപ്പം, കാര്യങ്ങള്‍ എനിക്ക് മനസിലായി എന്നൊരു തോന്നല്‍ സൃഷ്ടിക്കുകയും ചെയ്തു. 

അദ്ദേഹം എന്തു പഠിപ്പിച്ചു എന്നത് മാത്രമല്ല, എങ്ങനെ പഠിപ്പിച്ചു എന്നതും പ്രധാനമാണ്. അത് മറക്കാതിരിക്കാനെങ്കിലും ഇപ്പോള്‍ നമ്മള്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്ന് ഞാന്‍ കരുതുന്നു. പാണ്ട്യന്‍ ആരെയും ഭയപ്പെടുത്തിയില്ല എന്ന് മാത്രമല്ല അക്കാദമിക് ആശയങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജാര്‍ഗണുകള്‍ ഇല്ല, എന്നാല്‍ വളരെ ആഴത്തിലുള്ള കാഴ്ചപ്പാടുകള്‍. അതേ സമയം ഓരോ വിദ്യാര്‍ത്ഥിയുടെയും ബൗദ്ധിക നിലവാരം (താല്‍പര്യങ്ങളും) വ്യത്യസ്തമാണ് എന്ന യാഥാര്‍ത്ഥ്യത്തോടുള്ള വിശ്വാസവും. അവസാന സെമസ്റ്ററില്‍ ഞങ്ങള്‍ക്ക് ഒരു സെമിനാര്‍ പേപ്പര്‍ എഴുതാനുണ്ടായിരുന്നു. ഞങ്ങളില്‍ പലരും ദീര്‍ഘമായ ഒരു പേപ്പര്‍ എഴുതുന്നത് ആദ്യമായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം എത്രമാത്രം ടെന്‍ഷന്‍ അനുഭവിച്ചു എന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരു വിദ്യാര്‍ത്ഥി, എന്തായിരിക്കും തന്റെ സെമിനാര്‍ പേപ്പര്‍ എന്ന് പാണ്ട്യനോട് വിശദീകരിച്ച ഒരു ചര്‍ച്ച ഇപ്പോഴും എന്റെ മനസില്‍ തങ്ങി നില്‍ക്കുന്നു. അദ്ദേഹം ആ വിദ്യാര്‍ത്ഥിയോട് വളരെ മൃദുവായി ഇടപെടുകയും ആ വിദ്യാര്‍ത്ഥിയുടെ ആശയം സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. തന്റെ പേപ്പറിനെ കുറിച്ച് ഒരു വ്യക്തമായ ധാരണ ആ വിദ്യാര്‍ത്ഥിക്ക് ലഭിക്കാന്‍ ആ ചര്‍ച്ച ഉപകരിച്ചു. സെമസ്റ്ററിന്റെ അവസാനമായപ്പോഴേക്കും ആ വിദ്യാര്‍ത്ഥിയുടെ സ്വന്തം ആശയത്തിന് അനുസൃതമായി തന്നെ ആ പേപ്പര്‍ വികസിക്കുകയും ചെയ്തു. മറ്റേതെങ്കിലും അദ്ധ്യാപകര്‍ക്ക് ഇത്രയും ക്ഷമയും മനസിലാക്കാനുള്ള ശേഷിയും ഉണ്ടോ എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഇതായിരുന്നു അദ്ദേഹത്തിന് ലഭിച്ച അനുഗ്രഹം. അദ്ദേഹം ഒരിക്കലും നേരിട്ടു കാണുകയോ അദ്ദേഹം പഠിപ്പിച്ച സര്‍വകലാശാലയില്‍ പഠിക്കുകയോ ചെയ്യാതിരുന്ന ഒരാളുടെ എംഫില്‍ തീസിസ് വികസിപ്പിക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇപ്പോഴും എന്റെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു. ഇതുപോലെുള്ള നിരവധി കഥകള്‍ അദ്ദേഹത്തെ കുറിച്ച് മറ്റുള്ളവര്‍ക്കും പറയാനുണ്ടാവും, തീര്‍ച്ച. 

അദ്ദേഹം എന്റെയും മാര്‍ഗദര്‍ശിയായിരുന്നു. അദ്ദേഹം എപ്പോഴും സഹായഹസ്തം നീട്ടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എനിക്ക് ആവശ്യമുള്ള സമയത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കാര്യത്തിലാവട്ടെ, എനിക്ക് ഒരു ഇന്റേണ്‍ഷിപ്പ് കിട്ടാന്‍ സഹായിക്കുന്ന കാര്യത്തിലാവട്ടെ, എന്തിന് ഒരു വാര്‍ത്ത ‘ബ്രേക്ക്’ ചെയ്യുന്ന കാര്യത്തില്‍ പോലുമുണ്ടാവും അദ്ദേഹത്തിന്റെ സാന്നിധ്യവും സഹായവും. എന്റെ ഗവേഷണ പ്രബന്ധം വളരെ താല്‍പര്യത്തോടെ അദ്ദേഹം എഡിറ്റ് ചെയ്ത് തന്നു. മൂന്ന് വര്‍ഷം മുമ്പ് എന്റെ ബിരുദാനന്തര ബിരുദ പഠനം കഴിഞ്ഞ ശേഷം ഞങ്ങള്‍ അപൂര്‍വമായി മാത്രമാണ് നേരില്‍ കണ്ടിരുന്നതെങ്കില്‍, ഒരു ഇ-മെയില്‍ ദൂരത്തില്‍ എപ്പോഴും അദ്ദേഹം എനിക്കായി കാത്തിരുന്നു. സിനിമയെ കുറിച്ചുള്ള ഒരു ലേഖനത്തെ കുറിച്ച് അദ്ദേഹം ഒരിക്കല്‍ സംസാരിച്ചിരുന്നതും അതിന്റെ കരട് പിന്നീട് എനിക്ക് അയച്ചു തന്നതും ഞാന്‍ ഓര്‍ക്കുന്നു. കശ്മീരിനെ സംബന്ധിച്ച ഒരു പഠനത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നെങ്കിലും അത് കാണാനുള്ള ഭാഗ്യം നമുക്കിനി ഉണ്ടാവില്ല. 

ചില സമയങ്ങളില്‍ തന്റെ മകളെ കുറിച്ചുള്ള വിവരങ്ങളാവും ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയക്കുന്ന ഇ-മെയിലില്‍ ഉണ്ടാവുക. ഡല്‍ഹിയില്‍ അദ്ദേഹം നയിച്ചിരുന്ന ഏകാന്തവാസത്തിന്റെ ആഴം അതില്‍ നിന്നും ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അത് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. തന്റെ മകള്‍ ക്ലാസില്‍ സമത്വത്തെയും നീതിയെയും കുറിച്ച് വരച്ച ഒരു ചിത്രത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ മെയില്‍. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഞങ്ങള്‍ക്ക് മനസിലാവാത്ത ഒരു വശമായിരിക്കാം. ചില സമയത്ത് തന്റെ വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക് വാളില്‍ ആലോചിക്കാതെ അഭിപ്രായങ്ങള്‍ എഴുതുകയും പിന്നീട് അദ്ദേഹം അതിന് മാപ്പ് പറയുകയും ചെയ്യുമായിരുന്നു. 

ഒരിക്കല്‍ ഞാന്‍ അപേക്ഷിച്ച പിഎച്ച്ഡി പ്രോഗ്രാമിന് പ്രവേശനം ലഭിക്കാതിരുന്നപ്പോള്‍ അദ്ദേഹം എഴുതി- ‘നമ്മള്‍ ചിലത് നേടുമ്പോള്‍, കൂടുതലും നഷ്ടപ്പെടുകയാണ്.’

അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തില്‍ ഞെട്ടി നില്‍ക്കുന്ന ഞങ്ങളോട് ‘അത് സാരമില്ല’ എന്ന് അദ്ദേഹം പറഞ്ഞേക്കാം. അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. നിരവധി പേര്‍ അവരെ പോലെ വ്യസനിക്കുന്ന എന്ന അറിവ് അവര്‍ക്ക് ശക്തി പകര്‍ന്നേക്കാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍