UPDATES

മലപ്പുറത്തിനെതിരെ പരാമര്‍ശം വിദ്വേഷം പടര്‍ത്താന്‍

അഴിമുഖം പ്രതിനിധി 

ആര്‍എസ്എസ് നേതാവ്  എന്‍ ഗോപാലകൃഷ്ണന്‍ മലപ്പുറത്തെ മുസ്ലീം സമുദായക്കാരെ കുറിച്ച് നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശത്തിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരനും സാമൂഹ്യ ചിന്തകനുമായ എംഎന്‍ കാരശ്ശേരി. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം നടത്തിയിരിക്കുന്നത്. 

വിവാദ പ്രഭാഷകനായ ഡോ. സാക്കിര്‍ നായിക്കിനെതിരായ തന്റെ നിലപാടുകളെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായി എന്‍ ഗോപാലകൃഷ്ണന്‍ യൂട്യുബില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്ളത്. 

ഇ.എം.എസ് മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഭാരതത്തിലെ ഒരു സംസ്ഥാനത്തിലെ ഒരു ജില്ല, മുസ്‌ലിംങ്ങളുടെ പേരില്‍ ഉണ്ടാക്കിയതാ. അതുകൊണ്ടാണ് മലപ്പുറം എന്ന വാക്ക് ഉപയോഗിച്ചത്. വാക്കില്‍ മുസ്‌ലിം ഇല്ല. ആ ജില്ലയില്‍ അതുണ്ട്. ഏറ്റവും കൂടുതല്‍ എം.എല്‍.എമാര്‍ അവിടെ കൂടുതലായി ഉണ്ടാവാന്‍ കാരണം പന്നി പ്രസവിക്കുന്നത് മാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുകയാ. രണ്ടും മൂന്നും ഭാര്യമാരെ വെച്ച് കൊണ്ട്. അത് കൊണ്ടാ ഞാന്‍ മലപ്പുറം എന്ന പേര് ഉപയോഗിച്ചത്. അല്ലാതെ അവിടെയുള്ള മുസ്‌ലിംങ്ങളെയും ഹിന്ദുക്കളെയും അവഹേളിക്കാനല്ല.അവിടെയുള്ള മുസ്‌ലിംങ്ങളുടെ എണ്ണം കൂടുന്നതും ആ ഇസ്‌ലാമിക പാകിസ്ഥാന്‍ പോലെയായിത്തീരുന്നതുമെല്ലാം സംഭവിക്കുന്നത് കൊണ്ടാണ് ഞാന്‍ മലപ്പുറം എന്ന പേര് ഉപയോഗിച്ചത്.

എന്‍ ഗോപാലകൃഷ്ണന്‍ വീഡിയോയില്‍ പറഞ്ഞത് ഇതാണ്.  ഇതിനെതിരെയാണ് എംഎന്‍ കാരശ്ശേരി രംഗത്തെത്തിയിരിക്കുന്നത്.

ഇംഗ്ലീഷില്‍ ഉള്ള എംഎന്‍ കാരശ്ശേരിയുടെ പോസ്റ്റിന്‍റെ മലയാളം പരിഭാഷ താഴെ കൊടുക്കുന്നു:

ഗോപാലകൃഷ്ണന്‍ മലപ്പുറത്തിനെ പറ്റി നടത്തിയ പ്രസംഗത്തിനെതിരായി ഞാന്‍ എന്‍റെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നു. ഇത്തരത്തിലുള്ള പ്രസംഗങ്ങളും ആര്‍ട്ടിക്കിളുകളും നമ്മുടെ സംസ്ഥാനത്തിന്‍റെ സ്വൈര്യജീവിതം നശിപ്പിക്കും. എന്‍റെ സുഹൃത്തുക്കളോടും പ്രതിഷേധിക്കുവാന്‍ അപേക്ഷിക്കുന്നു. ഇത്തരത്തില്‍ സംസാരിക്കുന്ന ആദ്യ വ്യക്തിയല്ല അയാള്‍. ഇതുപോലെ മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന ധാരാളം ഗ്രൂപ്പുകള്‍ ഉണ്ട്. അവര്‍ തീര്‍ച്ചയായും നമ്മുടെ പ്രതിഷേധം അര്‍ഹിക്കുന്നു. വിമര്‍ശനം ഒരു വേറിട്ട ചിന്തയാണ്. അധിക്ഷേപം വിമര്‍ശനമല്ല. വിമര്‍ശനം നവോത്ഥാനമാണ് ലക്ഷ്യമിടുന്നത്. 

അധിക്ഷേപം വിദ്വേഷം പടര്‍ത്താന്‍ ലക്ഷ്യമിടുന്നു. വിദ്വേഷം മനുഷ്യത്വ രഹിതമാണ്. നേട്ടമുണ്ടാക്കുവാന്‍ വേണ്ടി രാഷ്ട്രീയക്കാരും പുരോഹിതന്മാരും ഇപ്പോള്‍ വിദ്വേഷത്തെ ഉപയോഗിക്കുന്നു. അത് അധികാരത്തിനോ, പണത്തിനോ വേണ്ടിയാണ്. നമ്മുടെ രാജ്യത്ത് പൌരന്‍മാര്‍ക്കിടയില്‍ വര്‍ഗ്ഗീയ ലഹള സൃഷ്ടിക്കാന്‍ വേണ്ടി എന്ത് ചെയ്താലും അത് കുറ്റമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍