UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐ എസ്, ബാല്‍ താക്കറെ, ഗജേന്ദ്ര ചൌഹാന്‍; എം.എന്‍. കാരശ്ശേരി സംസാരിക്കുന്നു

Avatar

എം.എന്‍. കാരശ്ശേരി/അര്‍ശാദ് തിരുവള്ളൂര്‍

അര്‍ശാദ്: ആഗോള തീവ്രവാദം അല്‍ഖാഇദയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് എത്തി നില്‍ക്കുന്നു. രണ്ടുമൂന്നു വര്‍ഷത്തിനിടയില്‍ വ്യാപകമായ തീവ്രവാദ ശൃംഖല ഉണ്ടാക്കിയ ഐ.എസ്.ഐ.എസ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? ആരാണ് ഇവര്‍ക്കു പിന്നില്‍?

കാരശ്ശേരി: ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദ സംഘടനക്കു പിന്നില്‍ ആരാണെന്നു കൃത്യമായി അറിയില്ല. പക്ഷേ, ഒരു ജൂത സംഘടനയാണെന്നു തോന്നുന്നില്ല. സുന്നികളില്‍ പെട്ട വിഭാഗമാണെന്നാണ് വിശ്വാസം. ശിയാ, സുന്നി വിഭാഗങ്ങള്‍ക്കിടയിലുള്ള മത്സരത്തിന്റെയും തര്‍ക്കത്തിന്റെയും യുദ്ധത്തിന്റെയും പുതിയ രൂപമാണിത്. ഇവര്‍ ഏറ്റവും വലിയ ശത്രുക്കളായി കാണുന്നത് ശിയാ-കുര്‍ദ്-യസീദ് വിഭാഗങ്ങളെയാണ്. ഇരുപതാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍, അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമി, ഹസനുല്‍ ബന്നയുടെ മുസ്‌ലിം ബ്രദര്‍ഹുഡ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ആശയ പശ്ചാത്തലം ഇവരുടെയൊപ്പമുണ്ട്. മുവഹ്ഹിദൂന്‍ എന്ന പേരിലറിയപ്പെടുന്ന സൌദി അറേബ്യയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ രൂപംകൊണ്ട വഹ്ഹാബി പ്രസ്ഥാനത്തിലുള്ള അതേ തീവ്രവാദം ഇസ്‌ലാമിക് സ്റ്റേറ്റിലും കാണാം. വഹ്ഹാബി ഹിംസയുടെ ഉദാഹരണമായി പ്രവാചകന്‍ മുഹമ്മദ് നബിയുടെ വീട് തകര്‍ത്തതിനെ എടുക്കാം. ഈ സലഫിസത്തിന്റെ സ്വാധീനം ഇവരിലുണ്ട്. ഇവരുടെ കയ്യിലുള്ള ആയുധ വിപുലതയ്ക്കും സാങ്കേതിക പരിജ്ഞാനത്തിനും പിന്നില്‍ അമേരിക്കയടക്കമുള്ളവരുടെ സഹായമുണ്ടായേക്കാം. കാരണം എന്നും ഈ രാജ്യത്തിന്റെ ഉപജീവനമായിട്ടുള്ളത് യുദ്ധമാണ്. ഏറ്റവും വലിയ വ്യാപാരമായിട്ടുള്ളത് യുദ്ധോപകരണങ്ങളാണ്. ലോകത്ത് കലഹങ്ങള്‍ ഉത്ഭവിക്കുന്നതിനു പിന്നില്‍ അമേരിക്കയുണ്ട്. ഇത് ഇവരുടെ മാത്രം കുറ്റമല്ല. അമേരിക്കയ്ക്ക് ഉപയോഗിക്കാനാവുന്ന വിധം ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനം എന്നുള്ളത് വലിയൊരാപത്താണ്. അത് ഇന്നു തുടങ്ങിയതല്ല. മുഹമ്മദ് നബി മരിച്ച് ഇസ്‌ലാമിന്റെ നാലാം ഖലീഫ അലിയുടെ കാലം തൊട്ട് തുടങ്ങിയ ഖവാരിജുകള്‍ നിന്ന് ആരംഭിച്ച് ശിയ ഉള്‍പ്പെടെയുള്ളവരില്‍ ഇത്തരത്തില്‍ ആശയങ്ങളുള്ളവരുണ്ട്. ഇറാനില്‍ നിലനില്‍ക്കുന്ന അവസ്ഥ ഇതാണ്. വഹ്ഹാബി വിഭാഗം പിന്തുടരുന്ന ആശയങ്ങള്‍ ഇതിനു തുല്യമാണ്. ഇതൊക്കെയാണ് തീവ്രവാദ സംഘടനയെക്കുറിച്ചുള്ള എന്റെ വിശ്വാസം.

അര്‍ശാദ്: ശിയാ വിഭാഗങ്ങള്‍ക്കെതിരാണ് ഇസ്‌ലാമിക് സ്റ്റേറ്റെങ്കില്‍ ഇറാനെതിരെയുള്ള അക്രമത്തിനു ഇവര്‍ മുതിരുന്നില്ല. ഇനി, സലഫിസത്തിന്റെ സഹായങ്ങള്‍ ഉണ്ടെങ്കില്‍ സൌദി അറേബ്യയില്‍ അടക്കം ഐ. എസ്.ഐ.എസിന്റെ അക്രമങ്ങള്‍ സംഭവിക്കുകയില്ലല്ലോ?

കാരശ്ശേരി: ഇറാഖിലും സിറിയയിലും ശിയാ-കുര്‍ദ്-യസീദ് വിഭാഗങ്ങള്‍ക്കെതിരെ ഈ തീവ്രവാദികള്‍ അക്രമങ്ങള്‍ നടത്തുന്നുണ്ട്. സൌദി അറേബ്യയിലെ ഹിംസകള്‍ സലഫി വിരുദ്ധമല്ല. അത് അധികാര തര്‍ക്കത്തിന്റെ മാത്രമാണ്. രണ്ടു സുന്നികള്‍ക്കിടയില്‍ നടക്കുന്നതു പോലെയാണത്. മാത്രമല്ല, എല്ലാ തരത്തിലും ശിയാക്കള്‍ ഇവര്‍ക്കെതിരാണ്. കേരളത്തിലെ വഹ്ഹാബിക്കള്‍ക്കിടയില്‍ പോലും ഇസ്‌ലാമിക് സ്റ്റേറ്റിനെ പിന്താങ്ങുന്ന തരത്തില്‍ ഇവരെ സുന്നി തീവ്രവാദികള്‍ എന്നു പറയാന്‍ പാടില്ല. മിതവാദികള്‍ എന്നു വിളിക്കണമെന്ന് ചര്‍ച്ചയുണ്ടായി. പക്ഷേ, ശിയാക്കളില്‍ ഒരു വിഭാഗം പോലും ഇവരെ സപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിലെ ഈ വിഭാഗം ഒടുവില്‍ സൌദി അറേബ്യ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ തിരിഞ്ഞപ്പോള്‍ മാത്രമാണ് അഭിപ്രായം പിന്‍വലിച്ചത്. കേരളത്തിലുള്ള സുന്നികളും വഹ്ഹാബികളും രണ്ടു വിഭാഗമാണെങ്കിലും ലോകത്തില്‍ ഇവര്‍ അറിയപ്പെടുന്നത് സുന്നികളെന്നാണ്. സഊദിയില്‍ അക്രമം നടത്തുന്നതിനാല്‍ ഈ തീവ്രവാദികള്‍ക്കിടയില്‍ സുന്നി-ശിയാ വേര്‍തിരിവില്ലെന്നു പറയാന്‍ സാധിക്കില്ല. മുസ്‌ലിംകള്‍ മാത്രമുണ്ടാകുമ്പോള്‍ അവര്‍ക്കിടയില്‍ അധികാര തര്‍ക്കമുണ്ടാകും. അതാണ് ഇവിടെയും സംഭവിക്കുന്നത്. നിലവില്‍ പാക്കിസ്ഥാനില്‍ രണ്ട് ശതമാനം അമുസ്‌ലിംകളേയുള്ളൂ. പക്ഷേ, എന്നും അവിടെ മുസ്‌ലിംകള്‍ പ്രശ്‌നത്തിലാണ്.

അര്‍ശാദ്നിരവധി പ്രദേശങ്ങളില്‍ മുസ്‌ലിം ക്രൈസ്തവ ഭേദമന്യേ സാസ്‌കാരിക അടയാളങ്ങള്‍ മ്യൂസിയങ്ങള്‍ ഉള്‍പ്പെടെ ഈ തീവ്രവാദി സംഘം തകര്‍ക്കുന്നുണ്ട്. പാരമ്പര്യത്തെ നശിപ്പിച്ച് സമൂഹത്തെ ജഡാവസ്ഥയിലാക്കുക എന്ന ലക്ഷ്യമാണോ ഇതിനു പിന്നില്‍?

കാരശ്ശേരി: മുവഹ്ഹിദൂന്‍ എന്ന പ്രസ്ഥാനം അടിസ്ഥാനപരമായി പ്യൂരിറ്റനിസം അഥവാ മതശുദ്ധീകരണ പ്രസ്ഥാനമാണ്. സൌദി അറേബ്യയില്‍ യാതൊരു യുക്തിയുമില്ലാതെ നിരവധി സ്മാരകങ്ങള്‍ ഇവര്‍ തകര്‍ത്തിട്ടുണ്ട്. മുസ്‌ലിം ഖലീഫമാരായ അബൂബക്ര്‍, ഉമര്‍ എന്നിവരുടെ വീടുകള്‍ പൊളിച്ചു. തുടര്‍ന്ന്, ഒരു വ്യക്തിയുടെ പേരിനെ രാഷ്ട്രത്തോടു ചേര്‍ത്ത് സൌദി അറേബ്യ എന്ന പേരിട്ടു. മുഹമ്മദ് നബി വന്നിരുന്ന സഫാ ഭാഗത്തെ വാതില്‍ അറിയപ്പെടുന്നത് ബാബുന്നബവി എന്നാണ്. തത്തുല്യമായി മക്കയിലെ കഅ്ബയുടെ ഒരു വാതിലിന് ബാബു അബ്ദില്‍ അസീസ് എന്നാണിവര്‍ പേരിട്ടത്. പല സ്ഥലങ്ങള്‍ക്കും വ്യക്തികളുടെ നാമങ്ങള്‍ നല്‍കി. വ്യക്തിപൂജയില്ലാതാക്കുന്നുവെന്നു പറഞ്ഞവര്‍ ഇതിനായി ശ്രമിക്കുന്ന വിരോധാഭാസം. സലഫികള്‍ക്ക് മതത്തേക്കാള്‍ മുന്‍ഗണന രാജാധിപത്യത്തിനാണ്. പ്രവാചകന് ആദ്യമായി വെളിപാടിറങ്ങിയ ഹിറാ ഗുഹയില്‍ ഇവര്‍ രേഖപ്പെടുത്തി ‘ഈ പ്രദേശത്ത് പോകേണ്ട ആവശ്യമില്ല, പ്രവാചകന്‍ ഇതിനായി പ്രേരിപ്പിച്ചിട്ടില്ല.’ പ്രവാചകനും അനുയായി സിദ്ദീഖും ഹിജ്‌റ പോകുമ്പോള്‍ താമസിച്ച സൗര്‍ ഗുഹയിലേക്കു പോകാനുള്ള വഴി പോലുമില്ല. വളരെ കഷ്ടപ്പെട്ടാണ് അവിടെയെനിക്ക് എത്താനായത്. ഹിറാ ഗുഹ സന്ദര്‍ശനം നിരുത്സാഹപ്പെടുത്തുകയെന്നാല്‍ മതസ്മരണകള്‍ ഇല്ലാതാക്കി പകരം രാജസ്മരണ നിലനിര്‍ത്തുകയെന്നാണ്. ഇവിടത്തെ മുജാഹിദും ജമാഅത്തും ഈ രാജാക്കന്മാരെ പിന്താങ്ങുന്നു.

അര്‍ശാദ്: മാര്‍ഗ്ഗം ഭിന്നമാണെങ്കിലും ഐ.എസ്.ഐ.എസ്, ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യങ്ങള്‍ ഏകമല്ലേ?

കാരശ്ശേരി: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സൈദ്ധാന്തിക അടിത്തറയെപ്പറ്റി നമുക്കൊന്നുമറിയില്ല. ബാഹ്യ പ്രകടനങ്ങള്‍ മാത്രമാണ് നാം കാണുന്നത്. ജമാഅത്തെ ഇസ്‌ലാമിയും ഈ തീവ്രവാദികളും തുല്യമാണെന്നു പറയുന്നില്ല. ജമാഅത്തുകാര്‍ക്കും അബൂബക്ര്‍ അല്‍ബഗ്ദാദിക്കും വേണ്ടത് അധികാരമാണ്. അബുല്‍ അഅ്‌ലാ മൗദൂദി രൂപംകൊടുത്ത ജമാഅത്തിന്റെ താത്വിക അടിത്തറയെക്കുറിച്ച് അറിയാന്‍ മലയാളത്തിലും ഇംഗ്ലീഷിലും നിരവധി ഗ്രന്ഥങ്ങളുണ്ട്. മതരാഷ്ട്ര നിര്‍മ്മാണത്തിനായി ജിഹാദിനെ ഉപയോഗിക്കാമെന്നു പറയുന്ന പ്രസ്ഥാനങ്ങളാണ് ഇവ രണ്ടും. ഇഖ്‌വാനുല്‍ മുസ്‌ലിമിന്നും ഹിംസ ശരിയാണെന്ന സിദ്ധാന്തമാണ്. ഞാന്‍ വ്യക്തിപരമായി ഇസ്‌ലാമിക രാഷ്ട്രത്തിനും ജിഹാദിനും എതിരാണ്. അത് ജനാധിപത്യവിരുദ്ധവും വഹ്ഹാബിസവുമാണ്.

അര്‍ശാദ്കേന്ദ്ര അഭ്യന്തരവകുപ്പു മന്ത്രി രാജനാഥ് സിങ്ങ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭീകര പ്രവര്‍ത്തന പങ്കാളിത്തത്തില്‍ ഇന്ത്യ സുരക്ഷിതമാണെന്നു പറയുകയുണ്ടായി. കേരളത്തില്‍ നിന്നടക്കം ചിലര്‍ ഈ തീവ്രവാദ കണ്ണിയിലേക്ക് ചേരുന്നതായി മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. എങ്ങനെ പ്രതികരിക്കുന്നു?

കാരശ്ശേരി: ഇവിടത്തെ കോടതികളിലോ പോലീസിലോ എനിക്ക് പൂര്‍ണ്ണമായി വിശ്വാസമില്ല. പാലക്കാട്ടുകാരന്‍ അബൂ ത്വാഹിറിന്റെ ഫെയ്‌സ്ബുക്കടക്കമുള്ളതില്‍ ഇതാണ് വിശ്വാസം. ഈ വാര്‍ത്തകള്‍ സത്യ-അസത്യ-അര്‍ദ്ധ സത്യങ്ങളാവാം. വ്യക്തമായി അറിയാത്തതിനാല്‍ കാത്തിരുന്നു കാണാം. ഒന്നും പറയാതിരിക്കാനും എല്ലാം പറയാനും പറ്റില്ല. കേന്ദ്ര-കേരള മന്ത്രിമാര്‍ അപ്പോഴത്തെ ആവശ്യത്തിന് വാക്ക് മാറ്റുന്നവരാണ്. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് ജനവികാരം മാനിച്ചാണെന്ന് കോടതി പറഞ്ഞത്. അങ്ങനെയൊരു വകുപ്പ് ഇന്ത്യയിലുണ്ടോ? മേമനെ കൊന്നത് അന്യായമാണെന്ന് ബോധ്യമുണ്ട്. ഈ റിപ്പോര്‍ട്ടുകളെ ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട്. കോടതികള്‍ പോലും വിശ്വസിക്കാന്‍ പറ്റാത്ത ഈ സാഹചര്യത്തില്‍ എങ്ങനെ മാധ്യമങ്ങളെ വിശ്വസിക്കും; ഇവര്‍ എന്തു സത്യ-അസത്യ-അര്‍ദ്ധ സത്യങ്ങള്‍ പറയുകയും മറച്ചും വെക്കും.

അര്‍ശാദ്: 1993 മുംബൈ കലാപ ത്തില്‍ പങ്കാളിത്തമുണ്ടെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയ ബാല്‍താക്കറെ മരിച്ചപ്പോള്‍ സര്‍ക്കാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അതേസമയം കുറ്റത്തില്‍ പങ്കാളിത്തം സ്ഥിരീകരിക്കാത്ത മേമന് വധശിക്ഷയും നല്‍കി. ഈ രണ്ട് വ്യക്തികള്‍ക്കിടയില്‍ രണ്ടു തരം നീതിയുണ്ടോ?

കാരശ്ശേരി: തീര്‍ച്ചയായും, നീതി ഉറപ്പാക്കുന്ന സ്ഥലമാണ് ഇന്ത്യയിലെ കോടതികളെന്നു പറയാന്‍ സാധ്യമല്ല. ബാല്‍താക്കറെ ഇത്ര ആദരിക്കപ്പെട്ടത് രണ്ടുതരം നീതിയല്ല; ഇരുനൂറു തരമുണ്ടെന്നതിന്റെ തെളിവാണ്. എല്ലാ കോടതികളും ഇത്തരത്തിലാണെന്നല്ല. പലയിടത്തും അനീതിയുണ്ട്. മുംബൈ കലാപത്തിന് എഴുതിയും പ്രസംഗിച്ചും പ്രേരണ നല്‍കിയ ബാല്‍താക്കറെയെ ശിക്ഷിക്കുകയാണ് വേണ്ടിയിരുന്നത്. മേമന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായം നല്‍കി. കൂടാതെ നേരിട്ട് കുറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. ആരെയാണെങ്കിലും തൂക്കിക്കൊല്ലുന്നതിന് ഞാനെതിരാണ്. മറ്റു ശിക്ഷകള്‍ ബദലായി സ്വീകരിക്കാം. മേമനെ തൂക്കിക്കൊന്നത് തെറ്റും ഇവിടെ രണ്ടു തരം നീതിയുണ്ടെന്നത് നൂറു ശതമാനം ശരിയുമാണ്.

അര്‍ശാദ്ഇന്ത്യന്‍ പൗരന്മാരുടെ ജീവിതത്തില്‍ ഭൂരിപക്ഷത്തിന്റെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ടോ? 

കാരശ്ശേരി: ബി.ജെ.പിക്ക് അധികാരമുള്ള ഇടങ്ങളില്‍ ഇത്തരം വര്‍ഗ്ഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷവും ഇത്തരത്തിലല്ല. രാഷ്ട്രീയപരമായും വര്‍ഗ്ഗീയപരമായും ഈ അജണ്ടകള്‍ ഉപയോഗിക്കുന്നുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍.എസ്.എസ്സുകാരനെ കൊണ്ടുവന്നതിന്റെ പിന്നില്‍ സംസ്‌കാര കലുഷമാക്കുന്ന ഇത്തരം രീതിയാണ്.

അര്‍ശാദ്വിവാദങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗജേന്ദ്ര ചൗഹാന്‍ തത്സ്ഥാനത്തു തുടരുന്നതിനെപ്പറ്റി? 

കാരശ്ശേരി: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന് യോഗ്യതയായിട്ടുള്ളത് സിനിമാരംഗത്തു നല്‍കിയ സംഭാവനയല്ല. ആര്‍.എസ്.എസ്സുകാരനായി എന്നുള്ളതാണ്. ഒരു സ്ഥാനത്തേക്കുള്ള യോഗ്യത ആര്‍.എസ്.എസ്സുകാരനോ മന്ത്രിയുടെയോ മറ്റുള്ളവരുടെയോ ആളെന്നതല്ല. ആ രംഗത്തുള്ള കഴിവും കാഴ്ചപ്പാടും നീതി ബോധവുമാണ്.

അര്‍ശാദ്ഇത്തരത്തില്‍ അധികാരങ്ങളില്‍ അയോഗ്യരെ തിരുകി കയറ്റുന്നതില്‍ ഭരണ പക്ഷങ്ങള്‍ ഓരോ അഞ്ചു വര്‍ഷത്തിലും കേരളത്തിലുമുണ്ടല്ലോ? വി.സി. അടക്കമുള്ള സ്ഥാനങ്ങളിലുള്ളവര്‍ക്കെതിരായി ഈയിടെയുള്ള നടപടികള്‍ ഇതു സൂചിപ്പിക്കുന്നില്ലേ?

കാരശ്ശേരി: കേരളത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് ഭരണകാലങ്ങളില്‍ ഇതുണ്ട്. മഹായോഗ്യന്മാരായ വി.സിമാരിരുന്ന കസേരകള്‍ യോഗ്യതയില്ലാത്തവര്‍ക്ക് നല്‍കിയിട്ടുണ്ട്. എല്ലാ രംഗത്തും ഇതു കാണാം. ചലചിത്ര അക്കാദമി, അവാര്‍ഡ് ജൂറി, സംഗീത-ഫോള്‍ക്ക്‌ലോര്‍ അക്കാദമികള്‍ ഇങ്ങനെ മിക്ക മേഖലകളിലും ഒരുതരം രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ മൂല്യച്യുതിയുടെ മുഖമുദ്രയാണിത്.

അര്‍ശാദ്: ഒരു വിഭാഗം ഓണാഘോഷത്തെ മതത്തിന്റെ ആഘോഷമായി മാത്രം കാണുന്നതിനോടുള്ള പ്രതികരണം?

കാരശ്ശേരി: ആഘോഷങ്ങള്‍ രണ്ടുതരമുണ്ട്. അതിന്റെ വിശ്വാസവും വിനോദവും അനുസരിച്ച്. ഉദാഹരണത്തിന് ഇഫ്താര്‍ പാര്‍ട്ടി എന്നുള്ളത് നോമ്പെടുത്തവന് തുറക്കുകയെന്നുള്ള ഭക്തിയുമായി ബന്ധപ്പെട്ടതാണ്. നോമ്പു നോല്‍ക്കാത്തവര്‍ ഇതില്‍ പങ്കെടുക്കുന്നത് സാമൂഹിക ഒത്തുചേരലാണ്. ഓണമെന്നതില്‍ മഹാബലി-തൃക്കാക്കരയപ്പന്‍ എന്നിവരെ ആരാധിക്കുന്നത് ഒരു ഭാഗമാണ്. ഇതെല്ലാത്ത ഒരു വശവുണ്ട്. വിഷു, ക്രിസ്തുമസ്, ഇഫ്താര്‍ ഇവയിലൊക്കെയുമുണ്ട് ഇത്. ഈദ് മീറ്റില്‍ അമുസ്‌ലിംകള്‍ പങ്കെടുക്കണമെന്നും ഓണം ഫെസ്റ്റിവലില്‍ മുസ്‌ലിംകള്‍ക്ക് പറ്റില്ലെന്നുമുള്ളത് എന്തു ന്യായമാണ്? വിഷുവിന് പടക്കം പൊട്ടിക്കുന്നതിലും പൂത്തിരി കത്തിക്കുന്നതിലും എന്ത് ആരാധനയാണുള്ളത്? പെരുന്നാളിന് അമുസ്‌ലിംകളെ വിളിക്കുന്നതും ഓണത്തിനു മുസ്‌ലിംകള്‍ പോകുന്നതും ഊണ് കഴിക്കാനാണ്. മതപരമല്ല സാമൂഹികമാണ്. ഇവിടെ ഈദ് മീറ്റിലും ഇഫ്താര്‍ സംഗമത്തിലും മറ്റുള്ളവര്‍ വരണം. പങ്കെടുക്കാത്തവര്‍ വര്‍ഗ്ഗീയവാദി. ഈദ് മീറ്റില്‍ നല്‍കിയ തൊപ്പി സ്വീകരിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്യായക്കാരനായി. ഇവരും അതല്ലേ ചെയ്യുന്നത്? ഒരു നിലവിളക്ക് കൊളുത്താനാവാത്തവരാണ് ഇതൊക്കെ പറയുന്നത്. രണ്ട് അര്‍ത്ഥമുണ്ട് നിലവിളക്ക് കൊളുത്തുന്നതില്‍. ചടങ്ങാണെന്നും ഭക്തിയാണെന്നും. ഭക്തിയില്ലെങ്കില്‍ പ്രശ്‌നമില്ല. നാം ആളുകളെ കാണുമ്പോള്‍ കൈ കൂപ്പുന്നില്ലേ? ഈശ്വരനാണെന്നു കരുതിയിട്ടാണോ?

(കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് അര്‍ശാദ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍