UPDATES

ട്രെന്‍ഡിങ്ങ്

വീട് വേണം, ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് പേടിയില്ലാതെ കിടന്നുറങ്ങണം; ആനിക്കാട് എംഎന്‍ ലക്ഷംവീട് കോളനിക്കാരുടെ ദുരിതജീവിതം

10 വയസ്സുമുതല്‍ 25 വയസ്സുവരെയുള്ള 32 പെണ്‍കുട്ടികളാണ് കോളനിയിലുള്ളത്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഇവരുമായി കഴിയേണ്ടി വരുന്ന അമ്മമാരുടെ നെഞ്ചിലെ ഭയമാണ് സമരത്തിന് ഇവരെ പ്രേരിപ്പിച്ചത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ജിഷയുടെ കൊലപാതകം ഈ അമ്മമാരുടെ ഉറക്കം കെടുത്തുകയാണ്.

‘സാറന്‍മാരേ… ഞങ്ങള്‍ക്ക് പേടിയില്ലാതെ കിടന്നുറങ്ങാന്‍ ഒരു കൂര വേണം. ഇടിഞ്ഞുപൊളിഞ്ഞ്, മേല്‍ക്കൂര പോലുമില്ലാത്ത വീട്ടില്‍ ഞങ്ങള്‍ കിടക്കാന്‍ തുടങ്ങീട്ട് വര്‍ഷം പത്തില്‍ കൂടുതലായി. എല്ലാം ഇടിഞ്ഞുപൊളിഞ്ഞ് തലവഴി വീണ് ഞങ്ങള്‍ ചാവണമെങ്കില്‍ ചാവട്ടെ. പക്ഷെ ഞങ്ങടെ കുഞ്ഞുങ്ങളോ? ഒന്നുമറിയാത്ത ആ പാവങ്ങളെ കൊലയ്ക്ക് കൊടുക്കാന്‍ പറ്റ്വോ?’

എണ്‍പത് വയസ്സുള്ള മര്‍ത്തുക്കുട്ടി നിസ്സാഹായതയോടെ നിലവിളിച്ചു. മര്‍ത്തുക്കുട്ടി ആനിക്കാട് എം.എന്‍ ലക്ഷംവീട് കോളനിനിവാസിയാണ്. ഉറക്കം നഷ്ടപ്പെട്ട് കഴിയുന്ന നൂറ് കണക്കിന് പേരില്‍ ഒരുവള്‍. എറണാകുളം കളക്ടറേറ്റ് പടിക്കല്‍ കുത്തിയിരുപ്പ് സമരം തുടരുന്ന വീട്ടമാമാരുടെ കൂട്ടത്തില്‍ വാര്‍ധക്യത്തിന്റെ ശാരീരിക അവശതകള്‍ അനുഭവിക്കുന്ന മര്‍ത്തുക്കുട്ടിയുമുണ്ട്. ഇവര്‍ക്ക് വലിയ ആവശ്യങ്ങളൊന്നുമില്ല. സുരക്ഷിതത്വത്തോടെ കുടുംബത്തിന് താമസിക്കാന്‍ ഒരു വീട് വേണം. അതേയുള്ളൂ.

സര്‍ക്കാരിന്റെ കണക്കില്‍ ഇവര്‍ വീടില്ലാത്തവരല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നല്‍കിയ വീടുകളുണ്ട്. പക്ഷെ ഭൂരിഭാഗം വീടുകളുടേയും മേല്‍ക്കൂര നശിച്ചിരിക്കുന്നു. പലരും ഷീറ്റ് വലിച്ച് കെട്ടി വീടിന്റെ മേല്‍ഭാഗം മറച്ചിരിക്കുകയാണ്. ചുവരുകളെന്ന് പറയാന്‍ മാത്രം ഒന്നും അവശേഷിക്കുന്നില്ല. വിള്ളലുകളും വിടവുകളുമായി ആകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പല വീടുകളുടേയും വാതിലുകള്‍ ദ്രവിച്ചു പോയിരിക്കുന്നു. ചില വീടുകള്‍ക്ക് വാതിലുകളേ ഇല്ല. ഇതിലും പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നമുണ്ട്. ഇവര്‍ക്ക് കക്കൂസുകളില്ല. കക്കൂസുകള്‍ക്ക് മറയായി കെട്ടിയ ചുമരുകളെല്ലാം ഇടിഞ്ഞ് വീണിട്ട് വര്‍ഷങ്ങളായി. കൗമാരക്കാരായ പെണ്‍കുട്ടികളടക്കമുള്ളവര്‍ ഇരുട്ടിന്റെ മറവില്‍ പൊതുസ്ഥലത്താണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത്.

unnamed-1

10 വയസ്സുമുതല്‍ 25 വയസ്സുവരെയുള്ള 32 പെണ്‍കുട്ടികളാണ് കോളനിയിലുള്ളത്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഇവരുമായി കഴിയേണ്ടി വരുന്ന അമ്മമാരുടെ നെഞ്ചിലെ ഭയമാണ് സമരത്തിന് ഇവരെ പ്രേരിപ്പിച്ചത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ജിഷയുടെ കൊലപാതകം ഈ അമ്മമാരുടെ ഉറക്കം കെടുത്തുകയാണ്. സുരക്ഷിതത്വം ഒട്ടുമില്ലാത്ത സാഹചര്യമാണ് ജിഷയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നത്.
‘ജിഷയുടെ കൊലപാതകം നടന്നയുടനെ ഇത്തരം കോളനികളിലെ വീടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും പെണ്‍കുട്ടികള്‍ക്ക് ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും പലരും പറഞ്ഞിരുന്നു. എന്നാല്‍ പിന്നെ അങ്ങനെയൊന്നും കേട്ടിട്ടുമില്ല, നടന്നിട്ടുമില്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് നാണം മറച്ച് ഒന്ന് വെളിക്കിറങ്ങാന്‍ പോലുമുള്ള സൗകര്യമില്ല. പിന്നെ ഈ സ്ത്രീ സുരക്ഷ എന്നൊക്കെ സര്‍ക്കാര്‍ നാഴികയ്ക്ക് നാപ്പത് വട്ടം പറയുന്നതിലെന്ത് കാര്യമാണുള്ളത്. കൂലിപ്പണിക്കാരായ ഞങ്ങക്ക് അന്നന്നത്തെ അന്നം കണ്ടെത്താന്‍ പറ്റുന്നില്ല. പിന്നെ വീട് പണിയുന്നതെങ്ങനെയാണ്? കോളനിക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് ബാധ്യതയില്ലേ? ഞങ്ങള്‍ക്ക് വല്യ ആഡംബരങ്ങളൊന്നും വേണ്ട. അടച്ചുറപ്പുള്ള ഒരു മുറിയെങ്കിലും കെട്ടിത്തന്നാ മതി’ കോളനിനിവാസിയും 13-കാരിയായ ശരണ്യയുടെ അമ്മയുമായ സിന്ധുവിന്റെ വാക്കുകളില്‍ തങ്ങളുടെ ദുരിതം കാണാത്ത സര്‍ക്കാര്‍ സംവിധാനങ്ങളോടുള്ള മുഴുവന്‍ പ്രതിഷേധവുമുണ്ട്.

unnamed-2

മൂവാറ്റുപുഴ ആവോലി പഞ്ചായത്തിലാണ് എം.എന്‍ ലക്ഷംവീട് കോളനി. 16 വീടുകളിലായി 32 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 40 വര്‍ഷത്തിലേറെ പഴക്കമുള്ള വീടുകളാണ് കോളനിയിലുള്ളത്. പരാധീനതകള്‍ക്ക് നടുവില്‍ കഴിയുന്ന കോളനിനിവാസികളെ കൂടുതല്‍ ദുരിതത്തിലാക്കുകയായിരുന്നു പഞ്ചായത്ത് അധികൃതരുടെ നടപടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് പുനര്‍നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് ചില വീടുകള്‍ പാതി പൊളിച്ചു മാറ്റി. എന്നാല്‍ പിന്നീട് ആ വഴി തിരിഞ്ഞ് നോക്കാന്‍ പോലും മാറി മാറി വന്ന ഒരു പഞ്ചായത്ത് ഭരണസമിതിയും തയ്യാറായില്ല.

പലതവണ പരാതികളുമായി കോളനി നിവാസികള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിയ്ക്കുമെല്ലാം പരാതി നല്‍കി. സര്‍ക്കാര്‍ അവഗണന തുടര്‍ന്നതോടെ ഇവര്‍ കളക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു. വീട്ടുകാര്യങ്ങളും കൂലിത്തൊഴിലുമെല്ലാം മാറ്റി വച്ച് തങ്ങളുടെ മക്കള്‍ക്കായെങ്കിലും സുരക്ഷിതത്വമുള്ള ഒരു വീട് നല്‍കണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാര്‍ സമരം തുടരുകയാണ്.

‘ഇവര്‍ക്ക് പണിതുതരാന്‍ പറ്റില്ലേല്‍ പിന്നെ വീട് പൊളിച്ചതെന്നാത്തിനാ? വീടുപണി ഉടനേ നടത്തുമെന്ന് പറഞ്ഞ് അസുഖമായിട്ട് ആശുപത്രിയില്‍ അഡ്മിറ്റ് ആയ എന്നെ നിര്‍ബന്ധിച്ച് വിളിച്ചോണ്ട് വന്നാണ് അവര്‍ വീട് പൊളിച്ചത്. അത്ര അത്യാവശ്യപ്പെട്ട് പൊളിച്ചിട്ട് പോയതാണ്. പിന്നെ ആരേം കണ്ടിട്ടില്ല. ഞങ്ങളുള്ളിടത്തെങ്കിലും ചുരുണ്ട് കൂടിയേനെ. ഇപ്പോഴാണേ സാമൂഹ്യ വിരുദ്ധന്മാരെക്കൊണ്ട് ജീവിക്കാന്‍ പറ്റത്തില്ല. വലുതെന്നോ ചെറുതെന്നോ ഇല്ലാത്ത പെണ്ണുപിടിയന്‍മാരാണ് മുഴുക്കോം. ഞങ്ങളെങ്ങനെ ജീവിക്കുന്നെന്ന് ആര്‍ക്കും അറിയണ്ടേ? ഒരു കോളനിയില്‍ കുറേ വീടുകളും കൊടുത്ത് തള്ളിയാ പിന്നെ അവിടെ അങ്ങനെ കിടന്നോണന്നായിരിക്കും. ചെളിക്കുഴിയില്‍ തള്ളിയ പോലാണല്ലോ? ഞങ്ങളെന്നാ മനുഷ്യരല്ലേ? ഞങ്ങക്ക് തരാനുള്ളതും കൂടി വല്യവന്‍മാര് കട്ടുമുടിച്ചോണ്ട് പോവുന്നതില്‍ ആര്‍ക്കും ഒരു കൊഴപ്പോമില്ല’ കോളനിയിലെ 60 വയസ്സുകാരി ആമിനയുടെ വാക്കുകള്‍.

വിവിധ മതസ്ഥര്‍ താമസിക്കുന്ന കോളനിയിലെ സ്ത്രീകളില്‍ വിധവകളും, ഭര്‍ത്താവുപേക്ഷിച്ച് പോയവരുമുണ്ട്. ജീവിതത്തില്‍ മറ്റ് ആശ്രയങ്ങളൊന്നുമില്ലാത്ത ഇവര്‍ സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച് കഴിയുകയാണ്. ‘പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വീട് പുനര്‍നിര്‍മ്മിക്കാനാവുമെന്നാണ് എം.എല്‍.എ പറയുന്നത്. അങ്ങനെ എം.എല്‍.എ പറയുന്നതിനനുസരിച്ച് ചെലവഴിക്കാന്‍ പഞ്ചായത്തിന് ഫണ്ടില്ലെന്നാണ് പഞ്ചായത്ത് അധികാരികളുടെ പറച്ചില്‍. ഇതിനെല്ലാമിടക്ക് കിടന്ന്, ഇവര്‍ പറയുന്നത് കേള്‍ക്കാമെന്നല്ലാതെ ഞങ്ങളെന്ത് ചെയ്യാനായിട്ടാണ്. ഇപ്പോള്‍ പിള്ളേരെ സ്‌കൂളിലയക്കാനോ അവര്‍ തിരിച്ച് വരുന്നത് കാക്കാനോ പോലും നിക്കാതെയാണ് എറണാകുളം കളക്ടറേറ്റ്  സമരത്തിന് അമ്മമാര്‍ പോവുന്നത്’ കോളനിയിലെ മേരിക്കുട്ടി പറയുന്നു.

ഇതിനിടെ കഴിഞ്ഞ വര്‍ഷം ജില്ലാ വികസന ഫണ്ടില്‍ നിന്ന് ചെലവഴിക്കാതെ പാഴായി പോയത് എട്ട് കോടി രൂപയാണ്. ഇതിലെ ഒരു കോടി രൂപ മതിയായിരുന്നു ഈ കോളനി നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍