UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയന്‍ മാഷ് ഏല്‍പ്പിച്ച വിത്ത്- ധര്‍മ്മടത്ത് ചുറ്റിത്തിരിഞ്ഞു മാങ്ങാട് രത്നാകരന്‍റെ യാത്ര

Avatar

തലശ്ശേരിയിലേക്ക് പോകുമ്പോഴെല്ലാം പ്രശസ്ത കവി ജി.കുമാരപിള്ളയുടെ ‘ധര്‍മ്മടം ധര്‍മ്മസങ്കടം’ എന്ന കവിതയിലെ വരികള്‍ മനസ്സില്‍ മുഴങ്ങാറുണ്ട്.
”ഹരിശ്രീ വിതച്ചവന്‍ ബ്രണ്ണന്‍
ഹെര്‍മന്‍ ഭാഷാര്‍ത്ഥ കാമുകന്‍
ഭൂതാര്‍ത്മ മാന്ത്രികന്‍ ലോകന്‍
മൂവരെന്നെ വിളിക്കയാന്‍”

ഈ യാത്രികന്‍ രണ്ടാം ജന്മനാടായി കരുതുന്ന തലശ്ശേരിയിലേക്ക് വിശേഷിച്ചും ധര്‍മ്മടത്തേക്ക് യാത്ര ചെയ്തത് മറ്റൊരു മനീഷിയുടെ വിളികേട്ടാണ്. പ്രൊഫ. എം.എന്‍.വിജയന്റെ വിളി. ലോകം കണ്ടുകൊണ്ടിരിക്കെ അദ്ദേഹം മരണത്തിലേക്ക് മറഞ്ഞുപോയിട്ട് ഏഴു വര്‍ഷം തികയുന്നു. 

ധര്‍മ്മടം 12-ആം നൂറ്റാണ്ടുവരെയും ധര്‍മ്മപട്ടണമായിരുന്നു. ധര്‍മ്മം എന്ന പേരു സൂചിപ്പിക്കുന്നതുപോലെ ബുദ്ധമത കേന്ദ്രം. കാലത്തിന്റെ തേരുരുളുകള്‍ക്ക് കീഴില്‍ ബുദ്ധമതം അമര്‍ന്നടിഞ്ഞുവെങ്കിലും ധര്‍മ്മപട്ടണം ധര്‍മ്മടമായി അഥവാ ധര്‍മ്മത്തിന്റെ ഇടമായി ഇപ്പോഴും നിലകൊള്ളുന്നു. ധര്‍മ്മടം ഒരു ദ്വീപാണ്. ദ്വീപെന്ന് തോന്നാത്ത ഒരു ദ്വീപ്. അയല്‍ഗ്രാമങ്ങളുമായി പാലങ്ങളുമായി ബന്ധിച്ചിരിക്കുന്നു. ധര്‍മ്മടം തുരുത്ത് മാത്രം കരയുമായി യാതൊരുബന്ധവുമില്ലാതെ നിലകൊള്ളുന്നു. കടലിനെയും ആകാശത്തെയും സാക്ഷിയാക്കി നിലകൊള്ളുന്ന ധര്‍മ്മടം തുരുത്ത് ധര്‍മ്മടത്തിന്റെ നൂറ്റാണ്ടുകളായുള്ള ഹിംസാത്കമായ ചരിത്രത്തിന്റെ സാക്ഷി കൂടിയാണ്. ഐതിഹ്യപ്രകാരം പ്രാചീനകേരളത്തിലെ പെരുമാള്‍ വംശത്തിന്റെ തലസ്ഥാനങ്ങളിലൊന്നാണ് ധര്‍മ്മടം. അവസാനത്തെ പെരുമാളായ ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതത്തിലേക്ക് മാറുന്നതിനായി മക്കത്തേക്ക് പോയത് ധര്‍മ്മടത്തുനിന്നാണെന്നും കേള്‍വിയുണ്ട്. ധര്‍മ്മടം പുഴയ്ക്കക്കരത്തെ രണ്ടുതറയിലെ ഒരു പ്രദേശം പോയനാട് എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്.

ധര്‍മ്മടത്താണ് മലബാറിലെ വിദ്യാഭ്യാസത്തിന്റെ ദീപസ്തംഭമായ ബ്രണ്ണന്‍ കോളേജ്. ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മഹാവിദ്യാലയം. അത്ഭുതകരമായ ഒരാകസ്മികതയില്‍ നിന്നാണ് ബ്രണ്ണന്‍ കോളേജിന്റെ പിറവി. എഡ്വേര്‍ഡ് ബ്രണ്ണന്‍ എന്ന ഇംഗ്ലീഷുകാരന്‍ തലശ്ശേരിക്കടുത്ത് ഒരു കപ്പല്‍ഛേദത്തില്‍പ്പെട്ട് തലശ്ശേരിയിലേക്ക് നീന്തിക്കയറുന്നതോടെ വിസ്മയം തുളുമ്പുന്ന ആ ചരിത്രം തുടങ്ങുന്നു. തുടര്‍ന്ന് തലശ്ശേരി തുറമുഖത്തിലെ മാസ്റ്റര്‍ അറ്റന്‍ഡന്റായി ജോലി നോക്കിയ ബ്രണ്ണന്‍ തലശ്ശേരി പുവര്‍ ഫണ്ട് എന്ന പേരില്‍ 3000 ഉറുപ്പിക മദിരാശി അക്കൗണ്ടന്റ് ജനറലിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. വില്‍പ്പത്രത്തില്‍ എല്ലാ ജാതിയിലും മതത്തിലും നിറത്തിലുംപെട്ട ആണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുവാന്‍ 8600 ഉറുപ്പികയും നിക്ഷേപിച്ചു. ബ്രണ്ണന്‍ തലശ്ശേരിയില്‍ 1859 ല്‍ അന്ത്യനിദ്ര പൂകി. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം തലശ്ശേരിയില്‍ 1862 സെപ്തംബര്‍ 1 -ആം തീയതി ബ്രണ്ണന്‍ സ്‌കൂളിന് തുടക്കമായി.  പിന്നീട് ഈ വിദ്യാലയം പടര്‍ന്ന് പന്തലിച്ച് ധര്‍മ്മടത്തിലേക്ക് വ്യാപിച്ചു. ബ്രണ്ണന്‍ കോളേജിന്റെ കവാടത്തിന് മുന്നില്‍ എഡ്വേര്‍ഡ് ബ്രണ്ണന്റെ മഹത്തായ വാക്കുകള്‍ ആലേഖനം ചെയ്ത ഫലകം വായിച്ചു നില്‍ക്കുമ്പോള്‍ ഈ കലാലയത്തില്‍ കാല്‍ നൂറ്റാണ്ടിന് മുമ്പേ പഠിച്ചതിന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു.

പ്രഗത്ഭരായ അദ്ധ്യാപകരുടെ നീണ്ടനിരതന്നെയുണ്ടായിരുന്നെങ്കിലും ബ്രണ്ണന്‍ എം.എന്‍.വിജയന്റെ കോളേജായി അറിയപ്പെട്ടു. 1960ലാണ് അദ്ദേഹം ബ്രണ്ണനിലെ മലയാള വിഭാഗത്തില്‍ അദ്ധ്യാപകനായി ചേരുന്നത്. മാസ്മരികമായ വ്യക്തിപ്രഭാവവും അനുപമമായ ക്ലാസുകളും ഗഹനമായ മനഃശാസ്ത്രപഠനങ്ങളും അചുംബിതമായ പ്രഭാഷണങ്ങളും അതിലെല്ലാമുപരി മാനുഷികമായ ജീവിത സമീപനങ്ങളുമെല്ലാം അദ്ദേഹത്തെ പ്രശസ്തനാക്കി. കവിതയും സൗന്ദര്യശാസ്ത്രവും  അദ്ദേഹം പഠിപ്പിച്ചപ്പോള്‍ ഒരു വലിയ ലോകം ക്ലാസ്മുറിയിലേക്ക് ഇറങ്ങിവന്നു.

ധര്‍മ്മടം മീത്തലെപ്പീടികയ്ക്കടുത്ത് ‘കരുണ’ എന്ന വീട്ടിലായിരുന്നു എണ്‍പതുകള്‍തൊട്ട് ഇരുപത് വര്‍ഷക്കാലം എം.എന്‍.വിജയന്‍ മാഷ് താമസിച്ചിരുന്നത്. ബുദ്ധമതസാരവും ആശാന്റെ ചേതോഹരമായ കാവ്യശീര്‍ഷകവും ഓര്‍മ്മയിലെത്തിക്കുന്ന ആ പേര് വിജയന്‍ മാഷ് ചാര്‍ത്തിയതല്ലെന്ന് പിന്നീടാണ് അറിയുന്നത്. ധര്‍മ്മടം സ്വദേശിയായ കരുണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന് കരുണാ കോട്ടേജ് എന്ന ഒരു ഫലകമുണ്ടായിരുന്നു. കോട്ടേജ് എന്ന വാല്‍ മുറിച്ചപ്പോള്‍ കരുണയായതാണ്. ഇന്നവിടെ കരുണന്റെ ബന്ധുക്കളാണ് താമസം. വിജയന്‍മാഷിന്റെ മകനും എഴുത്തുകാരനുമായ വി.എസ്.അനില്‍കുമാറിനോടൊപ്പം കരുണയിലേക്ക് പോയി. അനില്‍ യൗവ്വനകാലം ചെലവഴിച്ച വീട്. ഈ യാത്രികന്‍ എത്രയോ സായാഹ്നങ്ങള്‍ ചിലവഴിച്ച വീട്. എത്രയോ പ്രഗത്ഭമതികളും സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും ആരാധകരും അശരണരും വന്നുപോയ വീട്. അവര്‍ക്കെല്ലാം കരുണ ചൊരിഞ്ഞ വീട്. വിജയന്‍ മാഷ് ധര്‍മ്മടത്തോട് വിടപറഞ്ഞ്  ജന്മനാടായ കൊടുങ്ങല്ലൂരിലെ ലോകമലേശ്വരത്ത് താമസമാക്കിയപ്പോഴും കരുണ എന്ന പേര് കൂടെച്ചെന്നു. രോഗങ്ങളുടെ ഒരു കൂടായിരുന്നു ആ കൃശഗാത്രന്‍. ഇരിക്കാന്‍ പോലുമാകാതെ കൊടിയ പീഢകളിലൂടെ കടന്നുപോയ ജന്മം.

വി.എസ്.അനില്‍കുമാര്‍: രോഗമെന്ന് പറഞ്ഞുകഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് പലപ്പോഴും വിശ്വസിക്കാന്‍ പറ്റാത്തതരത്തിലുള്ള രോഗങ്ങളാണ് ഉണ്ടായിട്ടുള്ളത്. പലപ്പോഴും അച്ഛന്‍ തന്നെ തീരുമാനിക്കും രോഗം ഇന്നതാണെന്ന്. ഇനിയിതില്‍ നിന്ന് രക്ഷയില്ലാന്ന് തീരുമാനിച്ചിട്ട്, ചികിത്സയൊന്നും വേണ്ട എന്ന തീരുമാനമൊക്കെ എടുത്തിട്ടുണ്ട്. അങ്ങനെയൊരു ഭീകരാവസ്ഥയിലാണ് ഞാന്‍ എന്റെ ഫൈനല്‍ ഇയര്‍ പരീക്ഷ എഴുതേണ്ടി വന്നിട്ടുള്ളത്. അവസാനം മേനോന്‍മാഷ് (എം.എസ്.മേനോന്‍) നിര്‍ബന്ധമായും പിടിച്ചുകൊണ്ടുപോയി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് നോക്കുമ്പോള്‍ അത് വെറും ക്ഷയരോഗമായിരുന്നു. കുറേ ആഴ്ച മരുന്നെടുത്തപ്പോള്‍ അത് മാറി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതുവരെ ഒന്നുരണ്ടാഴ്ച അച്ഛന്‍ നിരന്തരമായി ചോര ശര്‍ദ്ദിക്കുകയായിരുന്നു. ചോര ശര്‍ദ്ദിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍ തന്നെ തീരുമാനിക്കുമായിരുന്നു ഇത് മറ്റെന്തോ ഭീകരമായ രോഗമാണെന്ന്. ചികിത്സിച്ചിട്ട് കാര്യമില്ലായെന്ന്. അച്ഛന് അച്ഛന്റെ രോഗങ്ങളോടാണ് ഏറ്റവുമധികം മത്സരിക്കുകയോ അല്ലെങ്കില്‍ യുദ്ധം ചെയ്യുകയോ ചെയ്യേണ്ടിവന്നിട്ടുള്ളത്. അതൊരു വേദനാജനകമായ കാഴ്ചയാണ്. ഏത് സമയത്തും രോഗബാധിതനായി കിടക്കുന്ന അച്ഛന്‍, നില്‍ക്കുന്ന അച്ഛന്‍, ഇരിക്കാന്‍ പറ്റാതെ ഏഴുകൊല്ലമായി ജീവിക്കുന്ന ഒരു മനുഷ്യനെപ്പറ്റി എനിക്ക് മറ്റു സ്ഥലത്തൊന്നും പോയി വായിച്ചറിയേണ്ട കാര്യമില്ല. അദ്ദേഹം ഏഴുകൊല്ലം ഒരു കസേരയില്‍ ഇരിക്കാന്‍ സാധിക്കാതെ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്തു. അതുപോലെ തന്നെ ഒരുപാട് രോഗങ്ങള്‍… അതും പലതരത്തിലുള്ള രോഗങ്ങള്‍… അവസാനം കാന്‍സര്‍. തൊണ്ടയിലെ കാന്‍സര്‍ വന്നിട്ട് മദ്രാസില്‍ ഞങ്ങളുള്ള സമയത്ത് ചികിത്സ മുഴുവന്‍ അപ്പോളോ ഹോസ്പിറ്റലിലായിരുന്നു. അപ്പോള്‍ അച്ഛന്റെ തൊണ്ട പൊട്ടി പഴുത്തുകിടക്കുന്നത് ഞാന്‍ കാണുന്നുണ്ട്. അച്ഛനെ സംബന്ധിച്ചിടത്തോളം പിന്നീട് ഞാന്‍ ചോദിച്ചിട്ടുണ്ട്. എങ്ങനാണ് ഞങ്ങളെക്കുറിച്ചുള്ള അഭിപ്രായം എന്നു ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ ജീവിതത്തെ തടസ്സപ്പെടുത്താതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്… എന്നാണ് ഒരു അഭിമുഖത്തില്‍ അച്ഛന്‍ എന്നോട് പറഞ്ഞത്. മറ്റുരീതിയില്‍ സഹായിക്കാന്‍ പറ്റാത്തരീതിയില്‍ ശാരീരികമായി അവശനായതുകൊണ്ട് തടസ്സപ്പെടുത്താതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

തീയില്‍ കുരുത്ത ജീവിതം-അജിതയിലേക്ക് മാങ്ങാട് രത്നാകരന്‍ നടത്തുന്ന യാത്ര
ഇതാ ഒരു സ്ഥലനാമധാരി- മാങ്ങാട് രത്നാകരന്‍റെ യാത്രയില്‍ എം.എന്‍. കാരശ്ശേരി
വായനക്കാരന്‍ എം ടി: മാങ്ങാട് രത്‌നാകരന്‍റെ യാത്രയില്‍ എം ടി വാസുദേവന്‍ നായര്‍- ഭാഗം1
മഹാകവി പിയും കോഴിക്കോടും: എം ടി വാസുദേവന്‍ നായര്‍- മാങ്ങാട് രത്നാകരന്‍; ഭാഗം 2
നെഹ്രു ആയിരുന്നെങ്കില്‍ മണിലാലിന് ഭാരതരത്ന കൊടുത്തേനെ

വ്യക്തിപരമായി എന്റെ ജീവിതത്തില്‍ വളരെ കുറച്ചേ ഇടപെട്ടിട്ടുള്ളു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ അത്ഭുതമാണ്. കാരണം മറ്റുള്ളവരുടെ ജീവിതത്തില്‍, പ്രത്യേകിച്ച് മാനസികമായി സമ്മര്‍ദ്ദമുള്ള ഒത്തിരിപേരുടെ ജീവിതത്തില്‍ വ്യക്തിപരമായി ഇടപെട്ടിട്ടുള്ള അച്ഛന്‍, എന്റെ ജീവിതത്തില്‍ വ്യക്തിപരമായി വളരെക്കുറച്ചേ ഇടപെടാറുള്ളു. എന്നുവച്ചാല്‍ പലപ്പോഴും ഉപദേശം ആവശ്യമുള്ള  സന്ദര്‍ഭങ്ങളില്‍ പോലും ഉപദേശം തന്നതായിട്ട് എനിക്കോര്‍മ്മയില്ല. അതെന്തുകൊണ്ടാണ് എന്നും ഞാന്‍ ചോദിച്ചിട്ടുണ്ട്. അച്ഛന്റെ നിഴല്‍ വീഴാതിരിക്കാനാണ് എന്നാണ് എനിക്ക് കിട്ടിയ ഉത്തരം. പക്ഷേ ആ ഉത്തരത്തില്‍ ഞാന്‍ അത്ര സംതൃപ്തനല്ല… കാരണം കുറേക്കൂടി എന്റെ ജീവിതത്തില്‍ ഇത്തരത്തിലുള്ള ഇടപെടല്‍ ഉണ്ടാവാമായിരുന്നു. അതുകൊണ്ട് ഞാന്‍ മോശമായി എന്നോ നല്ലതായി എന്നോ ഉള്ള അര്‍ത്ഥത്തിലല്ല… ഇപ്പോള്‍ അങ്ങനെ തോന്നുന്നു. ഒരു നഷ്ടബോധമാണ്. 

പഠിക്കണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. പഠിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, എന്നെ സംബന്ധിച്ചുള്ള ഒരു രസകരമായ ഓര്‍മ്മ.. മലയാളം എം.എ.യ്ക്ക് പഠിക്കുമ്പോള്‍ അച്ഛന്‍ എന്റെ മാഷാണ്. ഞാന്‍ ഒരാഴ്ച ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റായിട്ടുള്ള ടീച്ചറിന്റെ ക്ലാസില്‍ പോയില്ല. അപ്പോള്‍ അച്ഛന്‍ വളരെ സൗമ്യനായിട്ട് നീ ക്ലാസിലൊന്നും പോകാറില്ലേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ആവശ്യമുള്ള ക്ലാസിലൊക്കെ പോകാറുണ്ട് എന്ന് പറഞ്ഞപ്പോള്‍ അച്ഛനൊന്നും മിണ്ടാതെ പോവുകയാണ് ചെയ്തത്. സാധാരണയൊരു പിതാവിന്റെ രൂപത്തിലല്ല… കാരണം അച്ഛനറിയാം ആ ക്ലാസില്‍ പോകേണ്ടതില്ല എന്ന്. അച്ഛന് എന്നെപ്പറ്റിയിട്ടുള്ളൊരു ആത്മവിശ്വാസമായിരിക്കാം അങ്ങനെയൊരു നിലപാടെടുക്കാന്‍ അച്ഛനെ പ്രേരിപ്പിച്ചത്. പക്ഷേ അത്തരം കാര്യങ്ങളിലൊന്നും ശ്രദ്ധിച്ചിട്ടില്ല, ശ്രദ്ധിക്കുന്നുണ്ടാവാം… ഞങ്ങളറിഞ്ഞുകൊണ്ട് ശ്രദ്ധിച്ചിട്ടില്ല.  പഠനകാര്യത്തിലൊന്നും ഇന്ന വിഷയം, ആകെ എന്നോട് പറഞ്ഞത്, പുനത്തില്‍ കുഞ്ഞബ്ദുള്ളയോട് പറഞ്ഞപോലെ ബി.എ. എടുക്കണ്ട, ബി.എസ്.സി. എടുത്താല്‍ മതിയെന്ന് പറഞ്ഞിരുന്നു. ബി.എ. മലയാളം എടുത്താല്‍ മതിയെന്നുള്ളൊരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അതു വേണ്ട സയന്‍സ് എടുത്താല്‍ മതിയെന്നെു പറഞ്ഞു. അത് പിന്നീടുള്ള ജീവിതത്തിന് വളരെയൊരു അടിത്തറയായെന്ന് തോന്നിയിട്ടുണ്ട്. കാരണം ശാസ്ത്രീയമായൊരു അടിത്തറയുണ്ടായത് ബി.എസ്.സി. സുവോളജി പഠിച്ചതുകൊണ്ടാണെന്ന് തോന്നലുണ്ട്. മലയാളം പഠിച്ചാല്‍ അത് കിട്ടില്ലെന്ന് തോന്നുന്നു.

രത്‌നമ്മ തുണോളി (മകന്റെ ഭാര്യ): അച്ഛനെ കുറിച്ചെനിക്കുള്ളൊരു നല്ല ഓര്‍മ്മ.. ഞാന്‍ തിരക്കുപിടിച്ച് കോളേജില്‍ പോകാനൊരുങ്ങുമ്പോള്‍ അച്ഛനാണ് എനിക്ക് ദോശയുണ്ടാക്കിത്തരിക. അമ്മ ചായയും അച്ഛന്‍ ദോശയും. ദോശ ഉണ്ടാക്കിത്തരുന്ന സമയത്ത് ക്ലാസിലെടുക്കേണ്ട ഏതെങ്കിലും ശ്ലോകത്തിന്റെ അര്‍ത്ഥം ആ സമയത്താണ് ഞാന്‍ അച്ഛനോട് ചോദിക്കുക. അതേതായാലും ആശാന്റേതായാലും വൈലോപ്പള്ളിയുടേതായാലും അച്ഛന്‍ ആ സമയത്ത് ദോശ ചുട്ട് എനിക്ക് തന്നോണ്ട് അതിന്റെ അര്‍ത്ഥം എനിക്ക് വിശദമായിട്ട് പറഞ്ഞുതരും. അത് ഓര്‍മ്മയില്‍ വച്ചിട്ടാണ് ഞാന്‍ ക്ലാസില്‍ പറയാറ്. അത് വലിയൊരു ഓര്‍മ്മയായിട്ട് എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.    

മലയാളത്തിലെ ഏറ്റവും വലിയ വായനക്കാരിലൊരാളായ എന്‍.ശശിധരന്‍ തലശ്ശേരിയില്‍ കുയ്യാലിയിലാണ് താമസം. സ്വയം നിര്‍വ്വചിക്കേണ്ട ഒരു ഘട്ടം വന്നപ്പോള്‍ ഞാന്‍ വായിച്ചുതീര്‍ത്ത പുസ്തകങ്ങളാണ് ഞാന്‍ എന്ന് വിലയിരുത്തിയ വിനീതനായ ഒരു മനുഷ്യന്‍. നിരൂപകന്‍, തിരക്കഥാകൃത്ത്, നാടകകൃത്ത് തുടങ്ങിയ നിലകളിലെല്ലാം തിളങ്ങിയെങ്കിലും വായനക്കാരന്‍ എന്ന് വിശേഷിപ്പിക്കുമ്പോഴാണ് ആ മുഖം കൂടുതല്‍ തിളങ്ങുക. എം.എന്‍.വിജയന്‍ മാഷുമായി ആഴത്തിലുള്ള സൗഹൃദം പങ്കിട്ട ഈ മനുഷ്യസ്‌നേഹിക്ക് പറയാനുണ്ടായിരുന്നത് എം.എന്‍.വിജയന്റെ മാനവികതയെക്കുറിച്ചായിരുന്നു. 

എന്‍.ശശിധരന്‍: വ്യക്തിപരമായ ഒരനുഭവം പറഞ്ഞാല്‍ ഒരു ദിവസം, മാഷുടെ വീട്ടില്‍ ചെന്നപ്പോഴുള്ള ഒരനുഭവമാണത്. എന്നെ ഏറെ ആകുലനാക്കിയ ഒരു പ്രവര്‍ത്തിയാണത്. കാര്യം വളരെ നിസ്സാരമായ ഒരു സംഭവമാണ്. മാഷ്‌ടെ വീട്ടില്‍ ചെന്ന് മാഷോട് സംസാരിക്കാന്‍ തുടങ്ങി. മാഷ് പല കാര്യങ്ങളും സംസാരിച്ചു. അതിനിടയില്‍ മാഷ് അകത്തുപോയി ഒരു പഴുത്ത പപ്പായ ചെത്തി വൃത്തിയായി പൂളിക്കൊണ്ടുവന്നു. അത്രയേറെ മധുരമുള്ള അത്രയേറെ ജലാംശമുള്ള പപ്പായ ഞാന്‍ അതിനുമുമ്പ് കഴിച്ചിരുന്നില്ല. ഇതെവിടെന്നു കിട്ടിയെന്ന് സ്വാഭാവികമായും ഞാന്‍ ചോദിച്ചു. അപ്പോള്‍ മാഷ് തൊടിയില്‍, മുറ്റത്തിന്റെ അപ്പുറത്ത് നില്‍ക്കുന്ന ഈ പപ്പായമരം ചൂണ്ടിക്കാണിച്ചു. അതില് അസാധാരണമായ വലിപ്പത്തില് ഇങ്ങനെ കായ്ച് കിടക്കുന്ന പപ്പായ കണ്ടിട്ട് എനിക്ക് മനസ്സുകുളിര്‍ത്തു. ഈ പപ്പായ തിന്നുന്നതിനിടയില്‍ തന്നെ പപ്പായ എന്ന ചെടിയുടെ   ഔഷധ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സസ്യശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ചുമൊക്കെ മാഷ് വാചാലനാകുന്നുണ്ട്. അതൊക്കെ കഴിഞ്ഞ് പിന്നെയുമെന്തൊക്കെയോ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം ഞാന്‍ പുറപ്പെടാന്‍ നേരം മാഷ് വീണ്ടും അകത്തുപോയി… നില്‍ക്ക് എന്ന് പറഞ്ഞിട്ട് അപ്പോള്‍ ഒരു കടലാസ് കഷണത്തില്‍ പഴുത്ത പപ്പായയുടെ വിത്തുകള് വെണ്ണീര്‍ പുരട്ടിയിട്ട് എന്റെ കൈയില്‍ തന്നു. ഇതുകൊണ്ടുപോയി നട്ടോളു. എന്നിട്ട് അതിനെ പരിചരിക്കേണ്ട വിധം വിശദമായി പറഞ്ഞുതന്നു. ഞാന്‍ വീട്ടില്‍ കൊണ്ടുവന്ന് അതു നടുകയും പിന്നീട് നാലഞ്ചുകൊല്ലം അതിന്റെ സന്തതിപരമ്പരകള്‍ എന്റെ വീട്ടിലുണ്ടായിരുന്നു. പിന്നീടെങ്ങനെയോ എന്റെ വീട്ടില്‍ നിന്ന് അതുപോയി. ഇതിനകം എന്റെ വീട്ടില്‍ വന്ന അനേകം അതിഥികള്‍ ഈ പപ്പായത്തിന്റെ വിത്തുകള്‍ കൊണ്ടുപോവുകയും പയ്യന്നൂരിലും കാസര്‍ഗോഡിലുമുള്ള അവരുടെ വീടുകളില്‍ ഇത് നടുകയും അങ്ങനെ അതൊരുവലിയ പരമ്പരയായി തുടരുന്നതായിട്ട് ഇപ്പോഴുമെനിക്കറിയാം. വാസ്തവത്തില്‍ മാഷ് എന്നെ ഏല്‍പ്പിച്ച വിത്ത് എന്നുള്ളത് മാഷിന്റെ വ്യക്തിത്വത്തെ തന്നെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രവൃത്തിയാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. മാനുഷികതയുടെയും സ്‌നേഹത്തിന്റെയും നന്മയുടെയും വിത്തുകളാണ് മാഷ് കൊടുത്തത്.    

ദര്‍ശനം വിമര്‍ശനം തുടങ്ങിയ മേഖലകളില്‍ വ്യാപരിക്കുമ്പോഴും അതിവിപുലമായ താല്‍പ്പര്യങ്ങള്‍ എം.എന്‍.വിജയന്‍മാഷ്‌ക്ക് ഉണ്ടായിരുന്നു. ചരിത്രം, നരവംശ ശാസ്ത്രം, വൈദ്യശാസ്ത്രം, ചിത്രകല, ശില്‍പ്പകല, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകള്‍. തന്നെക്കുറിച്ച് സംസാരിക്കുന്നതില്‍ എപ്പോഴും വിമുഖനായിരുന്നതിനാല്‍ അക്കാര്യം  ചികഞ്ഞെടുക്കാന്‍ ഈ യാത്രികന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. ഈ യാത്രികന്റെ അറിവില്‍ യാത്ര തീരെ ഇഷ്ടപ്പെടാതിരുന്ന ഒരു വ്യക്തിയായിരുന്നു എം.എന്‍.വിജയന്‍ മാഷ്. ഒരു പക്ഷേ വെറുത്തിരുന്നുവെന്നും വരാം. ദ്വിഭാഷയില്‍ ഒരു നിശ്ചലയാത്രക്കാരനായിരുന്നു അദ്ദേഹം. ചിന്തയിലൂടെയും ആശയങ്ങളിലൂടെയും അനുഭൂതികളിലൂടെയും ഉള്ള ഒരു യാത്ര. സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹം യാത്ര ചെയ്ത ഒരേഒരിടം ഒരുപക്ഷേ വയനാട്ടിലെ ഇടയ്ക്കല്‍ ഗുഹയാണ്. ഇടയ്ക്കലിനെക്കുറിച്ച് ഉജ്ജ്വലമായ ഒരു ലേഖനമെഴുതിയ തന്റെ മാനസഗുരു കേസരി എ.ബാലകൃഷ്ണപിള്ളയ്ക്ക് ഇടയ്ക്കല്‍ കാണാന്‍ കഴിയാതെ പോയത് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് പൂരിപ്പിക്കുകയായിരുന്നോ? തന്റെ ചിന്തകളും ആശയങ്ങളും തനിക്കു ശേഷം വരുന്നവര്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുകയായിരുന്നോ?

ധര്‍മ്മടത്ത് സായാഹ്നം പടര്‍ന്നു. മലയാളനാട്ടിലെ ഏറ്റവും  മനോഹരവും വിഷാദമൂകവുമായ സായാഹ്നങ്ങള്‍ ഈ യാത്രികന്‍ നേരത്തെ അനുഭവിച്ചിട്ടുള്ളത് ധര്‍മ്മടം തുരുത്തിന്റെ ദൂരദൃശ്യത്താല്‍ മികവുറ്റ കടല്‍ത്തീരത്താണ്. ഇരുട്ട് ഭൂമിയേയും കടലിനെയും ആകാശത്തെയും ഗ്രസിക്കുന്നതുവരെ ധര്‍മ്മടം കടല്‍ത്തീരത്ത് ചുറ്റിത്തിരിഞ്ഞു.

(കടപ്പാട്: ഏഷ്യാനെറ്റ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍