UPDATES

സിനിമ

പുതുനിര്‍മ്മാതാക്കള്‍ പഠിക്കേണ്ട മഞ്ഞിലാസ് എന്ന പാഠപുസ്തകം

Avatar

അഴിമുഖം പ്രതിനിധി 

നാടന്‍പെണ്ണ് റിലീസിന് തയ്യാറെടുക്കുകയാണ്. കിട്ടിയ ഇടവേളയില്‍ എം ഒ ജോസഫ് നാട്ടിലേക്കു പോന്നു, അടുത്ത പടം എഴുതുന്നത് തോപ്പില്‍ ഭാസിയാണ്. ഭാസിയുടെ ‘തോക്കുകള്‍ കഥ പറയുന്നു’ മുന്‍കൂര്‍ തന്നെ സിനിമയ്ക്കായി പറഞ്ഞേര്‍പ്പാട് ചെയ്തിട്ടുണ്ടായിരുന്നു. മദ്രാസിലേക്ക് ഭാസിയെ കൂട്ടണം, വീട്ടിലൊന്നു പോണം; ഇതു രണ്ടുമായിരുന്നു യാത്രയുടെ ഉദ്ദേശം. വന്ന കാര്യങ്ങള്‍ നടന്നു, തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോഴാണ് ഭാര്യാമാതാവിന്റെ ആവശ്യം, ഞാനും വരുന്നു നിന്റെ കൂടെ മദ്രാസിലേക്ക്. അങ്ങനെ ഭാസിയും അമ്മച്ചിയുമായി ജോസഫ് മദ്രാസിലേക്ക് തിരിച്ചു, കാറിലാണ് യാത്ര. പകുതി ചെന്നപ്പോള്‍ മഴ, റോഡ് തെന്നി കിടക്കുകയാണ്. പെട്ടെന്നു തന്നെ ആ അപകടവും സംഭവിച്ചു. കാറ് തലകീഴായി മറിഞ്ഞു. ദൈവാനുഗ്രഹം, ആര്‍ക്കും അപകടമൊന്നും പറ്റിയില്ല. എല്ലാവരും സ്വയം തന്നെ കാറിനകത്തു നിന്നു വെളിയിലെത്തി. അപകടം ഉണ്ടായതിനു തൊട്ടുപിന്നാലെ ഒരു ലോറി അവിടെയെത്തി. ലോറിയിലുണ്ടായിരുന്നവര്‍ ചാടിയിറങ്ങി. എല്ലാവരും കൂടി കാറ് നേരെയാക്കി മറിച്ചിട്ടു, ഭാഗ്യം സ്റ്റാര്‍ട്ട് ആകുന്നുണ്ട്. കുറച്ചു പരിക്കുകളൊക്കെയുണ്ടെങ്കിലും മദ്രാസുവരെ അതില്‍ തന്നെയെത്താം. ജോസഫ് ഒരിക്കല്‍ കൂടി ദൈവത്തെ വിളിച്ചു. ശേഷമുള്ള യാത്ര ഒരു തടസവും കൂടാതെ നടന്നു.

മഞ്ഞിലാസ് ഔസേഫ് ജോസഫ് എന്ന സിനിമ നിര്‍മാതാവ് അന്നു തിരിച്ചറഞ്ഞ ഒന്നുണ്ട്, ദൈവം തന്നോട് കൂടെയുണ്ട്. സിനിമ എന്നത് തന്റെ ആഗ്രഹം മാത്രമല്ല, ദൈവനിയോഗം കൂടിയാണ്. അതുകൊണ്ടു തന്നെ 34 വര്‍ഷം നീണ്ട സിനിമാജീവിതം ജോസഫിന് നല്‍കിയത് സംതൃപ്തിയായിരുന്നു. അതു നഷ്ടപ്പെടുത്തണ്ടായെന്നു കരുതിയാണ് സിനിമയില്‍ നിന്നും എന്നന്നേക്കുമായി പിന്മാറിയതും. പക്ഷേ അമ്പതുകള്‍ മുതലുള്ള മലയാള സിനിമയുടെ ചരിത്രം ഈ വെള്ളക്കുപ്പായക്കാരനെക്കുറിച്ച് എഴുതിയാലെ പൂര്‍ണമാകൂ. എണ്‍പത്തിയെട്ടാം വയസില്‍ ജീവിതത്തോട് എല്ലാ കണക്കുകളും പറഞ്ഞു തീര്‍ത്ത് ജോസഫ് യാത്ര ചോദിച്ചു പോകുമ്പോള്‍ മിച്ചം വച്ചിട്ടുപോകുന്ന ഒന്നുണ്ട്. മഞ്ഞിലാസ് എന്ന ബാനര്‍. കച്ചവടത്തെക്കാള്‍ കലയ്ക്ക് സിനിമയില്‍ പ്രാധാന്യം കണ്ടിരുന്നൊരു നിര്‍മാതാവിന്റെ അനശ്വരമായ സ്മാരകമായി അതിങ്ങനെ നില്‍നില്‍ക്കുക തന്നെ ചെയ്യും.

തൃശൂര്‍ ജോസ് തീയെറ്റിലെ മാനേജറും പിന്നീട് എറണാകുളം ഷേണായീസ് തീയെറ്ററിന്റെ ജനറല്‍ മാനേജരുമായി റിട്ടയര്‍ ചെയ്ത മഞ്ഞിലാസ് ഔസേപ്പിന്റെ മകന് ജീവിക്കാന്‍ അത്യാവശ്യം ചുറ്റുപാടുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരു ജോലി സ്വന്തമായി വേണമെന്ന തോന്നലുണ്ടായിരുന്നു. അപ്പന്‍ തന്നെയാണ് സുഹൃത്തായ ടി ഇ വാസുദേവന്റെ അസോഷ്യേറ്റ് പ്രൊഡക്ഷനില്‍ ചേര്‍ക്കുന്നത്. അവിടെ എക്‌സിക്യൂട്ടീവായി ജോലി നോക്കുന്ന സമയത്ത് സിനിമയുടെ ലോകത്തേക്ക് കുറിച്ച് നല്ല ബോധ്യം വന്നിരുന്നു ജോസഫിന്. എഴുത്തുകാരും സംവിധായകരുമൊക്കെ ഓഫീസില്‍ വന്നുപോകും, അതുവഴി അവരില്‍ ചിലരൊക്കെയായി പരിചയമുണ്ടായി. മിക്കവാറും സാഹിത്യകാരന്മാരും വരാറുണ്ട്. സാഹിത്യകൃതികള്‍ സിനിമയാക്കാന്‍ താത്പര്യം കാണിച്ചിരുന്ന സമയമാണത്. ഒരിക്കല്‍ ചെമ്പില്‍ ജോണ്‍ വന്നു. ആദ്യം പറഞ്ഞ കഥ പോരാതെ തോന്നിയതുകൊണ്ട് മറ്റൊന്നു കൂടി ജോണ്‍ പറഞ്ഞു, അതിഷ്ടമായി. സിനിമയാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് അസോഷ്യേറ്റ് പ്രൊഡക്ഷനില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. സാമ്പത്തികപ്രശ്‌നം തന്നെ. ചില ജോലിക്കാരെയൊക്കെ പിരിച്ചുവിടാന്‍ തുടങ്ങി. കാര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കിയ ജോസഫ് സ്വയം പിരിഞ്ഞുപോകാന്‍ തീരുമാനിച്ചു. സ്വന്തമായി ഒരു നിര്‍മാണ കമ്പനിയായിരുന്നു ആഗ്രഹം. വിവരമറിഞ്ഞ വാസുദേവനും പിന്താങ്ങി. നീ നന്നായി വരുമെന്ന അനുഗ്രഹവും നല്‍കി. പക്ഷേ ഒറ്റയ്ക്ക് പടം പിടിക്കാനൊന്നുമുള്ള പാങ്ങ് ആയിട്ടില്ല. അങ്ങനെയാണ് കൊല്ലത്തുകാരന്‍ ബത്തസാറുമായി കൂട്ടുചേരുന്നതും നവയുഗം പിക്‌ചേഴ്‌സ് രൂപീകരിക്കുന്നതും. ആദ്യം പടം ഏതു വേണമെന്നു സംശയമില്ലായിരുന്നു. ചെമ്പില്‍ ജോണ്‍ കഥ പറയുമ്പോള്‍ ജോസഫും അന്നു കൂടെയുണ്ടായിരുന്നതാണ്. ജോണിനെ വിളിപ്പിച്ചു. ആ കഥ സിനിമയാക്കാന്‍ താത്പര്യമുണ്ടെന്നു പറഞ്ഞു. അതായിരുന്നു നാടന്‍ പെണ്ണ്. സേതുമാധവന്‍ സംവിധാനം, നസീര്‍ നായകന്‍.

രണ്ടാമത്തെ പടം തോപ്പില്‍ ഭാസിയുടെ തോക്കുകള്‍ കഥ പറയുന്നു. ഇതിനിടയില്‍ തന്നെ രണ്ടു നോവലുകളുടെ പകര്‍പ്പവകാശം ജോസഫ് സ്വന്തമാക്കി വച്ചിരുന്നു. മലയാറ്റൂരിന്റെ യക്ഷിയും മുട്ടത്തു വര്‍ക്കിയുടെ വെളുത്ത കത്രീനയും. ബത്തസാറിന് വെളുത്ത കത്രീന ആദ്യം സിനിമയാക്കണമെന്നായിരുന്നു തത്പര്യം. ജോസഫ് സമ്മതിച്ചില്ല. പാര്‍ട്ട്ണഷിപ്പ് തുടങ്ങുമ്പോഴെ ഉണ്ടായിക്കിയിരുന്നൊരു കരാര്‍, സിനിമ ഏതെടുക്കണമെന്ന തീരുമാനം തനിക്കാണെന്നും പണം മുടക്കുന്ന കാര്യത്തിലാണ് കൂട്ടുകെട്ട് വേണ്ടതെന്നുമായിരുന്നു. ആ കരാര്‍ ലംഘിക്കപ്പെടുന്നു എന്നു തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷത്തോടെ പിരിയാം എന്നായി ജോസഫ്. അങ്ങനെ മൂന്നാം പടം മഞ്ഞിലാസ് എന്ന ബാനറില്‍ ജോസഫ് സ്വയം നിര്‍മിച്ചു. അപ്പനോട് സ്വന്തമായി പടം പിടിക്കാന്‍ പോകുന്ന കാര്യം പങ്കുവച്ചപ്പോള്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം കമ്പനിക്കു സ്വന്തം തറവാട്ടുപേര് ഇടണമെന്നുമാത്രമായിരുന്നു. മഞ്ഞിലാസിന്റെ ബാനറില്‍ യക്ഷി ഇറങ്ങി. അവിടെ തൊട്ട് സിനിമയില്‍ മഞ്ഞിലാസും എം ഒ ജോസഫും ഒരിടം സ്വന്തമാക്കി.

ജോസഫ് എന്ന നിര്‍മാതാവിനെ അടയാളപ്പെടുത്തേണ്ടത് നല്ലൊരു കലാസ്വാദകന്‍ എന്ന വിശേഷണത്തോടെയാണ്. കച്ചവടലാഭമല്ല, കലയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലായ്മയായിരുന്നു ജോസഫിനുണ്ടായിരുന്നത്. മുപ്പതിലേറെ ചിത്രങ്ങള്‍ നിര്‍മിച്ചവയില്‍ വളരെ കുറവാണ് കഥകള്‍ ഉണ്ടാക്കിയെഴുതിയവ. ബാക്കിയെല്ലാം സാഹിത്യകൃതികളായിരുന്നു. തകഴി, മലയാറ്റൂര്‍, പാറപ്പുറം, എ ടി കോവൂര്‍, തോപ്പില്‍ ഭാസി തുടങ്ങിയവരുടെയൊക്കെ കൃതികളായിരുന്നു ജോസഫ് സിനിമയാക്കിയത്. മദ്രാസില്‍ നിന്നു നാട്ടിലെത്തുന്ന സമയത്ത് ആദ്യം പോകുന്നത് എന്‍ബിഎസിന്റെ ബുക്ക് സ്റ്റാളിലേക്കാണ്. അവിടെ നിന്നു കുറെ പുസ്തകങ്ങള്‍ വാങ്ങും, അതില്‍ ഒന്നിലെങ്കിലും സിനിമയുണ്ടായിരിക്കും; ജോസഫ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സാഹിത്യത്തിലുണ്ടായിരുന്ന താത്പര്യം തന്നെയാണ് സിനിമയിലേക്കും അദ്ദേഹത്തെ എത്തിച്ചത്.

സിനിമക്കാര്‍ക്ക് പ്രിയപ്പെട്ട മുതലാളി ആയിരുന്നു എന്നും ജോസഫ്. വെള്ളയും വെള്ളയും ഇട്ട രൂപമാണ് എപ്പോഴും ജോസഫിനെ ഓര്‍ക്കുമ്പോള്‍ മനസില്‍ വരുന്നതെന്നു നടന്‍ കുഞ്ചന്‍ പറയുന്നു. എല്ലാവരോടും സൗമ്യമായാണ് പെരുമാറുന്നത്. നസീര്‍, സത്യന്‍ എന്നിവരോടൊക്കെയാണ് ഏറ്റവും അടുപ്പമെങ്കിലും ചാന്‍സ് ചോദിച്ചു ചെല്ലുന്നവരോടും മയത്തിലെ എന്നും പെരുമാറിയിട്ടുള്ളു, വ്യക്തിത്വമുള്ള നിര്‍മാതാക്കളില്‍ ഒരാളായിരുന്നു എം ഒ ജോസഫും; തന്റെ ഓര്‍മകളില്‍ ജോസഫിനോടുള്ള നന്ദി സൂചിപ്പിക്കുന്നു കുഞ്ചന്‍.

തലയെടുപ്പുള്ള സാഹിത്യകാരന്മാരും പേരെടുത്ത അഭിനേതാക്കളുമായിരുന്നു ജോസഫിന്റെ സിനിമകളില്‍ അധികവും സഹകരിച്ചത്. നാടന്‍ പെണ്ണ്, യക്ഷി, അടിമകള്‍, തോക്കുകള്‍ കഥ പറയുന്നു, വാഴ്‌വേ മായം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചട്ടക്കാരി, പൊന്നി, ഗുരുവായൂര്‍ കേശവന്‍, അരനാഴികനേരം തുടങ്ങി മലയാളത്തിലെ എന്നത്തെയും പ്രിയപ്പെട്ട സിനിമകളാണ് ഇവരോടെല്ലാം ചേര്‍ന്ന് ജോസഫ് നിര്‍മിച്ചത്. സിനിമ വിട്ടൊഴിഞ്ഞ വിശ്രമ ജീവിതത്തില്‍ പഴയകലങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ജോസഫിന് പറയാനുള്ള പ്രധാനകാര്യം സിനിമയ്ക്കുള്ളില്‍ വന്ന മാറ്റമാണ്. ഒരു ലക്ഷം രൂപ കൊണ്ട് സിനിമയെടുത്തയാള്‍, ഇന്നൊരു കാമറ അസിസ്റ്റന്റിന് തന്നെ അതിന്റെ ഇരട്ടി ശമ്പളം കൊടുക്കേണ്ട കാലമല്ലേ എന്നു സ്വയം ചോദിച്ചു ചിരിക്കുകയായിരുന്നു. ആദ്യ പടം സംവിധാനം ചെയ്ത സേതുമാധവനുമായിട്ടു തന്നെയാണ് ജോസഫ് കൂടുതല്‍ സിനിമകള്‍ ചെയ്തതും. നാടന്‍ പെണ്ണു തൊട്ട് ചുവന്ന സന്ധ്യകള്‍ വരെ പതിമൂന്നു പടങ്ങള്‍ ചെയ്തു. ഇത്രയും സിനിമകള്‍ ചെയ്തിട്ടും അതുല്യനായ ആ സംവിധായകന്‍ ഒരിക്കല്‍പ്പോലും തന്നോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ കണക്കു പറഞ്ഞിരുന്നില്ല, കൊടുക്കുന്നതെന്ത് അതു വാങ്ങിക്കും. നാടന്‍ പെണ്ണിന്റെ കാമറമാന്‍ മെല്ലി ഇറാനി ആയിരുന്നു, അദ്ദേഹവും ഞാന്‍ കൊടുത്തത് വാങ്ങിക്കുകയായിരുന്നു. അവരൊക്കെ നിര്‍മാതാവിനെ കണ്ടത് സിനിമയുടെ ബോസ് ആയിട്ടായിരുന്നു. ആയൊരു റെസ്‌പെക്ട് എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അതുപോലെ ഒരു സിനിമ പരാജയപ്പെട്ടാല്‍ ഇന്നത്തെപ്പോലെ അതു നിര്‍മാതാവിന്റെ മാത്രം പരാജയമായിരുന്നില്ല. സിനിമ പൊട്ടിയാല്‍ അതിന്റെ വിഷമവും ഉത്തരവാദിത്വവും എല്ലാവരിലും തുല്യമായി ഉണ്ടായിരുന്നു. കലയായിരുന്നു അവരെയൊക്കെ സംബന്ധിച്ചു സിനിമ, ഇന്നതു കച്ചവടമാണ്; ജോസഫിന്റെ വാക്കുകളാണിത്.

വയലാര്‍-ദേവരാജന്‍ ടീമായിരുന്നു മഞ്ഞിലാസിന്റെ സ്ഥിരം കക്ഷികള്‍. ദേവരാജനുമായുള്ള ബന്ധം നേരത്തെയുണ്ട്. ബത്തസാര്‍ വഴിയാണതുണ്ടായത്. ജോസഫ് സിനിമയിലെത്തിയശേഷമാണ് വയലാറും ദേവരാജനും എത്തുന്നത്. ഇരുവര്‍ക്കും എന്നോടുണ്ടായിരുന്നത് സഹോദര തുല്യസ്‌നേഹമായിരുന്നു. മുടിചൂടാമന്നരായി വാഴുന്ന കാലത്തും തന്റെ സിനിമയ്ക്ക് പാട്ടൊരുക്കിയതിന് ഇങ്ങോട്ട് കൂലി പറഞ്ഞില്ല രണ്ടുപേരും. ഞാന്‍ കൊടുക്കുന്നതെന്തോ അതായിരുന്നു അവരുടെ പ്രതിഫലം. പണത്തെക്കാള്‍ ബന്ധങ്ങള്‍ക്കു മൂല്യമുണ്ടായിരുന്ന ഒരു കാലത്തിന്റെ ഓര്‍മകളാണ് ജോസഫ് ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തത്.

1951 മേയിലാണ് എം ഒ ജോസഫ് മദ്രാസില്‍ എത്തുന്നത്, സിനിമ തന്ന പണം കൊണ്ട് മദ്രാസില്‍ മണ്ണുവാങ്ങി, വീടുവച്ചു. നീണ്ട മുപ്പത്തിനാല് കൊല്ലം മഞ്ഞിലാസ് എന്ന ബാനര്‍ സിനിമയില്‍ നിറഞ്ഞു നിന്നു. 1985 ല്‍ എടുത്ത പാറയായിരുന്നു അവസാനത്തെ സിനിമ. അപ്പോഴേക്കും സിനിമ ജോസഫില്‍ നിന്നും ഏറെ മാറിയിരുന്നു. വീട്ടി തീര്‍ക്കാനുള്ള ബാധ്യതകളുള്ളപ്പോള്‍ തന്നെ ജോസഫ് സിനിമയോട് പിരിയാന്‍ തീരുമാനിച്ചു. മക്കളുടെ നിര്‍ബന്ധത്തെക്കാള്‍ സിനിമ തന്നെയായിരുന്നു അത്തരമമൊരു യാത്ര പറയലിന് കാരണമായത്.

ആ ബന്ധം അവസാനിപ്പിച്ച് ജീവതത്തിന്റെ സ്വസ്ഥതയില്‍ കഴിയുന്ന കാലത്തും ചിലര്‍ ജോസഫിനെ തേടി വന്നു, മഞ്ഞിലാസ് എന്ന ബാനര്‍ വില്‍ക്കുന്നുണ്ടോ എന്നറിയാനായിരുന്നു. എത്ര കാശു തരാമെന്നു പറഞ്ഞാലും അത്തരമൊരു മഠയത്തരത്തിന് താന്‍ നില്‍ക്കില്ലെന്നു ജോസഫ് വന്നവരോടെല്ലാം ഉറപ്പിച്ചു പറഞ്ഞു. മഞ്ഞിലാസിന് ഒരു പേരുണ്ട്, നല്ല സിനിമകള്‍ ചെയ്തുണ്ടാക്കിയെടുത്ത പേരാണത്. അതു മോശമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

അതായിരുന്നു എം ഒ ജോസഫ്, മലയാള സിനിമയിലുണ്ടായിരുന്ന നട്ടെല്ലും കലാഹൃദയവുമുള്ള നിര്‍മാതാക്കളുടെ പ്രതിനിധി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍