UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കഞ്ചാവ് വിറ്റെന്ന് ആരോപിച്ച് നാട്ടുകാര്‍ കൈകാലുകള്‍ വെട്ടിമാറ്റി; യുവാവ് ആശുപത്രിയില്‍ മരിച്ചു

പഞ്ചാബിലെ ഭട്ടിന്‍ഡ ജില്ലയിലാണ് ദാരുണമായ സംഭവമുണ്ടായത്

പഞ്ചാബിലെ ഭട്ടിന്‍ഡ ജില്ലയില്‍ കഞ്ചാവ് വിറ്റെന്ന് ആരോപിച്ച് നാട്ടുകാര്‍ കൈകാലുകള്‍ വെട്ടിമാറ്റിയ യുവാവ് ആശുപത്രിയില്‍ മരിച്ചു. വിനോദ് കുമാര്‍ എന്ന മുപ്പതുകാരന്റെ കൈകാലുകളാണ് വാന്ദെര്‍ ഗ്രാമത്തിലെ നാട്ടുകാര്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിമാറ്റിയത്.

നാര്‍ക്കോടിക് കേസുകളിലും സൈക്കോട്രോപിക് സബ്സ്റ്റാന്‍സ് കേസുകളിലും പ്രതിയായ ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ട് മൂന്ന്, നാല് ദിവസമേ ആയിട്ടുള്ളുവെന്ന് തല്‍വാന്ദി സബോ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജഗ്ദീഷ് കുമാര്‍ അറിയിച്ചു. മയക്കുമരുന്ന് നല്‍കി യുവാക്കളെ വഴിതെറ്റിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്തത്. കൈകാലുകള്‍ അറ്റുപോയി ചോരവാര്‍ന്ന ഇയാളെ പോലീസ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അജ്ഞാതരായ ആളുകള്‍ക്കെതിരെ തല്‍വാന്ദി സബോ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. വിനോദ് ആക്രമിക്കപ്പെടുന്നതിന്റെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡിംഗുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

വിനോദിനെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇയാള്‍ ചെറുപ്പക്കാര്‍ക്ക് മയക്കുമരുന്നുകള്‍ വില്‍ക്കുന്ന കാര്യം ചൂണ്ടിക്കാട്ടി ഡിസിപിയ്ക്ക് പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. അതേസമയം വിനോദ് കഞ്ചാവ് വില്‍പ്പനക്കാരനല്ലെന്നും ഒരു സംഘം ചെറുപ്പക്കാര്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നുമാണ് ഇയാളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. തന്റെ സ്‌കൂട്ടര്‍ മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് പരാതി നല്‍കാന്‍ പോകുമ്പോഴാണ് വിനോദ് ആക്രമിക്കപ്പെട്ടതെന്നും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍