UPDATES

ബീഫ് കഴിച്ചാല്‍ വീട്ടില്‍ നിന്നിറക്കി അടിച്ചു കൊല്ലും ഈ രാജ്യത്ത്

Avatar

മൈക്കല്‍ ഇ. മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജനക്കൂട്ടം ആക്രോശിച്ചെത്തുമ്പോള്‍ മുഹമ്മദ് അഖ്‌ലാക്‌ കിടക്കപ്പായിലായിരുന്നു.

കുറച്ചകലെ നിന്നാരംഭിച്ച ബഹളം ഒരു ഇടിമുഴക്കം പോലെ പതിയെ പതിയെ അടുത്തേക്ക് വന്നു. പെട്ടെന്ന് വാതിലില്‍ ഉറക്കെയുള്ള മുട്ട് കേട്ടു. വാതില്‍ രണ്ടായി പിളരുകയും 50കാരനായ ഈ കര്‍ഷകന്‍ റോഡിലേക്ക് വലിച്ചിഴ്യ്ക്കപ്പെടുകയും ചെയ്തു. സംഭവം ഇന്‍ഡ്യന്‍ എക്സ്പ്രെസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെയാണ്.

അയാളുടെ കിടക്കയുടെ അടിയില്‍ നിന്നു കിട്ടിയ ഇഷ്ടിക കൊണ്ടാണ് മുഹമ്മദ് അഖ്‌ലാക്കിനെ അവര്‍ മര്‍ദ്ദിച്ചത്. ഇഷ്ടിക രണ്ടായി പിളരുന്നതുവരെ അവര്‍ മര്‍ദ്ദനം തുടര്‍ന്നു. ഒടുവില്‍ ചേതനയറ്റ് അയാള്‍ റോഡരുകില്‍ കിടന്നു. 

എന്താണ് അഖ്‌ലാക്‌ ചെയ്ത കുറ്റം? 

അല്പം ബീഫ് കഴിച്ചു എന്നത്!   

വടക്കേ ഇന്ത്യന്‍ നഗരമായ ദാദ്രിയില്‍ തിങ്കളാഴ്ച രാത്രി നടന്ന ഈ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുന്നു. പക്ഷേ തീര്‍ച്ചയായും അത് ആശ്ചര്യപ്പെടുത്തുന്ന ഒന്നായിരുന്നില്ല. കാരണം കഴിഞ്ഞ ആറ് മാസമായി ഇന്ത്യയിലെ പ്രധാന സംവാദ വിഷയമാണ് മാട്ടിറച്ചി. 

യഥാര്‍ഥത്തില്‍ ഈ വിഷയം രാജ്യത്ത് തിളച്ചു മറിയാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. 2014 മെയ് മാസം നരേന്ദ്ര മോദി ആധികാരത്തില്‍ എത്തിയതോടെ ഇതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. 

ഹിന്ദു ദേശീയ വാദിയയായ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 2002ല്‍ നടന്ന കലാപത്തില്‍ 1000 ത്തോളം മുസ്ലീംങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പേരില്‍ മോദിക്ക് വര്‍ഷങ്ങളോളം അമേരിക്ക വിസ നിഷേധിച്ചിരുന്നു. ഈ നിലപാടിന് മാറ്റം വന്നത് മോദിയും അയാളുടെ ഹിന്ദുത്വ പാര്‍ട്ടിയായ ബി ജെ പിയും അധികാരത്തില്‍ ഏറിയതിന് ശേഷമാണ്.

മതേതരത്വത്തെ ഇല്ലായ്മ ചെയ്യുന്ന, വിഭാഗീയ രക്തച്ചൊരിച്ചലുകളിലേക്ക് രാജ്യത്തെ നയിക്കുന്ന സംഘടിതമായ ഒരു സാംസ്കാരിക നീക്കം ഇന്ത്യയില്‍ ആരംഭിച്ചത് മോദിയുടെ ഭരണത്തോടെയാണ് എന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. 

നേരത്തെ വര്‍ദ്ധിച്ചു വരുന്ന മാംസ കയറ്റുമതിയുടെ ‘പിങ്ക് വിപ്ലവ’ത്തെ മോദി വിമര്‍ശിച്ചിരുന്നതായും രാജ്യത്താകമാനം ഗോവധ നിരോധനം നടപ്പിലാക്കണമെന്ന വാദത്തെ പിന്തുണച്ചിരുന്നതായും ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. 


മുഹമ്മദ് അഖ്‌ലാക്കിന്‍റെ കുടുംബം

അതേസമയം മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തോടെ ഹിന്ദു സംഘടന നേതാക്കള്‍ നടത്തി വരുന്ന പ്രകോപനപരമായ പ്രസ്താവനകളെയും പ്രവൃത്തികളെയും ആശങ്കയോടെയാണ് മുസ്ലിം ജനവിഭാഗം നോക്കിക്കണ്ടത്. അതോടൊപ്പം ഇസ്ലാം മതവിഭാഗത്തില്‍ പെട്ടവരേക്കാള്‍ മുന്‍പ് കുറ്റവാളികളായ ഇസ്ളാമിക തീവ്രവാദികളെ തൂക്കിക്കൊന്നതും മുസ്ലീം ജനവിഭാഗങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. അതേസമയം തന്നെ ഹിന്ദു സമൂഹത്തെ രക്ഷിക്കാന്‍ മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കണമെന്ന പ്രസ്താവനയുമായി ഹിന്ദു നേതാക്കള്‍ രംഗത്ത് വരികയുണ്ടായി. മഹാത്മ ഗാന്ധിയുടെ കൊലപാതകിയായ നാഥൂറാം വിനായക് ഗോഡ്സെയെ ‘ദേശസ്നേഹി’ എന്നാണ് സാക്ഷി മഹാരാജ് വിശേഷിപ്പിച്ചത്. ഏറ്റവും ഒടുവിലായി ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമാക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെടുകയുണ്ടായി.

ഇസ്ലാം മതസ്ഥരെയും ക്രിസ്തീയരെയും ഹിന്ദുത്വത്തിലേക്ക് മതം മാറ്റാനുള്ള ശ്രമങ്ങള്‍ ഹിന്ദു നേതാക്കന്മാര്‍ തുടങ്ങിക്കഴിഞ്ഞു. അതേ സമയം തന്നെ ഹിന്ദുക്കള്‍ അന്യമതസ്ഥരുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

എന്നിരുന്നാലും മാട്ടിറച്ചിയാണ് ഇവിടെ കൂടുതല്‍ രക്തമൊഴുക്കിയത്. 

ഇന്ത്യയിലെ 36 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മാട്ടിറച്ചിയെ സംബന്ധിച്ചുള്ള അവരുടെ നിയമങ്ങളുടെ കാര്യത്തില്‍ പല കൂട്ടിചേര്‍ക്കലുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പ്രായമേറെയുള്ള ഗോക്കളെ മാത്രം കൊല്ലാമെന്നു ചിലര്‍ പറഞ്ഞു, മറ്റുള്ളവര്‍ കാളകളെ മാത്രമേ അറവുകാരന് നല്‍കാവൂ എന്നും. ഏതുവിധമായാലും കഴിഞ്ഞ 15 മാസങ്ങള്‍ക്കുള്ളില്‍ ബി ജെ പിയുടെ പിന്തുണയോടെ പല സംസ്ഥാനങ്ങളും അവരുടെ നിയമങ്ങള്‍ കര്‍ശനമാക്കിക്കഴിഞ്ഞിരിക്കുന്നു. 

ഇതിന്‍റെ മുഖ്യ ഉദാഹരണമാണ് തിരക്കേറിയ മുഖ്യനഗരമായ മുംബൈ സ്ഥിതിചെയ്യുന്ന രാജ്യത്തെ നിരവധി മുസ്ലിം മതസ്ഥര്‍ അധിവസിക്കുന്ന മഹാരാഷ്ട്ര. ബിജെപി നേതൃത്വത്തില്‍ 1996ല്‍ മഹാരാഷ്ട്ര മൃഗ സംരക്ഷണ ബില്‍ പാസ്സാക്കിയിരുന്നെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയും അപ്പോഴത്തെ രാഷ്ട്രപതിയുമായ ശങ്കര്‍ ദയാല്‍ ശര്‍മ്മയ എതിര്‍ത്തതിനെ തുടര്‍ന്ന് അന്നത് നിയമമായില്ല. 

മോദി കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ അതെല്ലാം മാറി. കഴിഞ്ഞ മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ ബിജെപി പ്രതിനിധികള്‍ ഇപ്പോഴത്തെ രാഷ്ട്രപതിയെ ഈ നിയമത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.

ഒറ്റ രാത്രികൊണ്ട് നിലവില്‍ വന്ന മാട്ടിറച്ചി നിരോധനം ആയിരക്കണക്കിന് അറവുകാരെ തൊഴില്‍രഹിതരാക്കുകയും മാട്ടിറച്ചി കഴിക്കുന്നവരെ അറസ്റ്റ് ഭീഷണിയുടെ നിഴലിലാക്കുകയും ചെയ്തു. 

നിരോധനത്തിന് വെല്ലുവിളികള്‍ ഉണ്ടെങ്കിലും പുതിയ നിയമം വളരെപ്പെട്ടെന്ന് തന്നെ ഫലമുണ്ടാക്കി. നിയമം നടപ്പിലാക്കി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ രണ്ട് കാളക്കുട്ടികളെ കശാപ്പു ചെയ്തു എന്ന് ആരോപിച്ച് രണ്ട് പേര്‍ അറസ്റ്റിലായി എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബയിലേക്ക് ബീഫ് കള്ളക്കടത്ത് നടത്തി എന്ന് ആരോപിച്ച് കഴിഞ്ഞമാസം നാലു പേരെ കൂടി അറസ്റ്റു ചെയ്തുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട് ചെയ്തു.

മതപരവും ദേശീയവുമായ വിശുദ്ധിയെന്ന ആഗ്രഹമാണ് മാട്ടിറച്ചി നിരോധനത്തിന് പിന്നിലെങ്കിലും ഇത് ഇപ്പോള്‍ തന്നെ രാഷ്ട്രീയവും പ്രയോഗികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞുവെന്നാണ് വിമര്‍ശകരുടെ പക്ഷം. 

മുസ്ലിം അധിനിവേശക്കാരാണ് മാട്ടിറച്ചി ഭക്ഷിക്കാമെന്ന ആശയം ഇവിടെ കൊണ്ടുവന്നതെന്ന് ചില കടുത്ത ഹിന്ദുത്വ വാദികള്‍ പറയുന്നുണ്ട്. എന്നാല്‍ മുഹമ്മദിന് ആയിരം വര്‍ഷം മുമ്പ് എഴുതിയ പൗരാണിക ഗ്രന്ഥങ്ങളായ വേദങ്ങളില്‍ മാട്ടിറച്ചി ഉപയോഗത്തെ കുറിച്ച് പറയുന്നുണ്ട്. ഈ അന്യദേശ ശീലത്തെ ഇല്ലാതാക്കുന്നതിലൂടെ ഈ രാജ്യത്തെ അവര്‍ ഹിന്ദുവിന്റേത് എന്ന് കരുതന്ന മൂല്യങ്ങളിലേക്ക് തിരികെ കൊണ്ടു വരാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു, ന്യൂയോര്‍ക്ക് ടൈംസിന്റെ ഓപ്പെഡില്‍ നോവലിസ്റ്റായ മണില്‍ സുരി എഴുതി. മോദിക്കും ബിജെപിക്കും കീഴില്‍ നടക്കുന്ന വിശാലമായ യാഥാസ്ഥിതിക സാംസ്‌കാരിക വഴിത്തിരിവിന്റെ ഭാഗമാണ് ഇതെന്ന് സുരി പറയുന്നു.

അടുത്ത കാലത്ത് സ്വവര്‍ഗ ലൈംഗികത വീണ്ടും കുറ്റകരമാക്കിയതും വിവാദമാകുന്ന പുസ്തകങ്ങളും സിനിമകളും നിരോധിച്ചതും ബോളിവുഡ് സിനിമാ ഗാനത്തില്‍ മുംബയ്ക്ക് പകരം ബോംബെ എന്ന കോളനിക്കാലത്തെ പേര് ഉപയോഗിക്കുന്നത് വിലക്കിയതും ഒക്കെയുള്ള, ഇന്ത്യയില്‍ വ്യക്തി സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുന്ന, നീണ്ടു കൊണ്ടിരിക്കുന്ന പട്ടികയുടെ ഭാഗമാകുകയാണ് പുതിയ നിയമവും. 

താന്‍ മതേതരത്വം ഉറപ്പുനല്‍കുന്നുവെന്ന് മോദി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗങ്ങള്‍ മാട്ടിറച്ചി നിരോധിക്കാന്‍ പരസ്യമായി തന്നെ സമ്മര്‍ദ്ദം ചെലുത്തുന്നവെന്ന് കഴിഞ്ഞ ഏപ്രിലില്‍ ബിബിസിയുടെ ജസ്റ്റിന്‍ റൗലറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. 

അതിനാലാണ് പശുവിന്റെ ചിത്രങ്ങള്‍ ആനന്ദം പകരുമ്പോള്‍ തന്നെ മാട്ടിറച്ചി നിരോധനം അങ്ങേയറ്റം ഗൗരവകരമാകുന്നതും, അദ്ദേഹം പറയുന്നു. ഹിന്ദുവും മുസ്ലിമും ഒരുമിച്ച് ആഹ്ളാദചിത്തരായി കഴിയുന്ന ഒരു രാജ്യം രൂപപ്പെടുത്തി എടുക്കുക എന്നതാണ് ഇന്ത്യയുടെ വിജയം. അതിനെ സാധ്യമാക്കിയ വിട്ടുവീഴ്ചകളെ പതിയെ അട്ടിമറിക്കുന്ന ഒരു നടപടിയുടെ ഭാഗമാകും ഈ മാട്ടിറച്ചി നിരോധനം എന്നതാണ് ഭയം.

83 വര്‍ഷം പഴക്കമുള്ള മാട്ടിറച്ചി നിരോധനം സുപ്രീം കോടതി നടപ്പിലാക്കിയതിനെ തുടര്‍ന്ന് മുസ്ലീം ഭൂരിപക്ഷ കാശ്മീരില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് റൌലറ്റിന്റെ വാക്കുകള്‍ ശരിയാണെന്ന് തെളിയിക്കുന്നു.

അതുപോലെ തന്നെ ഇപ്പോള്‍ ഏകദേശം 60,000 പേര്‍ അധിവസിക്കുന്ന ന്യൂ ഡല്‍ഹിയ്ക്കടുത്തുള്ള ഉത്തരേന്ത്യന്‍ നഗരമായ  ദാദ്രിയില്‍ തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിനും കൊലപാതകത്തിനും ബീഫ് ഒരു കാരണമായി തീര്‍ന്നിരിക്കുന്നു. 

മുഹമ്മദ് അഖ്‌ലാക്‌ ഒരു പശുവിനെ കൊന്നു എന്ന അനൌണ്‍സ്മെന്‍റ് അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നു വന്നതിനെ തുടര്‍ന്നാണ് ജനക്കൂട്ടം ആക്രമണം നടത്തിയത് എന്നാണ് ഇന്ത്യന്‍ എക്സ്പ്രെസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസ്തുത പശു ആഴ്ചകള്‍ക്ക് മുന്‍പ് കാണാതായതാണെന്നും പത്രം പറയുന്നു.  

“ പശു മാംസം സൂക്ഷിച്ചുവെച്ചു എന്നാരോപിച്ചുകൊണ്ടാണ് അവര്‍ വന്നത്. ഞങ്ങളുടെ വീടിന്റെ വാതില്‍ അവര്‍ തല്ലിതകര്‍ക്കുകയും എന്റെ പിതാവിനെയും സഹോദരനെയും ആക്രമിക്കുകയും ചെയ്തു.  പിതാവിനെ പുറത്തേക്ക് വലിച്ചിച്ചിഴച്ചു കൊണ്ടുപോയി കൊല്ലുകയായിരുന്നു. സഹോദരനെ ജീവച്ഛവമാക്കി. എന്നെ മാനഭംഗപ്പെടുത്താനും അവര്‍ ശ്രമിച്ചു.”  അഖ്‌ലാക്കിന്റെ മകള്‍ സാജിദ പറഞ്ഞു.

ഇതുപോലുള്ള ഇസ്ലാം പേടി ഇതിന് മുന്‍പ് തങ്ങള്‍ നേരിട്ടില്ല എന്ന് സാജിദ കൂട്ടിച്ചേര്‍ക്കുന്നു. 

“ഞങ്ങളുടെ വീട്ടില്‍ എപ്പോള്‍ സദ്യ നടത്തുമ്പോഴും അയല്‍പക്കത്തുള്ള ഹിന്ദു കുടുംബങ്ങളില്‍ നിന്നു ആളുകള്‍ വരാറുണ്ടായിരുന്നു.” ആക്രമണത്തില്‍ അലങ്കോലപ്പെട്ട ചോരക്കറ പുരണ്ട വീട്ടില്‍ ഇരുന്നു സാജിദ പറഞ്ഞു. “ബക്രീദ് ദിനത്തില്‍ പോലും ഞങ്ങള്‍ക്ക് അതിഥികള്‍ ഉണ്ടാകാറുണ്ട്. ഈ അടുത്ത കാലത്താണ് ആളുകള്‍ സംശയത്തോടെ ഞങ്ങളെ കാണാന്‍ തുടങ്ങിയത്” .

സംഭവ സ്ഥലത്തെത്തിയ പോലീസ്  ക്ഷേത്ര പുരോഹിതന്‍ ഉള്‍പ്പടെ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പുരോഹിതനെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇതിനിടയില്‍ അറസ്റ്റില്‍ പ്രതിഷേധിച്ച് പോലീസ് ജീപ്പിന് നേരെ അക്രമി സംഘം വെടി ഉതിര്‍ക്കുകയുണ്ടായി.  ഇപ്പോള്‍ അഖ്‌ലാക്കിന്റെ കുടുംബം വീട്ടില്‍ സൂക്ഷിച്ചിരുന്നു എന്ന് ആരോപിക്കപ്പെട്ട മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പോലീസ്.

“ ഞങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ആട്ടിറച്ചിയാണ് ബീഫ് എന്നു പറഞ്ഞ് പോലീസ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. പരിശോധനയില്‍ അത് ബീഫല്ലെന്ന് തെളിഞ്ഞാല്‍ മരണപ്പെട്ട എന്‍റെ പിതാവിനെ ഇവര്‍ തിരിച്ചു തരുമോ?” സാജിദ ചോദിക്കുന്നു.  

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍