UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാല്‍ഡ കലാപം: കേന്ദ്രം മമതാ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

അഴിമുഖം പ്രതിനിധി

ഞായറാഴ്ച പശ്ചിമ ബംഗാളിലെ മാല്‍ഡയിലുണ്ടായ കലാപത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മമതാ ബാനര്‍ജി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരി പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അഞ്ജുമാന്‍ അഹ്ലെ സുന്നതുല്‍ ജമാത്ത് സംഘടിപ്പിച്ച റാലിയെ തുടര്‍ന്നാണ് മാല്‍ഡയില്‍ സംഘര്‍ഷമുണ്ടായത്. തിവാരിയുടെ പ്രസ്താവനയെ ചൊല്ലി രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ മറ്റു പ്രതിഷേധങ്ങളില്‍ നിന്നും വ്യത്യസ്തമായി ഞായറാഴ്ചത്തെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു.

ഈ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തൃണമൂല്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. വര്‍ഗീയത മാല്‍ഡയില്‍ കലിതുള്ളിനില്‍ക്കുകയാണെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു. പൊലീസ് സ്റ്റേഷന് തീവച്ചു. നിരപരാധികള്‍ ആക്രമിക്കപ്പെടുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് നഖ്വി കൂട്ടിച്ചേര്‍ത്തു.

മാല്‍ഡയിലെ കാളിയാചക്കില്‍ ഞായറാഴ്ച 1.5 ലക്ഷം മുസ്ലിംങ്ങളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഈ പ്രതിഷേധത്തിനിടെ വന്നു പെട്ട ബസിനെ പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ല. പ്രതിഷേധക്കാരെ ഭാഗികമായി ഒഴിപ്പിക്കാന്‍ മാത്രമേ പൊലീസിന് കഴിഞ്ഞുള്ളൂ.

കുറച്ചു കഴിഞ്ഞ് ജനക്കൂട്ടം വീണ്ടും തടിച്ചു കൂടുകയും ബിഎസ്എഫിന്റെ ജീപ്പിനെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് 200 മീറ്റര്‍ അകലെയുള്ള കാളിയാചക് പൊലീസ് സ്റ്റേഷന്‍ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിക്കുകയും പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെ കത്തിക്കുകയും ചെയ്തു. സംഘര്‍ഷ സ്ഥലത്ത് 144 പ്രഖ്യാപിക്കുകയും 10 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

അക്രമങ്ങളെ തുടര്‍ന്ന് കാളിയാചക്കിലേക്ക് പോകാന്‍ ഒരുങ്ങിയ ബിജെപി നേതാവായ ഷാമിക് ഭട്ടാചാര്യയേയും അനുയായികളേയും പൊലീസ് മാല്‍ഡയില്‍ തടഞ്ഞു വച്ചിരുന്നു. കാളിയാചക്ക് സംഘര്‍ഷഭരിതമാണെങ്കിലും ഇപ്പോള്‍ ശാന്തമാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മാല്‍ഡയിലെ ജില്ലാ മജിസ്‌ട്രേറ്റ് ശരദ് ദ്വിവേദി പറഞ്ഞു.

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പശ്ചിമ ബംഗാളില്‍ 30 ശതമാനം വരുന്ന മുസ്ലിങ്ങളുടെ വോട്ട് നിര്‍ണായകമാണ്. ഈ വോട്ട് 2011-ല്‍ ഇടതുപക്ഷത്തു നിന്നും മാറി മമതയ്ക്ക് വോട്ടു ചെയ്തതാണ് തൃണമൂലിനെ അധികാരത്തില്‍ എത്തിച്ചത്.

ബിജെപി സംസ്ഥാനത്ത് വലിയൊരു ശക്തി അല്ലാതിരുന്നുവെങ്കിലും 2014-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നിരുന്നാലും പിന്നാലെ വന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍