UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ ടെലികമ്യൂണിക്കേഷന്‍ വിപ്ലവത്തിന്‍റെ ചില കള്ളക്കളികള്‍

മഹത്തായ ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ വിപ്ലവത്തിന് ഒരു മോശപ്പെട്ട വശം കൂടിയുണ്ട്. മൊബൈല്‍ കമ്യൂണിക്കേഷന് ആവശ്യമായ തരംഗങ്ങളുടെ വീതം വയ്ക്കലും വിലയിടലും സംബന്ധിച്ച ഉയര്‍ന്നു വന്ന അഴിമതി പരമ്പരകള്‍ക്കു ശേഷം ഇപ്പോള്‍ പുതിയ തര്‍ക്കങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. അടിക്കടി കോളുകള്‍ മുറിഞ്ഞു പോകുന്ന തരത്തിലുള്ള മോശപ്പെട്ട സേവനങ്ങളെകുറിച്ചാണിത്. ഇന്ന് രാജ്യത്തെ ഒട്ടുമിക്ക നഗര പ്രദേശങ്ങളിലും ജനസംഖ്യയിലധികം ഫോണുകളുണ്ട്. 125 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് 100 കോടി സിം കാര്‍ഡുകളും 70 കോടിയോളം മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുമുണ്ട്. ഇവയില്‍ 25 കോടിയോളം സ്മാര്‍ട്ട് ഫോണുകളുമാണ്.

ഇവിടെ പ്രശ്‌നം ഫോണുകളുടേതല്ല, കമ്പനികള്‍ നല്‍കുന്ന സേവനങ്ങളുടേതാണ്. ഒരു സംഭാഷണം ഒറ്റ കോളില്‍ പൂര്‍ത്തിയാക്കാന്‍ സാധാരണയായി ഉപഭോക്താക്കള്‍ക്ക് കഴിയാറില്ല. പറയാനുള്ളത് മുഴുമിപ്പിക്കേണ്ടതുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആവര്‍ത്തിച്ചു വിളിക്കേണ്ടി വരുന്നു. സെക്കന്റ് ബില്ലിംഗ് ഇല്ലാത്തവര്‍ക്ക് ഇത് അധിക ചെലവുണ്ടാക്കും. ഒരു കോള്‍ ശരിയായി സ്ഥാപിക്കപ്പെട്ടാല്‍ അത് മുറിയാതെ പരിപാലിക്കുന്നതിലുള്ള ടെലികോം സേനവ ദാതാക്കളുടെ കഴിവില്ലായ്മയെയാണ് കോള്‍ ഡ്രോപ് കാണിക്കുന്നതെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍വചിക്കുന്നു. ‘ഒരു കോള്‍ വിജയകരമായി സ്ഥാപിക്കപ്പെട്ടതിനു ശേഷം സ്വാഭാവികമായി അവസാനിക്കുന്നതിനു മുമ്പ് തടസ്സപ്പെടുന്നതാണ് കോള്‍ ഡ്രോപ്. ഈ ബന്ധം മുറിയലിന്റെ കാരണം സേവനദാതാവിന്റെ നെറ്റ്വര്‍ക്കിനുള്ളില്‍ ആയിരിക്കണം’, ട്രായ് കൂട്ടിച്ചേര്‍ക്കുന്നു.

എന്തുകൊണ്ട് സെല്‍ ഫോണ്‍ കോളുകള്‍ മുറിയുന്നു? ലാഭം ഇരട്ടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ടെലികോം കമ്പനികള്‍ക്ക് ടവറുകള്‍ ഉള്‍പ്പെടെയുള്ള മതിയായ അടിസ്ഥാനസൗകര്യങ്ങള്‍  ഇല്ലാത്തതാണ് ഇതിന്റെ കാരണമായി സര്‍ക്കാരിനകത്തുള്ള പലരും വലിയൊരു വിഭാഗം ഉപഭോക്താക്കളും വിശ്വസിക്കുന്നത്. ഉപയോഗം മെച്ചപ്പെടുത്താന്‍ ഓപ്പറേറ്റര്‍മാര്‍ മനപ്പൂര്‍വ്വം സിഗ്നലുകള്‍ കുറക്കുന്നതിന്റെ ഫലമാണിതെന്നാണ് ഇവര്‍ കരുതുന്നത്.

എന്നാല്‍, വോയ്‌സ് കോളുകളെ വഹിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് സ്‌പെക്ട്രത്തിന്റെ/ തരംഗങ്ങളുടെ അപര്യാപ്തതമൂലമുണ്ടാകുന്ന അമിതോപയോഗമാണ് ഇതിനു കാരണമെന്നാണ് കമ്പനി വക്താക്കളുടെ വാദം. സര്‍ക്കാര്‍ കൂടുതല്‍ സ്‌പെക്ട്രം അനുവദിച്ചു തന്നാല്‍ മാത്രമെ ഈ പ്രശ്‌നം പരിഹരിക്കാനാകൂവെന്നും അവര്‍ വാദിക്കുന്നു. പല ടവറുകള്‍ക്കെതിരേയും പ്രാദേശിക അധികാരികള്‍ നടപടികളെടുക്കുന്നതും കണക്ടിവിറ്റിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും കമ്പനികള്‍ പറയുന്നു. ഇതിനു പുറമെ ടവറുകള്‍ സ്ഥാപിക്കുന്നതിനെതിരെ ആരോഗ്യത്തിന് ഹാനികരമായ റേഡിയേഷന്‍ പ്രശ്‌നം ഉന്നയിച്ച് പരിസരവാസികളുടെ പ്രതിഷേധങ്ങളും ഉണ്ട്. ടെലികോം കമ്പനികള്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ ബോധ്യം വരാത്ത നിരവധി പേരുണ്ടെന്നത് വ്യക്തമാണ്. സാധാരണക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ഓഗസ്റ്റ് 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയതോടെയാണ് ഈ വിഷയം കാര്യമായ ജനശ്രദ്ധ നേടിയത്. ഇതോടെ സര്‍ക്കാരിന് ഉടനടി എന്തെങ്കിലും ചെയ്യേണ്ടതായി വന്നു. അങ്ങനെയാണ് കോള്‍ ഡ്രോപ്പുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം സെപ്തംബര്‍ നാലിന് ട്രായ് പൊതു ചര്‍ച്ചയ്ക്കായി കൊണ്ടു വന്നത്. ഇന്ത്യക്കാരുടെ സെല്‍ഫോണ്‍ ഉപയോഗം കൂടിയിട്ടുണ്ടെന്നും ടെലികോം കമ്പനികള്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തിയില്ലെങ്കില്‍ സേവന ഗുണനിലവാരം കുറയുകയും അതു ഉപഭോക്താക്കളെ നിരാശരാക്കുമെന്നും ട്രായ് ചൂണ്ടിക്കാട്ടിയിരുന്നു.

2016 ജനുവരി ഒന്നു മുതല്‍ ഓരോ കോള്‍ ഡ്രോപിനും ഉപഭോക്താക്കള്‍ക്ക് ഒരു രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള ചട്ടം ഒക്ടോബര്‍ 15-നാണ് ട്രായ് പ്രഖ്യാപിച്ചത്. ഈ നഷ്ടപരിഹാരം ഒരു ദിവസം പരമാവധി മൂന്ന് കോള്‍ ഡ്രോപ്പുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍, പ്രത്യേകിച്ച് മുംബയിലും ദല്‍ഹിയിലും, ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആറു മാസത്തിലേറെ കാലം നിശ്ചിത സേവന ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ കോള്‍ ഡ്രോപ് ഉള്‍പ്പെടെ മോശം മൊബൈല്‍ സേവന ഗുണനിലവാരത്തിന് രണ്ടു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും പുതിയ ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. ദീര്‍ഘ കാല ആജ്ഞാലംഘനങ്ങളെ തടയാന്‍ ഈ നടപടികള്‍ മതിയാകുമെന്നും ഇത് സമയാധിഷ്ഠിതമായി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നുമാണ് ടെലികോം അതോറിറ്റിയുടെ പ്രതീക്ഷ.

എന്നാല്‍ ട്രായ് പ്രതീക്ഷിച്ച പോലെ പുതിയ ചട്ടങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നും വരില്ല. സാങ്കേതികമായും നിയമപരമായും ഈ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് അത്ര എളുപ്പമല്ല. ഈ ചട്ടങ്ങളെ ആദ്യം ടെലികോം തര്‍ക്കപരിഹാര ട്രൈബ്യൂണലിലും ശേഷം ഹൈക്കോടതികളിലും നിയമപരമായി ചോദ്യം ചെയ്യാന്‍ ടെലികോം കമ്പനികളുടെ കൂട്ടായ്മ ഒരുങ്ങുന്നതായും സൂചനകളുണ്ട്. ട്രായ് തങ്ങളുടെ ആശങ്ക പരിഹരിച്ചില്ലെങ്കില്‍ നിയമനടപടികളെ ആശ്രയിക്കേണ്ടി വരുമെന്ന് ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ മുന്‍നിര ടെലികോം കമ്പനികളെ പ്രതിനിധീകരിക്കുന്ന സെല്ലുലാര്‍ ഓപററ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) വ്യക്തമാക്കിയിട്ടുണ്ട്.

കോള്‍ ഡ്രോപിന്റെ കാര്യത്തിലും ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതിലും രണ്ടു ടെലികോം കമ്പനികള്‍ ഉള്‍പ്പെടുമെന്നതിനാല്‍ ആരുടെ നെറ്റ്വര്‍ക്കിലാണ് പിഴവ് സംഭവിച്ചതെന്നതു സംബന്ധിച്ച് കമ്പനികള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ടെലികോം കമ്പനികളുടെ ചെലവിനെ സ്വാധീനിക്കുമെന്നതിനു പുറമെ പുതിയ ചട്ടങ്ങള്‍ കമ്പനികള്‍ തമ്മിലും കമ്പനികളും ഉപഭോക്താക്കളും തമ്മിലുമുള്ള ഏറ്റുമുട്ടലുകള്‍ക്ക് കാരണമാകുകയും ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍