UPDATES

‘തിന്നിട്ട് ചില എല്ലിന്‍റെടേല്‍ കേറലുകള്‍’ അല്ല മോഡലിംഗ്

കലയില്‍ സ്ത്രീ ശരീരം കച്ചവടം ചെയ്യപ്പെടുന്നു എന്ന വാദത്തിനു ഫെമിനിസത്തോളം പഴക്കമുണ്ട്. ഒരു പരിധിവരെ ഈ വാദം ശരിയാകുമ്പോളും ഇതിലെ പ്രായോഗികതയെ കുറിച്ച് പരിശോധിക്കേണ്ടിയിരിക്കുന്നു. അന്ധമായ കച്ചവട താല്പര്യ വിരോധം എന്നതിനപ്പുറം ലോജിക്കുകള്‍ വച്ചുള്ള ചര്‍ച്ചയ്ക്ക് ഇത്തരം വാദം ഉന്നയിക്കുന്നവര്‍ നില്‍ക്കാറില്ല എന്നതാണ് സത്യം. എല്ലാ കലാരൂപങ്ങളും ഈ ആരോപണത്തിന്റെ പരിധിയില്‍ വരാറുണ്ട്. പക്ഷെ പരസ്യങ്ങളും സൌന്ദര്യ മത്സരങ്ങളും ഫാഷന്‍ ഷോകളും ഒരു പടി കൂടി  കടന്നാക്രമിക്കപ്പെടാറുണ്ട് .ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവര്‍ സ്ത്രീ വിരുദ്ധരും കുത്തകകളെ സഹായിക്കുന്നവരും ആണെന്ന ആരോപണം നേരിടേണ്ടി വരാറുണ്ട് .

പുരുഷന്റെയും സ്ത്രീയുടെയും സൌന്ദര്യ സങ്കല്പങ്ങള്‍ വത്യസ്തം ആണ്. സമൂഹം രൂപപ്പെടുത്തിയ ഈ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി സ്ത്രീയുടെയും പുരുഷന്റെയും ലൈംഗീക ആകര്‍ഷണങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട് മാറ് മറക്കാത്ത പുരുഷനെ കാണുമ്പോള്‍ സ്ത്രീക്ക് ഉദ്ദാരണം ഉണ്ടാകുന്നില്ലല്ലോ, അതുകൊണ്ടാല്ലേ പുരുഷ ശരീരം പരസ്യങ്ങളില്‍ അധികം കാണാത്തത് എന്നൊക്കെയുള്ള മില്യന്‍ ഡോളര്‍ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ് യുക്തിസഹം. സ്ത്രീ എന്നല്ല സമൂഹത്തില്‍ ശ്രദ്ധ ക്ഷണിക്കാനും ആകര്‍ഷണം ഉണ്ടാക്കാനും കഴിയുന്ന എല്ലാറ്റിനും മാര്‍ക്കറ്റിങ്ങില്‍ സ്ഥാനം ഉണ്ട്. പ്രാചീന കാലം മുതല്‍  സ്ത്രീ ശരീരത്തില്‍ നഗ്നതയില്‍ കൂടി അല്ലാതെ മറ്റൊരു സൌന്ദര്യ സങ്കല്പം രൂപപ്പെട്ടു വന്നിട്ടുണ്ട്. സമൂഹത്തിലെ ആ പ്രവണതയുടെ ഫലമായാണ് സ്ത്രീകള്‍ കൂടുതല്‍ അണിഞ്ഞൊരുങ്ങുകയും വസ്ത്രധാരണത്തിലും മറ്റും കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയും ചെയ്തത്. നമ്മുടെ തനതു കലാരൂപങ്ങള്‍ പോലും ആ സങ്കല്‍പ്പങ്ങളില്‍ നിന്ന് രചിക്കപ്പെട്ടവയാണ്. അവ രൂപപ്പെട്ടു പ്രചാരം നേടിക്കൊണ്ടിരുന്ന കാലത്ത് അതില്‍ കഴിവ് തെളിയിക്കുന്ന സ്ത്രീകള്‍ ‘ചൂഷണം’ ചെയ്യപ്പെടുകയല്ല, മറിച്ചു കലാകാരി എന്ന നിലക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ പിടിച്ചു പറ്റുകയാണ് ചെയ്തത് എന്നതാണ് സത്യം.

ഇതേ യുക്തി തന്നെയാണ് പരസ്യങ്ങളിലേക്കും സൌന്ദര്യ മത്സരങ്ങളിലേക്കും കടന്നു വന്നാല്‍ കാണാന്‍ കഴിയുന്നത്. അതില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ‘ചൂഷണം’ ചെയ്യപ്പെടുകയല്ല മറിച്ചു തങ്ങളുടെ ശരീരത്തിന് മുകളില്‍ ഉള്ള അവകാശം കൃത്യമായി സ്ഥാപിക്കുകയും അതിനു അര്‍ഹമായ പ്രതിഫലവും അംഗീകാരവും നേടുകയാണ്‌ ചെയ്യുന്നത്. സ്ത്രീ എന്നത് ഒരു ജനറല്‍ ടേം എന്നതിനപ്പുറം ഓരോ സ്ത്രീയും ഓരോ വ്യക്തികള്‍ ആണ്. അപ്പോള്‍ അവരുടെ അഭിപ്രായങ്ങളും അഭിരുചികളും വ്യത്യസ്തം ആകും. സ്ത്രീപക്ഷ വാദം നടത്തുന്നവര്‍ക്ക് അതിനെയും അംഗീകരിക്കാന്‍ കഴിയണം. സാധാരണ ജീവിതത്തില്‍ സ്ത്രീ ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോള്‍ വലതുപക്ഷ വാദികള്‍ക്ക് ഉണ്ടാകുന്ന അതെ അസഹിഷ്ണുത പരസ്യങ്ങളില്‍ സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കപ്പെടുന്നതില്‍ ചില സ്ത്രീ പക്ഷ വാദികള്‍ക്ക് ഉണ്ടാകുന്നുണ്ട്. സാധാരണ ജീവിതത്തിലെ വസ്ത്രധാരണവും മേക് ഓവറുകളും അവകാശം എന്ന് അംഗീകരിക്കുന്നവര്‍ക്ക് തൊഴിലിന്റെ ഭാഗമായി ഒരു സ്ത്രീ അത് ചെയ്യുമ്പോള്‍ അതില്‍ സ്ത്രീ വിരുദ്ധത കാണാന്‍ കഴിയുന്നത് എങ്ങനെയാണ് എന്നത് മനസിലാകുന്നില്ല.

സ്ത്രീ വിരുദ്ധത എന്നത് പോലെ തന്നെ ആരോപിക്കപ്പെടുന്ന മറ്റൊനാണ് ‘കുത്തകകളെ സഹായിക്കല്‍’. എത്ര യുക്തിരഹിതമാണ് ഈ ആരോപണം എന്നൊന്ന് ചിന്തിച്ചു നോക്കൂ ഈ പറയുന്ന കുത്തകകള്‍ പരസ്യം ചെയ്യുന്നഉത്പന്നങ്ങള്‍ ഇവിടുത്തെ വ്യാപാര ശൃംഖലയില്‍ തന്നെ അ.ല്ലേ വിറ്റഴിക്കപ്പെടുന്നത്. ഈ ആരോപണം ഉന്നയിക്കുന്നവരുടെ ലോജിക് പ്രകാരം അത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍, ഉല്പന്നങ്ങളുടെ ചരക്കു നീക്കത്തിന്‍റെ ഭാഗമായ തൊഴിലാളികള്‍, ഇവ ഉത്പാദിപ്പിക്കപ്പെടുന്നിടത്തെ തൊഴിലാളികള്‍, അങ്ങനെ ഉത്പാദനം മുതല്‍ വിപണനം വരെ അതില്‍ ഭാഗമായ എല്ലാ മനുഷ്യരും ‘ഈ കുത്തകകളെ സഹായിക്കുന്നവര്‍’ ആയി മാറും. ഒരാള്‍ ചെയ്യുന്ന തൊഴിലില്‍ ന്യായമായ കൂലിയും അവകാശങ്ങളും ലഭിക്കുന്നു എങ്കില്‍ അതൊരിക്കലും ചൂഷണമോ മുതലെടുപ്പോ ആകില്ല. മാവോയിസം പോലുള്ള തീവ്ര ഇടതുപക്ഷ ചിന്താഗതിയും അനുഭാവവും ഉള്ളവര്‍ ഈ ചോദ്യം ചോദിക്കുന്നതിലെ വികാരം മനസിലാക്കാം. പക്ഷെ ജനാധിപത്യ വിശ്വാസികള്‍ ആയ പുരോഗമനവാദികളും ഫെമിനിസ്റ്റുകളും ഉന്നയിക്കുന്ന ഈ ആരോപണം പരിഹാസ്യമാണ് .

പൂര്‍ണ്ണമായും ചൂഷണ മുക്തമാണ് ഈ മേഖല എന്നല്ല ഇതിനര്‍ത്ഥം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം ആണ് എന്നത് പോലെ തന്നെ അസംഘടിതരും ആണ്. കേരള സാഹചര്യം തികച്ചും വത്യസ്ഥമാണ്‌. ഫാഷനെയോ മോഡലിംഗിനെയോ ഒരു തൊഴിലായും പ്രധാന വരുമാന മാര്‍ഗമായും കാണുന്നവര്‍ കുറവാണ്, അല്ലെങ്കില്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഭൂരിപക്ഷവും യുവത്വത്തിന്റെ ഒരു സമയം കളയല്‍ എന്ന രീതിയിലും ചിലര്‍ എളുപ്പത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ഒരു ഉപാധി ആയും ആണ് ഫാഷന്‍ അനുബന്ധ മേഖലകളില്‍ ചുവടുറപ്പിക്കുന്നത്. പൊതുബോധത്തിന്റെ ആഴത്തില്‍ ഇറങ്ങിയ വേരുകളില്‍ ഇതൊരു അപ്പര്‍ ക്ലാസ്സിന്റെ ‘എല്ലിന്റെ ഇടയില്‍’ കയറലായി നിലനില്‍ക്കുന്നിടത്തോളം അതങ്ങനെ തന്നെ തുടരുകയും ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍