UPDATES

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

ഡോക്ടര്‍ ഹെഗ്ജാഡയും ആധുനിക വൈദ്യശാസ്ത്രവും

വലത്തേ കൈക്ക് ചെറിയ ഒരു ബലക്കുറവ്. ഇതും പറഞ്ഞാണ് ആ ആശാരി മെഡിസിന്‍ ഒ.പി.യില്‍ വന്നത്. ഒരിരുപത് വര്‍ഷം മുന്‍പാണേ. ഞാന്‍ ചിന്ന ഹൗസ് സര്‍ജന്‍. ഫുട്‌ബോള്‍ കളിക്കാരന്‍ ഹെഗ്വിറ്റയെപ്പോലെയിരിക്കുന്ന എന്റെ അധ്യാപകനാണ് രോഗിയെ പരിശോധിച്ചത്. ഡോക്ടര്‍ ഹെഗു എന്നായിരുന്നു ഈ ഫിസിഷ്യന്റെ വിളിപ്പേര്. 

ഡോക്ടര്‍ ഹെഗു രോഗിയെ ഉടന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ‘സ്‌ട്രോക്ക്’ എന്നുപറയുന്ന മസ്തിഷ്‌ക്കാഘാതമായിരുന്നു ഈ ആശാരിക്ക്. കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും ആശാരിയുടെ സംസാരം ലേശം കുഴഞ്ഞുതുടങ്ങി. കൈ തീരെ പൊങ്ങാതായി. വലത്തേ കാലിനും നേരിയ ബലക്കുറവുണ്ട്. തലച്ചോറിലേക്കുള്ള ഏതോ രക്തധമനി അടഞ്ഞുകൊണ്ടിരിക്കുകയാണ്. ‘ഇവോള്‍വിംഗ് സ്‌ട്രോക്ക്’ ആണ്. 

ഡോക്ടര്‍ ഹെഗു രോഗിയെ കാര്യമായി പരിശോധിച്ചു. വീണ്ടും വിശദമായി നോക്കി. രക്തത്തിലൂടെ സലൈനും ഗ്ലൂക്കോസും കയറ്റി. സ്റ്റിറോയ്ഡ് ഇന്‍ജെക്ഷന്‍ കൊടുത്തു. ഇതൊക്കെയായിരുന്നു അന്നത്തെ പ്രധാന ചികിത്സകള്‍. എന്തോ ആലോചിച്ചിട്ടെന്ന പോലെ ആസ്പിരിന്‍ ഗുളികയും കൊടുത്തു. 

അന്നത്തെ അംഗീകരിച്ച, പൂര്‍ണ്ണമായും ശാസ്ത്രീയ ചികിത്സയാണ് അതൊക്കെ. പക്ഷേ ഈ ചികിത്സയ്‌ക്കൊന്നും വലിയ ഫലമില്ലെന്ന് ഞങ്ങള്‍ക്കും ഡോ. ഹെഗുവിനും അറിയാമായിരുന്നു. ഈ ചികിത്സയ്ക്ക് വലിയ ഫലമില്ലെന്ന് എങ്ങനെയാണ് മനസ്സിലായത്?

വര്‍ഷങ്ങളായി പല റിവ്യുകളും, ട്രയലുകളും, താരതമ്യ പഠനങ്ങളും, ചര്‍ച്ചകളും നടന്നിട്ടുള്ളതില്‍ ഇത് വ്യക്തമായിരുന്നു. 

പക്ഷേ ഞങ്ങളുടെ അദ്ധ്യാപകന്‍ രോഗിയോടും ബന്ധുക്കളോടും പറഞ്ഞു: ”സ്‌ട്രോക്ക് ആണ്. തലച്ചോറിലേക്കുള്ള ഒരു രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ട്. സാരമില്ല. എല്ലാ ചികിത്സകളും ചെയ്യുന്നുണ്ട്. ആശുപത്രിയില്‍ അതിനൊക്കെ സൗകര്യമുണ്ട്.”

പതിയെ ഒരു കൈയും കാലും ഏതാണ്ട് പൂര്‍ണ്ണമായി തന്നെ തളര്‍ന്നു. പിന്നെ രോഗം മൂര്‍ച്ഛിച്ചില്ല. എല്ലാവര്‍ക്കും ആശ്വാസമായി. 

”എന്തുചെയ്യും ഡോക്ടര്‍?” രോഗി ചോദിച്ചു. ആള്‍ക്ക് നല്ല ബോധമൊക്കെ ഉണ്ട്. 

”ഫിസിയോതെറാപ്പിയൊക്കെ പഠിപ്പിച്ചുതരാം. ശരിക്കും ചെയ്യണം കേട്ടോ. ഒരു കൊല്ലം കൊണ്ട് വളരെ മാറ്റമുണ്ടാകും. ബാക്കി മരുന്നുകളൊക്കെ തരാം. അത് കഴിക്കണം.. ആര്‍ക്കറിയാം… ചിലപ്പോള്‍ പെട്ടെന്നു തന്നെ പിടിച്ചൊക്കെ നടക്കാന്‍ പറ്റിയേക്കും.”

ഡോക്ടര്‍ ഹെഗു ചിരിച്ചുകൊണ്ട് രോഗിയുടെ തോളത്ത് പിടിച്ചു. 

ഒരു കിടപ്പുരോഗിയായാണ് ഈ രോഗിയെ ഡിസ്്ചാര്‍ജ്ജ് ചെയ്തത്. എന്നിട്ടും ചികിത്സയില്‍ അയാള്‍ക്കും ബന്ധുക്കള്‍ക്കും പൂര്‍ണ്ണതൃപ്തി ഉണ്ടായിരുന്നു. 

കാലം കുറേ കഴിഞ്ഞു. ഒരു പതിറ്റാണ്ടിനു ശേഷം ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും അന്യസംസ്ഥാനത്ത് യാത്രയിലായിരുന്നു. പെട്ടെന്ന് എന്റെ ഒരു സുഹൃത്ത് ഇടതുകൈയില്‍ ഒരു ബലക്കുറവുണ്ടെന്ന് പറഞ്ഞു. ഒരു സര്‍ജനായിരുന്നു ആള്‍. പിന്നീട് ശബ്ദത്തിനും ചെറിയ ഒരു മാറ്റം കണ്ടു. ആ പട്ടണത്തിലെ ഒരു പ്രശസ്തമായ ഒരാശുപത്രിയിലേക്ക് ഞങ്ങള്‍ സുഹൃത്തിനെയും കൊണ്ട് പാഞ്ഞു. നല്ല ഒരു ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് അവിടുണ്ടത്രേ. 

ന്യൂറോളജിസ്റ്റ് വളരെ കൂളാണ്. കൂള് കുറച്ച് കൂടുതലാണോ എന്ന് സംശയം. ഒരു തണുപ്പന്‍ മട്ട്. 

”ഒരു എം.ആര്‍.ഐ. ചെയ്യാം. സ്‌കാന്‍ കണ്ടിട്ട് ആര്‍ട്ടറിയിലെ രക്തക്കട്ട അലിയിച്ചു കളയാന്‍ ടിപിഎ എന്ന മരുന്ന് ഡ്രിപ്പായി കൊടുക്കാം.”

ഞങ്ങള്‍ ഡോക്ടര്‍മാരാണെന്നറിഞ്ഞിട്ടുകൂടി പുള്ളിക്കു കുലുക്കമൊന്നുമില്ല. ഇനി അതുകൊണ്ടാണോ? ജാഡ ആയിരിക്കുമോ. നമുക്കെന്തായാലും ആളെ ഡോക്ടര്‍ ജാഡ എന്നുവിളിക്കും. 

ഡോക്ടര്‍ ജാഡ എന്ന സുഹൃത്തിനോട് കാര്യമായി സംസാരിച്ചൊന്നുമില്ല. ശരിയായി ശരീര പരിശോധന തന്നെ ചെയ്‌തോ എന്ന് സംശയം. സിമ്പതിയൊന്നും തീരെയില്ല. ഇതൊന്നും അങ്ങേരെ ബാധിക്കുന്ന വിഷയമല്ല എന്നൊരു മട്ട്. എന്റെ സുഹൃത്ത് വേവലാതി പൂണ്ട് ഭ്രാന്തായി ഒരു വല്ലാത്ത അവസ്ഥയിലും. 

”ഞാനൊരു സര്‍ജനാണ്, ഡോക്ടര്‍. എന്തെങ്കിലും ആയാല്‍ ജോലി ചെയ്യാന്‍ പറ്റില്ല.” കരച്ചിലിന്റെ വക്കോളമെത്തിയാണത് പറഞ്ഞത്. 

”ഏയ് അതൊക്കെ നോക്കാം. എന്തായാലും ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ. താങ്കള്‍ക്ക് അത് അറിയാമല്ലോ.”

ഡോക്ടര്‍ ജാഡ ചിരിയോടെ പറഞ്ഞു. എനിക്കയാളെ ഒന്നു പൊട്ടിക്കാന്‍ തോന്നി. 

അതിവേഗം എം.ആര്‍.ഐ. ചെയ്തു. വന്നിട്ട് അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ ടി.പി.എ. എന്ന മരുന്ന് സുഹൃത്തിന്റെ ധമനികളിലേക്ക് പ്രവേശിച്ചു തുടങ്ങി. പിന്നീട് ബലക്ഷയം കൂടിയില്ല. 

ഒരു കൊല്ലം കഴിഞ്ഞ് ഞാന്‍ ഈ സുഹൃത്തിനെ കണ്ടു. ഒരു പ്രശ്‌നവുമില്ല. സര്‍ജറിയൊക്കെ ചെയ്യുന്നുണ്ട്. സ്വരത്തിനു മാത്രം ചെറിയൊരു അടപ്പുണ്ട്. വേറെ പ്രശ്‌നങ്ങളൊന്നുമില്ല. 

കൃത്യസമയത്ത് വേണ്ട ചികിത്സ എന്റെ സുഹൃത്തിനു കിട്ടി എന്നതിന് യാതൊരു സംശയവുമില്ല. കഴിഞ്ഞ ഇരുപത്, മുപ്പത് കൊല്ലങ്ങള്‍ കൊണ്ട് മെഡിക്കല്‍ രംഗത്തുണ്ടായ മാറ്റങ്ങള്‍ പലരും ഈ സംഭവങ്ങളില്‍ കാണാം. ചികിത്സയുടെ ഫലവും കൃത്യതയും കൂടി. അതിനാല്‍ തന്നെ രോഗികളുടെ പ്രതീക്ഷകളും കൂടി. സ്‌കാനുകളും സ്‌പെഷ്യല്‍ സെറ്റപ്പുകളും ആവശ്യമായി.

ഈയടുത്തകാലത്ത്, ഞാന്‍ ചെറിയ ഒരാശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ എന്റെ ഒരു സുഹൃത്തിനെയും കാത്ത് ഇരിക്കുകയായിരുന്നു. നല്ല വയസ്സായ ഒരു ഫിസിഷ്യനാണ് ഡ്യൂട്ടിയില്‍. സമയം പോകാന്‍ ഞാന്‍ അയാളുമായി സംസാരിച്ചിരുന്നു. 

പെട്ടെന്ന് ഒരു രോഗിയെ കൊണ്ടുവന്നു. ഒരു വശം മുഖം കോടിയിട്ടുണ്ട്. കാലിനു ബലക്കുറവ്. ഒരു മണിക്കൂറേ ആയിട്ടുള്ളു രോഗം തുടങ്ങിയിട്ട്. 

ഫിസിഷ്യന്‍ രോഗിയെ അഡ്മിറ്റ് ചെയ്തു. ഗ്ലൂക്കോസും സ്റ്റിനോയിഡുമൊക്കെ തുടങ്ങി. അരമണിക്കൂറോളം രോഗിയോടും ബന്ധുക്കളോടും ചികിത്സയെപ്പറ്റി പറഞ്ഞു ബോധ്യപ്പെടുത്തി. എല്ലാവര്‍ക്കും ആശ്വാസമായി. 

ഞാന്‍ ടി.പി.എ എടുക്കുന്നതിനെക്കുറിച്ച് ചോദിച്ചു. 

”അതൊക്കെ ഭയങ്കര റിസ്‌കാണെന്നേ. പുലിവാലാണ്. ഈ പുതിയ ഓരോരോ മരുന്നുകള്. ഇതൊക്കെ മരുന്നു മാഫിയയുടെ കളികളല്ലേ?”

പിന്നീട് മോഡേണ്‍ മെഡിസിന്റെ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം എനിക്ക് അതിബൃഹത്തായ ഒരു ക്ലാസ് എടുത്തുതന്നു. ക്വാണ്ടം മെക്കാനിക്‌സ്, കോസ്‌മോസ് അങ്ങനെ വലിയവലിയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. പകുതി സത്യങ്ങള്‍ അദ്ദേഹം പറഞ്ഞതില്‍ ധാരാളം ഉണ്ടായിരുന്നു. ബാക്കി പകുതി വെറും ചവറ് ചപ്പടാച്ചി ആയിരുന്നു. 

ആധുനിക വൈദ്യത്തില്‍ തീര്‍ച്ചയായും പ്രശ്‌നങ്ങളുണ്ട്. പത്തിരുപത്തഞ്ച് വര്‍ഷം മുമ്പ്, സ്‌ട്രോക്കിന് (ഇസ്‌കീമിക് സ്‌ട്രോക്കാണ് പ്രതിപാദിച്ചത്) വലിയ ചികിത്സയൊന്നുമില്ലെന്ന് നമുക്ക് തന്നെ അറിയാമായിരുന്നു. ശാസ്ത്രപുരോഗതി കൊണ്ട് തന്നെയാണ് മാറ്റങ്ങള്‍ ഉണ്ടായത്. ചെയ്തത് തന്നെ തലമുറകളായി കൈമാറിയാല്‍ പുരോഗതി ഉണ്ടാവില്ലായിരുന്നു. എല്ലാ അസുഖങ്ങളുടെ ചികിത്സയിലും ഈ വിധം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

ഒരു ബൈബിളോ, ഗീതയോ, കാലാതീതമായ ആധികാരിക ഗ്രന്ഥങ്ങളോ ആധുനിക മെഡിസിനില്‍ ഇല്ല. പഴയ ഡോക്ടര്‍മാരോടും വലിയ സ്‌പെഷ്യലിസ്റ്റുകളോടും നമുക്ക് ആദരവ് ഉണ്ട്. പക്ഷേ അവരേയും ചോദ്യം ചെയ്യാന്‍ മടിക്കേണ്ടതില്ല. പൊതുജനത്തിനും ചോദ്യം ചെയ്യാം. വസ്തുനിഷ്ഠമായി ഉത്തരം തരണം. തന്നേ മതിയാകൂ. അനുഷ്ഠാനങ്ങള്‍ കല്ലില്‍ കൊത്തിയവ അല്ല. സത്യങ്ങള്‍ പതിയെ എന്നാലേ പുറത്തുവരൂ. 

എന്നാല്‍ ഒരു പരിധിവരെ കച്ചവടവും സ്വയം സേവനവും ആയി മാറുന്നുണ്ട്. സംസാരം, ആശ്വാസം, രോഗീബന്ധം ഇതിനൊക്കെ ഉലച്ചില്‍ വന്നിട്ടുണ്ട്. 

അവസാനം പറഞ്ഞ ഡോക്ടറെ നമുക്ക് ഡോ. ഹെഗ് ജാഡ എന്ന് വിളിക്കാം. പുള്ളിയാണ് മിടുമിടുക്കന്‍. രാഷ്ട്രീയത്തിലിറങ്ങിയാല്‍ അദ്ദേഹം ഇലക്ഷനില്‍ ജയിക്കും. പുസ്തകങ്ങള്‍ എഴുതിയാല്‍, ലക്ഷം പേര്‍ വായിക്കും. മോഡേണ്‍ മെഡിസിനെതിരെ പ്രസംഗങ്ങള്‍ കാച്ചിയാലോ – പത്മവിഭൂഷണ്‍ വരെ കിട്ടിയെന്നിരിക്കും.

 

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍