UPDATES

വിദേശം

ലീ ക്വാന്‍ യീ എന്ന ഏകാധിപതി ബാക്കി വയ്ക്കുന്ന കാര്യങ്ങള്‍

Avatar

ടീം അഴിമുഖം

ഞങ്ങളില്‍ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം സിങ്കപ്പൂരില്‍ വാരാന്ത്യം ചിലവഴിക്കാന്‍ ഒരവസരം ലഭിച്ചു. ഞായറാഴ്ച അതിരാവിലെ പുള്ളിക്കാരന്‍ മലയാളികളായ ചില സുഹൃത്തുക്കളോടൊപ്പം മാക്‌റിച്ചി തടാകത്തില്‍ ഒരു നീണ്ട നടത്തത്തിനായി പോയി. കാര്‍പ്പാര്‍ക്കിനരികില്‍ ഒരു ഫിലിപ്പിനോയുടെ പേഴ്‌സ് കണ്ട സംഘം, പേഴ്‌സിലുള്ള വിസിറ്റിംഗ് കാര്‍ഡില്‍ നിന്നും അയാളുടെ നമ്പര്‍ കണ്ടെത്തി വിളിച്ചു. അരമണിക്കൂര്‍ അയാളെ കാത്തിരുന്ന് പേഴ്‌സ് കൈമാറിയ ശേഷം സംഘം യാത്ര തുടര്‍ന്നു. തടാകത്തിന് ചുറ്റുമുള്ള സമൃദ്ധമായ പച്ചപ്പ് നിറഞ്ഞ വനത്തിലൂടെയായിരുന്നു നടത്തം. നന്നായി സംരക്ഷിക്കപ്പെടുന്ന ആ പ്രദേശം പ്രഭാത സഞ്ചാരികളുടെയും കുടുംബങ്ങളുടെയും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. 

കേരളീയ ശൈലിയിലുള്ള പ്രഭാതഭക്ഷണം കഴിക്കുക എന്ന ഉദ്ദേശത്തോടെ അവര്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ നടത്തം അവസാനിപ്പിച്ചു. സ്വാഭാവികമായും ചര്‍ച്ചകള്‍ കേരള, ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വഴുതിവീണു. എന്നാല്‍ പെട്ടെന്ന് തന്നെ, വാരാന്ത്യത്തിന്റെ മടുപ്പ് ഒഴിവാക്കാനുള്ള ഉപായങ്ങളിലേക്ക് സിംഗപ്പൂര്‍ നിവാസികളുടെ ചര്‍ച്ച വഴിമാറി. നമ്മളില്‍ പലരില്‍ നിന്നും വ്യത്യസ്തമായി, രാവിലെ അവര്‍ പത്രം വായിക്കോനോ പ്രാദേശിക രാഷ്ട്രീയം ചര്‍ച്ച ചെയ്യാനോ ആയി അധികം സമയം ചിലവഴിക്കാറില്ല. ധാരാളം പരസ്യങ്ങള്‍ കൊണ്ടു നിറഞ്ഞതും സര്‍ക്കാരിന്റെ ഒരു പ്രചാരണോപാധിയുമായ സ്‌ട്രെയിറ്റ് ടൈംസാണ് ദ്വീപില്‍ ലഭ്യമാകുന്ന ഏക ദിനപ്പത്രം. സമയം കൊല്ലുന്നതിനായി കുറച്ച് നേരം ചീട്ട് കളിക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തി. കൃത്യമായി ഓടുന്ന ബസുകളില്‍ യാത്ര ചെയ്ത് മാന്യമായ സ്‌കൂളില്‍ എത്തി വിദ്യാഭ്യാസം നേടുന്നവരാണ് അവരുടെ കുട്ടികള്‍. മൊത്തത്തില്‍ സുരക്ഷിതമായ അന്തഃരീക്ഷം നിലനില്‍ക്കുന്നതിനാല്‍ തങ്ങളുടെ കുട്ടികളുടെ സുരക്ഷയെ കുറിച്ച് മാതാപിതാക്കള്‍ക്ക് ആശങ്കകളില്ല. ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്. വ്യാജ ഉല്‍പന്നങ്ങളൊന്നും വില്‍ക്കപ്പെടുന്നില്ല. എപ്പോഴും വൈദ്യുതിയും വെള്ളവും ലഭ്യമാണ്. ബസുകളും മെട്രോയും എപ്പോഴും കൃത്യ സമയം പാലിക്കുന്നു. ടാക്‌സിക്കാര്‍ അമിത ചാര്‍ജ്ജ് ഈടാക്കാറില്ല. ഒരു സിനിമ സെറ്റ് പോലെയാണ് സിംഗപ്പൂര്‍. എല്ലാം കൃത്യമായി നിയന്ത്രിക്കപ്പെടുന്നു. ഈ ആധുനിക ആദര്‍ശരാഷ്ട്രം പടുത്തുയര്‍ത്തി മനുഷ്യന്‍ ലീ ക്വാന്‍ യീ, തിങ്കളാഴ്ച രാവിലെ 3.18-ന് സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ അന്തരിച്ചു. മലേഷ്യയെ വോട്ടെടുപ്പിലൂടെ പുറത്താക്കി നേടിയ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷീകം ആഘോഷിക്കാന്‍ ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലീ അന്തരിച്ചത്. സിംഗപ്പൂരിന്റെ സ്ഥാപിത പ്രധാനമന്ത്രിക്ക് 91 വയസ്സായിരുന്നു. 

1959-ലാണ് ലീ സിംഗപ്പൂര്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അന്ന് അത് പ്രകൃതി വിഭവങ്ങള്‍ ഒന്നുമില്ലാത്ത ഒരു ചെറിയ ഭൂപ്രദേശമായിരുന്നു. അവിടെ ചൈനക്കാര്‍, മലയക്കാര്‍, ഇന്ത്യക്കാര്‍ ഇങ്ങനെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ പാര്‍ത്തിരുന്നു. കലാപങ്ങളും അസ്വസ്ഥതകളും നിറഞ്ഞ ഒരു ബ്രിട്ടീഷ് അധീനപ്രദേശമായിരുന്നു അത്. 

1965ല്‍ മലേഷ്യയില്‍ നിന്നുള്ള കൈപ്പേറിയ വിഭജനത്തിന് ആധ്യക്ഷം വഹിച്ച അദ്ദേഹം, ആ സ്വതന്ത്രരാജ്യത്തെ ഇന്ന് കാണുന്ന ആഗോള സാമ്പത്തിക ശക്തിയായി രൂപപ്പെടുത്തി. ‘ഒരു മൂന്നാം ലോക സാഹചര്യത്തില്‍, ഒന്നാം ലോക മരുപ്പച്ച സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിച്ചത്,’ എന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. 

1990 ല്‍ ലീ ഔദ്യോഗികമായി പ്രധാനമന്ത്രി പദത്തില്‍ നിന്നും ഒഴിഞ്ഞെങ്കിലും, നാല് വര്‍ഷം മുമ്പ് വരെ അദ്ദേഹം മുതര്‍ന്ന ഉപദേഷ്ട പദവികളില്‍ സേവനം അനുഷ്ടിച്ചു. മാത്രമല്ല, 2004ല്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്ത അദ്ദേഹത്തിന്റെ പുത്രന്‍ ലീ ഹെസ്യാന്‍ ലൂങിലൂടെ തന്റെ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. 

അഴിമതി തൂത്തെറിഞ്ഞ അദ്ദേഹം, ബ്രിട്ടനെക്കാളും യുണൈറ്റഡ് സ്റ്റേറ്റ്‌സിനെക്കാളും ഉയര്‍ന്ന ജീവിത നിലവാരം സിംഗപ്പൂരില്‍ ലഭ്യമാകുന്ന രീതിയിലുള്ള ഒരു സാമ്പത്തിക ഘടന കെട്ടിപ്പടുക്കുകയും ചെയ്തു. തന്റെ എതിരാളികളെ ജയിലില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ പാപ്പരാക്കുകയോ ചെയ്തുകൊണ്ടും എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തി കൊണ്ടും അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും അദ്ദേഹം ഉരുക്ക് മുഷ്ടിയോടെ രാജ്യം ഭരിച്ചു. 

ഈ സാങ്കല്‍പിക രാജ്യത്തില്‍ ധാരാളം മലയാളികള്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ട് എന്ന് മാത്രമല്ല, ഇടയ്‌ക്കൊക്കെ അതിന്റെ രുചി അറിയുന്നതിനായി ആയിരക്കണക്കിന് ആളുകള്‍ ഇവിടം സന്ദര്‍ശിക്കുകയും ചെയ്യുന്നു. മുസ്തഫ സെന്ററില്‍ ലഭിക്കുന്ന ആഢംബര വസ്തുക്കളുടെ താങ്ങാവുന്ന വിലയെ കുറിച്ചും ലീയുടെ സിംഗപ്പൂരിന്റെ കാര്യക്ഷമതയെ കുറിച്ചുമുള്ള കഥകള്‍ അവര്‍ നാട്ടിലേക്ക് മടക്കിക്കൊണ്ട് പോവുകയും ചെയ്യുന്നു. 

വിചിത്രമായ യാദൃശ്ചികതയായി കണക്കാമെങ്കിലും, ജനാധിപത്യം എന്ന ഭരണരീതിയെ അത്രത്തോളം അഭികാമ്യമായി കരുതാത്ത രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളികള്‍ കൂടുതലായും കുടിയേറിയത്. മധ്യേഷ്യ മുഴുവനും സിംഗപ്പൂര്‍ പോലെയുള്ള കുടിയേറ്റ സ്ഥലങ്ങളും നമുക്ക് വലിയ അളവിലുള്ള സാമ്പത്തിക ഭദ്രത പ്രദാനം ചെയ്തു. വ്യത്യസ്തവും കൂടുതല്‍ കാര്യക്ഷമവുമായ ഭരണനിര്‍വഹണ രീതികളെ കുറിച്ചും ഇവിടെ നിന്നും കുടിയേറിയവര്‍ക്ക് അവര്‍ ചില പാഠങ്ങള്‍ പകര്‍ന്നു നല്‍കി. ആ കഥകള്‍ അവര്‍ നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. 

മനുഷ്യ ചരിത്രത്തിലുടനീളം ഒരു സമൂഹത്തിലേക്ക് പുതിയ സങ്കല്‍പങ്ങളും ജീവിത രീതികളും സാങ്കേതികവിദ്യകളും കടന്നുവരുന്നത് പ്രധാനമായും രണ്ട് ഘടകങ്ങളിലൂടെയാണ്: വിദേശത്ത് നിന്നുള്ള സന്ദര്‍ശകര്‍ വഴിയും സ്വദേശികള്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് വഴിയും. 

ഇത്തരം ആഗമനങ്ങളുടെ പ്രവാഹം തന്നെ കേരള ചരിത്രത്തില്‍ കാണാന്‍ സാധിക്കും. നമ്മുടെ നിരവധി വിഭവങ്ങള്‍ മുതല്‍ സുഗന്ധദ്രവ്യങ്ങള്‍ വരെ, നിരവധി ചൈനീസ് വിഭവങ്ങള്‍ മുതല്‍ യൂറോപ്യന്‍ കറികള്‍ വരെ, ലോകവുമായുള്ള നമ്മുടെ ഇടപെടലുകളില്‍ നിന്നും നിരവധി കാര്യങ്ങള്‍ കേരളം സ്വാംശീകരിച്ചിട്ടുണ്ട്. ലോകത്തില്‍ ആദ്യമായി ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കേരളത്തിലാണെന്നതും, സാര്‍വ്വലൗകീക പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ ഇന്ത്യയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് 1948-ല്‍ കൊച്ചിയിലാണെന്നും വെറും യാദൃശ്ചികം മാത്രമാവാന്‍ ന്യായമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ സന്ദര്‍ശകരില്‍ നിന്നും കഥകളില്‍ നിന്നും സ്വാധീനം ഉള്‍ക്കൊണ്ടതിന്റെ ഫലം കൂടിയാവാം അതൊക്കെ. 

ലോകത്തിന്റെ ഏകാധിപത്യ രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ കൊണ്ടുവന്ന വ്യത്യസ്ത ഭരണനിര്‍വഹണ സങ്കല്‍പങ്ങളോടൊപ്പം തന്നെ കേരളത്തില്‍ ചില ആശങ്കാജനകമായ പ്രവണതകളും ഉടലെടുത്തിട്ടുണ്ട്. മുസ്ലീം രാഷ്ട്രീയത്തിലും സാമൂഹിക-സാമ്പത്തിക സ്വാധീനങ്ങളിലും വന്ന പരിവര്‍ത്തനമാണ് ഇതില്‍ ഏറ്റവും പ്രകടം. ഇസ്ലാമിന്റെ ആക്രമണോത്സുകമായ വഹാബി വിഭാഗത്തിന്റെ ആഗമനവും ഗള്‍ഫ് മേഖലിയില്‍ നിന്നും പ്രത്യേകിച്ച് സൗദി അറേബ്യയില്‍ നിന്നുള്ള അനധികൃത സമ്പത്തിന്റെ ആഗമനവും പോലെയുള്ള വിഷയങ്ങള്‍, നമ്മുടെ സമൂഹത്തില്‍ അനാവശ്യ പൊട്ടിത്തെറികള്‍ സൃഷ്ടിക്കും എന്ന ഭയത്താല്‍ പലരും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നവയാണ്. ഇങ്ങനെ ഒരു സാഹചര്യത്തില്‍, മുസ്ലീം സമൂഹം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടതിന്റെയും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കേണ്ടതിന്റെയും ആവശ്യകത ഒരു യഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. 

ഷേക്കുമാരെക്കുറിച്ചുള്ള കഥകളും ലീ പോലുള്ള ഭരണകര്‍ത്താക്കളും നമ്മുടെ നേതാക്കന്മാരെ സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യം സ്പഷ്ടമല്ല. എന്നാല്‍ ലീ സിംഗപ്പൂരില്‍ എങ്ങനെ പ്രവര്‍ത്തിച്ചുവോ അതുപോലെ ഭരണഘടന സ്വാതന്ത്ര്യങ്ങള്‍ക്ക് ഒരു ബഹുമാനവും കല്‍പ്പിക്കാതെ നിരുത്തരവാദപരമായാണ് അവരില്‍ പലരും പെരുമാറുന്നത്. ലീയോ മധ്യേഷ്യയിലെ രാജകുടുംബങ്ങള്‍ പിന്തുടരുന്ന ഏകാധിപത്യ പ്രവണതകള്‍ നേതാക്കളുടെ ഹൃദയങ്ങളുടെ അടിത്തട്ടില്‍ ഉറങ്ങിക്കിടക്കുന്നുണ്ടാവില്ല എന്ന് പ്രതീക്ഷിക്കാന്‍ മാത്രമേ നമുക്ക് സാധിക്കു. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ ഏകാധിപതികള്‍ തങ്ങളുടെ രാജ്യങ്ങളില്‍ നടപ്പിലാക്കിയ വികസന കാഴ്ചപ്പാടുകള്‍ ഒഴികെയുള്ള ഏകാധിപത്യ പ്രവണതകളെ ഓര്‍മ്മിപ്പിക്കുന്നവരാണ് കേരളത്തിലെ മിക്ക നേതാക്കന്മാരും. ഏകാധിപതികളെ വെറുക്കുന്ന ഒരു ലോകത്തില്‍ ലീ പിന്തുണ നേടിയെടുത്തത് അസൂയാവഹമായ സാമ്പത്തിക നേട്ടങ്ങളിലൂടെയായിരുന്നു. നമ്മുടെ നേതാക്കള്‍ക്ക് അത്തരം നേട്ടങ്ങള്‍ അസാധ്യമാകുമ്പോഴും ജീവിതത്തിന്റെ മറ്റ് മണ്ഡലങ്ങളില്‍ ഏകാധിപത്യ പ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അവര്‍ ആഭിമുഖ്യം കാണിക്കുന്നു. 

കൊതുകുനിറഞ്ഞ ഒരു വ്യാപാര കോളനിയെ വൃത്തിയുള്ള തെരുവുകളും മിന്നുന്ന അംബരചുംബികളും സ്ഥിരതയുള്ള സര്‍ക്കാരും വാഴുന്ന ഒരു സമൃദ്ധ സാമ്പത്തിക കേന്ദ്രമായി മാറ്റി എന്നതിന് ലീ അഭിനന്ദനം അര്‍ഹിക്കുന്നു. സിംഗപ്പൂര്‍ പ്രദാനം ചെയ്യുന്ന സാമ്പത്തിക സാധ്യതകളിലും ഇടയ്ക്കിടയ്ക്ക് ആ ദ്വീപിലേക്കുള്ള സന്ദര്‍ശനത്തിലും നമ്മള്‍ സംതൃപ്തരാവണം. അതിനപ്പുറമുള്ള ലീയുടെ പാരമ്പര്യം, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഉരുക്ക് മുഷ്ടി നമ്മള്‍ അവഗണിക്കുക തന്നെ ചെയ്യണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍