UPDATES

മുന്നൂറിലേറെ സീറ്റിന്റെ കരുത്തില്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍; സത്യപ്രതിജ്ഞ ഞായറാഴ്ച

പ്രതിപക്ഷ നേതാവിന്റെ പദവി പോലും കിട്ടാത്ത അവസ്ഥയിലാണ് ഇത്തവണയും കോണ്‍ഗ്രസ്

അഞ്ച് വര്‍ഷം മുമ്പത്തെ വിജയത്തെ കവച്ചുവെക്കുന്ന മുന്നേറ്റത്തോടെ ബിജെപി വീണ്ടും അധികാരത്തില്‍. ബിജെപിയ്ക്ക് മാത്രം 300 ലേറെ സീറ്റുകളാണ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 345 സീറ്റില്‍ ഭൂരിപക്ഷമുണ്ട്. കോണ്‍ഗ്രസിന് 53 സീറ്റും യുപിഎയ്ക്ക് 91 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷ നേതാവിന്റെ പദവി പോലും കിട്ടാത്ത അവസ്ഥയിലാണ് ഇത്തവണയും കോണ്‍ഗ്രസ്. മോദിയുടെ വിജയമല്ലെന്നും രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്നും ബിജെപി ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ കുതിപ്പിനെ തടയുമെന്ന ബിഎസ്പി എസ്പിയ്ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. 18 സീറ്റില്‍ മാത്രമാണ് എസ്പി ബിഎസ്പി സഖ്യത്തിന് വിജയിക്കാനായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ 40,000 ത്തിലേറെ വോട്ടിന് പരാജയപ്പെട്ടു. വയനാട്ടില്‍ രാഹുല്‍ നാല് ലക്ഷത്തിലേറെ വോട്ടിന് വിജയിക്കുകയും ചെയ്തു.

സഖ്യമായി മല്‍സരിച്ച കര്‍ണാടക, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. മഹാരാഷ്ട്രയില്‍ 41 സീറ്റിലാണ് എന്‍ഡിഎ വിജയിച്ചത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് അഞ്ച് സീറ്റ് മാത്രമാണ് ലഭിച്ചത്. ജനതാദള്‍ എസുമായി സഖ്യമായി മല്‍സരിച്ച കര്‍ണാടകത്തില്‍ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിട്ടത്. ഇവിടെ ഒരു സീറ്റില്‍ മാത്രമാണ് പാര്‍ട്ടി വിജയിച്ചത്. ദേവഗൗഡ, മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടങ്ങിയ പ്രമുഖരും പരാജയപ്പെട്ടു.

ബിഹാറില്‍ രാഷ്ട്രീയ ജനതാദളുമായി സഖ്യമായാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. ഒരു സീറ്റില്‍ മാത്രമാണ് ഇവിടെ വിജയിക്കാനായത്.

നാല് മാസം മുമ്പ് നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിയ വിജയം നേടിയ മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിന് കനത്ത പരാജയമാണ് നേരിട്ടത്. ചത്തീസ്ഗഡില്‍ രണ്ട് സീറ്റുമാത്രമാണ് ഒമ്പത് സീറ്റില്‍ ലഭിച്ചത്. മധ്യപ്രദേശില്‍ 29 സീറ്റില്‍ 28 സീറ്റും ബിജെപി നേടി. രാജസ്ഥാനിലും ഗുജറാത്തിലും മുഴുവന്‍ സീറ്റിലും എന്‍ഡിഎയ്ക്കാണ് വിജയം.

ബംഗാളില്‍ ബിജെപി വന്‍ നേട്ടമാണ് കൈവരിച്ചത്. തൃണമുല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ബിജെപി വിജയക്കൊടി നാട്ടി. 17സീറ്റിലാണ് ഇവിടെ എന്‍ഡിഎ വിജയിച്ചത്. ഇവിടെ 23 സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേടി. കോണ്‍ഗ്രസ് രണ്ട് സീറ്റിലാണ് ഇവിടെ വിജയിച്ചത്. ഇടതുപക്ഷം പൂര്‍ണമായും തകര്‍ന്നടിഞ്ഞു.

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം തൂത്തുവാരി. ഇവിടെ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും ഡിഎംകെയ്ക്കാണ് മേല്‍ക്കൈ. ഇത് എഐഎഡിഎംകെ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.

ആന്ധ്രപ്രദേശില്‍ ജഗ്മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ നാല് ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. ഇവിടെ ലോക്‌സഭയിലും വൈഎസ്ആര്‍ കോണ്‍ഗ്രസിനാണ് വന്‍മുന്നേറ്റം ഉണ്ടാക്കിയത്. 25 സീറ്റുകളിലാണ് ഇവിടെ വിജയിച്ചത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തുടച്ചുനീക്കപ്പെട്ടു. ഏഴ് സീറ്റിലും ബിജെപി വിജയിച്ചു. ഒഡീസയില്‍ എട്ട് സീറ്റാണ് എന്‍ഡിഎ സീറ്റ് ലഭിച്ചത്.
തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിരാശരാകരുതെന്നും ശക്തമായി പോരാടി തിരിച്ചുവരുമെന്നും പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍