ടീം അഴിമുഖം
അപൂര്‍ണതകള്‍ ഇല്ലെന്നല്ല, 1975-77-ലെ അടിയന്തരാവസ്ഥക്കാലം പോലെ. പക്ഷേ, ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന് ഇന്നും അതിന്റെതായ പ്രസക്തിയുണ്ട്.
അത്തരമൊരു അവസ്ഥയില്‍ ഭരണാധികാരികള്‍ ചെയ്യുന്നത് എല്ലാ ശബ്ദങ്ങളേയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എന്നതാണ്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ അവര്‍ സര്‍ക്കാരിനു പുറത്തുള്ളവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടും. വ്യക്തമായ കാഴ്ചപ്പാടുകളുള്ളവരുടെ നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളും. മുറുമുറുത്തു കൊണ്ടാണെങ്കിലും എതിര്‍ശബ്ദത്തിന് കാതുകൊടുക്കും. ഇത്തരം കാര്യങ്ങളൊക്കെ മനസില്‍വച്ചു കൊണ്ടായിരിക്കും നമ്മുടെ ഭരണകര്‍ത്താക്കള്‍ കോടിക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുക എന്നാണ് നാം കരുതുക.
ഇക്കാര്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഏതെങ്കിലും സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍, അല്ലെങ്കില്‍ നടപ്പുരീതികളില്‍ നിന്ന് മാറി ചിന്തിച്ചാല്‍, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലൊക്കെ അപശബ്ദങ്ങളുയരും. ആ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ ജനം വെമ്പല്‍ കൊള്ളും. അത്തരമൊരു വ്യവസ്ഥിതിയില്‍ പ്രതിപക്ഷത്തിനും അതുപോലെ ഈ മാധ്യമ ഇടപെടലുകള്‍ക്കും ബഹുമാന്യമായ ഒരു സ്ഥാനം നാം നല്‍കാറുമുണ്ട്, അല്ലെങ്കില്‍ അവര്‍ ഒരിക്കലൂം അവഗണിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ അതൊക്കെ പഴയ കാര്യങ്ങളാണ്. നരേന്ദ്ര മോദിക്കാലത്തെ ഇന്ത്യയില്‍ ഇതൊക്കെ മാറി. അവിടെ ചര്‍ച്ചകള്‍ എന്നൊരു കാര്യമേ ഇല്ല. സര്‍ക്കാരിനു പുറത്തുള്ളവരുടേയോ പ്രതിപക്ഷത്തിന്റെയോ ശബ്ദങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാറില്ല. എതിര്‍പ്പുകളുടെ ചെറുനാമ്പുകളെങ്കിലും ഉയര്‍ത്തുന്ന മാധ്യമങ്ങളെ മറ്റ് വിമത ശബ്ദങ്ങളെയും ദാക്ഷിണ്യമില്ലാതെ ഭയപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യും. ശോഭ കെട്ട പുരുഷാകാരങ്ങളുടെ ഒരു കൂട്ടം. ഈ രാജ്യം എങ്ങനെയാണ് ഭരിക്കപ്പെടുന്നതെന്ന് മനസിലാകണമെങ്കില്‍ മോദി സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭാ അഴിച്ചുപണി മാത്രം ഒരുദാഹരണമെന്ന നിലയില്‍ നോക്കിയാല്‍ മതിയാകും.
സ്മൃതി ഇറാനിയെ മാറ്റി മാനവശേഷി വികസന വകുപ്പിലേക്ക് ക്യാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടിയ പ്രകാശ് ജാവ്‌ദേക്കറാണ് പുതിയ അഴിച്ചുപണിയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. താന്‍ ഇതുവരെ വഹിച്ചിരുന്ന വനം, പരിസ്ഥിതി വകുപ്പ് മികച്ച രീതിയില്‍ ഭരിച്ചതിന് ജാവ്‌ദേക്കറിന് ലഭിച്ച അംഗീകാരമായാണ് പല മോദി ഭക്തരും ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതാണോ യാഥാര്‍ഥ്യം? ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങളെടുത്തുകൊണ്ട് മോദിയുടെ 56 ഇഞ്ച് പൊങ്ങച്ചത്തെ ഊതിവീര്‍പ്പിച്ചതിന് കിട്ടിയ സമ്മാനമാണ് പുതിയ സ്ഥാനലബ്ദി.
വ്യാവസായിക ഇന്ത്യയുടെ ചരിത്രത്തില്‍ ഇതൊരു ചെറിയ സമയം മാത്രമാണെങ്കിലും ജാവ്‌ദേക്കറിന്റെ കീഴില്‍ പരിസ്ഥിതി വകുപ്പ് നടപ്പാക്കിയത് വ്യവസായവത്ക്കരണ പരിപാടിയിക്കുള്ള വന്‍ ചുവടുമാറ്റമായിരുന്നു. വികസന, വ്യവസായവത്ക്കരണ, ഉത്പാദന മേഖലകളില്‍ മോദിയുടെ ബൗദ്ധിക പാപ്പരത്തം നിറഞ്ഞ നയങ്ങള്‍ നടപ്പാക്കിയതാണ് ജാവ്‌ദേക്കര്‍ പരിസ്ഥിതി വകുപ്പില്‍ ചെയ്തത്. വനം, വനാവകാശം, പരിസ്ഥിതി എന്നീ മേഖലകള്‍ക്കോ അതിനെക്കുറിച്ചുള്ള ആശങ്കള്‍ക്കോ ജാവ്‌ദേക്കറിന്റെ ഭരണത്തിന്‍ കീഴില്‍ യാതൊരു ഇടവുമുണ്ടായിരുന്നില്ല. ചെറിയ പിഴയൊക്കെ ഈടാക്കി വമ്പന്‍ കുത്തകകള്‍ക്ക് വനഭൂമി തീറെഴുതുന്നതായിരുന്നു ആ ഭരണം.
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന് അഡാനി പോര്‍ട്ട് ആന്‍ഡ് സെസിന്, പരിസ്ഥിതിയെ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള ചെലവെന്ന രീതിയില്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ചുമത്തിയ 200 കോടി രൂപ പിഴ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനം പരിസ്ഥിതി വകുപ്പ് എടുത്തത് ഒരുമാസം മുമ്പാണ്. മാത്രമല്ല, 2009-ല്‍ അനുമതി നല്‍കിയ ഗുജറാത്തിലെ മുന്ദ്രെയിലുള്ള ഈ പദ്ധതിക്കുള്ള അനുമതി നീട്ടിനല്‍കാനും ജാവ്‌ദേക്കറിനു കീഴില്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി വകുപ്പ് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ പല നിര്‍ദേശങ്ങളും പിന്‍വലിക്കുകയും ചെയ്തു.
നാല് വന്‍ തുറമുഖങ്ങളും കണ്ടെയ്‌നര്‍ ടെര്‍മിനലുകളും റെയില്‍വേയും ഒപ്പം 700 ഹെക്‌റില്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമൊക്കെയായുള്ള പദ്ധതിയാണ് അഡാനി മുന്ദ്രെയില്‍ നടപ്പാക്കുന്നത്. തുറമുഖത്തിന് പുറമെ പ്രത്യേക സാമ്പത്തിക മേഖല, ടൗണ്‍ഷിപ്പ് ഒക്കെ ഇതില്‍ ഉള്‍ക്കൊള്ളും. മുന്ദ്രെ പദ്ധതി വന്‍ തോതില്‍ പരിസ്ഥിതി നാശം വരുത്തിയിരിക്കുന്നു എന്നാരോപിച്ച് പദ്ധതിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ 2012-ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം അന്വേഷിക്കുന്നതിനായി സുനിത നാരായന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
ചട്ടങ്ങള്‍ വ്യാപകമായി ലംഘിച്ചിരിക്കുന്നതായും പരിസ്ഥിതിക്ക് വന്‍ തോതില്‍ നാശം വരുത്തിയിട്ടുള്ളതായും അനധികൃതമായി ഭൂമി കൈയേറിയിരിക്കുന്നതായും ചെറുനദികളും കണ്ടലുകളുമൊക്കെ നശിപ്പിക്കപ്പെട്ടതായും കമ്മിറ്റി കണ്ടെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ വേണം ഇതിനെയൊക്കെ അവഗണിച്ച് അഡാനിക്ക് വേണ്ടി ജാവ്‌ദേക്കര്‍ ചെയ്തുകൊടുത്ത ഇളവുകളെ പരിഗണിക്കാന്‍. യാതൊരു എതിര്‍പ്പുകളും കൂടാതെ ഈ പദ്ധതികള്‍ക്ക് കുടപിടിച്ചതിനു ലഭിച്ച അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ ക്യാബിനറ്റ് പദവി.
ഇതാണ് മേദിയുടെ പുതിയ ഇന്ത്യ. നാക്കെടുത്താല്‍ വര്‍ഗീയ വിഷം തുപ്പുന്ന മന്ത്രിമാര്‍ ഇപ്പോഴും ആ മന്ത്രിസഭയില്‍ സുരക്ഷിതരാണ്. കോര്‍പറേറ്റ് ലോബിയുടെ ഇഷ്ടക്കാരും അവിടെ സുരക്ഷിതരാണ്. പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതോ ആദിവാസികളെ വനത്തില്‍ നിന്ന് കുടിയിറക്കുന്നതോ ആ ഭൂമി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതോ ആയ നയങ്ങള്‍ക്ക് അവിടെ സ്വീകാര്യതയുണ്ട്. ഈ കാര്യങ്ങളൊക്കെ നോക്കിയാല്‍ ജാവ്‌ദേക്കര്‍ തീര്‍ച്ചയായും യോഗ്യനാണ്. ഈ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ ഭാവി ഇനി ഈ യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കപ്പെടുക.