UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി നയം വ്യക്തമാക്കിയിരിക്കുന്നു; ഇനി ഊഴം യുദ്ധാക്രോശക്കാരുടേതാണ്

Avatar

ടീം അഴിമുഖം

ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാനുമായി എങ്ങനെ ഇടപെടാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രസംഗം. യുദ്ധകാഹളം മുഴക്കുന്നവരെ അദ്ദേഹം നിരാശപ്പെടുത്തിയെങ്കിലും സങ്കീര്‍ണവ്യവഹാരങ്ങള്‍ പുലര്‍ത്തുന്ന അയല്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി വ്യാമോഹങ്ങളൊന്നും പുലര്‍ത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

 

വ്യക്തതയോടെയാണ് മോദി സംസാരിച്ചത്. പൊലിപ്പുകളൊക്കെ മാറ്റിനിര്‍ത്തിയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ന്യൂഡല്‍ഹി എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് ആ പ്രസംഗത്തില്‍ നിന്ന്‍ നിങ്ങള്‍ക്കൊരു ധാരണ കിട്ടും. ടെലിവിഷനിലെ ചര്‍ച്ചാവിദഗ്ധരെയും ആക്രോശങ്ങളെയും ട്വിറ്റര്‍ പോരാളികളെയും തൃപ്തിപ്പെടുത്താനുള്ള എടുത്തുചാട്ടങ്ങളിലേക്ക് അദ്ദേഹം വീണില്ല എന്നതും എടുത്തുപറയേണ്ടതാണ്.

 

ഉറി ആക്രമണത്തിന് പകരം വീട്ടുമെന്നാണ് മോദി വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയെ ആയിരം മുറിവുകളിലൂടെ രക്തമൊഴിപ്പിക്കാനുള്ള പദ്ധതിയുമായി നടക്കുന്ന പാകിസ്ഥാനുമായി ആയിരം വര്‍ഷത്തെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണ്. ഇന്ത്യയെ ദ്രോഹിക്കാനായി തീവ്രവാദവത്കരണം രാജ്യത്തിന്റെ നയമാക്കി മാറ്റിയ സുല്‍ഫിക്കര്‍ അലി ഭൂട്ടോ മുതല്‍ സിയാ ഉല്‍ ഹഖ് വരെയുള്ള ഭരണാധികാരികള്‍ കൊണ്ടുനടന്ന മായാമോഹമായിരുന്നു അത്. “പാകിസ്ഥാനുമായി ആയിരം കൊല്ലത്തെ യുദ്ധത്തിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറാണ്,” മോദി പറഞ്ഞു.

 

ലോകത്തിന് മുഴുവന്‍ അറിയുന്നത് മോദിക്കുമറിയാം: ഭീകരവാദം കയറ്റുമതി ചെയ്ത് പാകിസ്ഥാന് നിലനില്‍ക്കാനാകില്ല. അവര്‍ സൃഷ്ടിച്ച ഭൂതം എണ്ണമറ്റ വഴികളിലൂടെ അവരെത്തന്നെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നത് പാകിസ്ഥാന്‍ ഭരണാധികാരികളുടെ നിലനില്‍പ്പ് തന്ത്രമാണ്.

 

ഇക്കാര്യം ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് ഭരണനിര്‍വ്വഹണം, സമൂഹത്തിന്റെ ആധുനികവത്കരണം, ജനാധിപത്യ സ്ഥാപനങ്ങള്‍ പത്തുയര്‍ത്തുന്നത് എന്നിവയിലെല്ലാം നേരിട്ട പരാജയങ്ങള്‍ മറച്ചുവെക്കുന്നതിനുള്ള ഒരു തട്ടിപ്പാണ് ഇന്ത്യ വിരുദ്ധ വാചകമടികള്‍ എന്ന് പാകിസ്ഥാനിലെ ജനങ്ങളെ മോദി ഓര്‍മ്മിപ്പിച്ചു. “കാശ്മീരിനെക്കുറിച്ച് നിങ്ങളുടെ ഭരണാധികാരികള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഭീകരവാദത്തെ നേരിടാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ സ്വന്തം സര്‍ക്കാരിനെതിരെ തിരിയുന്ന ഒരു കാലം വരും.” അദ്ദേഹം പറഞ്ഞു. നിങ്ങളുടെ നല്ല ഭീകരവാദി, മോശം ഭീകരവാദി തന്ത്രം, രാജ്യത്തെയും മേഖലയെയും ലോകത്തെയും മുറിവേല്‍പ്പിക്കുകയാണെന്നാണ് മോദി പാകിസ്ഥാനോട് പറഞ്ഞത്.

 

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ മനുഷ്യ ജീവനുകളുടെയും സാമ്പത്തിക നഷ്ടത്തിന്റെയും കണക്കെടുത്താല്‍ പാക്കിസ്ഥാന്‍ നല്‍കേണ്ടുന്ന വില ഭയാനകമാണ്. 2014 ഡിസംബറില്‍ പാകിസ്ഥാന്റെ ദേശീയ നിയമനിര്‍മ്മാണസഭയില്‍ നല്‍കിയ കണക്കനുസരിച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ പാകിസ്ഥാന് 80 ബില്ല്യണ്‍ ഡോളറും 50,000 മനുഷ്യ ജീവനുകളും നഷ്ടമായി.

 

അമേരിക്കയുടെ വലിയ സഹായങ്ങളുണ്ടെങ്കിലും ഭീകരവാദത്തിനെതിരായ യുദ്ധം പാകിസ്ഥാനെ തളര്‍ത്തുകയാണ്. ഇന്ത്യയുടെ 225 ബില്ല്യണ്‍ ഡോളര്‍ വരുന്ന സമ്പദ് വ്യവസ്ഥയുടെ പത്തിലൊന്ന് മാത്രമാണ് പാകിസ്ഥാന്റെ സമ്പദ് രംഗം. ഭീകരവാദ ഭീഷണി മൂടിപ്പരന്നതോടെ മൂലധനനിക്ഷേപങ്ങള്‍ രാജ്യം വിട്ടു, തൊഴിലവസരങ്ങള്‍ ഇല്ലാതായി. ഭീകരാക്രമണങ്ങളില്‍ കുടുംബത്തിന്റെ ഏക അത്താണിയെ നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ ദയനീയത വേറെയും.

 

 

ഏത് രാജ്യത്തിന്റെ ചരിത്രത്തിലും ദുരന്തവാഹിയാകുന്ന തരത്തില്‍ പിഴച്ചുപോയ ദേശീയനയത്തെ പൊതുജനാഭിപ്രായം മാറ്റിമറിയ്ക്കുന്ന ഒരു നിര്‍ണായക മുഹൂര്‍ത്തമുണ്ട്. പാകിസ്ഥാനെ സംബന്ധിച്ച് ആ നിമിഷം 2014-ല്‍ പെഷവാറിലെ ഒരു വിദ്യാലയത്തില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ 132 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതാണ്. തെഹരീക്-ഇ-താലിബാന്‍ എന്ന പാകിസ്ഥാന്‍ താലിബാന്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

 

അയല്‍ക്കാരെ ഇത് മനസിലാക്കിക്കാന്‍ യുദ്ധവെറിയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടെന്ന് പാകിസ്ഥാന് അറിയില്ലായിരിക്കും. “ലോകത്ത് ഭീകരവാദത്തിന്റെ വാര്‍ത്തകള്‍ വരുമ്പോള്‍ അതിനൊപ്പം ഭീകരവാദികള്‍ ആ രാജ്യത്തുനിന്നാണ് വരുന്നതെന്നും, ഒസാമ ബിന്‍ ലാദനെപ്പോലുള്ള ഭീകരവാദികള്‍ അവിടെ ഒളിത്താവളം കണ്ടെത്തിയെന്നും ഒപ്പം മനസിലാക്കുന്നു,” മോദി പറഞ്ഞു. ഏറെക്കാലം മൂക്കുമുറിച്ച് ശകുനം മുടക്കാന്‍ പാകിസ്ഥാന് കഴിയില്ല എന്ന് വ്യക്തമാക്കിയ ശക്തമായ പ്രസ്താവനയായിരുന്നു അത്.

 

ഉറിയിലെ തിരിച്ചടി  ദേശീയവികാരങ്ങളെ സ്വാധീനിച്ചിരിക്കുന്ന സാഹചര്യത്തില്‍, എങ്ങനെ അത് സംഭവിച്ചെന്നും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശേഷിയെക്കുറിച്ചും ശക്തിയെക്കുറിച്ചും സംശയങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍, അത്തരം ആഖ്യാനത്തെ മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമം കൂടിയാണിത്. സാഹചര്യങ്ങള്‍ അത്ര ഭയാനകമല്ലെന്നും എന്നാല്‍ മോശമാകാമെന്നുമാണ് പ്രധാനമന്ത്രി നല്കിയ സൂചന. ഇന്ത്യ ഇരുട്ടിലേക്ക് ഊളിയിടേണ്ട കാര്യമില്ല.

 

ആഭ്യന്തരമായ ശ്രദ്ധ നല്‍കുമ്പോളും മോദി പാകിസ്ഥാനെ മറക്കുന്നില്ല. പാകിസ്ഥാന്‍ ഭരണ സംവിധാനത്തിന്റെ ബഹുമുഖ സ്വഭാവം ഇന്ത്യ ഏറെനാളുകളായി തിരിച്ചറിയുന്നുണ്ട്- പ്രത്യേകിച്ചും തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും സേന-ഐഎസ്ഐ സഞ്ചയവും തമ്മിലുള്ള വ്യത്യാസം.

 

ഈ മേഖലകളിലൊക്കെ ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്നോ എന്തു ചെയ്യില്ല എന്നോ മോദി പറഞ്ഞില്ല. പക്ഷേ പാകിസ്ഥാന്റെ ആഭ്യന്തര ദൌര്‍ബല്യങ്ങളെക്കുറിച്ച് ഇന്ത്യക്ക് ബോധ്യമുണ്ടെന്നും അത് ഉപയോഗിക്കാന്‍ മടിക്കില്ലെന്നുമുള്ള സൂചനയാണത്. ബംഗ്ലാദേശിനെ പരാമര്‍ശിച്ചപ്പോള്‍ മോദി ചെയ്തത് ഇനിയും മുക്തമാകാത്ത ഒരു മുറിവിനെക്കുറിച്ചും ഇന്ത്യക്ക് എന്തുചെയ്യാനുമുള്ള ശേഷിയുണ്ടെന്നും പാകിസ്ഥാനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു അദ്ദേഹം. ബലൂചിസ്ഥാനെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന്റെ തുടര്‍ച്ചയായിരുന്നു മോദി ചെയ്തത്. പഷ്തൂണിനെ പരാമര്‍ശിച്ചുകൊണ്ട് ഒരു പുതിയ പ്രശ്നമുഖം കൂടി പാകിസ്ഥാനായി തുറന്നിട്ടു. അഫ്ഗാനിസ്ഥാനിലെ വലിയ പഷ്തൂണ്‍ ജനവിഭാഗത്തെയും അവരുടെ അതിര്‍ത്തിക്കിപ്പുറമുള്ള ബന്ധങ്ങളെയും പാകിസ്ഥാനുമായുള്ള അതിര്‍ത്തിയായ ഡ്യൂറണ്ട് രേഖ അംഗീകരിക്കാനുള്ള അഫ്ഗാനിസ്ഥാന്റെ വിമുഖതയും പാകിസ്ഥാനെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ഈ പശ്ചാത്തലത്തില്‍ ഓര്‍ക്കാം. സിന്ധിനെക്കുറിച്ചു പരാമര്‍ശിച്ചപ്പോള്‍ അധികം പിറകിലല്ലാത്ത കറാച്ചിയുടെ ഇരുണ്ട നാളുകളെക്കുറിച്ചാണ് മോദി പാകിസ്ഥാനെ ഓര്‍മ്മപ്പെടുത്തിയത്. ആ പ്രദേശത്ത് എംക്യുഎം-നെ ഉപയോഗിച്ച് ഇന്ത്യ പ്രശ്നമുണ്ടാക്കുന്നു എന്ന് പാകിസ്ഥാന്‍ ഏറെക്കാലമായി ആരോപിക്കുന്നു.

 

യുദ്ധകാഹളങ്ങളിലേക്കും ആക്രമണത്വരയിലേക്കും മോദി കടന്നില്ല എന്നത് പാകിസ്ഥാനുമായുള്ള ഇടപാടുകളില്‍ സമചിത്തത പാലിക്കണമെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഉച്ചത്തിലുള്ള ആക്രോശങ്ങള്‍ സ്ഥൈര്യത്തിന്റെ ലക്ഷണമാകണമെന്നില്ല. ഇപ്പോള്‍ മോദിയുടെ തന്നെ ആളുകളായി യുദ്ധാക്രോശങ്ങള്‍ നടത്തുന്നവരോട് തന്റെ നിലപാടെന്തെന്ന് മോദി വ്യക്തമാക്കിയിരിക്കുന്നു. പാകിസ്ഥാനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മറ്റ് വഴികളുണ്ടെന്നാണത്. യുദ്ധാക്രോശങ്ങള്‍ അതിലൊന്നല്ല എന്നും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍