UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രിയുടെ പാസ്പോര്‍ട്ട്‌ വിവരങ്ങള്‍ പുറത്ത് വിടാനാവില്ലെന്ന് വിവരാവകാശ കമ്മീഷന്‍

നേരത്തെ വിവരാവകാശ പ്രവര്‍ത്തകനായ ജിഎം ചൗഹാന്‍ നല്‍കിയ അപേക്ഷയില്‍ പ്രധാനമന്ത്രിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ നല്‍കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുഖ്യ വിവരാവകാശ ഉദ്യോഗസ്ഥന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആര്‍കെ മാഥുര്‍ തീരുമാനം എടുത്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് തടയുന്ന കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ നടപടി തുടരുന്നു. പ്രധാനമന്ത്രി പാസ്‌പോര്‍ട്ട് നേടുന്നതിനും, അത് പുതുക്കുന്നതിനും പിന്നീട് നയതന്ത്ര പാസ്‌പോര്‍ട്ട് നേടുന്നതിനും വേണ്ടി സമര്‍പ്പിച്ച രേഖകള്‍ പുറത്ത് കൊടുക്കേണ്ടതില്ല എന്ന വിദേശകാര്യ മന്ത്രാലയത്തിലെ മുഖ്യ വിവരാവകാശ ഉദ്യോഗസ്ഥന്റെ തീരുമാനം അംഗീകരിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തീരുമാനിച്ചു. നേരത്തെ വിവരാവകാശ പ്രവര്‍ത്തകനായ ജിഎം ചൗഹാന്‍ നല്‍കിയ അപേക്ഷയില്‍ പ്രധാനമന്ത്രിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ നല്‍കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുഖ്യ വിവരാവകാശ ഉദ്യോഗസ്ഥന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആര്‍കെ മാഥുര്‍ തീരുമാനം എടുത്തിരിക്കുന്നത്.

വലിയ പൊതുതാല്‍പര്യം നീതീകരിക്കുന്നുണ്ടെങ്കില്‍ മാത്രം വ്യക്തപരമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് നിയമത്തിലെ വകുപ്പ് 8 (1) (j) പറയുന്നതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. മോദി ഒരു പൊതുവ്യക്തിയാണെന്നും അദ്ദേഹത്തിനെ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ തന്നെ പൊതു ഇടങ്ങളില്‍ ലഭ്യമാണെന്നും അതിനാല്‍ വിവരങ്ങള്‍ കൈമാറണം എന്നുമാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ വലിയ തോതിലുള്ള പൊതുതാല്‍പര്യം ഇതിന്റെ പിറകില്‍ ഉണ്ടെന്ന് കണക്കാക്കാനാവില്ല എന്നാണ് വിവരാവകാശ കമ്മീഷണര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്നും സമീപകാലത്ത് ഇത് മൂന്നാം തവണയാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രി മോദിയെ രക്ഷിക്കുന്നത്. വിവിഐപികളുടെ സന്ദര്‍ശനച്ചിലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന അദ്ദേഹത്തിന്റെ മുന്‍ഗാമി സത്യാനന്ദ മിശ്രയുടെ ഉത്തരവില്‍ നിന്ന് വ്യത്യസ്തമായി, ‘സുരക്ഷാ കാരണങ്ങളാല്‍’ പ്രധാനമന്ത്രിയുടെ യാത്രകള്‍ സംബന്ധിച്ച ചിലവുകള്‍ കണക്കാക്കുന്ന രീതി പൊതുജനങ്ങളെ അറിയിക്കേണ്ടതില്ലെന്ന് സിഐസി മാഥുര്‍ ഉത്തരവിട്ടിരുന്നു. അതിന് മുമ്പ് മോദിയുടെ ബിരുദരേഖകള്‍ വിട്ടുകൊടുക്കാന്‍ ഡല്‍ഹി സര്‍വകലാശാലയോട് മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യാലു ഉത്തരവിട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഉടന്‍ തന്നെ മാനശേഷി വികസനവകുപ്പ് മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരാവകാശ പരാതികള്‍ നോക്കുന്ന ചുമതലയില്‍ നിന്നും ഒഴിവാക്കി. പിന്നീട് ഈ തീരുമാനം ഡല്‍ഹി ഹൈക്കാടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ആചാര്യലുവിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.

മോദിയ്ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് സമര്‍പ്പിച്ച രേഖകള്‍ വിവരാവകാശപ്രകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2016 മേയ് പത്തിനാണ് ചൗഹാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, കേന്ദ്ര പൊതുവിവരാവകാശ ഉദ്യോഗസ്ഥന്‍ അപേക്ഷ തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം സെപ്തംബര്‍ രണ്ടിന് കമ്മീഷനെ സമീപിച്ചു. മോദി ഒരിടത്തും വിവരങ്ങള്‍ വ്യക്തിപരമാണ് എന്ന് കാണിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് സിപിഐഒയുടെയും എഫ്എഎയുടെയും ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ചൗഹാന്‍ വാദിച്ചു. അപേക്ഷയുമായി ബന്ധപ്പെട്ട് മോദിക്ക് നോട്ടീസൊന്നും നല്‍കാന്‍ സിപിഐഒ തയ്യാറായതായി സൂചനകള്‍ ഇല്ലെന്നും ചൗഹാന്‍ വാദിച്ചു. നോട്ടീസ് നല്‍കാത്തതിനാല്‍ ഒരു മൂന്നാം കക്ഷി സമര്‍പ്പിക്കുന്ന അപേക്ഷയായി അതിനെ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ചൗഹാന്റെ വാദം.

നരേന്ദ്ര മോദിയുടെ വ്യക്തിതാല്‍പര്യങ്ങളെ ഏതെങ്കിലും തരത്തില്‍ ഹനിക്കുന്നതോ ദോഷം ചെയ്യുന്നതോ അല്ല അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങളെന്നും പൊതുജനതാല്‍പര്യം ഇല്ല എന്ന് വാദിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചിരുന്നു. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരിക്കുന്ന വ്യക്തിയുടെ വിവരങ്ങളാണ് അവശ്യപ്പെടുന്നത് എന്നതിനാല്‍ തന്നെ അതില്‍ പൊതുജനതാല്‍പര്യം ഉണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ മൂന്നാമത്തെ ഒരു വ്യക്തിയുടെ അപേക്ഷയില്‍ സിപിഐഒ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നാണ് വിവരാവകാശ നിയമത്തിലെ പതിനൊന്നാം വകുപ്പ് വ്യക്തമാക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് മാത്തൂര്‍ അപേക്ഷ നിരസിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍