UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി പറഞ്ഞത് ശുദ്ധ മണ്ടത്തരം; പക്ഷേ ഉമ്മന്‍ ചാണ്ടിക്കെന്ത് യോഗ്യത?

Avatar

അബ്ബാസ് ഒ.എം

2005 വരെ ഒരു സൊമാലിയക്കാരന്‍ ഉണ്ടായിരുന്നു കമ്പനിയില്‍; മുസ്തഫ. ഭയങ്കര മറവിക്കാരനായതുകൊണ്ട് ഒരുപാട് കഥകളുണ്ട് മുസ്തഫന്റെതായി. മുന്‍പ് ഒന്നു രണ്ടെണ്ണം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിയിട്ടുണ്ട്.

 

സോമാലിയയില്‍ ആധ്യാപകനായിരുന്ന ആള്‍ അവിടത്തെ ബുദ്ധിമുട്ട് കൊണ്ടാണ് ഇവിടെ ലേബറായി ജോലി നോക്കിയിരുന്നത്. ഒരിക്കല്‍ കുട്ടിക്ക പറഞ്ഞു; ‘അബ്ബാസേ നമ്മളെ മുസ്തഫ ഇംഗ്ലീഷ് ടീച്ചര്‍ ആണെന്നൊക്കെ നുണ പറയാണ്. ഓന് ഞാന്‍ തിരൂര് (Tiroor) എന്നെഴുതി കാണിച്ചിട്ട് റ്റൈരൂര്‍ എന്നാണ് വായിക്കുന്നത്.

സംഗതി നാട്ടില്‍ പട്ടിണിയാണെങ്കിലും ഗള്‍ഫിലൊക്കെയുള്ള സൊമാലിയക്കാര്‍ ഭയങ്കര അഭിമാനികളും കുറച്ചൊക്കെ അഹങ്കാരികളും ആണെന്ന് തോന്നിയിട്ടുണ്ട്. ജനറല്‍ മാനേജരെ വരെ മിസ്റ്റര്‍ ചേര്‍ത്ത് പേരേ വിളിക്കൂ. തങ്ങളുടെ നാട്ടില്‍ പട്ടിണിയാണെന്ന് ഒരിക്കലും സമ്മതിക്കില്ല. അങ്ങനെ കുറെ സ്വഭാവ വിശേഷങ്ങളുണ്ട്.

ഒരിക്കല്‍ എന്തോ ദേഷ്യത്തില്‍ മാനേജര്‍ അവനോട് പറഞ്ഞു, നിങ്ങള്‍ ലേബേര്‍സ് അങ്ങനെ തന്നെയാണ് എന്നോ മറ്റോ. അവനുടനെ പറഞ്ഞു, നീയും ലേബര്‍ തന്നെ… ഞാന്‍ സ്‌റ്റോര്‍ ലേബര്‍ നീ ഓഫീസ് ലേബര്‍. നിനക്ക് വലിയ ശമ്പളം ഉണ്ടെന്നെ ഉള്ളൂ എന്ന്. ഡെലിവറി പിക്കപ്പില്‍ പുറത്തേക്ക് നിക്കുന്ന ഭാഗത്ത് കെട്ടാനുള്ള ചുവന്ന റിബ്ബന്‍ ഉണ്ട് സ്‌റ്റോറില്‍. ഞാനതില്‍ നിന്നും ഒരു കഷ്ണം മുറിച്ചെടുത്ത് മാലപോലാക്കി അവന്റെ കഴുത്തില്‍ ഇട്ടു കൊടുത്തു.

 

2005-ല്‍ റിലീസ് വാങ്ങി പോയതിനു ശേഷം ആളുടെ വിവരമൊന്നുമില്ല. പൊതുവെ ബുദ്ധിമുട്ടുകള്‍ ഒന്നും പറയില്ല എങ്കിലും എന്നോട് അവന്റെ നാടിനെ കുറിച്ചൊക്കെ സംസാരിക്കാറുണ്ടായിരുന്നു.
നമ്മുടെ നാട്ടില്‍ കാശ് ഉള്ളവന്‍ കാര്യക്കാരനാണെങ്കില്‍ അവന്റെ നാട്ടില്‍ കുറച്ചു തടി ഉണ്ടായാല്‍ മതി നേതാവാകാന്‍ എന്ന് പറഞ്ഞു. കടുത്ത വരള്‍ച്ച, ആഭ്യന്തര യുദ്ധം, കേന്ദ്രീകരണ ഭരണസംവിധാനം ഇല്ലാത്തത് തുടങ്ങിയ പല കാരണങ്ങള്‍ ഉണ്ട് അവരുടെ ദാരിദ്ര്യത്തിന് കാരണമായി.

യൂനിസെഫിന്റെ കണക്കു പ്രകാരം 1000-ത്തില്‍ 137 കുട്ടികള്‍ മരിക്കുന്നുണ്ടത്രേ. ഇത് വെറും കണക്കു മാത്രം. സത്യത്തില്‍ മരിക്കുന്നവരുടെ എണ്ണം എത്രയോ അധികമാണ്. നമ്മള്‍ കണ്ടതല്ലേ വയറൊട്ടിയ അവിടത്തെ കുട്ടികളുടെ ഒരു പാട് ചിത്രങ്ങള്‍. ആ കോലത്തിലാണ് 137 കഴിഞ്ഞിട്ടുള്ള കുട്ടികള്‍ ജീവിക്കുന്നത്.

 

 

ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, മൂന്നോ നാലോ സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ പെട്രോള്‍ വിലയില്‍ ലിറ്ററിന് പത്തു പൈസ വെച്ച് കൂട്ടിയിട്ട് ആ കാശ് മാറ്റി വെച്ച് സോമാലിയയിലേക്കു കൊടുത്താല്‍ മാറാവുന്നതെ ഉള്ളൂ അവിടത്തെ ദാരിദ്ര്യം. പക്ഷെ അങ്ങനെ ഒരു സ്ഥിരമായ ദാരിദ്ര്യ നിര്‍മാജനം ആരുടേയും അജണ്ടയല്ലല്ലോ.

അങ്ങനെ സമ്പന്ന രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തിക്കഴിഞ്ഞാല്‍ അപ്പൊ തന്നെ മറ്റൊരു ചിന്ത മനസ്സില്‍ കടന്നു കൂടും. എന്റെ നാടിന്റെ തൊട്ടപ്പുറത്തുള്ള അട്ടപ്പാടിയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ശമ്പളത്തില്‍ നിന്നും ഒരു നൂറു രൂപയെങ്കിലും മാറ്റി വെക്കാന്‍ ഞാന്‍ തയ്യാറായിട്ടുണ്ടോ? പിന്നെയെങ്ങനെ എനിക്ക് വേറെ ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ പറ്റും?

 

സത്യത്തില്‍ ആരുടേയും സൌജന്യം അവര്‍ക്ക് വേണ്ട. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് തന്നെയുണ്ട് ആവശ്യത്തിലധികം ആദിവാസികള്‍ക്കായിട്ട്. അതവരുടെ അവകാശമാണ്. ആരുടേയും സൌജന്യമല്ല. പക്ഷെ അത് ആദിവാസികള്‍ക്കിടയില്‍ എത്തുന്നില്ല.

മണ്ണാര്‍ക്കാട്ടെയും അഗളിയിലെയും മാനന്തവാടിയിലെയുമൊക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന ആദിവാസി ശിശുമരണ കണക്ക് നമ്മളാരും അറിയുന്നില്ല. ഇതെഴുതുമ്പോഴും ഞാന്‍ അംഗമായിട്ടുള്ള മാനന്തവാടിക്കാരുടെ മഴയോര്‍മകള്‍ എന്നൊരു വാട്‌സ് ആപ് ഗ്രൂപ്പില്‍ ഇന്ന് മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന രണ്ട് ആദിവാസി ശിശു മരണങ്ങളെ കുറിച്ച് ചര്‍ച്ച നടക്കുകയാണ്. ഇരട്ട കുട്ടികളായിരുന്നു. പോഷകാഹാര കുറവ് മൂലമാണെന്നും അല്ലെന്നും അഭിപ്രായം വരുന്നുണ്ട്.

ഗോതമ്പ് വേവിച്ചതോ അരി വേവിച്ചതോ തിന്നാനുണ്ടായാല്‍ ആദിവാസി മേഖലകളില്‍ പട്ടിണിയില്ലെന്ന് പറയാന്‍ പറ്റോ? ഗര്‍ഭിണികള്‍ക്ക് കിട്ടേണ്ടുന്ന മിനിമം പോഷകാഹാര കണക്കുണ്ട്. അതവര്‍ക്ക് കിട്ടുന്നുണ്ടോ? നിറവയറുമായി വന്നു വെറും കയ്യോടെ മടങ്ങി പോകേണ്ട ആദിവാസി യുവതികളെക്കുറിച്ച് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പാല്‍ നിറഞ്ഞ മുലകളില്‍ നിന്നും മണ്ണിലേക്ക് പീച്ചി കളയുന്ന മുലപ്പാലിന്റെ കൂടെ ഒഴുകി പോവുന്ന കണ്ണീരിന് എന്നെങ്കിലുമൊരിക്കല്‍ നമ്മുടെ അധികാരികള്‍ മറുപടി പറയേണ്ടി വരില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

ചാനലുകാര്‍ ഉണ്ടാക്കിയ ഫോട്ടോ കണ്ടല്ല ഞാന്‍ സംസാരിക്കുന്നത്. തൃശൂര്‍ പുത്തൂര്‍ സ്വദേശികള്‍ക്ക് പരിചിതനാണ് ആദിവാസികള്‍ക്കിടയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന കെ.ആര്‍ മാധവന്‍; എന്റെ സുഹൃത്തിന്റെ അച്ഛനാണ്. കഴിഞ്ഞ തവണ ഞാന്‍ അദ്ദേഹത്തെ കണ്ടു സംസാരിച്ചിരുന്നു. കരളലിയിക്കുന്ന ഒരുപാട് കഥകള്‍ പറഞ്ഞു തന്നു അന്നദ്ദേഹം. മാലിന്യ കൂമ്പാരങ്ങളില്‍ അന്നം തേടുന്ന കുട്ടികളെ അദ്ദേഹം കണ്ടിട്ടുണ്ട്. പത്തു മാസം ചുമന്നു നടന്ന് പ്രസവിച്ച തന്റെ പോന്നോമനക്ക് ഒരു നേരം പോലും മുലപ്പാല്‍ കൊടുക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് അമ്മമാരെ അദ്ദേഹത്തിനറിയാം.

 

എങ്ങനെയാണ് ഒരു സമൂഹത്തെ നൂറ്റാണ്ടുകളായി നമ്മുടെ ഭരണവര്‍ഗം അടിമകളാക്കി വെച്ചിരിക്കുന്നത് എന്നതിന്റെ നേര്‍കാഴ്ചകളാണ് വയനാടും അട്ടപ്പാടിയും, പേരാവൂരുമൊക്കെ… 

 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രി വന്ന് കേരളത്തിലെ ആദിവാസികളുടെ കാര്യം മുകളില്‍ പറഞ്ഞ സോമാലിയയേക്കാള്‍ കഷ്ടമാണെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ്; ശുദ്ധ മണ്ടത്തരം.

 

കേരളത്തിലെ ആദിവാസികള്‍ വളരെ കഷ്ടത്തിലാണ്; സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ സമ്മതിച്ചു കൊടുക്കാമായിരുന്നു. എന്നാല്‍പ്പോലും താങ്കള്‍ ഇത്രയും നാള്‍ ഭരിച്ച ഗുജറാത്തിലെ ആദിവാസികളുടെ കാര്യം പോവട്ടെ, സാധാരണക്കാരുടെ അവസ്ഥ എന്താണെന്നു ചോദിച്ചാല്‍പ്പോലും വ്യക്തമായ ഉത്തരം ഉണ്ടാവില്ല അദ്ദേഹത്തിന്. ഗുജറാത്തികളും എന്റെ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ രണ്ടു പേര് മോദി ഭക്തരുമാണ്. പാവപ്പെട്ടവരെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. സത്യത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഇത്രമാത്രം അകന്നു നില്‍ക്കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയില്‍ വേറെയുണ്ടോ എന്നറിയില്ല.

 

 

നര്‍മദ നദിക്കു കുറുകെ പണിയുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ടു കാരണം വെള്ളത്തിനടിയില്‍പ്പോയ ആദിവാസി ഗ്രാമങ്ങളെക്കുറിച്ച് കേരള സംഘികള്‍ കേട്ടിട്ട് പോലുമുണ്ടാകില്ല. 2014-ല്‍ നര്‍മദയില്‍ ചാടി ആത്മഹത്യ ചെയ്ത 11 ആദിവാസികളെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

എഴുത്ത് ഒരുപാട് നീണ്ടു പോയി. അതുകൊണ്ടുതന്നെ അവസാനിപ്പിക്കുന്നു. കേരളത്തിലെ ആദിവാസികളുടെ അവസ്ഥയെ നരേന്ദ്ര മോദി സോമാലിയന്‍ അവസ്ഥയേക്കാള്‍ മോശം എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ മണ്ടത്തരം എന്നുതന്നെ പറയുന്നതോടൊപ്പം ഉമ്മന്‍ ചാണ്ടിക്ക് ആ പ്രസ്താവനക്കെതിരെ വികാരഭരിതനാവാനുള്ള ധാര്‍മികതയൊന്നുമില്ല എന്നും പറയേണ്ടിയിരിക്കുന്നു.

 

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് എന്താണ് യു.ഡി.എഫ് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് വേണ്ടി ചെയ്തത്? മന്ത്രിസഭയ്ക്കെന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ ആദിവാസി ഊരുകളിലേക്കു പോലീസിനെ വിട്ട് മാവോയിസ്റ്റ് വേട്ട എന്നും പറഞ്ഞ് ജനശ്രദ്ധ തിരിക്കാന്‍ മാത്രമല്ലേ ഈ മന്ത്രിസഭ ആദിവാസികളെ ഉപയോഗിച്ചിട്ടുള്ളൂ?

2011-ലെ ആദിവാസികളില്‍ നിന്നും 2016 ലെ ആദിവാസികള്‍ക്ക് എന്ത് പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. നില്‍പ്പ് സമരം എന്തിനു വേണ്ടിയായിരുന്നു? എന്നിട്ട് സമരം പിന്‍വലിക്കാന്‍ വേണ്ടി ആദിവാസികള്‍ക്ക് കൊടുത്ത ഉറപ്പുകള്‍ നടപ്പിലാക്കിയോ? വനസംരക്ഷണത്തിനു വേണ്ടി ഈ സര്‍ക്കാര്‍ എന്ത് ചെയ്തു? ആദിവാസികള്‍ക്ക് അവര്‍ക്കര്‍ഹതപെട്ട ഭൂമി പതിച്ചു നല്‍കിയോ? ആദിവാസികളുടെ ഭൂമി തട്ടിയെടുത്തവരുടെ പേരില്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ എടുത്തു? കേരള ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്നൊരു ജനതയെ സമൂഹത്തിന്റെ മേല്‍ത്തട്ടിലേക്ക് കൊണ്ട് വരുന്നതിനായി ഈ സര്‍ക്കാര്‍ എന്ത് ചെയ്തു?

ഈ ചോദ്യങ്ങളൊക്കെ ചോദ്യങ്ങളായിത്തന്നെ ശേഷിക്കും. കാരണം നമ്മളെ കാത്ത് കഴിഞ്ഞ കുറെ നാളുകളായി മറ്റൊരു ചോദ്യമാണല്ലോ ഏറ്റവും പ്രധാനപ്പെട്ടത്.

മുഖ്യമന്ത്രി സരിതയുമായി കിടക്ക പങ്കിട്ടിട്ടുണ്ടോ?

 

എത്ര ഭംഗിയായാണ് ഈ ഒരു ചോദ്യത്തില്‍ കേരള ജനതയെ തളച്ചിടാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞത്… 

 

(മണ്ണാര്‍ക്കാട് സ്വദേശിയായ അബ്ബാസ് ദോഹയില്‍ ജോലി ചെയ്യുന്നു. അഴിമുഖം കോളമിസ്റ്റാണ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍