UPDATES

കെട്ട കാലത്തെ ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സ്വന്തമായി ചെയ്യുന്നതിലും അധികമൊന്നും ഈ സര്‍ക്കാര്‍ പ്രചാരകര്‍ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. അതായത്, നവംബര്‍ എട്ടിന്റെ 25 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം കള്ളപ്പണം എന്ന വാക്ക് ഉപയോഗിച്ചത് 18 തവണയാണ്. കള്ളനോട്ട് എന്നത് അഞ്ചു തവണയും. എന്നാല്‍ നവംബര്‍ 27-ന് അദ്ദേഹം പറഞ്ഞത് ഡിജിറ്റല്‍ എകോണമിയെക്കുറിച്ചാണ്.

ബിബേക് ദേബ്രോയ് ഒരു “അസാധ്യ” മനുഷ്യനാണ്. സാമ്പത്തിക വിദഗ്ധന്‍, എഴുത്തുകാരന്‍, കോളമിസ്റ്റ് എന്നു തുടങ്ങി കൈവച്ച മേഖലകളിലൊക്കെ പ്രശോഭിക്കുന്ന ഒരാള്‍. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം ഇല്ലാതാക്കിയ ആസൂത്രണ കമ്മീഷന് പകരം രൂപം കൊടുത്ത ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തിങ്ക് ടാങ്കായ നീതി ആയോഗിന്റെ തുടക്കം മുതലെയുള്ള അംഗവുമാണ് അദ്ദേഹം.

നവംബര്‍ എട്ടിനു ശേഷം ദെബ്രോയിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രചാരകര്‍ നോട്ട് നിരോധനത്തെക്കുറിച്ച് ലോകത്തെ ഉദ്‌ബോധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതും വളരെ സമര്‍ഥമായ വാദഗതികളിലൂടെ.

അല്ലെങ്കില്‍ ദെബ്രോയിയുടെ ഈ വാദങ്ങള്‍ ഒന്നു നോക്കൂ.

– “എണ്ണാന്‍ സമയം കുറച്ചു മതി എന്നതുകൊണ്ടാണ് സര്‍ക്കാര്‍ കൂടുതല്‍ 2000 രൂപാ നോട്ടുകള്‍ അച്ചടിച്ചത്. അതേ സ്ഥാനത്ത് 100 രൂപാ നോട്ടുകളായിരുന്നു കൂടുതലായി അച്ചടിച്ചിരുന്നതെങ്കില്‍ ബാങ്കിലെ ക്യാഷര്‍ക്കും അതുപോലെ നോട്ട് എണ്ണേണ്ടി വരുന്ന മറ്റുള്ളവര്‍ക്കുമൊക്കെ കൂടുതല്‍ സമയം വേണ്ടി വരുമായിരുന്നു…” അതായത്, കറന്‍സിയുടെ ആവശ്യം പരിഗണിക്കാന്‍ 2000 രൂപാ നോട്ടുകള്‍ കൂടുതലായി അടിച്ചിറക്കിയപ്പോള്‍ 500, 1000 നോട്ടുകള്‍ ഇല്ലാതെ അതുകൊണ്ട് പ്രത്യേക ഗുണമൊന്നും ഇല്ലെന്ന് അദ്ദേഹം ചിന്തിക്കുന്നേയില്ല.

– ഒരിക്കല്‍ ദെബ്രോയി പറഞ്ഞത് സ്വമനസാലെ ജോലി വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം കൂടുന്നു എന്നാണ്. അതായത്, നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ തൊഴിലില്ലാതെ അലയുന്നവരുടെ എണ്ണം കണക്കാക്കാന്‍ പോലും കഴിയാതെ വരുന്ന യാഥാര്‍ഥ്യം ഉള്ള സാഹചര്യത്തിലാണ് അദ്ദേഹത്തില്‍ നിന്ന്‍ ഇത്തരമൊരു പ്രസ്താവന വന്നത്.

അതായത്, തങ്ങള്‍ നടപ്പാക്കിയ ചിന്താശൂന്യമായ ഒരുപദ്ധതിയെ എന്തുവില കൊടുത്തും ന്യായീകരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നീതി ആയോഗിലെ സാമ്പത്തിക വിദഗ്ധരും മുതിര്‍ന്ന ബ്യൂറോക്രാറ്റുകളുമൊക്കെയാണ് മണ്ടത്തരങ്ങളും സാധാരണ മനുഷ്യരോട് യാതൊരു പരിഗണനകളുമില്ലാതുള്ള വാദഗതികള്‍ നടത്തുന്നത്.

debroy-1

മുന്‍ മാധ്യമ പ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ധനുമായ നീതി ആയോഗിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ധീരജ് നയ്യാറും കഴിഞ്ഞ ദിവസം നോട്ട് നിരോധനത്തെ അനുകൂലിച്ചുകൊണ്ട് എഴുതിയിരുന്നു. ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നത് കുറച്ചു കാലം കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ്.

എന്നാല്‍ അദ്ദേഹത്തിന്റെ പിതാവും ആഗോള തലത്തില്‍ ബഹുമാനിക്കപ്പെടുന്ന സാമ്പത്തിക വിദഗ്ധനുമായ ദീപക് നയ്യാര്‍ ദി മിന്റ് ദിനപത്രത്തില്‍ എഴുതിയത് ഇങ്ങനെയാണ്: “സംശയമില്ല, നോട്ട് നിരോധനത്തിലൂടെ രാഷ്ട്രീയം സാമ്പത്തിക ശാസ്ത്രത്തെ കടപുഴക്കിയിരിക്കുന്നു.” 

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സ്വന്തമായി ചെയ്യുന്നതിലും അധികമൊന്നും ഈ സര്‍ക്കാര്‍ പ്രചാരകര്‍ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. അതായത്, നവംബര്‍ എട്ടിന്റെ 25 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം കള്ളപ്പണം എന്ന വാക്ക് ഉപയോഗിച്ചത് 18 തവണയാണ്. കള്ളനോട്ട് എന്നത് അഞ്ചു തവണയും.

എന്നാല്‍ നവംബര്‍ 27-ന് അദ്ദേഹം പറഞ്ഞത് ഡിജിറ്റല്‍ എകോണമിയെക്കുറിച്ചാണ്. കള്ളപ്പണവും കള്ളനോട്ടുമൊക്കെ അദ്ദേഹത്തിന്റെ മന്‍ കി ബാത്തിലും മറ്റ് പ്രസംഗങ്ങളിലുമൊക്കെ അരികുകളിലേക്ക് ഒതുങ്ങി. മുഴുവന്‍ പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടും പാര്‍ലമെന്റില്‍ വാ തുറക്കാന്‍ തയാറായതുമില്ല.

ശനിയാഴ്ച ഗുജറാത്തില്‍ പ്രസംഗിച്ചപ്പോഴാകട്ടെ മോദി ഒരുപടി കൂടി കടന്നു. അതിനു മുന്നില്‍ അദ്ദേഹത്തിന്റെ സാമ്പത്തിക വിദഗ്ധരുടെ മണ്ടത്തരങ്ങളൊക്കെ വളരെ ചെറുതാണ്. “നവംബര്‍ എട്ടാം തീയതിക്കു മുമ്പ് 100 രൂപയ്ക്ക് എത്രയായിരുന്നു വില? എന്തായിരുന്നു 50 രൂപയ്ക്കുള്ള മൂല്യം? അതാരും ശ്രദ്ധിക്കുന്നില്ല. ഈ രാജ്യത്തെ പാവപ്പെട്ടവരെ ശാക്തീകരിക്കാനാണ് ഞാന്‍ നോട്ട് നിരോധനം നടപ്പാക്കിയത്…” എന്നുവരെ പറഞ്ഞുകളഞ്ഞു അദ്ദേഹം.

ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുചരവൃന്ദങ്ങളും അടുത്ത ദിവസങ്ങളില്‍ പ്രചരിപ്പിക്കാന്‍ പോകുന്നത് നോട്ട് നിരോധനം മൂലം ജീവന്‍ നഷ്ടപ്പെട്ടവരും ആത്മഹത്യ ചെയ്തവരുമൊക്കെ ഈ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി ജീവന്‍ ത്യജിച്ചവരാണെന്നായിരിക്കും. അതല്ല, വായനക്കാര്‍ക്ക് കുറച്ചുകൂടി നല്ല വാദഗതികള്‍ ഉണ്ടെങ്കില്‍ അവ സര്‍ക്കാരിന് അയച്ചു കൊടുക്കാവുന്നതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍