UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തൊരു ഐഡിയ സര്‍ജി! വീണ്ടും വരുന്നു – ഇന്‍സ്പക്ടര്‍ രാജ്

ടീം അഴിമുഖം 

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചരണ പരിപാടികളുമായി നരേന്ദ്ര മോദി ഇന്ത്യ ചുറ്റിയപ്പോള്‍ നല്‍കിയ ഒരു വാഗ്ദാനമുണ്ടായിരുന്നു- മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവണന്‍സ്- എന്നാല്‍ അതിത്രമാത്രം വിപ്ലവകരമായിരിക്കുമെന്ന് ഞങ്ങള്‍ കരുതിയേയില്ല.

 

അല്ലെങ്കില്‍ നവംബര്‍ എട്ടിനു പ്രഖ്യാപിച്ച ആ ഒരൊറ്റ തീരുമാനം മാത്രം ഒന്നെടുത്തു നോക്കൂ. അത് രാജ്യത്തെ ഏതു വിധത്തിലാണ് മാറ്റിമറിച്ചതെന്നു നോക്കൂ.

 

തന്റെ ഒരൊറ്റ അടികൊണ്ട് ആ പഴയ പേടിപ്പെടുത്തുന്ന ഇന്‍സ്‌പെക്ടര്‍ രാജിനെ മോദി തിരികെ കൊണ്ടുവന്നിരിക്കുന്നു, അത് അടുത്തകാലത്തെങ്ങും ഇല്ലാതാകാനും പോകുന്നില്ല. അതുപോലെ തന്നെ വികസിച്ചു വരുന്ന ഒരു സമ്പദ്‌വ്യവസ്ഥയില്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത ഒരു തീരുമാനം അനവധി പുതിയ ഇടനിലക്കാരേയും സൃഷ്ടിച്ചിരിക്കുന്നു.

 

1990-കളിലെ സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നു തന്നെ ഇന്‍സ്‌പെക്ടര്‍ രാജിനെ ഇല്ലാതാക്കുക എന്നതായിരുന്നു. എന്നാല്‍ ഇതിന്റെ ഗുണഫലങ്ങളെ മോശമായി ബാധിക്കുന്നതാണ് നോട്ട് നിരോധനം.

 

നമ്മുടെ നിലവിലുള്ള സാമ്പത്തിക ഘടനയില്‍ ആദായ നികുതി വകുപ്പിന് കൃത്യമായ പങ്കുണ്ട്. ഏറെക്കാലത്തെ പരിഷ്‌കരണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ഒക്കെ ഒടുവിലാണ് അത്തരത്തിലൊരു പ്രവര്‍ത്തന രീതിയിലേക്ക് ആദായനികുതി വകുപ്പ് വലിയ പ്രശ്‌നങ്ങളൊന്നും കൂടാതെ പ്രവര്‍ത്തനസജ്ജമാകുന്നത്. അതിന് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരു ക്രമം കൊണ്ടുവരാനും കഴിഞ്ഞു. എന്നാല്‍ ആ ആദായ നികുതി വകുപ്പ് ചട്ടക്കൂടില്‍ നിന്ന് നിങ്ങളുടെ ജീവിതത്തിന്‍െ് സമസ്ത മേഖലകളിലും ഇടപെടാന്‍ സര്‍ക്കാരിലെ ഓരോ ഉദ്യോഗസ്ഥനും അനുമതി കൊടുക്കുന്ന രീതിയിലുള്ള നിലവിലെ പരിഷ്‌കാരം ഒരിടത്തും അത്ര മതിപ്പുണ്ടാക്കുന്ന ഒന്നല്ല. അതായത്, ഇത്തരമൊരു നടപടികൊണ്ട് ഉണ്ടായിരിക്കുന്നത് സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്മേല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ഉണ്ടാക്കുന്ന ഭീകരതകളെ തിരിച്ചു കൊണ്ടുവരിക എന്നതാണ്.

 

നവംബര്‍ എട്ടിന്റെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ കൈയിലുള്ള പണം മുഴുവന്‍ തന്റെ കറന്റ് അക്കൗണ്ടില്‍ കൊണ്ടു പോയി നിക്ഷേപിക്കേണ്ടി വന്ന ഒരു ഇടത്തരം വ്യാപാരിയെ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അത് തിരുവനന്തപുരത്തെയോ കൊച്ചിയിലെയോ കോഴിക്കോട്ടെയോ ഒരു ഇടത്തരം സ്വര്‍ണക്കച്ചവടക്കാരന്‍ ആവാം. സ്ഥിരമായി അയാളുടെ കറന്റ് അക്കൗണ്ടില്‍ 5-10 ലക്ഷം രൂപ കണ്ടേക്കാം എന്നു കണക്കു കൂട്ടു. പക്ഷേ ചിലപ്പോള്‍ വ്യാപാരാവശ്യത്തിനു വേണ്ടി അയാള്‍ 30-40 ലക്ഷം രൂപ വരെയൊക്കെ നോട്ടുകളായി സൂക്ഷിച്ചിട്ടുണ്ടാകാം. നവംബര്‍ എട്ടിനു ശേഷം അത് അയാള്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുമുണ്ടാകാം. അത്രയും വരെ കാര്യങ്ങള്‍ ഭദ്രം.

 

എന്നാല്‍ അതിന്റെ ബാക്കി കൂടി ആലോചിച്ചു നോക്കൂ. അയാളൊരു കള്ളനല്ല, മറിച്ച് നമ്മുടെ ഒട്ടുമിക്ക മേഖലകളിലും വ്യാപാര സംബന്ധവും അല്ലാത്തതുമായ കാര്യങ്ങള്‍ മുഴുവന്‍ നടക്കുന്നത് നോട്ടുകളുടെ വിനിമയത്തിലൂടെ ആയതിനാല്‍ തന്റെ വ്യാപാരത്തിനു വേണ്ടി ആ നോട്ടുകള്‍ കൈവശം സൂക്ഷിച്ചിരുന്ന ഒരാളാണ്. അതില്‍ അയാളുടെ വിയര്‍പ്പും അതില്‍ നിന്നുണ്ടായ ലാഭവും ഒക്കെയുണ്ടാകും. അതില്‍ കുറെയൊക്കെ ആദായനികുതി വെട്ടിപ്പും ഉണ്ടായേക്കാം. ഇനി ആദായനികുതി ഉദ്യോഗസ്ഥരുടെ മുമ്പാകെ എത്തപ്പെടുന്ന അയാളുടെ ഒരവസ്ഥ ആലോചിച്ചു നോക്കൂ. പത്ത് ലക്ഷം രൂപയില്‍ നിന്ന് 40 ലക്ഷം രൂപ ഒറ്റയടിക്ക് ബാങ്കില്‍ നിക്ഷേപിച്ചത് എങ്ങനെയെന്നറിയാന്‍ ആദായ നികുതി വകുപ്പിലെ പല ഉദ്യോഗസ്ഥര്‍ ഇനി മുതല്‍ അയാളുടെ വീടും വ്യാപാര സ്ഥാപനങ്ങളും കയറിയിറങ്ങും, വിലപേശലുകള്‍ ഉണ്ടാവും. സംഭവിക്കുന്നത് വീണ്ടും ഇന്‍സ്‌പെക്ടര്‍ രാജിന്റെ പുതിയൊരു രൂപം കൂടി നാട്ടില്‍ മുളപൊട്ടുക എന്നതാവും. ആദായ നികുതി അടയ്ക്കാതെ പണം പൂഴ്ത്തിവച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള കഴിവുകേട് മറയ്ക്കാന്‍ മുഴുവന്‍ ജനങ്ങളുടെ ജീവിതത്തിലേക്ക് കുറെ പുതിയ ഇടനിലക്കാരെ എത്തിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ ബാക്കിപത്രം.

 

 

അതായത്, ഈ അവസ്ഥയുടെ ദുരിതം നേരിടാന്‍ പോകുന്നത് ഇടത്തരക്കാരായ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരായിരിക്കും. സമ്പന്നരായ കള്ളന്മാര്‍ അവരുടെ സമ്പാദ്യം മറയ്ക്കുന്നത് കറന്‍സി നോട്ടുകള്‍ സൂക്ഷിച്ചു വച്ചല്ല. ഇനി ആ നോട്ടുകള്‍ ഉണ്ടെങ്കിലും അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കറിയാം.

 

ബാങ്ക് ഉദ്യോഗസ്ഥര്‍
മോദി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ ക്രമത്തില്‍ ഉണ്ടായിവരുന്ന മറ്റൊരു വലിയ മധ്യവര്‍ത്തി സമൂഹമായിരിക്കും ബാങ്ക് മാനേജര്‍മാരും ബാങ്കിലെ പ്രാദേശിക ജീവനക്കാരും. അവരായിരിക്കും നിങ്ങള്‍ക്ക് പണം നല്‍കേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ എത്ര എന്നൊക്കെ തീരുമാനിക്കാന്‍ പോകുന്നത്. എടിഎമ്മില്‍ എപ്പോള്‍ പണം നിറയ്ക്കണം, എപ്പോള്‍ അടച്ചിടണം എന്നതൊക്കെ ഇനി അവര്‍ തീരുമാനിക്കാം.

 

ഇന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ നോക്കൂ. പാവപ്പെട്ടവര്‍ക്കായുള്ള പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളില്‍ നിന്ന് മാസം 10,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ എന്നാണ് പുതിയ ഉത്തരവ്. അതിനൊപ്പം ചേര്‍ത്തു പറയുന്നു, മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ യഥാര്‍ഥമാണ് ആവശ്യമെന്ന് മനസിലായാല്‍ കൂടുതല്‍ പണം അനുവദിക്കുന്നതിന് ബാങ്ക് മാനേജര്‍മാര്‍ക്ക് അധികാരം ഉണ്ടായിരിക്കുമെന്ന്. കേരളം പോലൊരു സംസ്ഥാനത്ത് സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനങ്ങള്‍ ഉള്ളതു പോലെയല്ല പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഗ്രാമീണ ബാങ്കുകളിലെ അവസ്ഥ എന്നു മനസിലാക്കുമ്പോഴാണ് ഇനി ഇതിന്റെ പേരിലും പാവപ്പെട്ടവരായിരിക്കും ദുരിതം അനുഭവിക്കാന്‍ പോകുന്നത് എന്നു മനസിലാക്കുക.

 

നോട്ട് നിരോധനം നടപ്പാക്കിയതിനു ശേഷം ഏറ്റവുമധികം മാനസിക സമ്മര്‍ദ്ദവും കൂടുതല്‍ ജോലിഭാരവും അനുഭവിക്കുന്ന വിഭാഗമാണ് ബാങ്ക് ജീവനക്കാര്‍.11 ബാങ്ക് ജീവനക്കാര്‍ ഈ ജോലിഭാരം താങ്ങാന്‍ കഴിയാതെ ഇതുവരെ മരിക്കുകയും ചെയ്തു. പക്ഷേ യാതൊരു വിധത്തിലുള്ള അക്കൗണ്ടബിലിറ്റിയും ഇല്ലാതെ അവര്‍ക്ക് നല്‍കുന്ന അധികാരങ്ങള്‍ എത്രത്തോളം ദുരുപയോഗം ചെയ്യപ്പെടും എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. രാജ്യത്തെ കള്ളപ്പണം നിര്‍മാര്‍ജനം ചെയ്യാനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം പോകാതിരിക്കാനും ആത്മാര്‍ഥമായി ശ്രമിച്ച് പണിയെടുക്കുന്ന ആയിരക്കണക്കിന് ബാങ്ക് ഉദ്യോഗസ്ഥര്‍ ഈ നാട്ടിലുണ്ട്. പക്ഷേ, ഒരു പാവപ്പെട്ട ഇന്ത്യക്കാരന്‍ ഇന്ന ദിവസം ഭക്ഷണം കഴിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നതു പോലുള്ള അധികാരം ഈ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് വച്ചു നീട്ടുന്നതിന്റെ അപകടം തിരിച്ചറിയേണ്ടതുണ്ട്.

 

 

ഉദാഹരണത്തിന്, കഴിഞ്ഞയാഴ്ച ചെന്നൈ പോലീസ് ഒരു സംഘത്തെ പിടികൂടിയിരുന്നു. ഈ അഞ്ചംഗ സംഘത്തിലെ നാലു പേര്‍ ബാങ്ക് ജീവനക്കാരായിരുന്നു. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നശേഷം ചില കസ്റ്റമര്‍മാരുടെ കോടികള്‍ വരുന്ന പഴയ 500, 1000 രുപാ നോട്ടുകള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ മാറ്റിക്കൊടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. ചെന്നൈ ശാസ്ത്രി നഗറിലുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്റെ ശാഖ രാത്രി കഴിഞ്ഞും പ്രവര്‍ത്തിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു പോലീസ് ഇവരെ പിടികൂടിയത്.

 

ഇടനിലക്കാര്‍
നമ്മുടെ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള പുതിയൊരു കൂട്ടരാണ് ഇടനിലക്കാര്‍. കമ്മീഷന്‍ വ്യവസ്ഥയില്‍ നിങ്ങളുടെ പഴയ നോട്ടുകള്‍ അവര്‍ മാറ്റിത്തരും. അവര്‍ നിങ്ങളുടെ പഴയ നോട്ടുകള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഡോളറിലേക്കോ മറ്റ് വിദേശ കറന്‍സികളിലേക്കോ മാറ്റിത്തരും.

 

നോട്ട് നിരോധനത്തിന്റെ മുഴുവന്‍ പ്രത്യാഘാതങ്ങളും വരും മാസങ്ങളില്‍ ഇന്ത്യയിലാകെ പടരും, പക്ഷേ ആ തീരുമാനത്തെക്കുറിച്ച് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ പറ്റും. അത് ഇന്‍സ്‌പെക്ടര്‍ രാജിന്റെ തിരിച്ചു വരവായിരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍