UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവത്വം തെരുവിലാണ് [A Grand Student Uprising Is Coming; Or Is It Already Here?]

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

ചരിത്രപ്രാധാന്യമുള്ള നിര്‍ണായക സംഭവങ്ങളൊക്കെത്തന്നെ ഒരു നിശ്ചിത തീയതിയിലാണ് ആരംഭിച്ചത് എന്ന് പറയാനാവില്ല. ആരാണ് ചരിത്രം വ്യാഖ്യാനിക്കുന്നത് എന്നതിനനുസരിച്ച് സംഭവങ്ങള്‍ക്ക് ആരംഭം കുറിച്ച തീയതികളിലും മാറ്റം വരാറുണ്ട്. മോഹൻ ദാസ് കരംചന്ദ് ഗാന്ധി നമ്മള്‍ ഇന്നറിയുന്ന മഹാത്മാവായി മാറിയ തീയതി എന്നാണെന്ന് കൃത്യമായി പറയാന്‍ സാധിക്കുമോ? വര്‍ണവെറിയെ തുടര്‍ന്ന് അദ്ദേഹം ട്രയിനില്‍ നിന്നും വലിച്ചെറിയപ്പെട്ടപ്പോഴോ അതോ അതിന് വളരെ മുമ്പ് ഒരു നഴ്സിംഗ് വോളന്റിയറായി, യുദ്ധത്തിന്റെ ഭീകരത നേരിട്ടു മനസിലാക്കുന്നതിന് ബോയര്‍ യുദ്ധരംഗത്ത് പോയപ്പോഴായിരുന്നോ? എന്നാണ് ആ പരിവര്‍ത്തനം സംഭവിച്ചത്? 


1991-ല്‍ മന്‍മോഹന്‍ സിംഗിന്റെ ബജറ്റോടു കൂടിയാണോ അതോ, അതിനുമുമ്പ് സാമ്പത്തികരംഗത്തുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിന് രാജീവ് ഗാന്ധി ഇളവുകള്‍ വരുത്തിയപ്പോഴാണോ, യഥാര്‍ത്ഥത്തില്‍ സാമ്പത്തിക ഉദാരീകരണം ആരംഭിച്ചത്?

സമീപകാല സംഭവങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, എന്നാണ് അണ്ണാ ഹസാരെയുടെ പ്രസ്ഥാനം ദേശീയ പ്രതിഷേധങ്ങളുടെ ഒരു  പ്രതിഫലനമായി മാറിയത്? ഡല്‍ഹിയില്‍ അദ്ദേഹം തന്റെ ധര്‍ണ ആരംഭിച്ചപ്പോഴാണോ അത് സംഭവിച്ചത്? അതോ അഴിമതി കുംഭകോണങ്ങളില്‍ നിന്നും കുംഭകോണങ്ങളിലേക്ക് രണ്ടാം യുപിഎ സര്‍ക്കാര്‍ പതിച്ചപ്പോള്‍ തന്നെ അതിന് ബീജാവാപം സംഭവിച്ചിരുന്നോ?

വിദൂരമല്ലാത്ത ഒരു ഭാവികാലത്തില്‍ നിന്നുകൊണ്ട് നമ്മള്‍ ഇത്തരത്തിലുള്ള ഒരു ചോദ്യം ഉന്നയിക്കുമ്പോള്‍ എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ എന്നാണ് മഹത്തായ കാമ്പസ് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്? സ്മൃതി ഇറാനി മാനവശേഷി വികസന മന്ത്രാലത്തിന്റെ ചുമതലയേല്‍ക്കുകയും സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തിലും സ്വതന്ത്ര പാഠ്യപദ്ധതികളില്‍ ഇടപെടാനും തുടങ്ങിയതിന് ശേഷമാണോ അത് സംഭവിച്ചത്? അതോ ഓഗസ്റ്റ് 18-19 ദിവസം രാത്രികളില്‍ പോലീസ് പുനെയിലെ എഫ്ടിഐഐ കാമ്പസിലേക്ക് ഇരച്ചുകയറുകയും വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോഴാണോ അത് സംഭവിച്ചത്?


എഫ് ടി ഐ ഐയില്‍ പോലീസ് ഇരച്ചുകയറിയപ്പോള്‍

ഇന്ത്യന്‍ കലാസിനിമയ്ക്ക് കടുത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ട്, അടൂര്‍ ഗോപാലകൃഷ്ണന് പകരം ഒരു രണ്ടാംകിട അഭിനേതാവായ ഗജേന്ദ്ര ചൗഹാനെ രാഷ്ട്രീയ വിധേയത്വത്തിന്റെ പേരിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്ര പഠന സ്ഥാപനത്തിന്റെ തലവനായി നരേന്ദ്ര മോദി നിയമിച്ചപ്പോഴാണോ അത് സംഭവിച്ചത്? അതോ ദീനനാഥ് ബത്രയെ പോലുള്ള ആളുകളുടെ അക്കാദമിക വിഡ്ഢിത്തങ്ങള്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണോ? അതോ സാഹിത്യചോരണം നടത്തിയ ഒരു പ്രൊഫസര്‍, പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് മേല്‍ മാസങ്ങളോളം അടയിരിക്കുകയും ഡല്‍ഹിയിലെ നീറോ തീരുമാനമെടുക്കാതെ വീണ വായിക്കുകയും ചെയ്തപ്പോഴാണോ അത് സംഭവിച്ചത്? അതോ സമരക്കാർക്ക് നേരെ കഴിഞ്ഞ ദിവസം ക്രൂരമായ അക്രമം നടത്താൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ തീരുമാനിച്ചപ്പോഴോ?

ഇതൊക്കെ ആരംഭിച്ചത് എന്ന് എന്നതിന് ഒരു കൃത്യമായ തീയതി ചൂണ്ടിക്കാണിക്കാന്‍ നമുക്ക് സാധിക്കില്ലെങ്കിലും ഒരു കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഇന്ത്യന്‍ കാമ്പസുകളില്‍ ഒരു വലിയ ഉയിര്‍പ്പിന്റെ കാലമാണ് വരാനിരിക്കുന്നത്. തങ്ങളുടെ വിവിധ അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടുന്നതിനായി, രോഷാകുലരും അസഹിഷ്ണുക്കളും പലപ്പോഴും അപമാനിതരുമായ വിദ്യാര്‍ത്ഥി സമൂഹം കൂട്ടത്തോടെ തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല. അവര്‍ ഇപ്പോള്‍ തന്നെ തെരുവിലാണ്. എന്നാല്‍ ഉയര്‍ന്നുവരുന്ന ഈ തിരയിളക്കത്തെ ഒരു ദേശീയ പ്രതിഭാസമായി ഉയര്‍ത്തിക്കൊണ്ടുവരാതിക്കാന്‍ നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ വലിയ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ തിരയുടെ ശക്തി വര്‍ദ്ധിക്കുകയാണ്. അവര്‍ തുടര്‍ച്ചയായി വഴിതടസങ്ങള്‍ സൃഷ്ടിക്കുകയും ഭരണാധികാരികളെ ചോദ്യം ചെയ്യുകയും പോലീസുമായി ഏറ്റുമുട്ടുകയും ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്യുന്നു.

ശരാശരി പ്രായം 25 മാത്രമുള്ള ഒരു രാജ്യത്ത്, ജനസംഖ്യയുടെ പകുതിയും 25 വയസില്‍ താഴെയുള്ള ഒരു രാജ്യത്ത്, ഗജേന്ദ്ര ചൗഹാന്മാര്‍ ഭരിക്കുന്ന സര്‍വകലാശാലകളിലും കോളേജുകളിലും ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടി വരുമ്പോള്‍ സ്വാഭാവികമായും പൊതുവായ നിരാശ വര്‍ദ്ധിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും. സൈബീരിയയിലെ തണുത്തുറഞ്ഞ മരുഭൂമികളിലോ പ്രാഗിലെ വസന്തത്തിലോ അല്ലെങ്കില്‍ വിയറ്റ്‌നാമിലെ ബീഭത്സമായ യുദ്ധത്തിലോ തകര്‍ന്നടിഞ്ഞ കമ്മ്യൂണിസത്തെ ഓര്‍ത്തല്ല ഈ നിരാശ ഉരുത്തിരിയുന്നത്. ഇറ്റാലിയന്‍ മാസ്റ്റേഴ്‌സിന്റെ ചലച്ചിത്ര ഭാവുകത്വത്തെ കുറിച്ചോ അല്ലെങ്കില്‍ നീഷേമാര്‍ ഉയര്‍ത്തിവിട്ട അസ്ഥിത്വവാദപരമായ ആകുലതകളെ കുറിച്ചോ ഉള്ള ചര്‍ച്ചകളല്ല നമ്മുടെ കാമ്പസുകളില്‍ ഉയര്‍ന്ന് വരുന്നത്. മുന്നിലുള്ള യാഥാര്‍ത്ഥ്യത്തെ പ്രതിധ്വനിപ്പിക്കുന്ന ചര്‍ച്ചകളിലാണ് നമ്മുടെ കാമ്പസുകള്‍ ശ്രദ്ധയൂന്നുന്നത്: ഉന്നത വിദ്യാഭ്യാസത്തെയും സുരക്ഷിതമായ ഭാവിയെയും അന്തസുള്ള ഒരു ജീവിതം നയിക്കുന്നതിനെയും ഒക്കെക്കുറിച്ചുള്ള യുവതയുടെ ആകുലതകളാണ് അവിടെ ഉയര്‍ന്ന് കേള്‍ക്കുന്നത്. സ്വതന്ത്ര സാഹചര്യങ്ങളില്‍ നിലനില്‍ക്കേണ്ട അസ്തിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് അവിടെ നടക്കുന്നത്.


കാലിക്കറ്റ് യൂണിവേര്‍സിറ്റിയിലെ വിദ്യാര്‍ഥി സമരം

എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ തട്ടിപ്പുകളും വഞ്ചനകളും നടത്തുന്ന കലാലയങ്ങളിലേക്കാണ് പോകുന്നതെന്നും, വില്‍പനയ്ക്ക് വച്ചിരിക്കുന്ന അക്രെഡിറ്റേഷന്‍ കൗണ്‍സിലുകളില്‍ നിന്നാണ് അവര്‍ക്ക് ബിരുദങ്ങള്‍ ലഭിക്കുന്നതെന്നും, ‘ജംഗിള്‍ ലൗ’ ‘ഖൂലി ഖിട്കി’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ പ്രശസ്തനായ ഒരാളില്‍ നിന്നാണ് അവര്‍ കലയും സിനിമയുടെ സാങ്കേതികതയും പഠിക്കുന്നതെന്നും ഉറപ്പാക്കുന്നതിനായി, ബുദ്ധിജീവികള്‍ എന്നു നടിക്കുന്ന അവിവേകികളും അക്ഷരശൂന്യരെ പോലെ പെരുമാറുന്ന ബുദ്ധിജീവികളും ചേർന്ന് വലിയ ഗൂഢാലോചനകള്‍ നടത്തുകയാണ്. 

സാധാരണ ബുദ്ധിശക്തി മാത്രമുള്ള അണ്ണ ഹസാരെ എന്ന ഗാന്ധിയനെ ഡല്‍ഹിയില്‍ നിരാഹാര സത്യഗ്രഹം നടത്താന്‍ അരവിന്ദ് കെജ്രിവാള്‍ എന്ന കുശാഗ്രബുദ്ധിയായ ചെറുപ്പക്കാരന്‍ എത്തിച്ച 2011-12-ലാണ് ഇന്ത്യ വലിയ രീതിയിലുള്ള പൊതുജന പ്രക്ഷോഭങ്ങള്‍ക്ക് അവസാനമായി സാക്ഷ്യം വഹിച്ചത്. ആ സമരം ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും നിയമനിര്‍മാണസഭകളിലും വലിയ രീതിയില്‍ അഗ്നി ജ്വലിപ്പിക്കുകയും ചെയ്തു. അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഫലം ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപീകരണമായിരുന്നു. അതിന് അതിന്റെതായ പ്രസക്തി ഉണ്ട്; പല കാരണങ്ങൾ കൊണ്ടും.


പോണ്ടിച്ചേരി യൂണിവേര്‍സിറ്റിയിലെ വിദ്യാര്‍ഥി സമരം

അപ്പോൾ ചോദ്യമിതാണ് : ലിബറൽ വിദ്യാഭ്യാസത്തിന്റെയും ലിബറൽ മുല്യങ്ങളുടെയും അക്കാദമികമായ സ്വയംഭരണത്തിന്റെയും  വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഒക്കെ നേർക്ക്‌ നടക്കുന്ന കയ്യേറ്റങ്ങൽക്കെതിരെ ഒരു വൻ രാഷ്ട്രീയ മുന്നേറ്റത്തിനു നേതൃത്വം നല്കാൻ ബൌദ്ധിക വ്യഗ്രതയുള്ള ചെറുപ്പം നമ്മുടെ ക്യാമ്പസുകളിൽ നിന്ന് ഉയർന്നുവരാൻ ഇനിയെത്ര താമസമുണ്ട്?. 

ഒരു വ്യക്തിയായിരിക്കുമോ ഈ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നത്? അല്ലെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. വിവേചനബുദ്ധിയും ബോധവുമുള്ള മുതിർന്നവരുടെയും കൂടി പങ്കാളിത്തത്തോടെ നമ്മുടെ വിദ്യാര്‍ത്ഥി നേതാക്കൾ തന്നെയാകും അത്തരമൊരു മുന്നേറ്റത്തിന് നേതൃത്വം നല്‍കുക.

അത്തരം ഒരു പ്രസ്ഥാനത്തിന്റെ അനന്തരഫലം എന്തായിരിക്കും? യുവാക്കൾ നേതൃത്വം നല്‍കുന്ന മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് അത് വളര്‍ന്നേക്കാം. അതിനെക്കാള്‍ പ്രാധാനമായി, നരേന്ദ്ര മോദി ഭരണമേറ്റശേഷം നമ്മുടെ കാമ്പസുകളില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന വ്യാപകപ്രക്ഷോഭങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിന് സാധിക്കില്ല എന്നതുകൊണ്ട് തന്നെ മോദിയുടെ ജനകീയതയും രാഷ്ട്രീയവും കുത്തനെ ഇടിയുന്നതിനും ഈ പ്രസ്ഥാനം സംഭാവനകള്‍ നല്‍കിയേക്കാം. ഇന്ത്യന്‍ പൊതുജീവിതത്തെ കൂടുതല്‍ സ്വതന്ത്രവും സഹിഷ്ണുതാപരവുമാക്കുക എന്നതാവും അതിന്റെ ആത്യന്തിക ദൗത്യം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍