UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശഭക്തരെയും ദേശദ്രോഹികളെയും ഉണ്ടാക്കുന്നതിനിടയില്‍ ബജറ്റ് ആര് നോക്കാന്‍?

വിഡ്ഢിദിനം തൊട്ടുതുടങ്ങുന്ന അടുത്ത 12 മാസത്തേക്കുള്ള ബജറ്റ് അവതരണം ഇങ്ങടുത്തെത്തി എന്ന് ആരാണ് ഓര്‍ക്കുന്നത്? ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മൂന്നാം ബജറ്റാണിത്. 2019-ലെ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പായി രണ്ടു പൂര്‍ണ ബജറ്റും ഒരു ഇടക്കാല ബജറ്റും ജെയ്റ്റ്‌ലി അവതരിപ്പിക്കും. പക്ഷേ ബഹുഭൂരിപക്ഷം ജനങ്ങളുടെ മനസിലും സമ്പദ് രംഗമല്ല ചര്‍ച്ച. ഒരുപക്ഷേ അതൊഴിച്ചു മറ്റെല്ലാമാണ്. 

ജാട്ട് പ്രക്ഷോഭം വടക്കേ ഇന്ത്യയിയിലെ വലിയൊരു വ്യാവസായിക മേഖലയെ സ്തംഭിപ്പിച്ചിരിക്കുന്നു. വാഹന നിര്‍മാണശാലകള്‍ അവിടെ അടച്ചിട്ടിരിക്കുകയാണ്. ഹരിയാനയില്‍ മാത്രമല്ല ദേശീയ തലസ്ഥാന പ്രദേശത്താകെ സാധാരണ ജനജീവിതം താറുമാറായി. പക്ഷേ പലരുടേയും ആത്മവിശ്വാസത്തെ ഉലചച്ചൊരു സംഗതി, പ്രക്ഷോഭത്തിന്റെ തീവ്രത മുന്‍കൂട്ടി കാണുന്നതിലും പിന്നീട് അത് ആളിപ്പടരുന്നത് തടയുന്നതിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ച കുറ്റകരമായ പിടിപ്പുകേടാണ്. 

ആദ്യം ഹൈദരാബാദിലും പിന്നീടു ഡല്‍ഹിയിലും നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെക്കുറിച്ച് ഇതുപോലെ പറയാനാകില്ല. സര്‍ക്കാരിലെ ഉത്തരാവാദപ്പെട്ട വിഭാഗങ്ങളുടെ ഇടപെടലും നിഷ്‌ക്രിയത്വവും ഒരുപോലെ സംഘപരിവാറിന്റെ ഹിന്ദുത്വ ദേശീയ അജണ്ടയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളായിരുന്നു എന്നത് വ്യക്തമാണ്. രാജ്യത്തെ ജനതയെ ദേശഭക്തരും ദേശവിരുദ്ധരുമെന്ന രീതിയില്‍ വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍, മറ്റവസരങ്ങളില്‍ വാചകമടിക്കാരനായ നമ്മുടെ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ബി ജെ പിക്കാരല്ലാത്ത സകലരെയും ഒന്നിപ്പിക്കുകയാണ്. പക്ഷേ നരേന്ദ്ര മോദിക്കതൊന്നും പ്രശ്‌നമല്ല. 

തന്റെ എതിരാളികളെയെല്ലാം ദേശാഭിമാനമില്ലാത്തവര്‍ എന്ന് മുദ്രകുത്തുന്നത് അദ്ദേഹത്തിന് ചേര്‍ന്നത് തന്നെ. ഇക്കാര്യത്തില്‍ 300 ദശലക്ഷം അമേരിക്കക്കാരെ രണ്ടായി തിരിച്ച മുന്‍ യു എസ് പ്രസിഡണ്ട് ജോര്‍ജ് ബുഷ് രണ്ടാമന്റെ പാതയാണ് മോദി പിന്തുടരുന്നത്: ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരും. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നല്ല പ്രചാരകനായ മോദിക്ക് ഒരു വിമതശബ്ദവും തന്റെ മഹാരഥ്യയുടെ കുറുകെ വരരുതെന്ന് നിര്‍ബന്ധമുണ്ട്. 

ബി ജെ പിയുടെ ‘നാല് ക്ഷുഭിതരായ വൃദ്ധര്‍’ (എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, ശാന്ത കുമാര്‍, അവരുടെ സുഹൃത്തുക്കള്‍ (അരുണ്‍ ഷൂരി, ഗോവിന്ദാചാര്യ) പിന്നെ ചില്ലറ വിമതര്‍ (ശത്രുഘ്‌നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്) എന്നിവരെയെല്ലാം മൂലക്കിരുത്തി. സര്‍ക്കാരിലെ വമ്പന്‍മാരായ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കും കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് നടന്നടുക്കുന്ന രണ്ടാം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവിന്റെ വിനീതവിധേയരാവുക മാത്രമാണു വഴി. ആരാണ് ഉടയോന്‍ എന്ന് അവര്‍ക്കെല്ലാം അറിയാം. കളിക്കേണ്ടതെങ്ങനെ എന്നതും വ്യക്തം. 

ഇപ്പോള്‍ത്തന്നെ ഊഹിക്കാവുന്ന ഒരുകാര്യം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ബഹളത്തില്‍ മുങ്ങും എന്നതാണ്. റെയില്‍വേ ബജറ്റും പൊതുബജറ്റും അവതരിപ്പിക്കാന്‍ സര്‍ക്കാരിനെ അനുവദിച്ചാലും ശീതകാല സമ്മേളനം പോലെ ഈ സഭാസമ്മേളനവും നടപടികള്‍ നടത്താനാകാതെ സ്തംഭനാവസ്ഥയിലാകാനാണ് സാധ്യത. ചരക്ക് സേവന നികുതി നടപ്പാക്കാനും പാപ്പര്‍ ബില്ലും റിയല്‍ എസ്‌റ്റേറ്റ് ബില്ലും അംഗീകരിക്കാനും സര്‍ക്കാരിനെ അനുവദിക്കാതെ പ്രതിപക്ഷം രാജ്യതാത്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചു എന്നും മോദി തന്റെ രാഷ്ട്രീയ എതിരാളികളെ കുറ്റപ്പെടുത്തും. ബി ജെ പിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ, അടുത്ത മൂന്നുവര്‍ഷത്തേക്ക് ലഭിക്കാനും ഇടയില്ലാത്ത അംഗീകാരം വേണ്ടാത്ത രീതിയിലുള്ള മണി ബില്‍ ആക്കി ചില ബില്ലുകള്‍ അവതരിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. 

നിലവിലെ നാടകങ്ങള്‍ സമ്പദ് രംഗത്തെ ദയനീയ സ്ഥിതിയില്‍ നിന്നും അടിസ്ഥാന സൌകര്യ വികസനത്തിലെ (വൈദ്യുതി, പാത, വെള്ളം) ശോചനീയാവസ്ഥയും സ്വകാര്യനിക്ഷേപത്തിന്റെ അഭാവവും മൂലം വേണ്ടത്ര തൊഴിലവസരങ്ങള്‍ ഉണ്ടാകാത്തതില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുമെന്നാണ് മോദി ഭക്തരുടെ പ്രതീക്ഷ. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ ഒന്നരക്കൊല്ലക്കാലത്തിലേറെയും മൊത്തവില സൂചിക പൂജ്യത്തിനു താഴെ പോയപ്പോഴും ഉപഭോക്തൃ വിലസൂചിക, മുഖ്യമായും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം ഉയരുകയായിരുന്നു. 

ചരക്കുനീക്കത്തിനുപയോഗിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില അന്താരാഷ്ട്ര വിലയിലെ ഇടിവുമൂലം മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് കുറഞ്ഞപ്പോളാണ് ഈ പ്രതിഭാസം എന്നത് അസാധാരണമാണ്. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില ഇടിഞ്ഞിട്ടും വിലയിടിവിന്റെ ഗുണത്തിന്റെ നാലിലൊന്നോളം മാത്രമാണു സര്‍ക്കാര്‍ ഉപഭോക്താവിന് നല്കിയത്. പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ട് 2015 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ പരോക്ഷനികുതി വരുമാനം മൂന്നിലൊന്നോളം ഉയര്‍ന്നു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തി. 

ലോകത്തില്‍ 7% വളര്‍ച്ചാനിരക്കുള്ള ഏക വലിയ രാജ്യം ഇന്ത്യയാണ് എന്ന അവകാശവാദം ഉയരുന്നുണ്ട്. പക്ഷേ സര്‍ക്കാരിന്റെ ദേശീയ വരുമാന കണക്കെടുപ്പ് രീതികളെ ചോദ്യം ചെയ്യുന്നത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ധനമന്ത്രാലയത്തിന്റെ മുഖ്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യവുമാണ്. 

മന്‍മോഹന്‍ സിങ്ങിന്റെ 10 വര്‍ഷക്കാല ഭരണത്തിലേതുപോലെ രാജ്യത്തിന്റെ ജി ഡി പി വളരുകയും ധനക്കമ്മി കുറയ്ക്കാനുള്ള ലക്ഷ്യങ്ങള്‍ കുറേയൊക്കെ നേടുകയും ചെയ്യുമായിരിക്കും. എന്നാല്‍, തൊഴിലവസരങ്ങള്‍ അധികമൊന്നും സൃഷ്ടിക്കപ്പെടാതിരിക്കുകയും വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വം വര്‍ധിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ മോദി സര്‍ക്കാരിന്റെ പ്രകടനത്തില്‍ അസന്തുഷ്ടിയുള്ള വ്യാപാരി സമൂഹത്തിനെ തൃപ്തിപ്പെടുത്താന്‍ വ്യാപാരനടത്തിപ്പ് കൂടുതല്‍ സുഗമമാക്കാനുള്ള ചില പരിഷ്‌കാരങ്ങള്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചേക്കും. വാഗ്ദാനം ചെയ്തപോലെ കോര്‍പ്പറേറ്റ് നികുതി വെട്ടിച്ചുരുക്കും. 

പക്ഷേ 7 കൊല്ലം മുമ്പുണ്ടായ ആഗോളമാന്ദ്യത്തിന്റെ രണ്ടാംഘട്ടമെന്ന രീതിയില്‍ ലോകം നീങ്ങാന്‍ തുടങ്ങുമ്പോള്‍ ബാഹ്യസാഹചര്യങ്ങള്‍ ഒട്ടും അനുകൂലമാകാന്‍ ഇടയില്ല. കഴിഞ്ഞ 14 മാസക്കാലം തുടര്‍ച്ചയായി ഇന്ത്യയുടെ കയറ്റുമതി പിറകോട്ടുപോയി. ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. രൂപയുടെ മൂല്യശോഷണം കയറ്റുമതി കൂട്ടേണ്ടതാണ്. എന്നാല്‍ വിദേശവിപണിയില്‍ വാങ്ങാന്‍ ആളില്ലാത്തതുകൊണ്ട് അതുമുണ്ടായില്ല. 

അപ്പോള്‍ ദേശദ്രോഹിയെയും അസ്സല്‍ ദേശഭക്തരെയും തിരിച്ചറിയാനുള്ള നിര്‍ണായകപരീക്ഷ നടക്കുമ്പോള്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് ആരോര്‍ക്കാന്‍?

 

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍