UPDATES

രോഹിത് വെമുലയുടെ മരണം ഒരു ഭരണകൂടം കുഴിച്ചു മൂടുമ്പോള്‍

വെമുലയുടെ മരണത്തില്‍ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതി വൈസ് ചാന്‍സിലര്‍ പി അപ്പാറാവു ഇപ്പോഴും സ്വതന്ത്രനായി വിലസുമ്പോള്‍ ഗുണ്ടൂര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന സന്ധ്യ റാണിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ഗൈനക്കോളജി പ്രൊഫസര്‍ വിഎഎ ലക്ഷ്മിയെ മരണം നടന്ന് ഒരു മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തു

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത രണ്ടു പേരുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ എഴുത്തുകാരന്‍ മനോജ് മിട്ട സ്‌ക്രോള്‍.ഇന്നില്‍ എഴുതിയ ലേഖനത്തില്‍.

ഈ വര്‍ഷം ജനുവരിയിലാണ് ആദ്യത്തെ ആത്മഹത്യ നടന്നത്. രണ്ടാമത്തേത് ഒക്ടോബറിലും. രോഹിത് വെമുലയുടെ മരണത്തില്‍ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പി അപ്പാറാവു ഇപ്പോഴും സര്‍വതന്ത്ര സ്വതന്ത്രനായി വിലസുമ്പോള്‍ ഗുണ്ടൂര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന സന്ധ്യ റാണിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ഗൈനക്കോളജി പ്രൊഫസര്‍ വിഎഎ ലക്ഷ്മിയെ മരണം നടന്ന് ഒരു മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തു. രോഹിത് വെമുല ആത്മഹത്യ ചെയ്ത് 11 മാസത്തിന് ശേഷവും അന്വേഷണം മെല്ലെ പോകുന്നതിന് കാരണം വെമുലയുടെ ജാതിയെ സംബന്ധിച്ച് ഉയര്‍ന്ന ചോദ്യമാണെന്നാണ് സൈബറാബാദ് പോലിസ് കമ്മീഷണര്‍ സന്ദീപ് സന്ധില്യയുടെ വിശദീകരണം. രോഹിത് വെമുലയ്ക്ക് ഒരു പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു എന്ന് മാത്രമല്ല അദ്ദേഹം ജീവിച്ചിരുന്നപ്പോഴൊന്നും ഇത്തരം ഒരു ചോദ്യം ഉയര്‍ന്നു വന്നിരുന്നില്ല എന്നതും കണക്കിലെടുക്കുമ്പോള്‍ പോലീസ് ഇത്തരം ഒരു നിലപാടെടുക്കുന്നത് ദുരൂഹമാണ്.

രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രേരണക്കുറ്റം റാവുവില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് ഇവിടുത്തെ മുഖ്യപ്രശ്‌നം. അത് കേന്ദ്രമന്ത്രി ബണ്ഡാരു ദത്താത്രേയ, രണ്ട് പ്രാദേശിക ബിജെപി നേതാക്കള്‍, രണ്ട് എബിവിപി നേതാക്കള്‍ എന്നിവരിലേക്കും നീളുന്നു എന്നതിനാല്‍ എഫ്‌ഐആറില്‍ പേരുവന്നവരെ സംരക്ഷിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ തുടക്കം മുതല്‍ ശ്രമിക്കുന്നതിന്റെ ഫലമാണ് പോലീസിന്റെ ഈ നിയമവിരുദ്ധ നടപടികള്‍. തുടക്കത്തിലെ തന്നെ ഇത്തരം ആരോപണങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളില്‍ ഒരാള്‍ ദളിതല്ലെന്ന വാദം കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെ പലരും ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നു. അതിനുശേഷം രോഹിതിന്റെ സഹോദരന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ വന്ന ഒരു ചെറിയ തെറ്റും അവര്‍ ദുരുപയോഗം ചെയ്തു. ഈ നാട്യത്തിന് കൂട്ടുനിന്നവരില്‍ കേന്ദ്ര ഭരണവര്‍ഗ്ഗങ്ങള്‍ക്ക് പുറമെ, കേന്ദ്രത്തിലെയും തെലുങ്കാനയിലെയും ആന്ധപ്രദേശിലെയും നിയമം നടപ്പിലാക്കുന്ന സംവിധാനങ്ങളും പങ്കാളികളായി.

തയ്യല്‍ക്കാരിയായ അമ്മയും ദളിതുമായ രാധിക വെമുലയുടെ സംരക്ഷണയിലായിരുന്നു ജീവിതകാലം മുഴുവന്‍ രോഹിതെന്നത് പരിഗണിക്കാതെ, കുട്ടികളെ ഒരിക്കലും തിരിഞ്ഞുനോക്കാതിരുന്ന ഒബിസിക്കാരനായ പിതാവ് മണി കുമാര്‍ വെമുലയുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനായിരുന്നു ഇവരുടെ നെട്ടോട്ടം. പക്ഷെ കേസ് മുക്കാന്‍ ഹിന്ദു വലതുപക്ഷം നടത്തുന്ന ഓരോ നീക്കങ്ങളും നിലവിലുള്ള നിയമങ്ങളുടെ മുഖത്ത് കരിതേക്കുന്നതിന് തുല്യമായിരുന്നു.

മിശ്രവിവാഹത്തില്‍ ഉണ്ടാവുന്ന കുട്ടിയുടെ ജാതി പിതാവിന്റെതായിരിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന് 2012ല്‍ സുപ്രീം കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. പട്ടികജാതി/വര്‍ഗ്ഗത്തില്‍പ്പെട്ട അമ്മയാണ് തന്നെ വളര്‍ത്തിയതെന്ന് തെളിയിക്കാനുള്ള അവകാശം കുട്ടിക്കാണെന്നും വിധിയില്‍ പറയുന്നു. ജീവിതം തുടങ്ങുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള കുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള മേല്‍ക്കൈ ലഭിക്കാതിരിക്കുകയും അയാളുടെ അമ്മയുടെ ജാതിക്കാര്‍ അനുഭവിക്കുന്ന തരത്തിലുള്ള ദാരിദ്ര്യവും അപമാനവും മറ്റ് പിന്നോക്കാവസ്ഥകളും സഹിച്ചാണ് വളരുകയും ചെയ്യുന്നതെങ്കില്‍ കുട്ടിയെ ദളിത് അല്ലെങ്കില്‍ ആദിവാസിയായി കണക്കാക്കാം എന്ന് വിധിയില്‍ പറയുന്നു. മാത്രമല്ല, അതേ സമുദായത്തിന്റെ അംഗമായാണ് ആ സമൂഹത്തിനുള്ളില്‍ പുറത്തുമുള്ളവര്‍ അദ്ദേഹത്തോട് പെരുമാറുന്നതെങ്കിലും കുട്ടി അമ്മയുടെ ജാതിയായി പരിഗണിക്കപ്പെടാം.

രോഹിത് വെമുല അമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നതെന്ന് മാത്രമല്ല, സര്‍വകലാശാല അധികൃതരില്‍ നിന്നും സാമൂഹിക വിലക്കും അനുഭവിക്കേണ്ടി വന്നിരുന്നതിനാല്‍ സുപ്രീം കോടതിയുടെ ഈ രണ്ട് നിബന്ധനകളും അദ്ദേഹത്തിന് ബാധകമാണ്. ഇതുകൊണ്ടാവാം മണികുമാര്‍ എന്നൊരാള്‍ ഉന്നയിച്ച പരാതിയില്‍ വിശദീകരണം നല്‍കാന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ഗുണ്ടൂര്‍ ജില്ല കളക്ടര്‍ കാന്തിലാല്‍ ദാന്തെയോട് ആവശ്യപ്പെട്ടപ്പോള്‍, കഴിഞ്ഞ ഏപ്രിലില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം അന്തരിച്ചയാള്‍ ദളിതനാണ് എന്ന് റിപ്പോര്‍ട്ട് എഴുതി നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ പട്ടികജാതി കമ്മീഷന്‍ സൈബറാബാദ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഗുണ്ടൂര്‍ കളക്ടര്‍ മലക്കം മറിഞ്ഞതോടെ അന്വേഷണം വീണ്ടും വഴിമുട്ടി. ഇക്കാര്യത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കളക്ടര്‍ മറ്റൊരു വിശദീകരണം നല്‍കി. 2014 ല്‍ സമര്‍പ്പിക്കപ്പെട്ട ഒരു അപേക്ഷയില്‍ രോഹിതിന്റെ സഹോദരന്‍ രാജ വെമുല ഒബിസി ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നായിരുന്നു പുതിയ കണ്ടെത്തല്‍. കേന്ദ്ര സാമൂഹിക നീതി മന്ത്രി തവാര്‍ ചന്ദ് ഗലോട്ട് പെട്ടെന്ന് തന്നെ ചാടി വീണു. പക്ഷെ 2007ല്‍ തന്നെ രാജ വെമുലയ്ക്ക് പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു എന്ന വിവരം അദ്ദേഹം സൗകര്യപൂര്‍വം മറന്നു. പിതാവിന്റെ നാട്ടില്‍ നിന്നാണ് രാജ വെമുലയ്ക്ക് ജന്മ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ആ സമയത്ത് താനാണ് രാധികയുടെ കൈയില്‍ നിന്നും വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങി അപേക്ഷ നല്‍കിയതെന്നും അതിനാലാണ് ഒബിസി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും മുത്തച്ഛന്‍ വെങ്കിടേശ്വരലു വെമുലയുടെ വാദവും അധികൃതര്‍ കണക്കിലെടുത്തില്ല.

പ്രതികളില്‍ ചിലര്‍ക്ക് ഹൈദരാബാദ് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയെങ്കിലും കഴിഞ്ഞ എട്ടുമാസമായി കേസില്‍ വാദം കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. അതിനാല്‍ ഉയര്‍ന്ന നീതിപീഠങ്ങളെ സമീപിക്കാനും കേസില്‍ പെട്ട ഉന്നതരെ വിചാരണ ഘട്ടത്തിലേക്ക് എത്തിക്കുന്നതിനും സാധിക്കുന്നില്ല. ഇതിനിടയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രൂപന്‍വാല്‍ കമ്മീഷന്‍ അതിന്റെ അധികാര പരിധിവിട്ട് രോഹിത് വെമുല ദളിതനല്ലെന്ന് പ്രഖ്യാപിച്ചു. നിയമപരമായ തയ്യാറാക്കിയ ഒരു ജാതി സര്‍ട്ടിഫിക്കറ്റ് നിരാകരിക്കപ്പെടാന്‍ കൈപ്പടയില്‍ എഴുതിയ ഒരു ജനന സര്‍ട്ടിഫിക്കറ്റിന് സാധിക്കുന്നത് തീര്‍ച്ചയായും നിയമസംവിധാനത്തെ പരിഹസിക്കലാണ്. പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്ട് നിലവില്‍ വന്നതോടെ, രോഹിത് വെമുലയുടെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണം അദ്ദേഹത്തിന്റെ ജാതി തിരയുന്നതിലേക്ക് വഴി തിരിച്ചുവിടാന്‍ മറ്റൊരു കാരണമായിട്ടുണ്ട്.

പക്ഷെ രോഹിത് വെമുല ഒബിസി ആണെന്ന് സ്ഥാപിച്ചാല്‍ പോലും ഇന്ത്യന്‍ ക്രിമിനല്‍ നിയമപ്രകാരം കുറ്റവാളികള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കുന്നുണ്ട്. അതാണ് ഒബിസിക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സന്ധ്യ റാണിയുടെ കേസില്‍ സംഭവിച്ചതും. ഈ രണ്ട് മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന്റെ സഞ്ചാരപഥങ്ങളിലെ വൈരുദ്ധ്യത്തെക്കാള്‍ വലിയൊരു വിശദീകരണം ഇക്കാര്യത്തില്‍ ആവശ്യമില്ല തന്നെ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍