UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി അവതരിപ്പിക്കേണ്ട ബജറ്റ്

Avatar

ബ്ലൂംബര്‍ഗ് ന്യൂസ്

അധികാരത്തിലെത്തിയ ആദ്യ ഒമ്പതു മാസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍മാണം പ്രോത്സാഹിപ്പിക്കാനും ശുചിത്വം മെച്ചപ്പെടുത്താനും ചുവപ്പുനാട ഒഴിവാക്കാനും നേരിട്ടുള്ള വിദേശ മൂലധനനിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ളതടക്കം നിരവധി നടപടികള്‍ക്ക് മുന്‍കയ്യെടുത്തു. എല്ലാം നല്ല ലക്ഷ്യങ്ങള്‍. ഈ പരിപാടികളെയെല്ലാം ഒന്നിച്ചു ബന്ധിപ്പിക്കുന്ന ഒരു സമഗ്രമായ തന്ത്രമാണ് ഇപ്പോള്‍ ഇല്ലാത്തത്. 

മോദി സര്‍ക്കാര്‍ ഫെബ്രുവരി 28ന് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് ഈ പോരായ്മ നികത്താനുള്ള ഒരവസരമാണ്. ഏതാനും നയപ്രഖ്യാപനങ്ങളേക്കാളേറെ സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മിക്കുന്ന ഒരു സംഘടനാ കാഴ്ചപ്പാടാണ് ഇന്ത്യക്കാവശ്യം.

രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ച് ആവേശമുയരുന്നുണ്ടെങ്കിലും അതെല്ലാം പൂര്‍ണുമായും തുറന്നോ എന്നു സംശയമാണ്. 1991ല്‍ ഉദാരവത്കരണ പരിഷ്‌കാരങ്ങളോടെ തുടങ്ങിയ സാമ്പത്തിക വിപ്ലവം പൂര്‍ത്തിയായിട്ടില്ല. ഒരു ആധുനിക വിപണി സമ്പദ് വ്യവസ്ഥയാവുന്നതിലേക്കുള്ള ഇന്ത്യയുടെ യാത്ര ഇനിയും പാതിവഴിയിലാണ്. അതിനു സാധിക്കാത്ത, സാധ്യമാവേണ്ട അതിദ്രുത വളര്‍ച്ചയുടെ പാതയില്‍ അതിനിയും എത്തിയിട്ടില്ല.

മോദിയിലുള്ള വലിയ പ്രതീക്ഷ, അദ്ദേഹത്തിനിത് മനസിലാകുന്നു എന്നും ഈ ജോലി പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ്. ഇതിനുള്ള സുവര്‍ണാവസരമാണ് ബജറ്റ്.

ഒന്നാമതായി, സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പുലര്‍ത്തുന്നു എന്നു കേള്‍ക്കാ ന്‍ നിക്ഷേപകര്‍ ആഗ്രഹിക്കുന്നു. അതായത് കുപ്രസിദ്ധമാം വിധം ദുര്‍ബലമായ വരുമാന അടിത്തറ ശക്തിപ്പെടുത്താന്‍ ആദായ നികുതി സംവിധാനം ലളിതമാക്കണം. രാജ്യത്താകെ ചരക്ക് സേവന നികുതി കൊണ്ടുവരാനുള്ള നീക്കം തുടരണം. പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി കയ്യൊഴിയാനുള്ള സര്‍ക്കാര്‍ നീക്കം ഇനിയും വേഗത്തിലാക്കണം. ഇത് പണമുണ്ടാക്കാന്‍ വേണ്ടി മാത്രമല്ല, അവയെ കൂടുതല്‍ മത്സരക്ഷമവും കാര്യക്ഷമവും ആക്കാന്‍ കൂടിയാണ്.

ചെലവിന്റെ കാര്യത്തിലാണെങ്കില്‍ സബ്‌സിഡിയുടെയും ക്ഷേമപരിപാടികളുടെയും കാര്യത്തിലുള്ള ഇന്ത്യയുടെ സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരേണ്ടിയിരിക്കുന്നു. കാര്‍ഷികോത്പ്പന്നങ്ങളുടെ വില കൃത്രിമമായി ഉയര്‍ത്തുന്നതിനും, പാചകവാതക വിലയില്‍ ഇളവ് നല്‍കുന്നതിനും യഥാക്രമം ധനിക-കര്‍ഷകരെയും മധ്യവര്‍ഗത്തില്‍പ്പെട്ട നഗരവാസികളെയും സഹായിക്കുന്ന നയങ്ങള്‍ ഉപേക്ഷിച്ചു സര്‍ക്കാര്‍ പണം നേരിട്ടു ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന രീതി നടപ്പാക്കണം.

മിച്ചം പിടിക്കുന്ന പണം മൂന്നു പ്രധാന മേഖലകളിലേക്ക് തിരിച്ചുവിടാം: ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അഞ്ചു കൊല്ലത്തിനുള്ളില്‍ ഒരു ട്രില്ല്യന്‍ ഡോളര്‍ വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. മോദിയുടെ മറ്റ് പദ്ധതികളൊന്നും വിജയിക്കാന്‍ സാധ്യതയില്ല. ഇന്ത്യയിലെ വന്‍കിട അടിസ്ഥാന സൗകര്യ കമ്പനികളൊക്കെ കടത്തില്‍ കുടുങ്ങിയിരിക്കുകയാണ്. പ്രവര്‍ത്തനരഹിത വായ്പകളിലെ ബാങ്കുകളുടെ പങ്ക് കൂടുകയും ചെയ്യുന്നു. പൊതുനിക്ഷേപത്തിന് മാത്രമേ ഈ മേഖലയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.

സാമ്പത്തിക പരിപാടി, അത് പ്രധാനമാണെങ്കിലും, പ്രഖ്യാപിക്കുന്നതിനപ്പുറം ബജറ്റിന് ചിലതൊക്കെ ചെയ്യാന്‍ കഴിയും. ചലനാത്മകമായൊരു നിര്‍മ്മാണ മേഖല ഉണ്ടാക്കണമെങ്കില്‍ ഓരോ വര്‍ഷവും തൊഴില്‍ സന്നദ്ധരായി ഒരു ദശലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കല്‍ ഏറെ നിര്‍ണായകമാണ്.

ഇതുവരെയും വ്യവസായ സംരംഭങ്ങളെ തടസപ്പെടുത്തുന്ന തരത്തിലുള്ള, മുന്‍ സര്‍ക്കാരുകളുടെ ചില മോശം നടപടികളെ മോദി ലഘൂകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വ്യവസായശാലയ്ക്ക് ഭൂമി വാങ്ങുന്നത് എളുപ്പമാക്കിയത് പോലെ. പക്ഷേ ഭൂമിക്ക് മാത്രമല്ല, വിപണിയെ തപ്പിത്തടയിക്കുന്ന തൊഴില്‍, മൂലധന മേഖലകളിലെയടക്കം പിടിപ്പുകേടുകളെ അദ്ദേഹം ശരിയാക്കിയിട്ടില്ല.

കാര്‍ഷിക ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പൊഴും നിലനില്‍ക്കുന്നു. ഒരു ദേശീയ ഭൂമി ബാങ്ക് സൃഷ്ടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. തൊഴിലാളികളുടെ എണ്ണം കൂട്ടുന്നതിന് കാലഹരണപ്പെട്ട തൊഴില്‍ നിയമം കമ്പനികള്‍ക്ക് വിലങ്ങുതടിയാകുന്നു. അവസരങ്ങള്‍ ലഭിക്കാത്തത് താത്ക്കാലിക ജീവനക്കാരുടെ ശേഷി മെച്ചപ്പെടുത്തുന്നതിന് വിഘാതമാകുന്നു. കാര്യക്ഷമമായ പാപ്പര്‍ നിയമം ഇന്ത്യയിലില്ല: കുറഞ്ഞ ഓഹരി ഉടമകള്‍ കൊള്ളയടിക്കപ്പെടുന്നു, മറ്റുതരത്തില്‍ ഉപയോഗിക്കാവുന്ന മൂലധനം വെറുതെ കെട്ടിക്കിടക്കുന്നു.

ബജറ്റിന് ഇത്തരം ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല. പക്ഷേ അതിന് ഇന്ത്യ ആവശ്യപ്പെടുന്ന മാറ്റങ്ങളുടെ സാധ്യതയുടെ രൂപരേഖ ഉണ്ടാക്കാനാവും. മോദി സര്‍ക്കാരിന് അത്തരമൊരു തന്ത്രം ആവശ്യമാണ്. പക്ഷേ അതൊരു രാഷ്ട്രീയ അടവിന്റെ പ്രശ്‌നം കൂടിയാണ്. ബി ജെ പിക്ക് ഭൂരിപക്ഷം ഇല്ലാത്ത രാജ്യസഭയില്‍ ബില്ലുകള്‍ നിയമമാക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ട്. പരിഷ്‌കാരങ്ങളുടെ ഗുണങ്ങളെപ്പറ്റി ബോധ്യപ്പെടുത്തി ജനങ്ങളെ തന്റെ ഭാഗത്താക്കിയാല്‍ ഇത്തരം വിലപേശലുകളില്‍ മോദിക്ക് തന്റെ ഭാഗം ശക്തമാക്കാനാകും.

മോദി ജനങ്ങളെ കയ്യിലെടുക്കുന്ന നേതാവാണ്. അത് മികച്ച രീതിയില്‍ മുതലാക്കുകയും ചെയ്തു. ഈ രാഷ്ട്രീയ മൂലധനം ഉപയോഗിച്ച് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ സമഗ്ര പദ്ധതിയും അദ്ദേഹം നടപ്പാക്കേണ്ടതുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍