UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുരക്ഷാ ഭീഷണി; പല ചോദ്യങ്ങള്‍ക്കും മോദി മറുപടി പറയേണ്ടതുണ്ട്

Avatar

ടീം അഴിമുഖം

ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചുള്ള പരമ്പര തുടരുന്നു.  പരമ്പരയിലെ  മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-രഹസ്യാന്വേഷണ സംവിധാനങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭരണകൂട പാരമ്പര്യം തുടരുക മാത്രമാണ് മോദിയും. സമീപകാലസംഭവങ്ങളെ അധികരിച്ച് ഈ വിഷയം അഴിമുഖം എഡിറ്റോറിയല്‍ ചര്‍ച്ച ചെയ്യുന്നു. (മോദിയുടെ ഒരു വര്‍ഷം: പി.എം.ഒ മാത്രമല്ല സര്‍ക്കാര്‍- വെല്ലുവിളികള്‍, പ്രതീക്ഷകള്‍മോദി സര്‍ക്കാരിലെ രണ്ടാമന്റെ കളികള്‍അരുണ്‍ ജെയ്റ്റ്‌ലിയെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം; അവഗണിക്കാനാവില്ലമോദിയുടെ ഒരുവര്‍ഷം: പൊതുജനാരോഗ്യത്തില്‍ നിന്നും സ്വകാര്യലാഭത്തിലേക്കുള്ള കരട് ദൂരംഇതോ കര്‍ഷകരുടെ അഛേ ദിന്‍?; കൃഷിക്ക് പുറത്താകുന്ന കര്‍ഷകര്‍. പാക് നയത്തില്‍ ചില മലക്കം മറിച്ചിലുകള്‍; വ്യക്തതയില്ലാതെ മോദി സര്‍ക്കാര്‍)

ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഗുജറാത്ത് തീരത്ത് ഒരു ചെറിയ ബോട്ടിനെ വളഞ്ഞു. ഏട്ട് പാകിസ്ഥാനികള്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ 600 കോടി രൂപ വിലമതിക്കുന്ന 200 പാക്കറ്റ് ഹെറോയിന്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. 

മയക്ക് മരുന്ന് കൂടാതെ ബോട്ടില്‍ നിന്നും ഏതാനും ഉപഗ്രഹ ഫോണുകളും ജിപിഎസും കോസ്റ്റ് ഗാര്‍ഡും നാവികസേനയും കണ്ടെടുത്തു. ഈ ഉപകരങ്ങള്‍ കഥയ്ക്ക് ഒരു നാടകീയ വ്യതിയാനം നല്‍കി. മയക്കു മരുന്നുമായി വന്ന ഈ ബോട്ടും കഴിഞ്ഞ ഡിസംബര്‍ 31ന് കത്തിച്ച ‘ഭീകരര്‍ സഞ്ചരിച്ച ബോട്ടും’ തായ്‌ലന്റില്‍ പ്രവര്‍ത്തിക്കുന്ന ഒരേ സംഘം നിയന്ത്രിക്കുന്നതാണെന്ന് വ്യക്തമായി. 

തായ്‌ലന്റിലുള്ള ഒരു വ്യക്തി തന്നെയാണ് രണ്ട് ബോട്ടുകളും ആവശ്യപ്പെട്ടിരുന്നതെന്ന് ബോട്ടില്‍ നിന്നും കണ്ടെടുത്ത ഫോണുകളില്‍ നിന്നും വ്യക്തമായി. ഇതോടെ ഡിസംബര്‍ 31ന് കത്തിച്ച ബോട്ട് ഭീകരാക്രമണ പദ്ധതിയുമായി എത്തിയതാണെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദത്തിന് വിള്ളല്‍ വീണു. അതൊരു ഭീകരാക്രമണ ദൗത്യവുമായി എത്തിയതാണെന്നും, കോസ്റ്റ് ഗാര്‍ഡ് ബോട്ടിനെ സമീപിച്ചപ്പോള്‍ നാല് പേരുണ്ടായിരുന്ന ബോട്ടിലെ സംഘം സ്വയം ബോട്ട് കത്തിക്കുകയായിരുന്നു എന്നുമാണ് അന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. 2014 വര്‍ഷത്തിന്റ അവസാന ദിവസത്തില്‍, ഇന്ത്യയെ ലക്ഷ്യമിടുകയായിരുന്നു എന്ന് അവര്‍ അവകാശപ്പെടുന്ന ഭീകരരെ കുരുക്കുന്നതിനുള്ള ഉന്നതതല ഓപ്പറേഷനിലായിരുന്നു കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഉത്തരം പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഏപ്രില്‍ 20ന് ബോട്ട് പിടിച്ചെടുത്തതോടെ ഉയര്‍ന്നു വന്നിട്ടുണ്ട്. സുരക്ഷ സേനകളെയും രഹസ്യന്വേഷണത്തെയും സംബന്ധിച്ചുള്ള മോദി സര്‍ക്കാരിന്റെ സമീപനത്തില്‍, സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള നിരവധി പേര്‍ അനുഭവിക്കുന്ന അസ്വസ്ഥതയുടെ പ്രതിരൂപമായി ഈ സംഭവം മാറിയിരിക്കുകയാണ്. 

ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍, രഹസ്യാന്വേഷണ, സുരക്ഷസേനകളുടെ കാര്യത്തില്‍ കൂടുതല്‍ സുതാര്യമായ ഒരു നയമായിരിക്കും മോദി പിന്തുടരുക എന്നാണ് പൊതുവില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും അതിന്റെ ലക്ഷണങ്ങളൊന്നും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍, മുന്‍ സര്‍ക്കാരുകള്‍ ചെയ്തത് പോലെ തന്നെ സ്വന്തം താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിനായി രഹസ്യാന്വേഷണ, സുരക്ഷ സംവിധാനങ്ങളെ ഉപയോഗിക്കുക എന്ന രീതി തുടരുക മാത്രമാണ് മോദി സര്‍ക്കാരും ചെയ്യുന്നതെന്നാണ് ഈ സംവിധാനങ്ങള്‍ക്ക് ഉള്ളില്‍ തന്നെയുള്ള ചിലര്‍ പറയുന്നത്. 

ഗ്രീന്‍പീസ് പോലുള്ള എന്‍ജിഒകളെ ലക്ഷ്യമിടുന്നതിനുള്ള കാരണങ്ങള്‍ നിരത്തി ഇന്റലിജന്‍സ് ബ്യൂറോ തയ്യാറാക്കിയ ബാലിശമായ റിപ്പോര്‍ട്ട് ഇക്കാര്യത്തിലുള്ള മകുടോദാഹരണമാണ്. ഇത്തരം നടപടികള്‍ മോദിക്കും ഇന്ത്യയ്ക്കും ഒരു പോലെ ഗുണകരമാവില്ല. 

രഹസ്യാന്വേഷണ, സുരക്ഷ സംവിധാനത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രവണത ഇത്തരം സംഭവങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ തന്നെ നിരവധി പ്രശ്‌നങ്ങള്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നുണ്ട്. എന്‍എസ്‌സിഎന്‍ (കെ) എന്ന നാഗ വിമത വിഭാഗവുമായി 14 വര്‍ഷം നീണ്ടുനിന്ന വെടിനിറുത്തല്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രദേശത്തെ കലാപങ്ങളും അസ്വസ്ഥതകളും വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഇത് സഹായിച്ചുള്ളു. എന്‍എസ്‌സിഎന്‍ (കെ) വിമതരും മറ്റ് സായുധ വിമതവിഭാഗങ്ങളിലെ നൂറു കണക്കിന് പോരാളികളും മ്യാന്‍മാറിലേക്ക് കടന്നതായാണ് അവസാനം ലഭിക്കുന്ന സൂചനകള്‍. 

2014 ഒക്ടോബര്‍ രണ്ടിനുണ്ടായ ബര്‍ദ്ധ്വാന്‍ സ്‌ഫോടനത്തിന് ശേഷം പശ്ചിമ ബംഗാളിലെ സുരക്ഷ സംവിധാനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വളരെ പ്രകടമായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ വിഷയം കൈകാര്യം ചെയ്ത രീതിയും അവകാശവാദങ്ങള്‍ ഉന്നയിച്ചതും സംവിധാനത്തിനകത്ത് തന്നെ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. 

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചുകൊണ്ട് കാശ്മീരിന്റെ കാര്യത്തില്‍ പ്രതീക്ഷാ നിര്‍ഭരമായ ഒരു തുടക്കമാണ് സര്‍ക്കാര്‍ നടത്തിയതെങ്കിലും, അത് കഴിഞ്ഞുള്ള സംഭവികാസങ്ങള്‍ മോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത സമീപനങ്ങളുടെ ഉത്തമോദാഹരണമായി മാറിയിരിക്കുന്നു. 

കേരള കേഡറില്‍ നിന്നുള്ള മുന്‍ ഐപിഎസ് ഓഫീസറും ഐബി തലവനായി വിരമിച്ച ആളുമായ അജിത് ഡോവലാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്ന നിലയില്‍ മോദി സര്‍ക്കാരിന്റെ ദേശീയ സുരക്ഷ നയങ്ങളുമായി ബന്ധപ്പെട്ട മിക്ക തീരുമാനങ്ങളുടേയും ദിശ നിയന്ത്രിക്കുന്നത്. സൂക്ഷമബുദ്ധിയുള്ള ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായാണ് ഡോവല്‍ വിലയിരുത്തപ്പെടുന്നത്.

എന്നാല്‍, ഇന്ത്യയുടെ സങ്കീര്‍ണമായ സുരക്ഷ വെല്ലുവിളികള്‍ നേരിടുന്നതിനുാവശ്യമായ ശേഷിയില്ലെന്ന് മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നു. ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തിയുള്ള കൂടുതല്‍ പ്രതിഭകളെ അവര്‍ കൂടെ ചേര്‍ക്കേണ്ടിയിരിക്കുന്നു. 

എന്‍ജിഒകളെ നേരിട്ടത് പോലെയുള്ള തന്ത്രപരമായ ലാഭങ്ങള്‍ക്കായി സുരക്ഷ ഏജന്‍സികളെ ഉപയോഗിക്കുന്നതു വഴി നാടകീയമായ രീതിയില്‍ ശത്രുക്കളെ സൃഷ്ടിക്കുകയാവും സര്‍ക്കാര്‍ ചെയ്യുക. മോദി സര്‍ക്കാരും എന്‍ജിഒകളും തമ്മില്‍ നിലനില്‍ക്കുന്ന അകല്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ എങ്ങനെയൊക്കെ എവിടെയൊക്കെ പ്രതിഫലിക്കുമെന്ന് കാലത്തിന് മാത്രമേ തെളിയിക്കാനാവൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍