UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെ നായകനാക്കിയുള്ള പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത് 1100 കോടി; മംഗള്‍യാന്‍ പദ്ധതിയുടെ രണ്ടിരട്ടി

Avatar

അഴിമുഖം പ്രതിനിധി

ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള രണ്ടര വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയുള്ള പരസ്യങ്ങള്‍ക്കായി മാത്രം ചെലവാക്കിയത് 1100 കോടി രൂപ. 2014 ജൂണ്‍ 1 മുതല്‍ 2016 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ ചെലവഴിച്ച തുകയാണിത്. സാമൂഹ്യപ്രവര്‍ത്തകന്‍ രാംവീര്‍ സിംഗ് നല്‍കിയ വിവരാകവകാശ അപേക്ഷയിന്‍മേല്‍ ഐ ബി മന്ത്രാലയത്തില്‍ നിന്നും കിട്ടിയ മറുപടിയിലാണ് പരസ്യ ചെലവിനെ കുറിച്ചുള്ള കണക്കുകളുള്ളത്.

ദിനംപ്രതി 1.4 കോടി രൂപ വീതം പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കുന്നൂ. രാജ്യത്തിന്റെ അഭിമാനമായി കരുതുന്ന ചൊവ ദൗത്യം മംഗള്‍യാന് നീക്കി വച്ചിരിക്കുന്ന ആകെ തുകയുടെ രണ്ടിരട്ടി തുകയാണ് സര്‍ക്കാര്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി നല്‍കുന്ന പരസ്യങ്ങള്‍ക്കായി ഇതുവരെ ചെലവാക്കിയിരിക്കുന്നതെന്നാണ് ഇതിലെ വിരോധാഭാസം. ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ ചൊവദൗത്യമായ മംഗള്‍യാന് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത് വെറും 450 കോടിയാണ്.

1100 കോടി രൂപ ചെലവഴിച്ചിരിക്കുന്നതാകട്ടെ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മറ്റ് ഇലക് ട്രോണിക് മീഡിയ എന്നിവയിലൂടെ മാത്രം ടെലികാസ്റ്റ് ചെയ്ത പരസ്യങ്ങള്‍ക്കാണ്. അച്ചടി മാധ്യമങ്ങളിലൂടെയും ഹോര്‍ഡിംഗ്‌സ്, പോസ്റ്ററുകള്‍, ബുക്‌ലെറ്റുകള്‍, കലണ്ടറുകള്‍ എന്നിവയിലൂടെയള്ള പരസ്യങ്ങളുടെ ചെലവ് ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എല്ലാ വഴിയിലൂടെയുമുള്ള പരസ്യങ്ങളുടെ ചെലവ് കണക്കൂ കൂട്ടിയാല്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന തുകയുടെ പലമടങ്ങ് കൂടുതലായിരിക്കും.

ഈ വര്‍ഷമാദ്യം ഒരു വിവരാവകാശ അപേക്ഷ പ്രകാരം കിട്ടിയ രേഖകളില്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവിടുന്ന തുകയുടെ കണക്ക് പുറത്തു വന്നിരുന്നു. ആപ്പ് സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ആ കണക്കുപ്രകാരം കെജ്രിവാള്‍ മന്ത്രിസഭ ദിവസം 16 ലക്ഷം രൂപയാണ് പരസ്യങ്ങള്‍ക്കായി ചെലവിടുന്നത്. 2015 ലെ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിനെ കുറിച്ചുള്ള പരസ്യങ്ങള്‍ക്കായി 526 കോടി രൂപ ആപ് സര്‍ക്കാര്‍ ചെലവിട്ടെന്ന വിവരം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. വിമര്‍ശകരുടെ മുന്‍പന്തിയില്‍ ബിജെപി ആയിരുന്നു. സ്വയം മഹത്വവത്കരിക്കുന്നയാളാണ് അരവിന്ദ് കെജ്രിവാള്‍ എന്നായിരുന്നു ബിജെപിയുടെ പരിഹാസം. ആം ആദ്മി പാര്‍ട്ടി പബ്ലിസിറ്റിക്കുവേണ്ടി മാത്രമുള്ള പാര്‍ട്ടിയായി തീര്‍ന്നുവെന്നും അവരുടെ വക പരിഹാസവും വിമര്‍ശനവും വന്നിരുന്നു.

എന്നാല്‍ ഒരു ദിവസം 1. 4 കോടി രൂപ പരസ്യങ്ങള്‍ക്കായി ചെലവാക്കുന്ന ഒരു സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയാണ് ബിജെപി.

കേന്ദ്രസര്‍ക്കാരിന്റെ പരസ്യധൂര്‍ത്തിന്റെ കണക്ക് പ്രതിപക്ഷത്തിന് കിട്ടിയിരിക്കുന്ന വടിയാണ്. നോട്ട് പിന്‍വലിക്കല്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പിടിച്ചുലയ്ക്കുമ്പോഴാണ് കോടികള്‍ ചെലവാക്കി സര്‍ക്കാര്‍ അതിന്റെ പ്രചരണം നടത്തുന്നതെന്നു പ്രതിപക്ഷം ആരോപിക്കുന്നു. അടിയന്തിരാവസ്ഥയുടെ കാലത്ത് പ്രചരിപ്പിക്കപ്പെട്ട മുദ്രാവാക്യമായിരുന്നു ‘ഇന്ദിര എന്നാല്‍ ഇന്ത്യ, ഇന്ത്യ എന്നാല്‍ ഇന്ദിര’. അതേ രീതിയിലുള്ള പിആര്‍ ജോലിയാണ് ഇപ്പോഴത്തെ ഭരണസംവിധാനം ഒരു വ്യക്തിയെ പ്രമോട്ട് ചെയ്യാനായി നടത്തി വരുന്നതും. ഒരു ഭരണകൂടം അധികാര കാലയാളവിന്റെ പകുതിയിലേറെ പിന്നിട്ടിട്ടും രാജ്യത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പരാജയപ്പെട്ടിരിക്കുന്ന അവസ്ഥയിലും ജനങ്ങളുടെ മനസില്‍ ഇടംപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതാണ് ഇത്തരം പരസ്യങ്ങളിലൂടെ കാണേണ്ടത്; സിപിഎം നേതാവ് മൊഹമ്മദ് സലിം ക്യാച്ച് ന്യൂസിനോട് ഇങ്ങനെ പറയുന്നുണ്ട്.

എന്നാല്‍ ഇതൊരു നിഷ്ഫലമായ പ്രവര്‍ത്തിയാണ്. ഇത്ര വലിയ തുക ചെലവിട്ട് പരസ്യം കൊടുത്താലും സംഭവിക്കാന്‍ പോകുന്നത് വാജ്‌പേയ് സര്‍ക്കാര്‍ ഇന്ത്യ തിളങ്ങുന്നു എന്ന തരത്തില്‍ പരസ്യം നല്‍കിയിട്ട് എന്തു സംഭവിച്ചോ അതു തന്നെയായിരിക്കും; മൊഹമദ് സലിം ഓര്‍മിപ്പിക്കുന്നു.

ഇതേ വിഷയത്തില്‍ ക്യാച് ന്യൂസിനോട് തന്നെ പ്രതികരിച്ച ആര്‍ജെഡി നേതാവ് മനോജ് ഝാ പറയുന്നത് പ്രചാരണത്തില്‍ മാത്രം വിശ്വസിക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നാണ്. രാജ്യത്തെ, ആരോഗ്യ, വിദ്യാഭാസ മേഖലകളില്‍ പണം മുടക്കേണ്ടതിനു പകരം പൊതുശ്രദ്ധയാകര്‍ഷിക്കാനുള്ള പരിപാടികളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ പരസ്യങ്ങളെ സ്വാഗതം ചെയ്യുന്നത് ബിജെപി മാത്രമല്ലെന്നു തെളിയിക്കുന്നതാണ് ബിജു ജനതാദളിന്റെ ഭരത്രുഹാരി മഹ്താബിന്റെ വാക്കുകള്‍. കേന്ദ്രസര്‍ക്കാര്‍ സ്വച് ഭാരത് പോലെ നിരവധി നല്ല പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മോദിയാണ് ഇതിനെല്ലാം നേതതൃത്വം നല്‍കുന്ന ശക്തിയായി നിലനില്‍ക്കുന്നത്. ഈ രീതിയില്‍ കാര്യങ്ങള്‍ നോക്കി കാണാനാണ് മമഹ്താബ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍