ടീം അഴിമുഖം
ചരിത്രവസ്തുക്കള്‍ ആര്‍ക്ക് അവകാശപ്പെട്ടതാണ്? ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നവര്‍ തന്നെയാണോ അതിന്റെ ഉടമസ്ഥര്‍? അല്ലെങ്കില്‍ അവ യഥാര്‍ത്ഥത്തില്‍ കണ്ടെത്തപ്പെട്ട നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ടോ?
ഇന്ത്യയില്‍ നിന്ന കണ്ടെടുക്കപ്പെട്ട കോഹിനൂര്‍ രത്‌നത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ അവകാശവാദങ്ങളെ നിരാകരിക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ട് തിങ്കളാഴ്ച നരേന്ദ്ര മോദി സര്‍ക്കാര്‍ ഏവരേയും ആമ്പരപ്പിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇന്ത്യയും പാക്കിസ്ഥാനും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്കെല്ലാം വിരുദ്ധവുമാണ് ഈ നിലപാട്.
ആംഗ്ലോ-സിഖ് യുദ്ധങ്ങള്‍ക്കു വന്ന ചെലവുകള്‍ക്കുള്ള നഷ്ടപരിഹാരമായി മഹാരാജാ രഞ്ജിത്ത് സിംഗിന്റെ അനന്തരാവകാശികള്‍ ബ്രീട്ടീഷുകാര്‍ക്ക് സ്വമേധയാ നല്‍കിയതാണ് കോഹിനൂര്‍ രത്‌നം എന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
കോഹിനൂര്‍ രത്‌നം തിരികെ ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടോ എന്നറിയാന്‍ ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
‘മറ്റു രാജ്യങ്ങളിലെ മ്യൂസിയങ്ങളിലെ അമൂല്യവസ്തുക്കളുടെ മേല്‍ നാം അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയാല്‍ അവര്‍ നമ്മുടെ മ്യൂസിയങ്ങളിലെ നിധികളിലും അവകാശവാദമുന്നയിക്കാന്‍ തുടങ്ങും’ എന്നാണ് ഈ ഹരജിയില്‍ വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ സോളിസ്റ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞത്. അതിന് മറുപടിയായി ചീഫ് ജസ്റ്റിസ് പറഞ്ഞത് ‘ഈ രാജ്യം ഒരിക്കലും മറ്റു രാജ്യങ്ങളെ കോളനിയാക്കിയിട്ടില്ല’ എന്നായിരുന്നു. ഇന്ത്യന്‍ മ്യൂസിയങ്ങളിലെ അമൂല്യ വസ്തുക്കളെല്ലാം ഇഷ്ടദാനങ്ങളായിരുന്നുവെന്ന ബെഞ്ചിന്റെ നിലപാടിനോട് രഞ്ജിത്ത് കുമാര്‍ യോജിക്കുകയും ചെയ്തു.
ഇത്തരമൊരു ഹര്‍ജി തള്ളിയാല്‍ അത് ഒരു പക്ഷേ കോഹിനൂര്‍ തിരിച്ചു കൊണ്ടുവരാന്‍ ഇപ്പോള്‍ നടക്കുന്നതോ അല്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാര്‍ നടത്താനിരിക്കുന്നതോ ആയ ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നതിനാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളിയില്ലെന്നത് ശ്രദ്ധേയമാണ്.
കോഹിനൂര്‍ ബ്രിട്ടനു നല്‍കാനാണു മോദി സര്‍ക്കാരിനു തിടുക്കമെങ്കില്‍ ആ രത്‌നം ലാഹോറിലെത്തിക്കാന്‍ ജാവെദ് ഇഖ്ബാല്‍ ജഫ്രിയെ പോലുള്ള അഭിഭാഷകര്‍ പാക്കിസ്ഥാനില്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടന്‍ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചുമാണ് മഹാരാജ രഞ്ജിത്ത് സിംഗിന്റെ പൗത്രന്‍ ദിലീപ് സിംഗില്‍ നിന്നും കോഹിനൂര്‍ തട്ടിയെടുത്ത് ബ്രിട്ടനിലേക്ക് കൊണ്ടു പോയതെന്നാണ് ജഫ്രിയുടെ വാദം.
നിധി തിരിച്ചുപിടിക്കല്‍ ഒരു ആഗോള ഫാഷന്‍
1972-ലെ പുരാവസ്തു, കലാ നിധി നിയമപ്രകാരം അനധികൃതമായി രാജ്യത്തിനു പുറത്തേക്ക് കടത്തിക്കൊണ്ടു പോയ അമൂല്യ നിധിശേഖരങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കഴിയും. സ്വാതന്ത്ര്യത്തിനു മുമ്പ് രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോയ നിധിശേഖരങ്ങള്‍ ഈ നിയമപരിധിയില്‍ വരുന്നില്ല.
എന്നിരുന്നാലും ഏതാനും വര്‍ഷങ്ങളായി ഇത്തരം നിധികള്‍ തിരിച്ചെത്തിക്കണമെന്നുള്ള വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മ്യൂസിയം ഡയറക്ടര്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. പുരാതനവും മോഷ്ടിക്കപ്പെട്ടതുമായ അമൂല്യ നിധികളും കലാ സൃഷ്ടികളും അവയുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചെത്തിക്കണമെന്നുള്ള ആവശ്യം ശക്തിപ്പെട്ടുവന്നിരിക്കുന്നു. ഫ്രഞ്ച് കൊളോണിയല്‍ ഭരണകാലത്ത് 1799-ല്‍ കടത്തിക്കൊണ്ടു പോയ റൊസെറ്റ രത്‌നം തിരിച്ചു നല്‍കണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടു വരുന്നു. തുര്‍ക്കികളില്‍ നിന്നും രക്ഷിക്കാനെന്ന വ്യാജേന 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ബ്രിട്ടീഷുകാര്‍ ഏഥന്‍സില്‍ നിന്നും കടത്തിയ എല്‍ഗിന്‍ മാര്‍ബ്ള്‍സ് എന്ന ശില്‍പ്പം തിരിച്ചു നല്‍കണമെന്ന് ഗ്രീസും ആവശ്യപ്പെട്ടു വരുന്നുണ്ട്.
കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി നടന്ന ക്രിമിനല്‍ യുദ്ധത്തിന്റെ നഷ്ടങ്ങളിലൊന്നായി കോഹിന്നൂറിനെ പരിഗണിക്കാനാകും. സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളായി ബ്രിട്ടീഷ് രാജിന്റെ ദുഷ്‌ചെയ്തികളുടെ പ്രതീകമായി അത് മാറിയിട്ടുണ്ട്. ആ രത്‌നം തിരിച്ചു നല്‍കുന്നതോടെ ബ്രിട്ടീഷുകാര്‍ ചെയ്ത പല തെറ്റുകളും തിരുത്തുന്നതില്‍ ഏറെ മുന്നോട്ടു പോകാനാകുമെന്നാണ് പലരും കരുതുന്നത്.
എന്നാല്‍ വാസ്തവത്തില്‍ നമുക്ക് ചരിത്രം തിരുത്താന്‍ കഴിയുമോ? അമൂല്യ വസ്തുക്കള്‍ തിരികെ നല്‍കുന്നതോ അല്ലെങ്കില്‍ മുന്‍കാല പൈശാചിക കൃത്യങ്ങള്‍ക്കുള്ള ക്ഷമാപണങ്ങളോ കോളോണിയലിസത്തിന്റെ ദുഷ്‌ചെയ്തികളെ റദ്ദ് ചെയ്യുന്നില്ല. മാത്രവുമല്ല, കോഹിന്നൂറിന്റെ അവകാശി അവിഭക്ത ഉപഭൂഖണ്ഡമാണ്. ഈ ചരിത്രം പിന്നീട് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ബംഗ്ലദേശിനുമിടയില്‍ വീതംവയ്ക്കപ്പെട്ടു. ഏതു രാജ്യത്തേക്കാണ് അതിനി തിരിച്ചു കൊണ്ടു വരിക? ഏതു ചരിത്രത്തിലാണ് അതിനെ കുടിയിരുത്തുക?