UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി ഇന്ത്യയെ നിരാശയിലാഴ്ത്തി

Avatar

ബ്ലൂംബര്‍ഗ് ന്യൂസ്

ഒരു കൊല്ലം മുമ്പ് മോദി അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കടുപ്പം നിറഞ്ഞ രീതികളെ കുറിച്ചായിരുന്നു വിമര്‍ശകര്‍ക്ക് ആശങ്ക. അവര്‍ ആകുലപ്പെടേണ്ടതില്ല. സാമ്പത്തിക പരിഷ്‌കാരങ്ങളോടുള്ള മോദിയുടെ സമീപനത്തെ മറ്റെന്തൊക്കെ വിളിച്ചാലും ബലപ്രയോഗം എന്നുമാത്രം വിളിക്കാനാവില്ല. 

2014ല്‍ സമ്മതിദായകര്‍ മോദിക്ക് നല്‍കിയത് അടിമുടി പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനുള്ള വലിയൊരു ഭൂരിപക്ഷമാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നില്ല എന്നത് ശരി തന്നെ. ഒട്ടേറെ ചെറിയ കാര്യങ്ങള്‍ ചെയ്തു, പലതും നല്ലതുതന്നെ. പക്ഷേ അത് ധീരമായി പ്രവര്‍ത്തിച്ചില്ല. അതായിരുന്നു ഇന്ത്യക്ക് മോദിയില്‍ നിന്ന് ആവശ്യം. ഇപ്പോള്‍, പ്രധാനമന്ത്രിയെന്ന നിലയില്‍ വിലപ്പെട്ട ആദ്യവര്‍ഷം കഴിയുമ്പോള്‍ അത് ഏറെ വൈകിയിരിക്കാം. 

ഘട്ടം ഘട്ടമായ പരിഷ്‌കാരങ്ങള്‍ എന്നാണ് സര്‍ക്കാര്‍ തങ്ങളുടെ നിലപാടിനെ വിളിക്കുന്നത്. ഇത് ഒട്ടും ആവേശമുണര്‍ത്തുന്ന ഒന്നല്ല. അധികൃതര്‍ അവരുടെ നേട്ടങ്ങള്‍ എടുത്തുകാട്ടും: നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ ലളിതമാക്കി, ഇന്ധന സബ്‌സിഡി വെട്ടിക്കുറച്ചു, അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ ആസൂത്രിതമായി ചെലവഴിക്കാന്‍ തുടങ്ങി. സര്‍ക്കാരിലെ അഴിമതിയും പിടിപ്പുകേടും ഇല്ലാതാക്കാന്‍ നടപടികളാരംഭിച്ചു. അതൊക്കെ നല്ലതുതന്നെ. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവസാന വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന വഴിപിഴയ്ക്കലും അഴിമതിയും പോയിരിക്കുന്നു. വളര്‍ച്ചയെ കുറിച്ച് ശുഭപ്രതീക്ഷയുണ്ട്. ഇതൊക്കെയായാലും എല്ലാംകൂടി നോക്കിയാല്‍ അല്‍പം നിരാശ തന്നെയാണ്. 

ഈ നടപടികള്‍ കൊണ്ടൊന്നും ഇന്ത്യ അതിനാവശ്യമായ തരത്തില്‍ വളരില്ല. കണക്കുകള്‍ പ്രവചിക്കുന്നത് സമ്പദ് രംഗം അടുത്ത വര്‍ഷം ഏതാണ്ട് 8% വളരുമെന്നാണ്, ചൈനയേക്കാള്‍ വേഗത്തില്‍. പക്ഷേ അത് എണ്ണ വിലയിലെ കുറവും സംശയകരമായ പുതിയ മാനദണ്ഡങ്ങളും വെച്ചാണ്. ലാഭവും വ്യാവസായികോത്പാദനവും കുറഞ്ഞിരിക്കുന്നു. അഞ്ചു മാസമായി കയറ്റുമതി താഴോട്ടാണ്. തൊഴിലവസരങ്ങളിലെ വളര്‍ച്ചയും മന്ദഗതിയിലാണ്. മോദിയുടെ ആദ്യത്തെ ആറു മാസക്കാലം മറ്റ് വളരുന്ന സമ്പദ് വ്യവസ്ഥകളിലെ വിപണികളെക്കാള്‍ മുന്നിട്ടുനിന്നെങ്കിലും ഇന്ത്യന്‍ ഓഹരികള്‍ ഇപ്പോള്‍ നിലതെറ്റി വീഴുകയാണ്. 

കൂടുതല്‍ ശക്തമായ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ആവശ്യം. മോദിക്കതിന് താത്പര്യമില്ല. അദ്ദേഹത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. ഉദാഹരണത്തിന്, കാര്യക്ഷമമായി നടക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളെയും ബാങ്കുകളെയും പുനസംഘടിപ്പിക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുക. പക്ഷേ അതൊന്നും നടക്കുന്നില്ല. 

അത്തരം നടപടികളുടെ ജനാലകള്‍ അടയുകയാണ്. മെയ് മാസത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയോടെ പ്രതിപക്ഷം ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു. അവരിപ്പോള്‍ ഒത്തുകൂടിയിരിക്കുന്നു, ആക്രമിക്കാന്‍ അവസരം കിട്ടുന്നതും അവര്‍ കാണുന്നു. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലും, ചരക്ക് സേവന നികുതി ബില്ലും കൊണ്ടുവരാനുള്ള മോദിയുടെ ശ്രമത്തിന് കോണ്‍ഗ്രസ് പാര്‍ടി തടയിട്ടിരിക്കുകയാണ്. അനുകൂലമായ സ്ഥൂലസാമ്പത്തിക സാഹചര്യങ്ങള്‍ എളുപ്പം മാറിപ്പോകാം. അത് മോദിയുടെ സാധ്യതകളെ വീണ്ടും കുറയ്ക്കും. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ആ നിമിഷം കടന്നുപോയിരിക്കുന്നു. 

മറിച്ച് തെളിയിക്കാന്‍ അദ്ദേഹത്തിന് എന്താണ് ചെയ്യാനാവുക? തുടക്കത്തിന്, ഇപ്പോള്‍ നടത്തിയ മാറ്റങ്ങള്‍ ഒന്നുകൂടി ആഴത്തിലുള്ളതാക്കുക. നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച ചട്ടങ്ങള്‍ ലളിതമാക്കുക. നികുതി പിരിവുകാരുടെ പീഡനങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്നതിന് പകരം കോര്‍പ്പറേറ്റ് നിയമങ്ങള്‍ ലളിതമാക്കിയും നിരക്ക് കുറച്ചും അത്തരം ആക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കിട്ടാക്കടം തലക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്നതുകൊണ്ട് ബാങ്കുകള്‍ വായ്പ നല്‍കുന്നില്ല, സ്വകാര്യ അടിസ്ഥാന സൗകര്യ കമ്പനികള്‍ നിക്ഷേപമിറക്കുന്നുമില്ല. ഈ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാന്‍ ഒരു കിട്ടാക്കട ബാങ്ക് ഉണ്ടാക്കി സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ നേരിടണം. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേന്ദ്രത്തില്‍ ഒറ്റയടിക്കുള്ള നടപടികള്‍ ബുദ്ധിമുട്ടാണെങ്കില്‍ മോദി സംസ്ഥാനങ്ങളില്‍ അതിനെ പ്രോത്സാഹിപ്പിക്കണം. സംരഭങ്ങളെ ശ്വാസം മുട്ടിക്കുന്ന, ഭൂമി, തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് നിക്ഷേപമാകര്‍ഷിക്കാന്‍ പരസ്പരം മത്സരിക്കാന്‍ മോദി അവരോടു ആവശ്യപ്പെട്ടിരുന്നു. നല്ല ആശയം. മോദിയുടെ കക്ഷി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ ജി ഡി പിയുടെ പകുതിയിലേറെയും നല്‍കുന്നത്. പാര്‍ടിയില്‍ അപ്രമാദിത്തമുള്ള മോദിക്ക് ഉഴപ്പന്മാരെ മുന്നോട്ട് നീക്കാന്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. 

വിശദാംശങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞുപോയതിനാല്‍ മുന്നോട്ടുള്ള പരിഷ്‌കരണ നടപടികളുടെ മികവുറ്റ പ്രചാരകനാകാന്‍ പ്രധാനമന്ത്രിക്ക് കഴിയാതെ വന്നു. ആ പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ചിതറിക്കിടക്കുന്ന പോലെയാണ്. അതിലെല്ലാം വളരെയേറെ വ്യക്തിപരമായ പങ്കാളിത്തവും ഉണ്ടായിരുന്നു. ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹത്തിന്റെ ശ്രദ്ധക്കായി കാത്തുനില്‍ക്കുന്നു, എല്ലാം സാവധാനമാകുന്നു. ബാക്കി സര്‍ക്കാരിന് വേണ്ട ഊര്‍ജം ഒരിക്കലും ചെലുത്തുന്നില്ല. 

ആദ്യവര്‍ഷം ഒരു സമഗ്ര ലക്ഷ്യവുമില്ലാതെ മോദി ഒരുപാട് രാഷ്ട്രീയ മൂലധനം ചെലവാക്കി. ഏറെ വൈകുന്നതിന് മുമ്പ് ആ രീതി മാറേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍