UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭയപ്പെടുത്തുന്ന മോദി മൗനം

Avatar

ടീം അഴിമുഖം

ജൂണ്‍ രണ്ട്, ദേശീയ തെരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍വിജയം നേടിയിട്ട് 17 ദിവസം ആയതേ ഉള്ളൂ. പൂനെയിലെ ഉന്നതി നഗറില്‍ നമസ്കാര പ്രാര്‍ഥനക്കുശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു മൊഹ്സിന്‍ ഷെയ്ഖ്. അക്രമാസക്തരായ ഒരുകൂട്ടം ഹിന്ദു മതമൌലികവാദികള്‍ ആ ഐ ടി വിദഗ്ധനായ ചെറുപ്പക്കാരനെ വളഞ്ഞിട്ടു ആക്രമിച്ചുകൊന്നു.

 

സോഷ്യല്‍ മീഡിയകളില്‍ ശിവജിയുടെയും, ബാല്‍ താക്കറയുടെയും അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ഇട്ടതില്‍ പ്രകോപിതരായാണ് ഹിന്ദുരാഷ്ട്ര സേനയിലെ അംഗങ്ങളായ അക്രമികള്‍ ആ കൊല നടത്തിയത്. അവര്‍ അതിനകംതന്നെ 200 ബസുകള്‍ തകര്‍ക്കുകയും ചില പള്ളികള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തിരുന്നു. ആ ചിത്രങ്ങള്‍ ഇട്ടതിന് പിന്നില്‍ മൊഹ്സീന്‍ ആയിരുന്നില്ല, എന്നിട്ടും അയാള്‍ക്ക് തന്റെ ജീവന്‍ വിലയായി നല്‍കേണ്ടിവന്നു.

 

ആ സമയത്ത് നാഴികകള്‍ക്കകലെ അങ്ങ് ഡല്‍ഹിയില്‍ പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിപ്പുറപ്പിക്കുന്ന തിരക്കിലായിരുന്നു. ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നു, ഇന്ത്യക്കായി പുത്തന്‍ വര്‍ണ്ണസ്വപ്നങ്ങള്‍ കാണുന്നു, 120 കോടി ജനതയെ പേറുന്ന ഈ രാജ്യത്തിനായി തന്റെ അതിമോഹത്തിന്റെ മാര്‍ഗരേഖകള്‍ തയ്യാറാക്കുന്നു. രാഷ്ട്രത്തിനായുള്ള മോദിയുടെ ആസൂത്രണ ഭൂപടങ്ങളിലെവിടെയും മൊഹ്സീന്‍ ഇടംപിടിക്കുന്നില്ല. പ്രധാനമന്ത്രിയുടെ മൌനം പലരെയും ആശങ്കകളാല്‍ അസ്വസ്ഥരാക്കുന്നു. അത് ഭാവിയിലേക്കുള്ള ഒരു സൂചന കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും. ഈ മൌനം കരുതിക്കൂട്ടിയാണെങ്കില്‍ പുതിയ പ്രധാനമന്ത്രിയെക്കുറിച്ച് ആകുലപ്പെടാന്‍ ഇന്ത്യക്ക് ന്യായമായും കാരണങ്ങളുണ്ട്. പുതിയ സര്‍ക്കാരിന്റെ തിരക്കുകള്‍ക്കിടയില്‍ പറ്റിപ്പോയൊരു പിഴവായിരിക്കുമെന്ന് ഊഹിച്ചു ആശ്വസിക്കാനേ നമുക്കിപ്പോള്‍ കഴിയൂ. എന്നാല്‍ അങ്ങനെയൊരു പിഴവിന് കൊടുക്കേണ്ടി വരുന്ന വില ഒരുപാട് തവണ കണ്ടും അറിഞ്ഞും അനുഭവിച്ചിട്ടുമുള്ള ഒരു രാജ്യമാണ് നമ്മുടേത് എന്നു മറക്കരുത്. 

 

 

വലിയൊരു പാരമ്പര്യം അവശേഷിപ്പിക്കാനും ദീര്‍ഘകാലം അധികാരത്തില്‍ തുടരാനും കണക്കുകൂട്ടുന്ന മോദിക്ക് സാമുദായിക സൌഹാര്‍ദ്ദം അതിനു കൂടിയേ തീരൂ. എന്നാല്‍ എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ഏഴ് ആഴ്ച്ചക്കാലത്തെ ഭരണം സാമുദായികഐക്യം ഉറപ്പുവരുത്തുന്നതില്‍ അതിനുള്ള പ്രതിബദ്ധതയുടെ മേല്‍ അസ്വാസ്ഥ്യജനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

 

അല്ലെങ്കില്‍, മുസാഫര്‍നഗര്‍ കലാപത്തില്‍ പ്രതികളായ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബി ജെ പി നേതാക്കള്‍ വെള്ളിയാഴാഴ്ച്ച തന്നെ (ജൂലായ് 4) തങ്ങളുടെ വര്‍ഗ്ഗീയ വൈരാഗ്യത്തിന്റെ സകല വൈതാളികത്തവും പ്രകടിപ്പിക്കുന്ന തരത്തില്‍ ഒരു മഹാപഞ്ചായത്ത് സംഘടിപ്പിക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല. മഹാപഞ്ചായത്ത് നടത്തുന്നതിന് നിരോധനമുണ്ടായിരുന്നിട്ടും ഒരമ്പലത്തില്‍ നിന്നും പുതുതായിവെച്ച ഒരു ഉച്ചഭാഷിണി പിടിച്ചെടുത്തതില്‍ പ്രതിഷേധിക്കാന്‍ പകല്‍ 11:30-നു മഹാപഞ്ചായത്ത് നടത്താന്‍ ബി ജെ പി നേതൃത്വം ഒരുമ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന കലാപത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളെന്ന് കരുതുന്ന കേസിലെ പ്രതി കൂടിയായ ബി ജെ പി എം എല്‍ എ സംഗീത് സോം, തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി ജെ പിയിലേക്ക് കൂറുമാറിയെത്തിയ എം പി കുന്‍വര്‍ സിംഗ് തന്‍വര്‍, സത്യപാല്‍ സെയ്നി, നേപ്പാള്‍ സിംഗ് എന്നിവരെ പോലീസ് തടഞ്ഞുവെച്ചു. 

ബെസ്റ്റ് ഓഫ് അഴിമുഖം

രാഷ്ട്രീയ സമൂഹത്തിന്‍റെ നിശബ്ദത നമ്മെ നയിക്കുന്നതെങ്ങോട്ട്?
മോഡിയുടെ ചരിത്ര വിഡ്ഢിത്തരങ്ങള്‍
മോദിയുടെ ചെവിയില്‍ ധാര്‍മികത ഓതരുത്
യഥാര്‍ഥത്തില്‍ ആരാണ് നരേന്ദ്ര മോദി?
ഗോപിനാഥന്‍ പിള്ള എന്ന അച്ഛന്‍

റമദാന്‍ കാലത്ത് ക്ഷേത്രത്തില്‍ ഉച്ചഭാഷിണി സ്ഥാപിച്ചത് പ്രദേശത്ത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അവിടെനിന്നുള്ള വാര്‍ത്തകള്‍ പ്രകാരം പശ്ചിമ യു പിയിലെ ബി ജെ പിയുടെ തകര്‍പ്പന്‍ വിജയത്തിന്റെ സന്തോഷ സൂചകമായി മൊറാദാബാദിലെ ബി ജെ പി എം പി സര്‍വേഷ് കുമാറാണ് ഈ ജാദവ് ക്ഷേത്രത്തിലേക്ക് ഉച്ചഭാഷിണി നല്കിയത്.

 

പടിഞ്ഞാറന്‍ യു പിയില്‍ ബി ജെ പി തങ്ങളുടെ പദ്ധതികള്‍ക്ക് കനത്ത പ്രതിരോധമാണ് ഒരുക്കിയിട്ടുള്ളത്. അഖിലേഷ് യാദവ് സര്‍ക്കാര്‍ വിഷയത്തെ വര്‍ഗ്ഗീയവത്ക്കരിച്ചു എന്നാണ് ബി ജെ പി ആരോപിക്കുന്നത്. ആരാണ് ശരി, ആരാണ് തെറ്റ് എന്നതല്ല ഇതിലുയരുന്ന പ്രധാന ചോദ്യം, മറിച്ച് എന്തുകൊണ്ട് ഇന്ത്യ മുഴുവന്‍ ഇത്തരത്തില്‍ ചെറിയ ചെറിയ സാമുദായിക സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു എന്നാണ്. മോദി അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം സംഘര്‍ഷങ്ങളുടെ എണ്ണം ആശങ്കാജനകാമാംവിധം കൂടുകയും ചെയ്തിരിക്കുന്നു. ദൈനംദിനം രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന പ്രധാനമന്ത്രി ഈ പ്രവണതയെക്കുറിച്ച് അജ്ഞനായിരിക്കാന്‍ ഇടയില്ല.

 

 

ന്യൂനപക്ഷങ്ങളുടെ ഒരു കൂട്ടായ്മയാണ് ഇന്ത്യ. ആ നിലക്ക് നമ്മളെല്ലാം ദുര്‍ബ്ബലമായ പ്രതിരോധത്തിലാണ്. ഗുജറാത്തില്‍ നിന്നും പഠിച്ച ചില പാഠങ്ങളായിരിക്കും മോദി കൂടെക്കൊണ്ടുനടക്കുന്നത്. ഭൂരിപക്ഷത്തിന്റെ ആധിപത്യത്തിലായിരിക്കും അദ്ദേഹം വിശ്വസിക്കുന്നത്. തന്റെ ശ്രദ്ധ ആവശ്യമില്ലാത്ത നിസ്സാരകാര്യങ്ങളാണ് ഇതെന്നായിരിക്കും മോദി കരുതുന്നത്. അതെന്തുമാകട്ടെ, മോദി ഇടപെടേണ്ട സമയം ഇതാണ്. ഇപ്പോഴില്ലെങ്കില്‍, മോദിയുടെ വിജയത്തിനുശേഷം പുത്തന്‍ ആത്മവിശ്വാസവുമായി ഹിന്ദു വര്‍ഗ്ഗീയ സംഘടനകള്‍ ഊതിക്കത്തിച്ച വര്‍ഗ്ഗീയവികാരങ്ങള്‍ക്കെതിരെ, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്‍കിയില്ലെങ്കില്‍, നമ്മുടേതുപോലൊരു വൈവിധ്യമാര്‍ന്ന രാഷ്ട്രത്തിനെ സംബന്ധിച്ചു മോദിയുടെ വമ്പന്‍ വിജയം പേടിപ്പെടുത്തുന്ന ഓരോര്‍മ്മയായിമാറും.

 

അന്തിമമായി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞപോലെ,“ഒടുവില്‍ നമ്മളോര്‍മ്മിക്കുന്നത് ശത്രുക്കളുടെ വാക്കുകളല്ല, സുഹൃത്തുക്കളുടെ നിശ്ശബ്ദതയായിരിക്കും”.  ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്താണോ അതോ എതിരാളികള്‍ പറയുമ്പോലെ ഹിംസയുടെ വ്യാപാരിയാണോ എന്നു തെളിയിക്കാന്‍ മോദിക്കുള്ള അവസരമാണിത്. ഇതുവരെയും മോദി നമ്മെ നിരാശപ്പെടുത്തിക്കളഞ്ഞു. രാജ്യശാസനത്തിന്റെ നീതിസാരം ന്യൂഡല്‍ഹിയില്‍ നിന്നും ദുരൂഹമാംവിധം അപ്രത്യക്ഷമായിരിക്കുന്നു. കാലവര്‍ഷം പെയ്തിറങ്ങുമ്പോള്‍ നന്മയുടെ ആകാശം തെളിയുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രമേ ഇപ്പോള്‍ കഴിയൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍