UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാന്റാക്ലോസ് മോദി ഡെറാഡൂണിലെ ഉള്‍ഗ്രാമത്തില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നു

Avatar

ടീം അഴിമുഖം

തന്‍റെ ഗ്രാമത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ആര്‍ടിഐ ആക്ടിവിസ്റ്റായ അജയ് കുമാര്‍ നിരവധി ശ്രമങ്ങള്‍ നടത്തി. ഒന്നും ഫലവത്തായില്ല. ഒടുവില്‍ നിരാശരായ ഒട്ടുമിക്ക ഇന്ത്യക്കാരും ചെയ്യുന്നതുപോലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അദ്ദേഹം ഒരു കത്തെഴുതി. പക്ഷേ ഭൂരിപക്ഷത്തില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന് മറുപടി കിട്ടി. കൂട്ടത്തില്‍ ഇന്റര്‍നെറ്റ് കണക്ഷനും.

ഉത്തരാഞ്ചലിലെ ദുധാലില്‍ ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ് അജയ് കുമാര്‍. ജൂണ്‍ ഒന്നാം തീയ്യതിയാണ് അജയ് കുമാര്‍ കത്തെഴുതിയത്. കാര്യങ്ങള്‍ വളരെ പെട്ടെന്ന് മുന്നോട്ട് നീങ്ങി. ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ഒട്ടുമിക്ക കാര്യങ്ങളും ചെയ്തുകഴിഞ്ഞു.

താനൊരിക്കലും ഇത്ര പെട്ടെന്ന് ഒരു പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അജയ് കുമാര്‍ പറഞ്ഞു. ജൂണ്‍ ആറാം തീയ്യതി പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗ്രാമ വികസന മന്ത്രാലയത്തിനും ഉത്തരാഖണ്ട് സര്‍ക്കാരിനും കത്തെഴുതി. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ വെബ്സൈറ്റിലും അപ്ലോഡ് ചെയ്യുകയും ചെയ്തു.

ജൂണ്‍ പതിനേഴിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞതായി അറിയിപ്പ് അജയ് കുമാറിന് കിട്ടി.” ഇന്റര്‍നെറ്റ് കണക്ഷന്‍, ഇ ക്ലാസ് റൂമുകള്‍, ഇ ലൈബ്രറി  കൂടാതെ ഗ്രാമത്തെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്ഷനുമായി യോജിപ്പിക്കുക എന്നിവയായിരുന്നു ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍”- കുമാര്‍ പറയുന്നു.

ഡെറാഡൂണ്‍ താഴ്വരയിലെ ഒരു ഉള്‍ഗ്രാമമാണ് ദുധാലി. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ആളുകള്‍ കഷ്ടപ്പെടുന്ന ഗ്രാമം കൂടിയാണ് ദുധാലി. ഇന്‍ഫര്‍മേഷന്‍ ടെക്ക്നോളജി വിഭാഗം കുമാറിന്‍റെ ആവശ്യങ്ങള്‍ പരിഗണിക്കുകയും അതിനാവശ്യമായ നടപടികള്‍ കൈക്കൊണ്ടു തുടങ്ങുകയും ചെയ്തെന്നു കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ അജയ് കുമാറിനെ അറിയിച്ചു.

“എന്‍റെ അഭ്യര്‍ത്ഥനയുടെ ഇപ്പോഴത്തെ അവസ്ഥ കൃത്യമായി അധികൃതര്‍ എന്നെ അറിയിക്കുന്നുണ്ട്. സത്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു പ്രതികരണം ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല”.- കുമാര്‍ മാധ്യമങ്ങളോടായി പറഞ്ഞു.

തന്‍റെ ഗ്രാമത്തില്‍ കോമണ്‍ സര്‍വീസ് സെന്‍റര്‍(CSC) തുടങ്ങണമെന്നും അതിലൂടെ ഡിജിറ്റല്‍ രൂപത്തില്‍ ജാതി സര്‍ടിഫിക്കറ്റും, ജനന-മരണ സര്‍ട്ടിഫിക്കറ്റുകളും മറ്റു സുപ്രധാനമായ സര്‍ട്ടിഫിക്കറ്റുകളും കൊടുക്കണമെന്നും അജയ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

“ഇപ്പോള്‍ അങ്ങനെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടണമെങ്കില്‍ ആളുകള്‍ക്ക് ഡെറാഡൂണ്‍ വരെ യാത്ര ചെയ്ത് പോകണം. ഒരു സിഎസ് സി കേന്ദ്രം തുടങ്ങുകയാണെങ്കില്‍ അത് ആളുകള്‍ക്ക് വലിയ സഹായമാകും”- കുമാര്‍ പറയുന്നു.

ഗ്രാമത്തില്‍ എഴായിരത്തില്‍ അധികം ജനസംഖ്യയുണ്ട്. ജില്ല ആസ്ഥാനത്തില്‍ നിന്നും ഇരുപതോളം കിലോമീറ്റര്‍ അകലെയാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും അതിനാവശ്യമായ കാര്യങ്ങള്‍ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രധിനിധികള്‍ പറഞ്ഞു. “ ജോലി ആരംഭിക്കുന്നതിന് മുന്‍പ് സേവനദാതാക്കളുമായും ഐടി വിഭാഗവുമായും ഗ്രാമത്തിലെ ജനങ്ങളുമായും ഞങ്ങള്‍ക്ക് ചര്‍ച്ച നടത്തേണ്ടതുണ്ട്”- സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥന്മാര്‍ മുക്കുമോ അതോ അജയ് കുമാറിനും സുഹൃത്തുക്കള്‍ക്കും ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടന്നുവരാന്‍ സാധിക്കുമോ എന്ന് നമുക്ക് കണ്ടറിയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍