UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരില്‍ കാര്യങ്ങള്‍ ലളിതമല്ല; കളി കടുപ്പിച്ച് മോദിയും മെഹബൂബയും

Avatar

അഴിമുഖം പ്രതിനിധി

ബിജെപി നേതൃത്വത്തിന്റെ, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമുഖത ഇന്ത്യയിലെ ഏറ്റവും പ്രശ്‌നബാധിത സംസ്ഥാനമായ ജമ്മു കശ്മീരില്‍ സങ്കീര്‍ണമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ബിജെപിയുമായുള്ള സഖ്യം തുടരുന്നതു സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താന്‍ പിഡിപിയുടെ ഇപ്പോഴത്തെ മുഖ്യ നേതാവ് മെഹ്ബൂബ മുഫ്തിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനു പല കാരണങ്ങളുമുണ്ട്. അതില്‍ മുഖ്യമായത്  തങ്ങളുടെ സഖ്യത്തെ വിശ്വാസത്തിലെടുക്കാന്‍ ബിജെപി കാണിക്കുന്ന വിമുഖത തന്നെയാണ്.

തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം രൂപം കൊണ്ട രാഷ്ട്രീയ സഖ്യത്തില്‍ കശ്മീര്‍ ജനത അത്ര തൃപ്തരല്ലെന്നാണ് പിഡിപിയുടെ ഇപ്പോഴത്തെ അനുമാനം. അധികാരം ഏറ്റെടുക്കാതെ മാറി നിന്ന് സാഹചര്യങ്ങളെ വിലയിരുത്തുകയാണിപ്പോള്‍ മെഹ്ബൂബ. കശ്മീരിലെ ഏറ്റവും ജനപ്രിയരായ നേതാക്കളില്‍ ഒരാളും മെഹ്ബൂബയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണാനന്തര ചടങ്ങിന് നാനാതുറകളില്‍ നിന്നുള്ള അയ്യായിരത്തോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. ജനങ്ങള്‍ തങ്ങളില്‍ നിന്നും അകലുകയാണെന്നതിന്റെ ഒരു സൂചനയായിട്ടാണ് ഇതിനെ പിഡിപി ഗണിക്കുന്നത്. പിന്നെ കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ പുനരുദ്ധരിക്കാന്‍, പ്രത്യേകിച്ച് കശ്മീരിലെ ഏതാണ്ടെല്ലായിടങ്ങളിലും ദുരന്തം വിതച്ച വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ മതിയായ സഹായങ്ങളൊന്നും നല്‍കുന്നില്ലെന്ന പൊതുധാരണയും നിലവിലുണ്ട്.

രാഷ്ട്രീയ നീക്കങ്ങളെല്ലാം കേന്ദ്രം നിര്‍ത്തി എന്നു മാത്രമല്ല, സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുമ്പ് ഇരുപാര്‍ട്ടികളും ചേര്‍ന്ന് രൂപം നല്‍കിയ സഖ്യ അജണ്ടയില്‍ ഉള്‍പ്പെട്ട വൈദ്യുതി പദ്ധതികള്‍, വെള്ളപ്പൊക്ക ദുരിതബാധിതരുടെ പുനരധിവാസം തുടങ്ങിയ വികസന പദ്ധതികളെല്ലാം കൈവെടിയുകയും ചെയ്തിരിക്കുന്നു. ഭരണഘടനയുടെ 37ആം വകുപ്പ്, ബീഫ് നിരോധനം തുടങ്ങി ബിജെപി നേതാക്കള്‍ കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലും ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ വേറേയുമുണ്ട്. ഇവയെല്ലാം കശ്മീര്‍ താഴ്‌വരയില്‍ പിഡിപിയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ മങ്ങലേല്‍പ്പിച്ചിരിക്കുന്നു. ഈ വിഷയങ്ങളൊക്കെ മുന്നിലിരിക്കെ വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാന്‍ സഹായകമാകുന്ന ഉറപ്പുകളൊന്നും കേന്ദ്രത്തില്‍ നിന്നും ലഭിക്കാതെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന നിലപാടിലാണ് പിഡിപി.

ഇങ്ങനെ ഒരു സാഹചര്യത്തില്‍ പിഡിപിക്കും ബിജെപിക്കും മുമ്പില്‍ വളരെ കുറച്ച് പോംവഴികള്‍ മാത്രമെ ഉള്ളൂ. അവയൊന്നും അത്ര അനായാസം മറികടക്കാവുന്നയുമല്ല. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍  പിഡിപിക്ക് ഒന്നുകില്‍ ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുകയോ അല്ലെങ്കില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സ്വതന്ത്ര അംഗങ്ങളുടെ സഹായത്തോടെ സഖ്യ സര്‍ക്കാരുണ്ടാക്കുകയോ ചെയ്യേണ്ടിവരും. പിഡിപി-കോണ്‍ഗ്രസ് സഖ്യം ഉണ്ടായാല്‍ സ്വതന്ത്ര എം എല്‍ എമാരുടെ മാത്രം സഹായം മതിയാവില്ല. സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള പീപ്പ്ള്‍സ് കോണ്‍ഫറന്‍സിന്റെ സഹായവും വേണ്ടി വരും. സാധ്യത കല്‍പ്പിക്കപ്പെടുന്ന പിഡിപി-കോണ്‍ഗ്രസ് സര്‍ക്കാരിന് വിശ്വാസ്യരല്ലാത്തവരുള്‍പ്പെടുന്ന സ്വതന്ത്ര എം എല്‍ എമാരുടെ താളത്തിനൊത്തു തുള്ളേണ്ടതായും വരും.

ഇടക്കാല തെരഞ്ഞെടുപ്പെന്ന പോംവഴിയും പിഡിപിയെ സംബന്ധിച്ചിടത്തോളം അനായാസമല്ല. ഇപ്പോഴത്തെ പാര്‍ട്ടിയുടെ പ്രതിഛായ ഏറ്റവും മോശം നിലയിലാണ്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ വോട്ടു ചോദിച്ച് ജനങ്ങളിലേക്ക് തന്നെ ഇറങ്ങുക എന്നത് പാര്‍ട്ടിയുടെ വലിയൊരു ശതമാനം എം എല്‍ എമാര്‍ക്കും ആത്മഹത്യാപരമായിരിക്കും. പുതിയ സര്‍ക്കാരുണ്ടാക്കാന്‍ പിഡിപി തയാറാകാതെ വന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ബിജെപി സമ്മര്‍ദ്ദം ശക്തിപ്പെടുത്തിയേക്കാം. ബിജെപിക്ക് ജമ്മു മേഖലയിലെ 37-ല്‍ 25 സീറ്റുകളും സ്വന്തമായുണ്ട്.

പിഡിപിയെ സംബന്ധിച്ചിടത്തോളം ഇത് ആദ്യമായല്ല ഒരു സഖ്യസര്‍ക്കാരില്‍ നിന്നും പിന്‍വാങ്ങുന്നത്. 2008-ലും മെഹ്ബൂബ ഇത്തരത്തിലൊരു തീരുമാനമെടുക്കുകയും കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് താല്‍ക്കാലിക വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നതിന് വനഭൂമി കൈമാറ്റം നടത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ജനങ്ങളുടെ മുറവിളികളെ തുടര്‍ന്നായിരുന്നു ഇത്.

ബിജെപി സഖ്യം തുടരുന്ന കാര്യമായാലും ഇടക്കാല തെരഞ്ഞെടുപ്പായാലും മെഹ്ബൂബയെ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്ന് പിഡിപി എം എല്‍ എമാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. 2008-ലെ സാഹചര്യങ്ങല്‍ കൂടുതല്‍ സീറ്റുകളുടെ രൂപത്തില്‍ പിഡിപിക്ക് ഗുണകരമായെങ്കില്‍ ഇത്തവണ ഒരു ഇടക്കാല തെരഞ്ഞെടുപ്പു നടന്നാല്‍ പിഡിപിക്കും ബിജെപിക്കും തിരിച്ചടി നേരിടേണ്ടി വന്നേക്കാം.

പരിഹാരം കാണാന്‍ മുന്‍കൈ എടുക്കേണ്ടത് ബിജെപി തന്നെയാണ്. രാഷ്ട്രീയാസ്വസ്ഥതകള്‍ ഉള്ള ഈ സംസ്ഥാനത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവിന് കാര്യമായി ഒന്നും ചെയ്യാനില്ല. പ്രധാനമന്ത്രിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവരില്‍ ഒരാളോ ആയിരിക്കണം പിഡിപിയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. അങ്ങനെ ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുക കേന്ദ്രത്തിന് പ്രയാസമായേക്കും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍