UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശരിയാണ് സര്‍, പേടിയുണ്ട്; സാധാരണക്കാരായ കുറച്ച് മനുഷ്യര്‍ ഇവിടുണ്ടല്ലോ എന്നോര്‍ത്തിട്ട്

Avatar

ടീം അഴിമുഖം

2014 നവംബര്‍ ഒന്നിനായിരുന്നു നിതാ അംബാനിയുടെ 50-ാം പിറന്നാള്‍. അന്ന് അവരും ഭര്‍ത്താവായ മുകേഷ് അംബാനിയും ജന്മദിനം ആഘോഷിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം ഹിന്ദുമതസ്ഥര്‍ വിശുദ്ധ നഗരമായി കാണുന്ന വാരണാസിയായിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം. 2014-ലെ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചും അതിനു തൊട്ടു പിന്നാലെയും ദേശീയ മാധ്യമങ്ങളടക്കം ചില അഭ്യൂഹങ്ങള്‍ പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കിയിരുന്നു. മോദിയും അംബാനിയും തമ്മില്‍ അത്ര രസത്തിലല്ല എന്നും തന്റെ അടുപ്പക്കാരനായ അദാനിക്ക് വേണ്ടിയാണ് മോദി നിലകൊള്ളുന്നത് എന്നൊക്കെയുള്ള തരത്തിലായിരുന്നു വാര്‍ത്തകള്‍.

 

എന്നാല്‍ ഇതിനിടെ രണ്ടു കാര്യങ്ങള്‍ നടന്നു. രാജ്യത്തെ പ്രമുഖരൊക്കെ ഒത്തുകൂടിയ ചടങ്ങില്‍ അംബാനിയുടെ ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ ഒക്‌ടോബറില്‍ മോദിയെത്തി. ഇതിനു തൊട്ടു പിന്നാലെയായിരുന്നു അംബാനിമാരുടെ വാരണാസി സന്ദര്‍ശനവും. കോര്‍പറേറ്റ് ലോകത്തിന്റെ ഉറ്റ ചങ്ങാതിയാണ് താന്‍ എന്നു പറയുന്നതിലും അത് പുറമെ കാട്ടുന്നതിലും മോദി ഒരിക്കലും മടി കാട്ടാറില്ല എന്നതിന്റെ ഒടുവിലുത്തെ ഉദാഹരണമായിരുന്നു അംബാനിയുടെ പുതിയ സംരഭമായ ജിയോയ്ക്ക് വേണ്ടി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിലൂടെ ഉണ്ടായത്.

 

നിയമം അനുസരിച്ച് പ്രധാനമന്ത്രിയുടെ ഫോട്ടോ പരസ്യത്തില്‍ ഉപയോഗിക്കണമെങ്കില്‍ പി.എം.ഒയുടെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട്. കോര്‍പറേറ്റ് വാണീജ്യ സംഘടനകളായ ഫിക്കിയും സി.ഐ.ഐയുമൊക്കെ ഇങ്ങനെ അനുമതി വാങ്ങി പരസ്യം നല്‍കാറുമുണ്ട്. മോദിയെ തന്റെ പുതിയ ജിയോ പദ്ധതിയുടെ പരസ്യ മോഡലാക്കാന്‍ അംബാനിക്കും പി.എം.ഒ അനുമതി നല്‍കിയിരിക്കണം. അങ്ങനെയെങ്കില്‍ പുതിയ വ്യവസായ സംരംഭങ്ങളൊക്കെ തുടങ്ങുന്ന മറ്റ് വ്യവസായികള്‍ക്കും അനുകരിക്കാവുന്ന ഒരു മാതൃകയാണിത്. മൊബൈല്‍ കമ്പനികളുടെ മാത്രം കാര്യമെടുത്താന്‍ നാളെ എയര്‍ടെല്ലും വൊഡാഫോണുമൊക്കെ മോദിയുടെ പരസ്യത്തില്‍ വരാം, അല്ലെങ്കില്‍ അദാനിയുടെ അനേകം ബിസിനസ് സംരംഭങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ട്. 

 

അങ്ങനെയെങ്കില്‍ മറ്റൊരു ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കൂടി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ് എം.ടി.എന്‍.എല്ലും ബി.എസ്.എന്‍.എല്ലും. ഈ പൊതുമേഖലാ സ്ഥാനത്തെ തകര്‍ക്കുന്ന കാര്യത്തില്‍ യു.പി.എ സര്‍ക്കാരിനേക്കാള്‍ ഒട്ടും പിന്നിലല്ല മോദി സര്‍ക്കാരും. ഫോണ്‍ വിളി മുറിഞ്ഞു പോകുമ്പോഴും കണക്ഷന്‍ കിട്ടാന്‍ വൈകുമ്പോഴും ഉപഭോക്താക്കള്‍ ചീത്ത വിളിക്കുന്നത് കമ്പനിയെയാണ്. അവിടെ നിന്നും അവര്‍ പോകുന്നത് സ്വകാര്യ കമ്പനികളുടെ കണക്ഷനുകള്‍ തേടിയാണ് എന്നത് മോദിക്കും അറിയാമായിരിക്കും. ഗ്രാമീണ മേഖലയില്‍ ഇന്നും കൂടുതല്‍ ഇന്ത്യക്കാര്‍ ഉപയോഗിയ്ക്കുന്ന കണക്ഷന്‍ ബി.എസ്.എന്‍.എല്ലാണ്. എന്നിട്ടും ആ മേഖലയില്‍ റിലയന്‍സിനോടുള്ള ഉത്സാഹം കാണാത്തത് എന്തുകൊണ്ടായിരിക്കും? എങ്ങനെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ തളര്‍ച്ചയിലൂടെ ഈ സ്വകാര്യ കമ്പനികള്‍ തഴച്ചു വളരുന്നത് എന്നതിന്റെ ഒരുദാഹരണം മാത്രമാണിത്. 

 

 

മോദിയുടെ ചിത്രം തങ്ങളുടെ പരസ്യത്തില്‍ ഉള്‍പ്പെടുത്തുക വഴി അംബാനി ചെയ്തിരിക്കുന്നത് അദ്ദേഹത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിക്കും പരസ്യ പ്രചരണം നല്‍കുക കൂടിയാണ്. ഒരു സ്വകാര്യ വ്യക്തിയുടെ പരസ്യം വഴി ഇത്തരത്തില്‍ പ്രചാരം നേടുന്നുണ്ടെങ്കില്‍ അതിന് ചെലവായ തുക ആ രാഷ്ട്രീയ പാര്‍ട്ടിയുടേയോ വ്യക്തിയുടെയോ തെരഞ്ഞെടുപ്പ് ഫണ്ടില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ടൈംസ് ഓഫ് ഇന്ത്യക്കും ഹിന്ദുസ്ഥാന്‍ ടൈംസിനും പുറമെ ദൃശ്യമാധ്യമങ്ങളിലും മോദിയുടെ ‘ഡിജിറ്റല്‍ ഇന്ത്യ’ സ്വപ്നം ഉപയോഗിച്ചു തന്നെയാണ് റിലയന്‍സ് തങ്ങളുടെ ഉത്പന്നം വിറ്റഴിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ പരസ്യങ്ങള്‍ക്ക് ചെലവായ തുക മോദിയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും പേരില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ട്.

 

റിലയന്‍സിന് എങ്ങനെയാണ് ജിയോ ആരംഭിക്കാനുള്ള നാലാം തലമുറ സ്‌പെക്ട്രം ലഭിച്ചത് എന്നതിന്റെ പേരിലുള്ള ആരോപണങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല എന്നതും ആലോചിക്കേണ്ടതുണ്ട്. റിലയന്‍സിന്റെ പ്രോക്‌സി എന്നാരോപിക്കപ്പെടുന്ന ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡിനാണ് 4ജി സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ചതും മണിക്കുറുകള്‍ക്കുള്ളില്‍ ഇത് റിലയന്‍സ് വാങ്ങുകയും ചെയ്തത്. അന്ന് ഇന്‍ഫോടെല്‍ നല്‍കിയ 252 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയില്‍ കൈ കൊണ്ടുള്ള തിരുത്തലുകള്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നുമുള്ള വാര്‍ത്തകളൊക്കെ പുറത്തുവന്നതാണ്. അതോടൊപ്പമാണ് ഇന്‍ഫോടെല്‍ – റിലയന്‍സ് ഏറ്റെടുക്കലുകള്‍ സംബന്ധിച്ച സി.എ.ജി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന പൊരുത്തക്കേടുകള്‍. തന്റെ ചിത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ സുതാര്യമായിരുന്നു എന്ന്‍ ഉറപ്പ് വരുത്തുന്നതും നല്ല മാതൃകയാണ്. 

 

പ്രധാനമന്ത്രി ഒരു രാജ്യത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ്. കേവലം അക്കങ്ങളും പണക്കിലുക്കങ്ങളും മാത്രമല്ല അങ്ങനെയൊരാളുടെ തലച്ചോറിലുണ്ടാവേണ്ടത്. 18 കോടിയോളം തൊഴിലാളികള്‍ തങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പണിമുടക്കിയ ദിവസം തന്നെയാണ് മോദി, റിലയന്‍സിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ നിരന്തരം പുനര്‍നിര്‍ണയം ചെയ്തുകൊണ്ടിരിക്കണം എന്നതിന്റെ തെളിവു കൂടിയാണ്. എത്ര കോടി രൂപയാണ് വിവിധ കോര്‍പറേറ്റുകള്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ക്ക് അടക്കം കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് എന്നത് മോദിക്കെങ്കിലും നിശ്ചയമുണ്ടാകേണ്ടതുണ്ട്. തന്റെ അടുപ്പക്കാരായ എത്ര പേര്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും.

 

ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ക്രോണി ക്യാപ്പിറ്റലിസം റീട്ടെയില്‍ രൂപത്തിലാണ് ഇന്ത്യയെ വിഴുങ്ങാന്‍ തുടങ്ങിയതെങ്കില്‍ മോദിയുടെ സമയത്ത് അതിന് കേന്ദ്രീകരണ സ്വഭാവം വന്നിട്ടുണ്ട് എന്നതു മാത്രമാണ് വ്യത്യാസം. ഒരു സ്വകാര്യ കമ്പനിയുടെ പരസ്യത്തില്‍ ഉപയോഗിക്കാന്‍ തന്റെ തല വിട്ടു കൊടുക്കുകയും വേഷത്തിന്റെ നിറം പോലും കമ്പനിയുടെ ലോഗോയ്ക്ക് ചേരുന്ന വിധത്തില്‍ ഒരുക്കുകയും ചെയ്തുകൊണ്ട് മോദി കാണിച്ചിരിക്കുന്ന മാതൃക എന്താണ് നമ്മുടെ ഭരണവര്‍ഗത്തിന്റെ പ്രിയോറിറ്റികള്‍ എന്നു കൂടിയാണ് കാണിച്ചു തരുന്നത്. അതുകൊണ്ടാണ് ആത്മഹത്യ ചെയ്യേണ്ടി വരുന്ന കര്‍ഷകരുടെയോ നിരന്തരം പീഡനങ്ങള്‍ക്ക് ഇരയാകുന്ന ദളിതരുടെയോ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന ന്യൂനപക്ഷങ്ങളുടെയോ നേര്‍ക്ക് മോദിയുടെ കൈ നീളാത്തതും മുകേഷ് അംബാനിയുടെ മകന്റെ തോളത്ത് പിതാവിന്റെ വാത്സല്യത്തോടെ തട്ടുന്നതും കേവലം ഇമേജുകള്‍ മാത്രമല്ലാതായി മാറുന്നതും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍