UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപ്പോള്‍ ഈ ദളിതരുടെ ദേശസ്നേഹത്തിന്റെ അളവുകോല്‍ എന്താണ് സര്‍?

Avatar

ടീം അഴിമുഖം 

ഉത്തര്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്നു. 2019-ല്‍ പൊതുതെരഞ്ഞെടുപ്പും. ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക, അക്കാദമിക് കേന്ദ്രങ്ങളടക്കം കാവി പൂശാനുള്ള നപടപടികളുമായി ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട്. ജെ.എന്‍.യു വിവാദത്തെ മുന്‍നിര്‍ത്തി പാര്‍ട്ടിയും സംഘപരിവാരവും മുന്നോട്ടുവച്ച ദേശീയവാദം വിഷയം തന്നെയായിരിക്കും വരും തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയും സംഘപരിവാറും പിന്തുടരാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനകള്‍ പുറത്തു വന്നുകഴിഞ്ഞു. അതിനൊപ്പം, ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ദളിത് മുന്നേറ്റത്തെ എങ്ങനെ നേരിടും എന്നതാണ് സംഘപരിവാരത്തിനുള്ളില്‍ നടക്കുന്ന പ്രധാന ആലോചനകള്‍.

 

ഗുജറാത്തിലെ ഉനെയില്‍ ചത്ത പശുവിന്റെ തോലുരിച്ച നാല് ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയര്‍ന്നത്. സംഘരിവാറിന്റെ ഹിന്ദുത്വ പരീക്ഷണശാലയായ ഗുജറാത്തില്‍ തന്നെ ആയിരക്കണക്കിന് ദളിതര്‍ ബി.ജെ.പിക്കും പശുസംരക്ഷക സേനയ്ക്കുമെതിരെ രംഗത്തെത്തുകയും ചെയ്തു. ഉത്തര്‍ പ്രദേശില്‍ ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നേതൃത്വത്തില്‍ ദളിതര്‍ വീണ്ടും സംഘടിക്കുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഒരു യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് സംബന്ധിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പരിശോധിക്കേണ്ടത്.

 

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത 400 പേരുടെ യോഗത്തിലായിരുന്നു ബി.ജെ.പിയുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, അരുണ്‍ ജയ്റ്റ്‌ലി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം വച്ച് സംഘടിപ്പിച്ചിട്ടുള്ള തിരംഗ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു യോഗം. ഇതില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അതിങ്ങനെയായിരുന്നു: “ദേശീയവാദികള്‍ നമ്മോടൊപ്പമുണ്ട്. ദളിതരേയും ആദിവാസികള്‍ അടക്കമുള്ള പിന്നോക്കക്കാരേയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയാണ് ഇനി വേണ്ടത്”.  

 

അപ്പോള്‍ ആരാണ് സര്‍ ദേശീയവാദി? ദളിതരും ആദിവാസികളും പാവപ്പെട്ടവരും ആ കൂട്ടത്തില്‍ ഉള്‍പ്പെടില്ലേ? അതായത്, ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ദേശീയവാദികള്‍ ആരാണ് എന്നതിന് കൃത്യമായ ഉത്തരമുണ്ട്. അവിടെ ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടില്ല എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. സംഘപരിവാറിനെതിരെ അംബേദ്ക്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ദളിത് മുന്നേറ്റം ശക്തി പ്രാപിക്കുന്നതിനിടയില്‍ തന്നെയാണ് മോദി തന്നെ ഇക്കാര്യത്തില്‍ തന്റെ പാര്‍ട്ടിക്കും ആര്‍.എസ്.എസിനുമുള്ള ആശങ്ക മുന്നോട്ടു വച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമൊന്നും ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ദേശീയവാദി എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതു തന്നെയാണ് പ്രധാനമന്ത്രി ഇവിടെ പറഞ്ഞുവയ്ക്കുന്നത്. പശുവിനെ കൊന്നു എന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നപ്പോഴും ഝാര്‍ഖണ്ഡില്‍ രണ്ട് മുസ്ലീം യുവാക്കളെ കെട്ടിത്തൂക്കിയപ്പോഴും നിരവധി സംസ്ഥാനങ്ങളില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി നിയമം കൈയിലെടുക്കുമ്പോഴും നിശബ്ദനായിരുന്ന മോദി പെട്ടെന്നാണ് ഗോ സംരക്ഷകര്‍ക്കെതിരെ രംഗത്തു വന്നത്. ഒരു ദശാബ്ദത്തിലേറെ താന്‍ അടക്കിഭരിച്ചിരുന്ന ഗുജറാത്തില്‍ നിന്നുതന്നെ ദളിത് മുന്നേറ്റത്തിന്റെ ആരവം ഉയര്‍ന്നപ്പോഴായിരുന്നു അത്. അപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് ‘കാറിനടിയില്‍ കുരുങ്ങിയ നായക്കുട്ടി എന്ന ഉപമയ്ക്കപ്പുറം പോകാന്‍ അദ്ദേഹം തയാറായില്ല.

 

ബ്രാഹ്മണിക് ആശയങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തിട്ടുള്ള ഒരു സംഘടനയും അതിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയും ദളിതരെ ഭയപ്പെടുന്നു എന്നതിന്റെ സൂചന തന്നെയാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്. രോഹിത് വെമൂല ദളിതനല്ല എന്ന്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നതും ഒക്കെ ഇതിന്റെ ഭാഗമായി വേണം ചേര്‍ത്ത് വായിക്കാന്‍. ബി.ജെ.പിയുടെ രാഷ്ട്രീയഭാവി തീരുമാനിക്കുന്നത് ഈ ദളിത് മുന്നേറ്റമായിരിക്കും എന്ന് സംശയമില്ലാതെ പറയാം.

 

തൊട്ടുകൂടായ്മയും ജാതിവെറിയും നിലനില്‍ക്കുന്ന, വംശീയശുദ്ധിയെക്കുറിച്ചുള്ള അസംബന്ധങ്ങള്‍ എഴുന്നെള്ളിക്കുന്ന, മനുഷ്യരെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തി മൃഗത്തിന്റെ പേരില്‍ അവരുടെ ജീവനെടുക്കുന്ന ഒരു നാട്ടില്‍ ദേശീയവാദികളും ദളിതരും എന്ന തിരിവ് പോലും ദളിതരുടെ സ്വരം ഉയരുന്നുണ്ട് എന്നതിന്റെ തെളിവാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍