UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോറിന്‍ പോളിസി വിദേശ ഇന്ത്യക്കാരുടെ റോഡ് ഷോ അല്ലെന്ന് മോദി മനസിലാക്കണം

Avatar

ടീം അഴിമുഖം 

എന്‍.എസ്.ജിയില്‍ അംഗത്വം നേടിക്കൊണ്ട് വലിയ ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ശ്രമം തടയാന്‍ ചൈനയ്ക്ക് സാധിച്ചു. ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രാഷ്ട്രീയമായ അമിത ആത്മവിശ്വാസമാണോ ചൈനയുടെ നീക്കം മനസ്സിലാക്കുന്നതില്‍ ഇന്ത്യക്ക് സാധിക്കാതെ പോയതിന് കാരണം? 

വ്യാഴാഴ്ച രാത്രിയില്‍ സോളില്‍ നടന്ന സുപ്രധാനമായ ചര്‍ച്ചകള്‍ക്ക് ശേഷം പിറ്റേ ദിവസം രാവിലെ ചൈനയുടെ കൂടിയാലോചനകള്‍ക്ക് നേതൃത്വം നല്‍കിയ വാന്‍ങ്ങ് കുന്‍ മാധ്യമങ്ങളോടായി പറഞ്ഞത് “നിയമങ്ങള്‍ അനുസരിക്കുന്നതു വരെ ഞങ്ങള്‍ ഇന്ത്യയെയോ പാക്കിസ്ഥാനെയോ പിന്തുണക്കില്ല”- എന്നാണ്. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാത്തിടത്തോളം കാലം ഇന്ത്യക്ക് എന്‍എസ്ജിയില്‍ അംഗത്വം നല്കാന്‍ സാധിക്കില്ല എന്നു ത്തന്നെയാണ് വാന്‍ങ്ങ് കുന്‍ പറഞ്ഞത്.

ആണവനിര്‍വ്യാപന കരാര്‍ വിവേചനപരമായ ഒന്നാണെന്നാണ് ഇന്ത്യയുടെ വാദം. കാരണം ഈ കരാര്‍ അനുസരിച്ച് ആണവ ശക്തികളായി അഞ്ച് രാജ്യങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. അവരാകട്ടെ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവയാണ്. ഈ അഞ്ച് രാജ്യങ്ങള്‍ തന്നെയാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും.

വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞത്, “ഒരു രാജ്യം കേവലമായ നടപടിക്രമങ്ങളുടെ പ്രശ്‌നം ഉന്നയിച്ചതൊഴിച്ചാല്‍ മൂന്നു മണിക്കൂറോളമാണ് എന്‍എസ്ജിയിലെ ഭാവി അംഗങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടന്നത്. വലിയൊരു ശതമാനം രാജ്യങ്ങളും ഇന്ത്യയുടെ അപേക്ഷയെ പ്രോത്സാഹിപ്പിക്കുകയും അതിനെ നല്ല രീതിയില്‍ തന്നെ നോക്കിക്കാണുകയും ചെയ്തിരുന്നു.”

സ്വരൂപ് പറഞ്ഞ ‘ആ ഒരു രാജ്യം’, അത് തീര്‍ച്ചയായും ചൈന തന്നെയാണ്. പക്ഷേ ചൈനയുടെ വക്താവിന് മറ്റൊന്നാണ് പറയാനുള്ളത്. ഡല്‍ഹി കാത്തിരുന്നേ മതിയാകൂ. അമേരിക്കയുടെ കൂടി സഹായത്താല്‍ എന്‍എസ്ജിയിലേക്ക് പ്രവേശിക്കാമെന്നും അതുവഴി ലോകത്തിന്റെ തന്റെ ആണവ മാപ്പ് മാറ്റിയെഴുതാം എന്നും ഇന്ത്യ കരുതുന്നുണ്ടെങ്കില്‍ അത് വിജയിക്കാന്‍ പോകുന്നില്ല.

അങ്ങനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തികളിലൊന്നാകാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെടുക തന്നെ ചെയ്തു. പക്ഷേ അതിനെക്കാള്‍ മറ്റൊരു വസ്തുതയുള്ളത്, ലോകരാജ്യങ്ങളില്‍ മിക്കതും ചൈനയുടെ ശക്തി അംഗീകരിച്ചു എന്നതാണ്. അമേരിക്കയുടെ കൂടി സഹകരണം ലഭിക്കുകയാണെങ്കില്‍ മറ്റ് രാജ്യങ്ങളെ അമേരിക്ക സമ്മര്‍ദം ചെലുത്തി കൂടെ നിര്‍ത്തുമെന്നും അതുവഴി എന്‍എസ്ജി അംഗത്വം നേടിയെടുക്കാമെന്നും ഇന്ത്യ പ്രതീക്ഷിച്ചു. പക്ഷേ അതേസമയം ചൈനയാകട്ടെ  മറ്റ് അംഗങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ വിജയിച്ചു എന്നതാണുണ്ടായത്.

ആഗോള തലത്തില്‍ വളരെയധികം പ്രാധാന്യമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതൊക്കെ. 2008 മുതല്‍ ലോകം എങ്ങനെ മാറി എന്നാണ് ഇത് തെളിയിക്കുന്നതും. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ആയിരുന്ന ഹു ജിന്താവോയെ വിളിക്കുകയും ആഗോള ആണവ വ്യാപാരത്തില്‍ പങ്കാളിയാകുന്നതിന് ഇന്ത്യക്ക് അവസരം നല്‍കാന്‍ എന്‍എസ്ജി നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതിനെ എതിര്‍ക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. 

2008-ല്‍ ഹു ജിന്താവോ ഈ അഭ്യര്‍ത്ഥന അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ 2016-ല്‍ സി ജിന്‍പിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന തള്ളുകയും ഇന്ത്യക്ക് വേണ്ടിയുള്ള അമേരിക്കയുടെ നയതന്ത്ര ഇടപെടലുകളെ അവഗണിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ കൂടി ഇടപെടല്‍ കാരണമാണ് ചൈന ഇന്ത്യക്കെതിരെ തിരിഞ്ഞതെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. (ചൈനയുടെയും പാക്കിസ്ഥാന്റെയും നേതാക്കള്‍ പരസ്പരം കണ്ടുമുട്ടിയപ്പോള്‍ അവര്‍ പറഞ്ഞത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം എന്നത് പാര്‍വതത്തെക്കാള്‍ ഉയരമുള്ളതും സമുദ്രത്തേക്കാള്‍ ആഴമുള്ളതും ആണെന്നായിരുന്നു). പാകിസ്ഥാനും എന്‍എസ്ജി അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ആണവനിര്‍വ്യാപന ചരിത്രം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ പാക്കിസ്ഥാന്റെ അപേക്ഷ ഒരിക്കലും മറ്റു രാജ്യങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ലെന്ന് പാകിസ്ഥാനും ചൈനയ്ക്കും നന്നായിട്ടറിയാമായിരുന്നു. പാക്കിസ്ഥാന് കിട്ടുകയില്ല എങ്കില്‍ ഇന്ത്യക്കും വേണ്ട എന്ന് ഇസ്ലാമാബാദും ബീജിങ്ങും തമ്മില്‍ ധാരണ ആയിക്കാണണം.
പാക്കിസ്ഥാന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അലി – കാര്‍ഗില്‍ യുദ്ധം നടക്കുന്ന സമയത്ത് 1999-ല്‍ ഡല്‍ഹിയില്‍ വന്ന അതേ വ്യക്തി – എന്‍എസ്ജി യോഗം ആരംഭിക്കുന്നതിനു മുന്‍പ് ചൈന സന്ദര്‍ശിച്ചിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പോള്‍ നടന്ന ചര്‍ച്ചയിലാകാം ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം തടയുന്ന കാര്യത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ധാരണയായത്.

 

സോളില്‍ നടന്ന യോഗം തെളിയിക്കുന്ന മറ്റൊരു സുപ്രധാന കാര്യമുണ്ട്. ചൈനയ്ക്ക് അവരുടെ സഖ്യരാജ്യത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല അമേരിക്കാന്‍ സ്വാധീനശേഷി ക്ഷയിച്ചു തുടങ്ങിയോ എന്ന സംശയവും അതുയര്‍ത്തുന്നുണ്ട്.

മറ്റു രാജ്യങ്ങള്‍ പുതിയൊരു ലോക ശക്തി ഉയര്‍ന്നു വരുന്നത് മനസ്സിലാക്കിത്തുടങ്ങി എന്നുവേണം കരുതാന്‍. പ്രത്യേകിച്ച് ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, അയര്‍ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ചൈനയുടെ കൂടെ നിന്ന് ആണവനിര്‍വ്യാപന കാര്യത്തില്‍ തങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കുക മാത്രമല്ല മറിച്ച് പുതിയൊരു ലോകശക്തി ഉയര്‍ന്നു വരുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ തയ്യാറാണ് എന്നൊരു സൂചന കൂടി അവ നല്‍കുന്നുണ്ട്.

ഇന്ത്യയുടെ അംഗത്വ ശ്രമങ്ങളെ എതിര്‍ത്ത രാജ്യങ്ങളെ ശ്രദ്ധിക്കൂ. ഇന്ത്യയും റഷ്യയും ദക്ഷിണാഫ്രിക്കയും ചൈനയും ഉള്‍പ്പെട്ട ബ്രിക്‌സ് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ബ്രസീല്‍. ന്യൂസിലന്‍ഡ് ആകട്ടെ അമേരിക്കയുടെ അടുത്ത ബന്ധുരാജ്യമായി അറിയപ്പെടുന്നതും. പക്ഷേ മോദി ആഴ്ചകള്‍ക്ക് മുന്‍പ് സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ജോഹാന്‍ ശ്‌നൈദര്‍ എന്‍എസ്ജി പ്രവേശനത്തിന് ഇന്ത്യയുടെ കൂടെ നില്‍ക്കാമെന്നും ഇന്ത്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

 

ആഗോള സാഹചര്യത്തിലുള്ള അധികാര രാഷ്ട്രീയത്തില്‍ വളരെയധികം ശ്രദ്ധയും കണക്കുകൂട്ടലുകളും ആവശ്യമായ ഒന്നാണ് വിദേശകാര്യ നയം (Foreign policy). അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ നരേന്ദ്ര മോദി ഒരുവിധപ്പെട്ട രാജ്യങ്ങളൊക്കെ സന്ദര്‍ശിച്ചു കഴിഞ്ഞു. അമേരിക്കയില്‍ മാത്രം നാലുവട്ടം പോയി. താന്‍ പോയ രാജ്യങ്ങളിലൊക്കെ വളരെ ശ്രദ്ധയുണ്ടാക്കുന്ന കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. പക്ഷേ ആള്‍ക്കൂട്ടത്തോട് പ്രസംഗിക്കുന്ന പോലെയുള്ള ഒരു കലയല്ല ഫോറിന്‍ പോളിസി. താന്‍ പോയ രാജ്യങ്ങളിലെ വിദേശ ഇന്ത്യക്കാരുടെയോ ഇന്ത്യന്‍ വംശജരുടെയോ NaMo ട്വിറ്റര്‍ ബഹളങ്ങള്‍ കൊണ്ട് മാറ്റിമറിക്കാവുന്ന കാര്യമല്ല ഇതെന്ന്‍ മോദി ഇനിയെങ്കിലും മനസിലാക്കണം. 

 

 

എന്‍എസ്ജിയില്‍ അംഗത്വം നേടിയെടുക്കാന്‍ സാധിക്കും എന്ന് തന്നെയാണ് മോദി വിശ്വസിച്ചിരുന്നത്. ഇന്നും ഏറ്റവും സ്വാധീനമുള്ള രാഷ്ട്രമായി കണക്കാക്കപ്പെടുന്ന അമേരിക്കയുടെ സഹായം ലഭിക്കുമെന്നും അത് രാജ്യത്തിന്റെ എന്‍എസ്ജി പ്രവേശനത്തെ സഹായിക്കുമെന്നും മോദി ധരിച്ചു. പക്ഷേ ചൈനയുടെ വലിപ്പം മനസ്സിലാക്കുന്നതിലും ചൈനയുടെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കിയെടുക്കുന്നതിലും മോദി പരാജയപ്പെട്ടു.

പക്ഷേ ഇത്രയും തന്ത്രപ്രധാനമായ ഒരു മണ്ടത്തരം മോദിക്ക് എങ്ങനെ പറ്റി? എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? എല്ലാറ്റിനും മുകളില്‍ 2008-ലെ അനുഭവം അദ്ദേഹത്തിന്റെ വിദേശകാര്യ ഓഫീസിന്, വിദേശകാര്യ സെക്രട്ടറി ജയശങ്കറിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഓര്‍മ്മയുണ്ടാകില്ലേ? അന്ന് എന്‍എസ്ജിയില്‍ പ്രത്യേക ഇളവുകള്‍ കിട്ടാന്‍ ഇന്ത്യ ശ്രമിച്ചത് ഏത് വിധത്തിലായിരുന്നു എന്നെങ്കിലും പരിശോധിക്കേണ്ടിയിരുന്നില്ലേ?

സത്യമെന്തെന്നാല്‍, വിദേശകാര്യ, രാഷ്ട്രീയ നയങ്ങളില്‍ ഇത്രയും സുപ്രധാനമായ ഒരു നീക്കം രാജ്യം നടത്തുമ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്താന്‍ മോദി തയ്യാറായില്ല എന്നതാണ്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളേക്കാള്‍ സുപ്രധാനമാണ് വിദേശനയം എന്നുള്ള ധാരണ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്റെ മുന്‍ഗാമിയെ സമീപിക്കണമായിരുന്നു. കാരണം എന്‍.എസ്.ജിയില്‍ നിന്ന്‍ ഇളവുകള്‍ കിട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ഏത് വിധത്തിലാണ് ചൈനയുടെ എതിര്‍പ്പിനെ മറികടന്നത് എന്നെങ്കിലും മോദിക്ക് മനസിലാക്കാന്‍ പറ്റുമായിരുന്നു. 

വിദേശകാര്യ വകുപ്പിന് മാത്രമായി ക്യാബിനറ്റ് മന്ത്രി ഉണ്ടെങ്കിലും മോദിയുടെ കണ്‍വെട്ടത്താണ് എന്തും നടക്കൂ. പക്ഷേ, ചില കാര്യങ്ങള്‍ അദ്ദേഹം മനസിലാക്കേണ്ടതുണ്ട്, എതിരാളിയോട് ഏറ്റുമുട്ടുമ്പോള്‍ – ശത്രു എന്നാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ തീരുമാനങ്ങളെടുക്കുന്ന ആളുകള്‍ ചൈനയെപ്പറ്റി പറയുന്നത്- അവര്‍ നിങ്ങളുടെ നീക്കങ്ങളെ എങ്ങനെയായിരിക്കും മറികടക്കാന്‍ ശ്രമിക്കുന്നത് എന്നെങ്കിലും ആലോചിക്കേണ്ടതുണ്ടായിരുന്നില്ലേ?

1998-ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ ദേശീയ സുരക്ഷാ ഉപദേശകനായിരുന്ന ബ്രജേഷ് മിശ്ര ചെയ്തതും മോദി ചെയ്തതു തന്നെയാണ്. ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോള്‍ അതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ചൈനയില്‍ നിന്ന്‍ ഭീഷണി നേരിടുന്നു എന്നായിരുന്നു.

അതായത്, 18 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്യങ്ങളൊക്കെ ഇന്നും പഴയപടി തന്നെ. 

 

എന്‍എസ്ജി ചര്‍ച്ചകള്‍ തെളിയിക്കുന്ന ഒരു കാര്യം ഇതാണ്. ലോകം മാറിക്കഴിഞ്ഞു. അമേരിക്കയുടെ കൂടെ നിന്ന്‍ ചൈനയോട് ഒരു കൈ നോക്കാം എന്ന്‍ പ്രതീക്ഷിക്കുന്നത് ഇന്ത്യക്ക് സംഭവിക്കുന്ന അബദ്ധമാവും. അതുമല്ലെങ്കില്‍ വ്യാപാര, സാമ്പത്തിക സഹകരങ്ങളില്‍ മേഖലകളില്‍ ചൈനയുമായുള്ള എല്ലാ സഹകരണവും പിന്‍വലിച്ച് പറ്റുമെങ്കില്‍ അവരെ ശിക്ഷിക്കണം.

 

ഒക്ടോബറില്‍ ഗോവയില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ യോഗം നടക്കുന്നുണ്ട്. അന്ന് നല്ലൊരു ആതിഥേയനായി നിന്ന്, രാജ്യത്തിന് നഷ്ടപ്പെട്ട പ്രാമുഖ്യം തിരികെ പിടിക്കാനുള്ള നല്ലൊരു അവസരം മോദിക്കുണ്ട്. പക്ഷേ ഫോറിന്‍ പോളിസി എന്നത് എന്‍.ആര്‍.ഐക്കാര്‍ ട്വിറ്ററില്‍ നടത്തുന്ന റോഡ്‌ഷോ ആണെന്ന് ഇപ്പോഴും മോദി ധരിക്കുകയാനെങ്കില്‍ കാര്യങ്ങള്‍ ഇതിനേക്കാള്‍ മോശമായ അവസ്ഥയിലേക്കായിരിക്കും പോകുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍