UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തട്ടിയും തടഞ്ഞും മോദിയുടെ സാമ്പത്തിക പരിഷ്കരണങ്ങള്‍

Avatar

എന്‍ഡ കരന്‍, ഉണ്ണികൃഷ്ണന്‍
(ബ്ലൂംബര്‍ഗ്)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അധികാരത്തിലെത്തിയത്, സമ്പദ് രംഗം വളര്‍ച്ചയുടെ പാതയിലാക്കും, അഴിമതി തുടച്ചുനീക്കും, രാജ്യത്തെ സങ്കീര്‍ണമായ നിയന്ത്രണ സംവിധാനത്തെ നേരെയാക്കി വിദേശ നിക്ഷേപം ആകര്‍ഷിക്കും എന്നൊക്കെ വാഗ്ദാനം നല്‍കിയായിരുന്നു.

കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിനാണ് മോദി ബി ജെ പിയെ നയിച്ചത്. ഏഷ്യയിലെ മൂന്നാമത് വലിയ സമ്പദ് വ്യവസ്ഥയുടെ പുത്തന്‍ കാഹളമായി അത് തോന്നിച്ചു.

ഇപ്പോള്‍ ഭരണത്തിന്റെ രണ്ടാം വര്‍ഷം അടുക്കാറാകവേ മോദിയുടെ പരിഷ്കരണ മോഹങ്ങള്‍ മരവിപ്പിലാണ്. മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ ജി ഡി പി വളര്‍ച്ച 7.6% ആകുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ ലോകത്തെ വേഗത്തില്‍  വളരുന്ന സമ്പദ് രംഗം എന്ന നിലയില്‍ ചൈനയെ മറികടന്നു എന്നാണ് നല്ല വാര്‍ത്ത. ആഗോള എണ്ണ വിലയിലെ ഇടിവ് പണപ്പെരുപ്പം കുറക്കാനും കോര്‍പ്പറേറ്റ് ലാഭം വര്‍ദ്ധിപ്പിക്കാനും നടപ്പ് ധനക്കമ്മി കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്.

വളര്‍ന്നുവരുന്ന വിപണികളില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിയുന്ന കാലത്ത് റെയില്‍വേ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള 2015-ലെ മോദിയുടെ തീരുമാനം വലിയ നിക്ഷേപം ആകര്‍ഷിച്ചു.  ഈ നിക്ഷേപ വരവ് മാര്‍ച്ച് 2014-നു ശേഷം വിദേശ നാണയ ശേഖരം 47 ബില്ല്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് ഡിസംബര്‍ അവസാനത്തോടെ 350 ബില്ല്യണ്‍ ഡോളറാകാന്‍ ഇടയാക്കി. അന്താരാഷ്ട്ര നാണയനിധി ആവശ്യത്തിന് വേണ്ടതെന്ന് കരുതുന്നതിന്റെ മൂന്നിരട്ടി വരുന്ന ഈ ധനശേഖരം അടുത്ത 8 മാസത്തേക്കുള്ള ഇറക്കുമതി ചെലവ് നേരിടാന്‍ പര്യാപ്തമാണ്.

ഇന്ത്യ അന്താരാഷ്ട്ര വാണിജ്യത്തിന് തുറന്നിരിക്കുന്നു എന്ന സൂചന നല്‍കിയതാണ് ഇന്ത്യന്‍  സമ്പദ് രംഗത്തിന് മോദി നല്കിയ നിര്‍ണ്ണായകമായ അന്താരാഷ്ട്ര നടപടി എന്നു പറയുന്നു, വിദേശകാര്യ ബന്ധങ്ങളിലെ വിദഗ്ധ അലീസ ഐറേസ്.

ചുവപ്പുനാട മുറിച്ചു. കച്ചവടത്തിനുള്ള എളുപ്പത്തിന്റെ കാര്യത്തില്‍ ലോകബാങ്കിന്റെ പട്ടികയില്‍ ഇന്ത്യയുടെ നില ഉയര്‍ന്നു. രണ്ടുതവണയിലേറെ മുതിര്‍ന്ന ആഗോള വ്യാപാര പ്രമുഖര്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് തങ്ങളുടെ നിക്ഷേപത്തിനുള്ള ലക്ഷ്യസ്ഥാനമായി ചൈനയേക്കാളേറെ ഇന്ത്യയെ തെരഞ്ഞെടുത്തതായി Ernest&Young സര്‍വെ കാണിക്കുന്നു.

രാജ്യത്തെ ഒരു ആഗോള നിര്‍മാണശാലയാക്കാനും മോദി ലക്ഷ്യമിടുന്നു. അദ്ദേഹത്തിന്റെ ‘Make in India’ പദ്ധതിയില്‍ ഇതുവരെ 400 ബില്ല്യണ്‍ ഡോളര്‍ വരുന്ന നിക്ഷേപത്തിനുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. നടപ്പായാല്‍ അത് കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ ലഭിച്ച നിക്ഷേപത്തിനെക്കാളും കൂടുതലാകും. 2022-ഓടെ 100 ദശലക്ഷം പുതിയ നിര്‍മ്മാണശാല തൊഴിലുകള്‍ ഉണ്ടാക്കാനും മോദി അധികാരത്തിലേറുമ്പോള്‍ ഉള്ള 18 ശതമാനത്തില്‍ നിന്നും സമ്പദ് രംഗത്തില്‍ നിര്‍മാണമേഖലയുടെ പങ്ക് 25 ശതമാനമാക്കാനും സര്ക്കാര്‍ ലക്ഷ്യമിടുന്നു.

അതേസമയം മറ്റ് പല മേഖലകളിലും മോദി മടിച്ച് നില്‍ക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കാനുള്ള വാഗ്ദാനത്തില്‍ നിന്നും അദ്ദേഹം പിറകോട്ടുപോയി. രാജ്യത്താകെ ഒരൊറ്റ വിപണി സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിലുള്ള ചരക്ക് സേവന നികുതി, പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ നടപ്പാക്കാനായിട്ടില്ല. വിദേശ നിക്ഷേപകരുടെ തലവേദനയായ കമ്പനികളെ മുന്‍കാലപ്രാബല്യത്തില്‍ നികുതി ചുമത്താനുള്ള അധികാരം സര്‍ക്കാര്‍ ഇപ്പൊഴും കൈവശം വെക്കുന്നു. തൊഴില്‍ നിയമങ്ങളുടെ പരിഷ്കരണവും മാറ്റിവെച്ചിരിക്കുന്നു.

കയറ്റുമതിയും പിറകോട്ടടിച്ചിരിക്കുന്നു. കിട്ടാക്കടങ്ങള്‍ സെപ്റ്റംബര്‍ അവസാനത്തില്‍ 14 കൊല്ലത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. ഇത് വളര്‍ച്ചയെ പിറകോട്ടടിപ്പിക്കാം.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു അഭിപ്രായ സര്‍വേയില്‍ മോദിയുടെ സ്വീകാര്യത 58% എന്ന അസൂയാവഹമായ നിരക്കിലാണെങ്കിലും ഇന്ത്യയിലെ മൂന്നാമത്തെ വലിയ ജനസംഖ്യയുള്ള, കുറഞ്ഞ വരുമാനമുള്ള  ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പിലേറ്റ തോല്‍വി കഴിഞ്ഞ ബജറ്റില്‍ കൂടുതല്‍ കര്‍ഷക സൌഹൃദ നടപടികള്‍ സ്വീകരിക്കാന്‍ മോദിയെ നിര്‍ബന്ധിതനാക്കി. ഇപ്പോള്‍ പ്രതിപക്ഷത്തിന് മുന്‍തൂക്കമുള്ള രാജ്യസഭയില്‍ നിയന്ത്രണം ലഭിക്കുക എന്ന ലക്ഷ്യത്തിന് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ മോദിക്ക് നിര്‍ണായകമാണ്. പരിഷ്കരണ നയങ്ങളെ ഒറ്റക്കെട്ടായി പ്രതിപക്ഷം അവിടെ തടയുന്നുണ്ട്.

“ആഭ്യന്തരവും വൈദേശികവുമായ അനുകൂല ഘടകങ്ങളെ ഏറെ കാത്തിരുന്ന, ഉത്പാദനം കൂട്ടാനും ദീര്‍ഘകാല വളര്‍ച്ച നേടാനുമുള്ള അടിസ്ഥാന പരിഷ്കരണങ്ങള്‍ നടപ്പാക്കാനുള്ള ഒരു മാര്‍ഗമായി ഉപയോഗിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു,”IMF ചൈന വിഭാഗത്തിന്റെ മുന്‍ മേധാവി ഈശ്വര്‍ പ്രസാദ് പറഞ്ഞു.

പരിഷ്കരണ നടപടികളിലെ കാലതാമസം വളര്‍ച്ചയെ ബാധിക്കുമെന്നും, പണപ്പെരുപ്പം കൂടുന്നതിനും നിക്ഷേപകരുടെ അസംതൃപ്തിക്കും കാരണമാകുമെന്ന് IMF ഈയിടെ മുന്നറിയിപ്പ് നല്കിയിരുന്നു.

“വ്യാവസായിക വളര്‍ച്ച ഒറ്റയക്കത്തിലും കയറ്റുമതിയിടിവ് ഇരട്ടയക്കത്തിലും സമ്പാദ്യ വളര്‍ച്ച എന്നത്തേക്കാളും കുറയുകയും ചെയ്യുന്ന അവസ്ഥയില്‍, നിര്‍മാണമേഖല ഏതാണ്ട് 12% വളരുന്ന ഘട്ടത്തില്‍  ത്രൈമാസ ജി ഡി പി വളര്‍ച്ച ഒരു വര്‍ഷം 7 ശതമാനത്തിന് മുകളില്‍ എങ്ങനെ പോകുമെന്ന് അറിയില്ല,”Deutsche Bank, മുഖ്യ സാമ്പത്തിക വിദഗ്ധന്‍ തൈമൂര്‍ ബൈഗ് പറഞ്ഞു.

ഇതിനുപുറമേ മത, ജാതി, അഭിപ്രായ സ്വാതന്ത്ര്യ വിഷയങ്ങളില്‍ കടുത്ത തര്‍ക്കങ്ങള്‍ നടക്കുന്നു. പലരും ഇതിന് മോദിയുടെ സ്വേച്ഛാധിപത്യ ശൈലിയിലുള്ള ഭരണത്തെ കുറ്റപ്പെടുത്തുന്നുണ്ട്.  “പ്രതിപക്ഷം നിരന്തരമായി വിവാദമായ ശ്രമങ്ങളെയെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷേ സര്‍ക്കാരും പഴി അര്‍ഹിക്കുന്നുണ്ട്,”Carnegie Endowment for International Peace-ലെ സീനിയര്‍ അസോസിയേറ്റ് മിലന്‍ വൈഷ്ണവ് പറഞ്ഞു. “പല തരത്തിലും ഈ സര്‍ക്കാരിന്റെ സാമ്പത്തിക ലോകവീക്ഷണം പൂര്‍ണമായും നിശ്ചയിക്കപ്പെട്ടിട്ടില്ല.”

എന്നാലും മോദിയുടെ അജണ്ട വലുതാണ്. 2018 മെയ് മാസമാകുമ്പോള്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി, ജനസംഖ്യയിലെ 70 ശതമാനത്തിനും വീട്, 2022-ഇല്‍ ഇന്ത്യയെ 100 ജിഗാവാട്ട് സൌരോര്‍ജ ഉത്പാദനത്തോടെ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ ഉത്പാദന ശക്തികളിലൊന്നാക്കുക എന്നിവയൊക്കെ അതില്‍പ്പെടുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഉയര്‍ന്നിട്ടുണ്ടെന്നും പുതിയ പല പദ്ധതികളും തുടങ്ങിയിട്ടുണ്ടെന്നും അന്താരാഷ്ട്ര നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമായെന്നും പറയുന്നു ലണ്ടനിലെ Chatham House ഗവേഷണ കേന്ദ്രത്തിലെ ഗരെത്ത് പ്രൈസ്. “അതേ സമയം ഹ്രസ്വകാല നേട്ടങ്ങള്‍ സുസ്ഥിരവളര്‍ച്ചയിലേക്ക് എത്തിക്കണമെങ്കില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുമുണ്ട്.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍