UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതാണ് മോദിക്കാലത്തെ പുതിയ ഇന്ത്യ

Avatar

ഇതാണ് മോദി കാലത്തെ പുതിയ ഇന്ത്യ. ഇവിടെ ചാനലുകള്‍ അടച്ചു പൂട്ടും. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് എന്‍.ജി.ഓകളെ വിലക്കും. ഭിന്നാഭിപ്രായങ്ങള്‍ വച്ചു പൊറുപ്പിക്കില്ല.

 

ടീം അഴിമുഖം

 

ജനാധിപത്യത്തിന്റെ ആശയം എന്നാല്‍ അവസാനത്തെ മനുഷ്യനു വരെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം ലഭിക്കുക എന്നതും അതുവഴി സ്വയം വികസിക്കുക എന്നതുമാണ്. എന്നാല്‍ അത്തരത്തില്‍ നീണ്ടു നില്‍ക്കുന്ന ഭിന്നാഭിപ്രായങ്ങള്‍ രാജ്യത്തെ വിഭജിക്കും… അനാവശ്യമായി അത്തരം ഭിന്നാഭിപ്രായങ്ങള്‍ തുടരുകയാണെങ്കില്‍ അവിടെ വികസനമുണ്ടാകില്ല.- ഇന്ത്യ ഐഡിയ കോണ്‍ക്ലേവില്‍ പങ്കെടുത്തുകൊണ്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതാണിത്.

 

ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്ക്, ഒരുത്തരവില്‍ നിന്ന് മറ്റൊരുത്തരവിലേക്ക്, ഒരു നടപടിക്കു പിന്നാലെ മറ്റൊരു നടപടി അങ്ങനെ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന പുതിയ സര്‍ക്കാര്‍ പുതിയ ഒരിന്ത്യ നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് പരിചയമില്ലെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ തുലഞ്ഞു എന്നു തന്നെയാണ്. കാരണം അവര്‍ പുതിയ ഇന്ത്യക്ക് നല്‍കുന്ന ഈ നിര്‍വചനം മനസിലാക്കുകയും അത് അനുസരിക്കുകയും ചെയ്തില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിഞ്ഞു എന്നു വരില്ല.

 

ഷാ തന്റെ പുതിയ ഇന്ത്യയെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചു. “നരേന്ദ്ര മോദിയാണ് പ്രധാനമന്ത്രി. അദ്ദേഹത്തെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. അദ്ദേഹത്തിന്റെ നയങ്ങളെ, മന്ത്രിമാരെ ഒക്കെ വിമര്‍ശിക്കാം. പക്ഷേ നിങ്ങള്‍ രാജ്യത്തിനെതിരെ സംസാരിച്ചാല്‍ അത് ക്ഷമിക്കാന്‍ കഴിയില്ല. അത്തരം കാര്യങ്ങളല്ല അഭിപ്രായ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്…”

 

കുറച്ചുദിവസം മുമ്പ് തന്റെ പരമോന്നത നേതാവ് മോദി രാംനാഥ് ഗോയങ്ക പുരസ്‌കാരദാന ചടങ്ങില്‍ പ്രസതാവിച്ച കാര്യങ്ങളെ ഒന്നു കൂടി വിശദമാക്കുക മാത്രമായിരുന്നു അമിത് ഷാ. “സര്‍ക്കാരിനെ എത്രത്തോളം വിമര്‍ശിക്കുന്നുവോ അത്രത്തോളം നല്ലതാണ്. അതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ രാജ്യത്തിന്റെ ഐക്യത്തിനായിരിക്കണം നാം മുന്‍ഗണന നല്‍കേണ്ടത്. അക്കാര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ പിഴവുകളുണ്ടായാല്‍… നിങ്ങള്‍ക്ക് അതൊരു വാര്‍ത്ത മാത്രമായിരിക്കും, നിങ്ങള്‍ മറ്റു വാര്‍ത്തകളുടെ പിറകേ പോവുകയും ചെയ്യും, പക്ഷേ അതുണ്ടാക്കുന്ന മുറിവ് വലുതായിരിക്കും”. മോദി പറഞ്ഞു. വസ്തുതകളേയും സത്യത്തേയും കുറിച്ച് പ്രധാനമന്ത്രി കാര്യമായൊന്നും പറഞ്ഞില്ല. പക്ഷേ അദ്ദേഹം ഇപ്പോള്‍ നിര്‍വചിച്ചുകൊണ്ടിരിക്കുന്ന പുതിയ ഇന്ത്യയിലെ ഐക്യത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ആശങ്ക.

 

ഈ പുതിയ ഇന്ത്യയില്‍ ആരും വേട്ടയാടപ്പെടാം. മറ്റെല്ലാ ചാനലുകളും നല്‍കിയ വാര്‍ത്തകള്‍ നല്‍കിയാലും ഒരു ചാനല്‍ മാത്രമായി വേട്ടയാടപ്പെടാം. അതായത്, ഈ നവംബര്‍ ഒമ്പതിന് എന്‍.ഡി.ടി.വി ഇന്ത്യ എന്ന മോദിയോട് വിമര്‍ശനാത്മകമായി ഇടപെടുന്ന ഹിന്ദി ചാനല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. പത്താന്‍കോട്ട് എയര്‍ബേസിലെ ഭീകരാക്രമണം നടന്നുകൊണ്ടിരിക്കുമ്പോള്‍ മറ്റെല്ലാ ചാനലുകളേയും പോലെ വാര്‍ത്ത കൊടുത്ത കുറ്റത്തിനാണ് അവരെ ശിക്ഷിച്ചിരിക്കുന്നത്. അവിടെ രണ്ടു തീവ്രവാദികള്‍ കൂടി ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയോ എന്നത് ഇവിടെ പ്രസക്തമല്ല, മാത്രമല്ല, അക്കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടുമില്ല. ഈ പുതിയ ഇന്ത്യയില്‍ അതൊക്കെ നടക്കും. ഒക്‌ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ കാശ്മീര്‍ റീഡര്‍ എന്ന പത്രം പൂട്ടിച്ചതു പോലെ.

 

 

ഈ പുതിയ ഇന്ത്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള തലത്തില്‍ ലഭിക്കുന്ന സംഭാവനകള്‍ സ്വീകരിക്കുന്നത് കുറ്റകരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തി നോക്കിയിട്ടു പോലുമില്ലാത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസവും ആരോഗ്യ സേവനവും നല്‍കുന്ന നൂറുകണക്കിന് എന്‍.ജി.ഓകളെയാണ് വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ നിന്ന് പ്രത്യേക കാരണങ്ങളൊന്നും പറയാതെ തന്നെ വിലക്കിയിട്ടുള്ളത്. എന്നാല്‍, നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വാരിക്കോരി കൊടുക്കുന്ന വെള്ളാനകള്‍ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനോ അനധികൃത മാര്‍ഗങ്ങളിലൂടെ കള്ളപ്പണം കടത്തിക്കൊണ്ടു വരുന്നതിനോ യാതൊരു വിലക്കുമില്ല.

 

ഈ പുതിയ ഇന്ത്യയില്‍ യുവാക്കള്‍ ലൈബ്രറികളില്‍ പോകുന്നതിനോ അവിടെ മണിക്കുറുകള്‍ ചെലവഴിക്കുന്നതിനോ യാതൊരു ആവശ്യവുമില്ല. ജനാധിപത്യമെന്ന സങ്കല്‍പ്പത്തിന് അടിത്തറയിടുന്ന അത്തരം കാര്യങ്ങളൊന്നും ആരും കൂടുതലായി പഠിക്കുകയോ മനസിലാക്കുകയോ ചെയ്യേണ്ടതില്ല. അവര്‍ ശാസ്ത്രീയ വിദ്യാഭ്യാസം നേടുകയോ ശാസ്ത്ര പുസ്തകങ്ങള്‍ പഠിക്കുകയോ ചെയ്യേണ്ടതില്ല.

 

ഇതാണ് പുതിയ ഇന്ത്യ- ഇത് അമര്‍ത്യ സെന്നിന്റെ അല്ല, മറിച്ച് കെ.പി ശശികലയുടെ ഇന്ത്യയാണ്.

 

ഇതാണ് പുതിയ ഇന്ത്യ- ഇവിടെ അംഗീകരിക്കപ്പെടുന്നത് ഗോഡ്‌സെയുടെ അക്രമമാണ്, ഗാന്ധിയോ അദ്ദേഹത്തിന്റെ അഹിംസയോ അല്ല.

 

ഈ പുതിയ ഇന്ത്യയെ മനസിലാക്കാന്‍ നിങ്ങള്‍ അധികം പാഠപുസ്തകങ്ങളൊന്നും വായിക്കേണ്ടതില്ല. മറിച്ച് സ്ഥിരമായി ട്വിറ്റര്‍ ട്രോളുകളും ടി.വി സ്റ്റുഡിയോകളിലെ വാഗ്വാദങ്ങളും മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും; ഈ പുതിയ ഇന്ത്യയില്‍ എങ്ങനെ നിലനില്‍ക്കാന്‍ കഴിയും എന്നു നിങ്ങള്‍ക്ക് മനസിലാകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍