UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ എസ് എസിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ അറിയാം: സീതാറാം യെച്യൂരി

അഴിമുഖം പ്രതിനിധി

കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും അതില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വര്‍ഗീയതയെ ഉപയോഗിക്കുന്നുവെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറം യെച്യൂരി അഭിപ്രായപ്പെട്ടു. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിച്ച നവ കേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം ശംഖമുഖത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആക്രമണാത്മക സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടത്തുന്ന ഇന്ത്യ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കീഴാള പങ്കാളിയായി അധപ്പതിച്ചു. ഇന്ത്യയില്‍ വര്‍ഗീയതയുടെ ആക്രമണവും വര്‍ദ്ധിച്ചു. അത് നമ്മുടെ പാര്‍ട്ടി ആസ്ഥാനം ആക്രമിക്കുന്നത് വരെയെത്തി.

ഇന്ത്യയുടെ മതേതര സ്വഭാവത്തെ അട്ടിമറിച്ച് ആര്‍ എസ് എസിന്റെ ആശയത്തില്‍ അധിഷ്ഠിതമായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവരുമായി അഭിപ്രായ വ്യത്യാസ രേഖപ്പെടുത്തന്നവരെ അസഹിഷ്ണുതയോടെ ആക്രമിക്കുകയാണ്. അമിതാധികാര പ്രണവത മോദി സര്‍ക്കാര്‍ പുലര്‍ത്തുന്നുണ്ട്.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ അഭിഭാഷകരുടെ വേഷമണിഞ്ഞ ആര്‍ എസ് എസുകാര്‍ ജൂഡീഷ്യറിക്ക് നേരെ ആക്രമണം നടത്തി. ഇത് ഫാസിസ്റ്റ് പ്രവണതയാണ്.

ഇടതുപക്ഷം ദേശവിരുദ്ധരാണെന്ന് അവര്‍ പറയുന്നു. അതിനാല്‍ ജെ എന്‍ യു ദേശ വിരുദ്ധമാണെന്ന് പറയുന്ന അവര്‍ ആക്രമണം നടത്തുകയാണ്. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായ ഗോഡ്‌സയെ ആഘോഷിക്കുന്നവരാണ് ഇടതുപക്ഷത്തെ ദേശ വിരുദ്ധരെന്ന് വിളിക്കുന്നത്. അവരുടെ സര്‍ട്ടിഫിക്കേറ്റ് നമുക്കു വേണ്ട.

അവര്‍ക്കെതിരെ രാഷ്ട്രീയമായി നമ്മള്‍ പ്രതിരോധിക്കും. നമ്മുടെ സഖാക്കളേയും ഇന്ത്യയും എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാം. ആധുനിക ഇന്ത്യയെ രൂപീകരിക്കുന്നതിന് സിപിഐഎം നേതൃത്വം നല്‍കും. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല.

ഇരുവര്‍ക്കും എതിരായ ബദല്‍ ഇടതുപക്ഷത്തിനേ കഴിയുകയുള്ളൂ. ഇന്ത്യന്‍ ജനതയില്‍ നാലില്‍ മൂന്നു പേരും യുവജനങ്ങളാണ്. അവര്‍ക്ക് വിദ്യാഭ്യാസവും സുസ്ഥിരമായ തൊഴിലും നല്‍കാന്‍ കഴിയുന്ന വിഭവങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്നത് വിദേശ മൂലധനത്തിനും ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും വേണ്ട സഹായം ചെയ്തു കൊടുക്കയാണ്.

ഓരോ ആഴ്ചയിലും ഓരോ മുദ്രാവാക്യങ്ങള്‍ മോദി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുകയാണ്. അവയോരൊന്നും പരാജയപ്പെടുകയാണ്. വ്യാവസായിക, കാര്‍ഷിക, തൊഴില്‍ മേഖലകള്‍ തകര്‍ന്നു. 26 ശതമാനം വര്‍ദ്ധനവാണ് കര്‍ഷ ആത്മഹത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചു വിടാനാണ് സര്‍ക്കാര്‍ വര്‍ഗീയതയെ ഉപയോഗിക്കുന്നത്.

വിദേശ നയത്തിലെ വഴുവഴുപ്പന്‍ നയം മറ്റു ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ അന്തസ് ഇടിച്ചിരിക്കുകയാണെന്നും യെച്യൂരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍