UPDATES

എന്തുകൊണ്ട് ജഗ്ഗി വാസുദേവിന്റെ 112 അടി ശിവപ്രതിമ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യരുത്

ആള്‍ദൈവം ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ പരിസ്ഥിതി, നിര്‍മ്മാണ ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചാണ് പശ്ചിമഘട്ടത്തിന്റെ താഴ്വരയില്‍ ഇത്തരത്തില്‍ ഒരു പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്

ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച 112 അടി പൊക്കമുള്ള ശിവന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച അനാച്ഛാദനം ചെയ്യാനിരിക്കെ ഇതിന്റെ നിര്‍മ്മാണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. പരിസ്ഥിതി, നിര്‍മ്മാണ ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചാണ് പശ്ചിമഘട്ടത്തിന്റെ താഴ്വരയില്‍ ഇത്തരത്തില്‍ ഒരു പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആദിവാസി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. കോയമ്പത്തൂരിന് നിര്‍മ്മിച്ചിരിക്കുന്ന പ്രതിമ പരിസ്ഥിതിക്ക് കനത്ത നാശമാണ് വരുത്തിവച്ചിരിക്കുന്നത്.

അവശ്യമായ അനുമതികള്‍ ഇല്ലാതെ കോയമ്പത്തൂരില്‍ ആയിരക്കണക്കിന് ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ പേരില്‍ ഈശ ഫൗണ്ടേഷന്‍ 2012 മുതല്‍ തന്നെ ആരോപണങ്ങള്‍ നേരിടുകയാണ്. ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രതിമയ്ക്കും നിയമപരമായ അനുമതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ആദിവാസി സംഘടനകള്‍ പറയുന്നു. കുന്നിന്‍പുറങ്ങള്‍ സംരക്ഷിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ഭരണഘടന സ്ഥാപനമായ ഹിൽ സംരക്ഷണ അതോറിറ്റിയുടെ അനുമതി പോലും ഇതിന് ലഭിച്ചിട്ടില്ല.

ഫൗണ്ടേഷന്റെ ഇഷ യോഗ കേന്ദ്രത്തിന്റെ ആസ്ഥാനമായ കോയമ്പത്തൂരില്‍ പശ്ചിമഘട്ടത്തിലെ വെള്ളിയാന്‍ഗിരി കുന്നുകള്‍ക്ക് സമീപം ഇക്കരെ പൂലുവമ്പട്ടി ഗ്രാമത്തിലാണ് വിവാദ നിര്‍മ്മാണം നടന്നിരിക്കുന്നത്. വന്‍കിട വാണിജ്യവല്‍കരണത്തില്‍ നിന്നും കുന്നിന്‍പുറങ്ങളെ സംരക്ഷിക്കുന്നതിനായി 1991ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ കുന്നിപുറ സംരക്ഷണ അതോറിറ്റി നോട്ടിഫൈ ചെയ്തിരിക്കുന്ന ഗ്രാമങ്ങളില്‍ ഒന്നാണിത്. അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതിയില്ലാതെ ഫൗണ്ടേഷന്‍ പ്രദേശത്ത് 60 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി 2012 നവംബറില്‍ നടത്തിയ പരിശോധനയില്‍ കോയമ്പത്തൂര്‍ നഗരാസൂത്രണ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് 2012 നവംബര്‍ അഞ്ചിന് ഫൗണ്ടേഷന് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനുള്ള മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് നിര്‍മ്മിച്ചിരിക്കുന്ന നിയമവിരുദ്ധ കെട്ടിടങ്ങള്‍ പൊളിച്ച് പ്രദേശം പൂര്‍വസ്ഥിതിലാക്കണമെന്ന് ആവശ്യപ്പെട്ട് 2012 ഡിസംബര്‍ 21ന് ഫൗണ്ടേഷന് മറ്റൊരു ഉത്തരവും നല്‍കിയിരുന്നു. ഈ ഉത്തരവ് ഇതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല.

കുന്നിന്‍പുറ സംരക്ഷണ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് വമ്പന്‍ പ്രതിമ ഉള്‍പ്പെടെയുള്ള എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടന്നിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി വെള്ളിയാന്‍ഗിരി കുന്ന് ആദിവാസി സംരക്ഷണ സമിതി ഫെബ്രുവരി 17ന് ഒരു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. നെല്‍പാടങ്ങളും പ്രധാന ജലസേചന കനാലുകളും ഉള്‍പ്പെടുന്ന നീര്‍ത്തട പ്രദേശത്താണ് അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിരിക്കുന്നത് എന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ പ്രദേശത്ത് മൂന്ന് വര്‍ഷമായി കൃഷി നടക്കുന്നില്ലെന്നും പ്രധാന ജലസേചന കനാലുകളൊന്നും കടന്നുപോകുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുന്നതിനുള്ള അനുമതി തേടിക്കൊണ്ട് ഇഷ ഫൗണ്ടേഷന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധന. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ പ്രതിമ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്.

എന്നാല്‍, ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഒരു കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മതിയായ അനുമതികളില്ലാതെയാണ് പ്രതിമ നിര്‍മ്മിച്ചിരുന്നതെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഇഷ ഫൗണ്ടേഷന്റെ നിയമലംഘനങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ വെട്രിശെല്‍വന്‍ ചൂണ്ടിക്കാണിക്കുന്നു.

വെള്ളിയാഴ്ച നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങള്‍ പ്രദേശത്തെ ആനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ദേശീയ ഹരിത ട്രിബ്യൂണലിന്റെ തെക്കന്‍ ബഞ്ചിലും ഒരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പ്രദേശം മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതാണെന്നും വന്‍ശബ്ദങ്ങള്‍ വന്യജീവികളെ പ്രകോപിതരാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ആഘോഷങ്ങള്‍ ഫെബ്രുവരി 24ന് നടക്കാനിരിക്കെ ഹരിത ട്രിബ്യൂണല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 24ലേക്കും ഹൈക്കോടതി മാര്‍ച്ച് മൂന്നിലേക്കും മാറ്റിയിരിക്കുകയാണ്.

ആള്‍ദൈവങ്ങള്‍ക്കും ന്യൂ ഏജ് ഗുരുക്കള്‍ക്കും ഇടയിലാണ് നമ്മള്‍: ശശികുമാര്‍; ഇന്ത്യയെ അസഹിഷ്ണുതയുടെ നാടായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍: സദ്ഗുരു

എന്നാല്‍ വെള്ളിയാന്‍ഗിരിയിലെ പ്രതിമയുടെ അനാച്ഛാദനത്തിനെതിരെ തമിഴ്‌നാട് എമ്പാടുമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി അണിചേരുകയാണ്. ഇഷ ഫൗണ്ടേഷന്‍ 13 ലക്ഷം ചതുശ്ര അടി അനധികൃത നിര്‍മ്മാണത്തിന് ഉത്തരവാദികളാണെന്ന് മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ഹരി പെരന്താമന്‍ ആരോപിച്ചു. ഇത്തരത്തിലുള്ള ഒരു സംഘടനയുടെ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ധാര്‍മ്മികമാണോ എന്നും ചെന്നൈയില്‍ നടത്തിയ ഒരു പത്രസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. എന്തെങ്കിലും മതപരമായ പ്രധാന്യത്തിന്റെ പേരിലല്ല ചടങ്ങിനെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി, കെട്ടിടനിര്‍മ്മാണ ചട്ടങ്ങളുടെ നഗ്നമായ ലംഘനങ്ങളുടെ പേരിലാണ് എതിര്‍പ്പെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്നതോടെ ഈ ചട്ട ലംഘനങ്ങള്‍ക്ക് നിയമസാധുത ലഭിക്കുകയാണ് ചെയ്യുന്നതെന്നും ഹരി പെരന്താമന്‍ ചൂണ്ടക്കാണിക്കുന്നു.

ഇതിനിടെ ചടങ്ങ് നടക്കുന്ന ദിവസം കൊയമ്പത്തൂരില്‍ തെരുവ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും വീടുകളില്‍ കരിങ്കൊടി ഉയര്‍ത്താനുമാണ് പ്രതിഷേധക്കാരുടെ പദ്ധതി.

മതം, അസഹിഷ്ണുത, ഫാഷിസം: ശശികുമാര്‍ – ജഗ്ഗി വാസുദേവ് സംവാദം (ഓഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍