UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തായ്‌ലന്‍ഡില്‍ എത്ര മോദി ഭക്തരുണ്ട്? ബി ജെ പിയുടെ സോഷ്യല്‍ മീഡിയ തട്ടിപ്പുകള്‍

Avatar

അഴിമുഖം പ്രതിനിധി

2014 ഇലക്ഷനില്‍ പരസ്യത്തിനും സോഷ്യല്‍ മീഡിയ പ്രമോഷനുമായി 5000 കോടിയിലേറെ രൂപയാണ് ബി.ജെ.പി ചിലവാക്കിയതെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പിയുടെ മീഡിയ വിഭാഗം കൈകാര്യം ചെയ്തിരുന്ന മാഡിസണ്‍ വേള്‍ഡിന്റെ എം.ഡിയും ചെയര്‍മാനുമായ സാം ബാല്‍സാറയോട് ഇതിനെപ്പറ്റി അന്ന് മാധ്യമങ്ങള്‍ ചോദിച്ചു. ചിലവുകളെപ്പറ്റി പ്രതികരിക്കാന്‍ പറ്റില്ല പക്ഷേ കാര്യങ്ങളെല്ലാം ‘പ്ലാന്‍’ പ്രകാരം തന്നെ നടക്കുന്നുണ്ട് എന്നായിരുന്നു മറുപടിയായി  അദ്ദേഹം പറഞ്ഞത്. സാം ബാല്‍സാറ യഥാര്‍ത്ഥ ചെലവ് വെളിപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും അനൌദ്യോഗിക കണക്കുകള്‍ പ്രകാരം 5000 കോടിയോളം രൂപ റേഡിയോ, ടെലിവിഷന്‍, പത്രം, സോഷ്യല്‍ മീഡിയ പ്രമോഷന്‍ എന്നീ തലങ്ങളിലായി ബി.ജെ.പി ചിലവാക്കി കഴിഞ്ഞിരുന്നു എന്ന് തെളിവുകള്‍ സഹിതമുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

മുഖ്യധാര മാധ്യമങ്ങള്‍ എന്ന് വിളിപ്പേരുള്ള ടെലിവിഷന്‍, പത്രം തുടങ്ങിയ  മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം പരസ്യങ്ങളും പെയ്ഡ് ന്യൂസുകളും വഴിയായിരുന്നു എന്നത് എല്ലാവരും ചര്‍ച്ച ചെയ്തതാണ്. അത് പക്ഷേ ബി.ജെ.പി മാത്രമല്ല കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ടികളും ഇങ്ങനെയുള്ള പ്രചാരണ പരിപാടികള്‍ ചെയ്യാറുണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പ്രവര്‍ത്തകരും പല സന്ദര്‍ഭങ്ങളിലായി പറഞ്ഞിട്ടുണ്ട്.

പക്ഷേ ഇതൊന്നുമായിരുന്നില്ല നവമാധ്യമങ്ങളിലെ ബി.ജെ.പിയുടെ ഇടപെടല്‍ സ്ട്രാറ്റജി. ഫേസ്ബുക്കും ട്വിട്ടറും അടക്കമുള്ള നവമാധ്യമങ്ങളില്‍ വ്യത്യസ്തവും സജീവവുമായ ഇടപെടലാണ് ബി.ജെ.പി നടത്തിയത്. ആം ആദ്മി പാര്‍ട്ടി അടക്കമുള്ള ‘ന്യൂ ജനറേഷന്‍’ പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ രാഷ്ട്രീയ പാര്‍ട്ടികളാണ്.

എന്തായിരുന്നു ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ മുന്നേറ്റത്തിന്റെ സത്യം?

ഈയടുത്തായി ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സ്ട്രാറ്റജി വളരെയേറെ മാറിയിട്ടുണ്ട്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായിരുന്ന, ചര്‍ച്ചകളില്‍ പോലും സജീവമായി ഇടപെട്ടിരുന്ന പല അക്കൌണ്ടുകളും ഇപ്പോള്‍ നിശബ്ദമാണ്. 

പക്ഷേ ചില പ്രത്യേക വിഷയങ്ങളില്‍ ബി.ജെ.പിയും അണികളും ട്വീറ്റ് ചെയ്ത് തുടങ്ങുമ്പോള്‍ അതിന്  സമാന്തരമായി പല അക്കൌണ്ടുകളില്‍ നിന്നും ഒരേ ഉള്ളടക്കമുള്ള ട്വീറ്റ് നിരന്തരം പോസ്റ്റ് ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് ആം ആദ്മി പാര്‍ട്ടിയുമായി ബി.ജെ.പി  ആശയ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന സമയത്തൊക്കെ ഇതേ അക്കൌണ്ടുകള്‍ ഒരേ ഉള്ളടക്കം ട്വീറ്റ് ചെയ്യുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് മോദി ഖത്തറില്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് ‘മോദി ഇന്‍ ഖത്തര്‍’ എന്നതായിരുന്നു ട്വിറ്ററില്‍ അന്നത്തെ ട്രെന്‍ഡ്. അനവധി ആളുകളാണ് അന്ന് അത് ട്വീറ്റ് ചെയ്തത്. അന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റായ അങ്കിത് ലാലും സുഹൃത്തും വളരെ സുപ്രധാനമായ ഒരു കണ്ടെത്തല്‍ നടത്തി.

മോദി ഇന്‍ ഖത്തര്‍ എന്ന ട്വിറ്റര്‍ ട്രെന്‍ഡിംഗ് പോസ്റ്റില്‍ ഏറ്റവുമധികം സജീവമായിരുന്ന അക്കൌണ്ടുകള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത് അതില്‍ മിക്കതും അകമ്പടി സേവക്കാരുടെ (escort service) അക്കൌണ്ട് ആയിരുന്നു.

ഈ അക്കൌണ്ടുകള്‍ എവിടെ നിന്നാണ് ഉപയോഗിക്കുന്നത് എന്നറിയാനുള്ള ശ്രമമായിരുന്നു പിന്നീട്. എന്നാല്‍ മുഴുവനായും അത് കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ചില അക്കൌണ്ടുകളുടെ പ്രഭവ സ്ഥാനം യു.എ.ഇ ആണെന്ന് കണ്ടെത്തി.

ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. അതിലൊന്ന് ‘ഉട്താ പഞ്ചാബ് ഫണ്ട്‌സ് ഉട്താ പഞ്ചാബ്’ എന്ന ട്രെന്‍ഡ് ആയിരുന്നു. ഇത്തവണയും ‘മോദി ഇന്‍ ഖത്തര്‍’ എന്ന ട്രെന്റില്‍ സജീവമായി പങ്കെടുത്ത അതേ അക്കൌണ്ടുകള്‍ ആയിരുന്നു ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ നടത്തിയത്. പക്ഷേ ഇത്തവണയും മുഴുവന്‍ അക്കൌണ്ടുകളും ഒരേ ഉള്ളടക്കം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും മനസ്സിലായി.

ഏറ്റവും പ്രധാനമായ കാര്യം അതില്‍ മിക്കവാറും അക്കൌണ്ടുകള്‍ക്കും വളരെ കുറച്ച് മാത്രമേ ഫോളോവേഴ്‌സ് ഉണ്ടായിരുന്നുള്ളൂ. ചില അക്കൌണ്ടുകളില്‍ വെറും നാലുപേരായിരുന്നു ഫോളോവേഴ്‌സ് ആയി ഉണ്ടായിരുന്നത്. ചിലതില്‍ മാത്രം നൂറോളം ആളുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ അക്കൌണ്ടുകളില്‍ നിന്ന് ശരാശരി 1200ഓളം ട്വീറ്റുകളാണ് ഉണ്ടായിരുന്നത്. പക്ഷേ അവരാകട്ടെ കുറച്ച് ആളുകളെ മാത്രമേ ഫോളോ ചെയ്യുന്നുണ്ടായിരുന്നുള്ളൂ. 

ഇനി മറ്റൊരു  ഇടപെടല്‍ കൂടി ശ്രദ്ധിച്ചാല്‍ വേറെ ചില കാര്യങ്ങള്‍ കൂടി  മനസ്സിലാകും. ഉഡ്താ പഞ്ചാബുമായി ബന്ധപ്പെട്ട ട്വീറ്റുകളില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ഉണ്ടായിരിക്കുന്നത് പഞ്ചാബില്‍ നിന്നാണ്. പല അക്കൌണ്ടുകളുടേയും പേരുകളാകട്ടെ പഞ്ചാബി ബന്ധമുള്ളതുമായിരുന്നു. പഞ്ചാബി പേരില്‍ ഇത്തരം ട്വീറ്റുകള്‍ നിരന്തരം പോസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ പൊതു വികാരം ഇതാണെന്ന് വിലയിരുത്തപ്പെടും. അങ്ങനെ തന്നെ ആകണം എന്നാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉദ്ദേശ്യവും. ഇത് അടുത്തു തന്നെ പഞ്ചാബില്‍ നടക്കാനിരിക്കുന്ന ഇലക്ഷനില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് പാര്‍ട്ടിക്ക് ഉറപ്പാണ്. അത്ര ശ്രദ്ധയോടെയാണ് ബി.ജെ.പി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത്. ബി.ജെ.പി അനുകൂല, ആപ്പ് പ്രതികൂല ട്വീറ്റുകളും ബി.ജെ.പിയുടെ അജണ്ടകള്‍ തന്നെ ട്രെന്‍ഡിംഗ് ആയി നിലനില്‍ക്കുന്ന തരത്തിലുള്ള ട്വീറ്റുകളും കൃത്യമായ സ്ട്രാറ്റജിയോടെ ബി.ജെ.പി നേതൃത്വത്തില്‍ നടക്കുന്നു.

ഒരു തായ്‌ലന്‍ഡ് കഥ

ഇനിയാണ് തമാശ. ഈ വിമര്‍ശനങ്ങളെല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ട്വിറ്റര്‍ ട്രെന്‍ഡ് നോക്കിയപ്പോള്‍ മുന്‍പ് ഉണ്ടായിരുന്ന അതേ വിഷയം തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പക്ഷേ ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ നടന്നിരിക്കുന്നത് തായ്‌ലന്‍ഡില്‍ നിന്നാണ്. ടൂറിസ്റ്റുകള്‍ വന്നു നിറയുന്ന രാജ്യത്ത് ഇത്രയേറെ മോദി ഭക്തരോ?

വളരെ കൌതുകകരമായ വിവരമായിരുന്നു അത്.

തായ്‌ലന്‍ഡിലെ സുഹാന്‍ പുരി എന്ന സ്ഥലത്ത് നിന്നായിരുന്നു അന്ന് ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ മോദിക്ക് വേണ്ടി ശബ്ദിച്ചത്.

മോദി, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യു.എസ്.എ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ഓരോ ഹാഷ് ടാഗും നിരീക്ഷിച്ചു. അന്ന് ലഭിച്ച വിവരങ്ങള്‍ വളരെ വ്യത്യസ്തവും അതിശയകരവുമായിരുന്നു.

മോദി സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന സമയത്ത് ‘മോദി ഇന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്ന ഹാഷ്ടാഗ് ആണ് ട്വിറ്ററില്‍ ട്രെന്‍ഡ് ആയിരുന്നത്. ഇത്തവണയും പ്രസ്തുത ഹാഷ് ടാഗില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ഉണ്ടായിരിക്കുന്നത് തായ്ല്‍ലന്‍ഡില്‍ നിന്ന് തന്നെയാണ്. പക്ഷേ ഉറവിടം പഴയതല്ല എന്ന് മാത്രം. തായ്‌ലന്‍ഡിലെ ഫ്ര നഖോന്‍ സി ആയുതായ എന്ന സ്ഥലത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ പ്രസ്തുത ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. തായ്‌ലന്‍ഡിലെ അധികമാരും ശ്രദ്ധിക്കാത്ത ഒരു സ്ഥലമാണ് ഫ്ര നഖോന്‍ സി ആയുതായ എന്ന സ്ഥലം.

അവിടെ ആര്‍ക്കാണ് മോദിയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനം ഇത്ര പ്രധാന്യമുള്ളതായി തോന്നുന്നത്?

സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും മോദി നേരെ അമേരിക്കയിലേക്കാണ് പോയത്. തുടര്‍ന്നും നേരത്തെ നടത്തിയ വിലയിരുത്തലുകള്‍ നടത്തിയപ്പോള്‍ ‘മോദി ഇന്‍ യു.എസ്.എ’ എന്ന ഹാഷ് ടാഗില്‍ സുഫാന്‍ പുരിയില്‍ നിന്നും ട്വീറ്റുകള്‍ ഉണ്ടായിരുന്നു. പക്ഷേ അന്ന് ഈ ഹാഷ് ടാഗ് ട്രെന്‍ഡിങ്ങില്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രം. മോദി മുന്‍പും അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇത്തവണത്തെ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയപ്രാധാന്യം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അല്‍പ നേരത്തേക്കെങ്കിലും മറ്റ് വിഷയങ്ങളെ ട്രെന്‍ഡിങ്ങില്‍ കയറാന്‍ അനുവദിക്കാം എന്ന് വിചാരിച്ചു കാണും.

പിന്നീട് മോദി മെക്‌സിക്കോയിലേക്ക് പോയി. അതിന് ശേഷം മോദി ഇന്‍ മെക്‌സിക്കോ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങില്‍ വന്നു. മെക്‌സിക്കോയില്‍ നിന്നും മോദി മടങ്ങിയപ്പോള്‍ വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് നോക്കിയപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമായി. ഇത്തവണയും ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ ഉണ്ടായിരിക്കുന്നത് തായ്‌ലന്‍ഡില്‍ നിന്ന് തന്നെയാണ്. ഇത്തവണയും സുഫാന്‍ പുരി തന്നെയായിരുന്നു മുന്‍പില്‍.

 

ഇതുവരെ അസ്വാഭാവികമായി ഒന്നും തോന്നേണ്ടതില്ല എന്നാണ് വാദമെങ്കില്‍. ഇനി ഉള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താന്‍ സാധിക്കണം എന്ന് മാത്രം.

തായ്‌ലന്‍ഡുകാര്‍ക്ക് ഇന്ത്യയിലെ പ്രധാന മന്ത്രിയുടെ ഇടപെടലുകളോട് അത്രയേറെ പ്രിയമാണോ? അതോ അവിടെ അത്രയേറെ ഇന്ത്യക്കാര്‍ ഉണ്ടോ? പിന്നീട് നടന്ന അന്വേഷണങ്ങള്‍ തെളിയിച്ചത് ഇപ്പറഞ്ഞവ രണ്ടും സത്യമല്ല എന്നാണ്. അന്ന് തായ്‌ലന്‍ഡുകാര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് അവരുടെ രാജാവിന്റെ സര്‍ജറിയെപ്പറ്റിയാണ്.

മുന്‍പ് സംസാരിച്ചതൊക്കെ രാജ്യാന്തരതലത്തില്‍ നടന്ന സംഭവങ്ങള്‍ ആയിരുന്നെന്ന സംശയത്തില്‍ എന്തുകൊണ്ട് തായ്ലാന്‍ഡ്‌ കൂടി ചിത്രത്തില്‍ വന്നു എന്ന കാര്യത്തില്‍  തീര്‍പ്പിലെത്താന്‍ സാധിക്കില്ല. അതുകൊണ്ട് രാജ്യാന്തര താല്‍പര്യങ്ങള്‍ ഇല്ലാത്ത ഹാഷ് ടാഗിന് വേണ്ടി കാത്തിരിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.

ട്രാന്‌സ്‌ഫോമിംഗ് ഇന്ത്യ എന്ന ഹാഷ്ടാഗ് പിന്നീട് ട്രെന്‍ഡിംഗ് ആയി. അതുകൂടി വിലയിരുത്തിയപ്പോള്‍ വീണ്ടും തായ്‌ലന്‍ഡ് മുന്നില്‍ വന്നു. ഇതെങ്ങനെ ബി.ജെ.പി ഇടപെട്ട ഹാഷ്ടാഗ് ആണെന്ന് ഉറപ്പിക്കാന്‍ പറ്റുമെന്ന സംശയം സ്വാഭാവികമായും ഉണ്ടായേക്കാം.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് പ്രസ്തുത ഹാഷ്ടാഗ് തന്റെ സ്വന്തം അക്കൌണ്ടില്‍ ഉപയോഗിച്ചത്. പിന്നീട് അത് ട്രെന്‍ഡ് ആകുകയായിരുന്നു. അതിന്റെയും ഉറവിടം അന്വേഷിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ ഉണ്ടായിരിക്കുന്നത് തായ്‌ലാന്‍ഡില്‍ നിന്നാണ് എന്ന് മനസിലായി. ഇത്തവണ മോദിയുടെ കൂടെ ഇതേ ഹാഷ്ടാഗ് ഉപയോഗിച്ച് സ്മൃതി ഇറാനിയും, രാജ്‌നാഥ് സിങ്ങും മനോഹര്‍ പരീക്കറും കൂടി ട്വീറ്റ് ചെയ്തിരുന്നു.

തുടര്‍ച്ചയായി ഇതേ സ്ഥലങ്ങള്‍ ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ നടത്തുന്നതിന് പുറകിലെ ചേതോവികാരം എന്തായിരിക്കും? ബി.ജെ.പിയുടെ യഥാര്‍ത്ഥ അനുകൂലികള്‍ തന്നെയാണോ ഈ ട്വീറ്റുകള്‍ മുഴുവന്‍ ചെയ്യുന്നത്?

രണ്ട് പ്രധാന കാരണങ്ങള്‍ ഇങ്ങനെയാകാം:

1. ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥലം ഒളിപ്പിക്കാന്‍ സഹായിക്കുന്ന വി.പി.എന്‍ (Virtual Private Network) സൗകര്യം ഉപയോഗിക്കുന്നുണ്ടാകണം. കള്ള ഐഡികള്‍ വഴി നിരവധി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുകയും അതുവഴി ബി.ജെ.പിയെയും പ്രധാനമന്ത്രിയും ലൈവ് ആയി നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുകയാവാം. അതായത് ഒരേ ഉള്ളടക്കം കോപ്പി പേസ്റ്റ് ഇടപാടിലൂടെ നിരവധി ഫേക്ക് അക്കൌണ്ടുകളില്‍ കൂടി പോസ്റ്റ് ചെയ്യുകയും അതുവഴി ട്രെന്‍ഡ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് തെളിയിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. ബി.ജെ.പിയുടെ യഥാര്‍ത്ഥ പിന്തുണക്കാര്‍ ഇപ്പോള്‍ പഴയത് പോലെ സജീവമല്ല.

2. ബി.ജെ.പി തായ്‌ലന്‍ഡിലെ ഏതെങ്കിലും മാര്‍ക്കറ്റിംഗ് കമ്പനിയെ വാടകയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടാകാം. ഫേക്ക് ഐഡികള്‍ ഉണ്ടാക്കുക, മറ്റു പാര്‍ട്ടിക്കാരെ കുറ്റപ്പെടുത്തുക അവര്‍ക്കെതിരെ പൊതു സമ്മതി നേടിയെടുക്കുക തുടങ്ങിയവ അടക്കം അവര്‍ കൈകാര്യം ചെയ്യുന്നുണ്ടാകാം.

ഓണ്‍ലൈനില്‍ തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പിന്തുണ കുറഞ്ഞു വരുന്നു എന്ന തിരിച്ചറിവില്‍ നിന്നും തിരിച്ചുവരാനോ അത് ഒളിപ്പിച്ച് വയ്ക്കാനോ ബി.ജെ.പി സ്വീകരിച്ച പുതിയ വഴിയായിരിക്കാം ഇത്.

ഇനി അറിയേണ്ടത് ഇത്ര മാത്രമേ ഉള്ളൂ. ഫേക്ക് ഐഡികള്‍ ഉണ്ടാക്കിയിട്ടുള്ള പ്രചരണം ആണെങ്കിലും മാര്‍ക്കറ്റിംഗ് കമ്പനിയെ വാടകയ്ക്ക് എടുത്തുള്ള പ്രചരണം ആണെങ്കിലും ഇതൊക്കെ ബി.ജെ.പിയുടെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാണോ എന്ന് മാത്രം.

പ്രത്യേക ശ്രദ്ധയ്ക്ക്: ഇവിടെ ഉപയോഗിച്ചിട്ടുള്ള ചിത്രങ്ങളും ട്വീറ്റുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്.ആര്‍ക്കും ഇപ്പോഴും പരിശോധിക്കാവുന്നതുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍